- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം തൊഴിൽ ചെയ്യുന്ന യുകെയിലെ ഭർത്താക്കന്മാർ സൂക്ഷിക്കുക; ഭാര്യ മരിക്കുകയോ പിണങ്ങുകയോ ചെയ്താൽ വീട് കൈവിട്ടു പോകുമോ? മാഞ്ചസ്റ്ററിൽ നിന്നെത്തുന്ന ജോസിന്റെ വേദനയുടെ കഥ കണ്ണ് തുറപ്പിക്കാൻ കാരണമാകുമോ? പണത്തിനു മുന്നിൽ മനുഷ്യ ബന്ധങ്ങൾ ആവിയാകുന്നത് അവിശ്വസനീയമായ വിധത്തിൽ
ലണ്ടൻ: ''ഭർത്താക്കന്മാർ സൂക്ഷിക്കുക', ഇന്നലെ മറുനാടൻ മലയാളിയെ തേടിയെത്തിയ സഹായ അഭ്യർത്ഥനയിൽ ഈ ഒരൊറ്റ വാചകമേ മുന്നറിയിപ്പായി പറയാനാകൂ. ഭാര്യയുടെ സദാചാരമല്ല ഭർത്താക്കന്മാർ സൂക്ഷിക്കേണ്ടത്, മറിച്ചു കുബുദ്ധികളായ സ്ത്രീ മനസ് വെളിപ്പെടുത്തുന്ന സംഭവമാണ് മാഞ്ചസ്റ്ററിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവവുമല്ല. വീടും സ്വത്തും ബന്ധങ്ങൾ വേർപിരിക്കുന്ന ഒട്ടേറെ സംഭവങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ ഇരകളാകുന്നത് പുരുഷന്മാർ ആണെന്നതാണ് പ്രത്യേകത.
അതും ടാക്സി ഓടിച്ചും കേറ്ററിങ് നടത്തിയും വീടുകളുടെ അറ്റകുറ്റ പണികൾ ചെയ്യുന്നവരും ഒക്കെയായ സ്വയം തൊഴിൽ ലേബലിൽ അറിയപ്പെടുന്ന പുരുഷന്മാരാണ് കെണിയിൽ കുടുങ്ങിക്കൊണ്ടിരിക്കുന്നത്. ജീവിതകാലം മൊത്തം പൊരിവെയിലിൽ പണിയെടുത്ത പണം നാട്ടിൽ അയച്ച ശേഷം എല്ലും തൊലിയുമായ രോഗിയായി മടങ്ങി നാട്ടിൽ എത്തുമ്പോൾ പ്രിയപെട്ടവരിൽ നിന്നും അവഗണനയോടെ വലിച്ചെറിയപ്പെട്ട ഗൾഫ് ജീവിതങ്ങളുടെ മറ്റൊരു തനിപ്പകർപ്പാണ് യുകെ ജീവിതത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് .
നല്ല കാലത്ത് നമ്മളൊന്നെന്ന ചിന്ത, പിന്നീടെപ്പോഴാണ് മറു ചിന്ത വന്നത്?
കൈയിൽ പണം വാങ്ങുന്ന സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ബാങ്കിൽ എത്ര നീക്കി ഇരിപ്പ് ഉണ്ടെങ്കിലും വീട് വായ്പ കിട്ടുക എന്നത് പ്രയാസമാണ്. ഇവരുടെ വരുമാനം സുരക്ഷിതമല്ലാത്തതും എപ്പോൾ വേണമെങ്കിലും നിന്ന് പോകാമെന്ന ചിന്തയുമായാണ് വായ്പാ ദാതാക്കളെ ഇവരുടെ വരുമാനം പരിഗണിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
അതിനാൽ മോർട്ടഗേജ് തേടി ചെല്ലുമ്പോൾ ഇവർക്ക് പരിഗണന കിട്ടാറുമില്ല. ഈ സാഹചര്യത്തിൽ കയ്യിൽ ഉള്ള പണം മുഴുവൻ ഡൗൺ പേയ്‌മെന്റ് ആക്കി ഭാര്യയുടെ പേരിൽ ഒറ്റയ്ക്ക് മോർട്ടഗേജ് സാധ്യമാക്കുന്നതാണ് പലരുടെയും രീതി. ഇതിൽ എന്ത് തെറ്റ് എന്ന ചോദ്യത്തിൽ ഒരു തെറ്റുമില്ല. എന്നാൽ മനുഷ്യരാണ്, ഭാര്യയും ഭർത്താവും ആണെങ്കിലും എപ്പോൾ വേണമെങ്കിലും മനസു മാറാവുന്നവർ ആണെന്ന് തെളിയിക്കുന്ന സംഭവങ്ങൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുകയാണ്.
