ലണ്ടൻ: 2023 ലെ ആഗോള ജി ഡി പി അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. എന്നിട്ടും കള്ളബോട്ടുകൾ കയറി ബ്രിട്ടനിലെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം വർദ്ധിക്കുന്നത് ഇന്ത്യക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണ്. ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത അഭയാർത്ഥികളിൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.

ഇക്കഴിഞ്ഞ ജനുവരിക്കും മാർച്ചിനും ഇടയിലായി 675 ഇന്ത്യാക്കാർ ചെറു ബോട്ടുകളിൽ ചാനൽ കടന്നെത്തിയതായി ഹോം ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വർക്ക് വിസ നിയന്ത്രണങ്ങൾ മറികടക്കുക എന്നതാണ് ഈ സാഹസത്തിനു പിന്നിലെ ലക്ഷ്യം. കഴിഞ്ഞ വർഷം ഏകദേശം 683 ഇന്ത്യാക്കാർ മാത്രമായിരുന്നു ഇത്തരത്തിൽ ബ്രിട്ടനിൽ എത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി അനധികൃതമായി ബ്രിട്ടനിലെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തുന്നു.

ഇതിനു തികച്ചും വിരുദ്ധമായി, ഇതുവരെ അനധികൃത കുടിയേറ്റക്കാരിൽ ഒന്നാമത് നിന്നിരുന്ന അൽബേനിയയിൽ നിന്നുമെത്തുന്നവരുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ വെറും 29 പേർ മാത്രമാണ് ഇത്തരത്തിൽ അൽബേനിയയിൽ നിന്നുമെത്തിയത്. അതിനു മുൻപുള്ള പാദത്തിൽ ഇവരുടെ എണ്ണം 1100 ആയിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ബ്രിട്ടനിൽ എത്തിയ അനധികൃത അഭയാർത്ഥികളിൽ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത് അഫ്ഗാനിസ്ഥാൻ കാരാൺ'. 909 അഫ്ഗാൻ അഭയാർത്ഥികളാണ് കടൽ കടന്ന് ഇവിടെ എത്തിയത്. ഇന്നലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഏതാണ്ട് 80,000 അഭയാർത്ഥികളുടെ അപേക്ഷയിന്മേൽ ഇനിയും തീരുമാനം എടുക്കേണ്ടതായുണ്ട് എന്നാണ്. കഴിഞ്ഞ ഡിസംബറിൽ ഋഷി സുനക് പറഞ്ഞത് കെട്ടിക്കിടക്കുന്ന 92,000 അപേക്ഷകളിൽ ജൂലായ്ക്ക് മുൻപായി തീരുമാനം എടുക്കും എന്നായിരുന്നു.

കൂട്ടത്തോടെയുള്ള അനധികൃത കുടിയേറ്റം ബ്രിട്ടന്റെ പൊതുസേവന രംഗത്തെ ദുർബ്ബലപ്പെടുത്തുകയും സമൂഹത്തിന്റെ കെട്ടുറപ്പിനെ തളർത്തിയതായും ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്രിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പുതിയ നിയമം, ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലാണ്. നിരവധി സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആദ്യം രൂപകൊടുത്ത കർശന നിയമത്തിൽ സർക്കാരിന് വെള്ളം ചേർക്കേണ്ടതായി വന്നിട്ടുണ്ട്.