- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്സ് പോർട്ട് ജീവനക്കാരുടെ അഞ്ചാഴ്ച്ചത്തെ സമരം തുടങ്ങി; മെയ് ആദ്യവാരം വരെ സമരം തുടരും; പാസ്സ്പോർട്ട് പുതുക്കാനുള്ള മലയാളികൾ അടക്കമുള്ളവരുടെ യാത്ര മുടങ്ങും; ബ്രിട്ടീഷ് പാസ്സ്പോർട്ട് ഉള്ളവർ വെള്ളം കുടിക്കുന്നത് ഇങ്ങനെ
നീണ്ട സമര പരമ്പരകളായിരുന്നു കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആരംഭവും ബ്രിട്ടൻ ദർശിച്ചത്. നഴ്സുമാർ ഉൾപ്പടെയുള്ള എൻ എച്ച് എസ് ജീവനക്കാരുടെ സമരവും, റെയിൽ ജീവനക്കാരുടെ സമരവും, അദ്ധ്യാപകസമരവുമെല്ലാം സാധാരണ ജീവിതം താറുമാറാക്കിയതും ബ്രിട്ടീഷുകാർ അനുഭവിച്ചതാണ്. എൻ എച്ച് എസ് ജീവനക്കാരുടെ സമരം ഒരുവിധം ഒത്തു തീർപ്പിന്റെ വക്കിലെത്തി നിൽക്കുമ്പോഴാണ് പാസ്സ് പൊർ ഓഫീസ് ജീവനക്കാർ അഞ്ചാഴ്ച്ചത്തെ സമരം ആരംഭിക്കുന്നത്.
നഴ്സുമാരുടെയും അദ്ധ്യാപകരുടെയും സമരങ്ങൽ ഒത്തു തീർപ്പാക്കാൻ ഉദാരമായ വ്യവസ്ഥകൾക്ക് വഴങ്ങിയ സർക്കാർ പക്ഷെ മറ്റ് സർക്കാർ ജീവനക്കാരോട് അനുഭാവം കാണിക്കുന്നില്ല എന്ന് ആരോപിച്ച പബ്ലിക് ആൻഡ് കമ്മേഴ്സ്യൽ സർവീസസ് യൂണിയൻ, ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ സമരം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടിടങ്ങളിലായി ഈ യൂണിയനിലെ അംഗങ്ങളായ 1000 ൽ അധികം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.
ഗ്ലാസ്ഗോ, ഡുറം, ലിവർപൂൾ, സൗത്ത്പോർട്ട്, പീറ്റേഴ്സ്ബറോ, ലണ്ടൻ, ബെൽഫാസ്റ്റ്, വെയിൽസിലെ ന്യു പോർട്ട് എന്നിവിടങ്ങളിൽപിക്കറ്റിംഗും നടക്കും. പണിമുടക്കുന്നവരെ സഹായിക്കാൻ ഒരു സമര നിധി രൂപീകരിച്ചിട്ടുണ്ട് എന്നും യൂണിയൻ നേതാക്കൾ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ എത്രയും പെട്ടെന്ന് ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടരി മാർക്ക് സെർവോട്ക സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
എൻ എച്ച് എസിലെ ജീവനക്കാരെയും അദ്ധ്യാപകരേയും പരിഗണിച്ച രീതിയിൽ സർക്കാർ തങ്ങളെ പരിഗണിക്കുന്നില്ല എന്നും യൂണിയൻ ആരോപിച്ചു. പാസ്സ്പോർട്ട് ഓഫീസ് ജീവനക്കാരുടെ സമരത്തിന് ശക്തി പകരാൻ വരുന്ന ഏപ്രിൽ 28 ന് സിവിൽ സർവന്റുമാരുടെ രാജ്യവ്യാപകമായ ഒരു പണിമുടക്കും ആസൂത്രണം ചെയ്തിട്ടുണ്ട്. 1,30,000 ൽ അധികം ജീവനക്കാർ ഈ സമരത്തിൽ പങ്കെടുക്കും എന്നാണ് യൂണിയൻ അവകാശപ്പെടുന്നത്.