വീട് സ്വന്തം പേരിൽ ആയതോടെ കാലക്രമേണേ ഭാര്യക്ക് ഈ വീട്ടിൽ ഭർത്താവിന് അവകാശം ഇല്ലെന്ന തോന്നൽ സജീവമാകുകയാണ്. നിയമത്തിന്റെ വഴികളിൽ അങ്ങനെ അല്ലെങ്കിൽ പോലും. സ്വന്തം പേരിൽ ഉള്ള വീടിനു മറ്റാർക്കും അവകാശം ഇല്ലെന്ന ചിന്തയിൽ ഭർത്താവ് നൽകിയ ഡൗൺ പേയ്‌മെന്റ് ഒക്കെ മറന്നു വഴക്കിനു ഇറങ്ങുന്ന ഭാര്യമാർ സമൂഹത്തിനു നൽകുന്ന സന്ദേശം അല്പം ഗൗരവം ഉള്ളതാണ്, അതിനാൽ ഇത്തരത്തിൽ പണം വീടിനായി മുടക്കിയിട്ടുള്ള മുഴുവൻ ഭർത്താക്കന്മാരും ജാഗ്രതൈ, നാളെ നിങ്ങളും മണ്ടൻ എന്ന് പേര് കേൾപ്പിക്കാതെ നോക്കാം, കാരണം ഇത് ജീവിതമാണ്, പലരുടെയും അനുഭവമാണ് സമൂഹത്തിനു നേർക്കാഴ്ചകളുടെ വഴി വെട്ടി തുറന്നിടുന്നത്.
മാഞ്ചസ്റ്ററിൽ സംഭവിച്ചതെന്ത്, വീട് കൈ വിട്ടുപോകുമോ ?
ഏതാനും വർഷം മുൻപ് ജോസിന് ( യഥാർത്ഥ പേരല്ല) ടാക്സി ഓടിച്ചു നടക്കുമ്പോൾ കൈയിൽ അല്പം പണം ഉണ്ടാകണം, ഒരു വീട് വാങ്ങണം എന്നേ ആഗ്രഹം ഉണ്ടായുള്ളൂ. ഇതനുസരിച്ചു കിട്ടിയ പണം സൂക്ഷിച്ചു വച്ച് ഒടുവിൽ നഴ്സ് ആയ ഭാര്യയുടെ പേരിൽ മാത്രമായി വീടും വാങ്ങി. എന്നാൽ വിധിയുടെ ക്രൂരതയിൽ ഭാര്യ അടുത്തകാലത്തു മരണത്തിനു കീഴടങ്ങി. എന്നാൽ എന്തുകൊണ്ടോ ഭാര്യ വീടിന്റെ വിൽപത്രം എഴുതി വച്ചത് ജോസിന്റെ സഹോദരിയുടെ പേരിലും.
ഇപ്പോൾ സഹോദരിയാകട്ടെ ജോസിന് വീട് കൈമാറാൻ തയ്യാറല്ല. എന്തുകൊണ്ട് ആണെന്നത് സഹോദരിക്ക് മാത്രം അറിയാവുന്ന കാര്യവും. വീടിന്റെ മോർട്ടഗേജ് അടച്ചതൊക്കെ ഭാര്യയും ജോസും ചേർന്നായതിനാൽ ഭയപ്പെടേണ്ട കാര്യം ഇല്ലെന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച നിയമ ഉപദേശം. ഇക്കാര്യത്തിൽ സമർത്ഥരായ അഭിഭാഷക സംഘത്തെ ജോസിന് പരിചയപ്പെടുത്തി കൊടുത്തിട്ടുമുണ്ട്. വിൽപത്രം മാത്രം ലക്ഷ്യം വച്ച് മുന്നോട്ട് പോയാൽ ജോസിന്റെ സഹോദരി അഴിക്കുള്ളിൽ ആകാനുള്ള സാധ്യതയും കുറവല്ല. നീണ്ട നിയമ തർക്കത്തിലേക്ക് കാര്യങ്ങൾ പോകുകയും ജോസിന് അനുകൂല വിധി ഉണ്ടായാൽ സഹോദരി കോടതി ചെലവ് അടക്കം നൽകേണ്ടിയും വരും എന്നുറപ്പാണ്.