പാസ്സ്പോർട്ട് ജീവനക്കാർ അഞ്ചാഴ്ച്ചത്തെ സമരത്തിനിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ദുരിതത്തിൽ ആകുന്നത് പുതിയ പാസ്സ്പോർട്ടിനായോ, നിലവിലെ പാസ്സ്പ്പോർട്ട് പുതുക്കുന്നതിനോ അപേക്ഷ നൽകിയ പത്ത് ലക്ഷത്തിൽ അധികം പേരായിരിക്കും. ഒഴിവുകാല യാത്രക്ക് പോകുന്നവർ പാസ്സ്പോർട്ട് കാലാവധി പ്രത്യേകം പരിശോധിക്കണം എന്ന നിർദ്ദേശം വന്നിട്ടുണ്ട്. അതല്ലെങ്കിൽ പാതി വഴിയിൽ യാത്ര മുടങ്ങിയേക്കും.
പുതിയ പാസ്സ്പോർട്ടിനായും, പാസ്സ്പോർട്ട് പുതുക്കുന്നതിനായും ഉള്ള നിരവധി അപേക്ഷകൾ ഇപ്പോൾ കെട്ടികിടക്കുകയാണ്. സമരം ആരംഭിച്ചതിനാൽ ഉടനെയൊന്നും അതിന്മേൽ ഇനി നടപടിയുണ്ടാകില്ല. ഇത് നൂറുകണക്കിന് കുടുംബങ്ങളുടെ ഒഴിവുകാല യാത്രകൾ റദ്ദാക്കുന്നതിൽ കലാശിക്കും. ഏപ്രിൽ 3 മുതൽ മെയ് 5 വരെ നീണ്ടു നിൽക്കുന്ന സമരത്തിൽ 65 ശതമാനത്തിലധികം ജീവനക്കാർ പങ്കെടുക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്. ഇത് പാസ്സ്പോർട്ട് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിൽ ആക്കും എന്നതിൽ സംശയമൊന്നുമില്ല.
സാധാരണ ഏപ്രിൽ പോലെ ഏറ്റവും അധികം പേർ യാത്രയ്ക്ക് ഒരുങ്ങുന്ന സമയങ്ങളിൽ പ്രതിവാരം 2.5 ലക്ഷം അപേക്ഷകൾ വരെയാണ് പാസ്സ്പോർട്ട് ഓഫീസുകളിൽ ലഭിക്കാറുള്ളത്. സമര പ്രഖ്യാപനത്തിനു ശെഷം അപേക്ഷകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും യൂണിയൻ വക്താക്കൾ പറയുന്നു. സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാൻ സർക്കാർ ശ്രമിക്കുമെന്ന് സർക്കാർ വക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ധാരാളം അപേക്ഷകൾ ഒന്നും തന്നെ കെട്ടിക്കിടക്കുന്നില്ലെന്നും, ഇതുവരെ ലഭിച്ച അപേക്ഷകളിൽ 97 ശതമാനംഅപേക്ഷകളും പരിഗണിച്ചു കഴിനു എന്നുമാണ് സർക്കാർ വക്താവ് അവകാശപ്പെടുന്നത്. എന്നാൽ, ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖർ പറയുന്നത് ഈ സമരം ബ്രിട്ടീഷ് സമ്പദ്ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കും എന്നാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയെ വീണ്ടും ഈ സമരം അടിച്ചു താഴ്ത്തും എന്നും അവർ പറയുന്നു.
അതിനിടയിൽ യു കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ് ഹീത്രൂവിലെ 3000ൽ അധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ഈസ്റ്റർ കാലത്ത് സമരത്തിനിറങ്ങുകയാണ്. സമരം വേണമോ എന്ന് നിശ്ചയിക്കാൻ യൂണിയൻ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. സുരക്ഷാ ഗാർഡുകൾ, എഞ്ചിനീയർമാർ, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഈ യൂണിയനിൽ അംഗങ്ങളാണ്. അതോടെ യാത്രകൾക്ക് കൂടുതൽ കാലതാമസം വരും.
പത്ത് ശതമാനം ശമ്പള വർദ്ധനവും, ജോലി സ്ഥിരതയും പെൻഷനും ആവശ്യപ്പെട്ടാണ് പാസ്സ്പോർട്ട് ഓഫീസ് ജീവനക്കാർ സമരം ചെയ്യുന്നത്. വരുന്ന ഒരു മാസം യാത്രചെയ്യുന്നവരെ ഈ സമരം പ്രതികൂലമായി ബാധിക്കും എന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 40,000 സർക്കാർ ജീവനക്കാർ നിലവിൽ ജീവിത ചെലവുകൾ താങ്ങാനാകാതെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നു എന്നത് തീർത്തും ലജ്ജാകരമായ കാര്യമാണെന്ന് യൂണിയൻ നേതാവ് സെർവോക്ക പറയുന്നു. 45,000 പേരോളം സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