വീട് സ്വന്തം പേരിൽ അല്ലെങ്കിൽ പോലും വില്പനയിൽ അവകാശം സ്ഥാപിച്ചെടുക്കാം
സെല്ഫ് എംപ്ലോയ്‌മെന്റ് ചെയ്തതിന്റെ പേരിൽ വീട് വാങ്ങിയപ്പോൾ സ്വന്തം പേര് കൂട്ടിച്ചേർക്കാൻ കഴിയാതെ പോയവർക്കും വീടിന് അവകാശം സ്ഥാപിച്ചെടുക്കാൻ കഴിയും. ഇതിനായി ഡൗൺ പേയ്‌മെന്റ് നടത്തിയപ്പോൾ നൽകിയ പണം കൈമാറിയത് ബാങ്ക് മുഖനേ ആണെന്ന് തെളിയിച്ചാൽ മാത്രം മതിയാകും.
നാട്ടിൽ സ്വത്തു വിറ്റും ലോൺ എടുത്തും യുകെയിൽ എത്തിച്ച പണത്തിന്റെ രേഖകൾ നൽകിയാലും ഭാര്യയോ ഭർത്താവോ പരസ്പരം ചതിക്ക് മുതിർന്നാൽ നിയമ വഴിയിൽ ചോദ്യം ചെയ്യാനാകും എന്നാണ് നിയമ രംഗത്തെ പ്രഗത്ഭർ പറയുന്നത്. ലാൻഡ് രജിസ്ട്രി ഓഫിസിൽ വീടിനു തർക്കം ഉണ്ടെന്നു ഒരു പരാതി നൽകിയാൽ പോലും വീട് വില്പന തടയാനും കഴിയും. ഒരു വീട് സ്വന്തം പേരിൽ ആയെന്നതിന്റെ ഗർവിൽ ഭർത്താവിനെയോ ഭാര്യയെയോ അടിച്ചിറക്കാൻ ആര് ശ്രമിച്ചാലും യുകെയിലെ നിയമം നേർവഴിക്ക് നടക്കുന്നതാണ്, അതിൽ സത്യം തെളിയിക്കാൻ മാർഗങ്ങൾ പലതുണ്ട് എന്നാണ് സ്വത്ത് തർക്ക പരിഹാര രംഗത്ത് പ്രാവിണ്യം തെളിയിച്ച അഭിഭാഷക സംഘം മറുനാടൻ മലയാളിക്കു നൽകിയ നിയമ ഉപദേശം.
ഈ രംഗത്ത് കൂടുതൽ ഉപകാര പ്രദമായ വാർത്തകളും ലേഖനങ്ങളും വരും നാളുകളിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നതാണ്. ഇത്തരം കേസുകൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടാനായി ദയവായി അവ പങ്കുവയ്ക്കുക. സ്വത്തിന്റെ പേരിൽ ഒരു മലയാളി കുടുംബവും തകരാൻ ഇടയാവരുത്, അതിനുള്ള ശ്രമങ്ങൾ കണ്ടാൽ മുളയിലേ നുള്ളിക്കളഞ്ഞേ മതിയാകൂ. കാരണം സ്വത്തും പണവുമല്ല ജീവിതം, അത് അടുത്ത ശ്വാസത്തിൽ തീരാവുന്ന തരത്തിൽ ലോലവും ആരുടേയും നിയന്ത്രണത്തിൽ നില്കുന്നതുമല്ല. ആ തിരിച്ചറിവ് നല്കാൻ ജോസിന് സംഭവിച്ചത് പോലുള്ള പൊള്ളുന്ന സത്യങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും വേണം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.