ലണ്ടൻ: യുകെയിൽ എത്താൻ പണം നൽകി കബളിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് മലയാളികളുടെ കഥകളാണ് ഇത്രകാലവും ചതിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ മാധ്യമങ്ങളിൽ എത്തിക്കൊണ്ടിരുന്നത്, എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി യുകെയിൽ എത്തിയ ശേഷം കബളിക്കപ്പെടുന്നവരുടെ എണ്ണമാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കേരളത്തിൽ നിന്നും പണം വാങ്ങി ചതിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് യുകെയിൽ എത്തിച്ച ശേഷം ചതിക്കുമ്പോൾ കയ്യിൽ എത്തുന്നത് എന്ന സിംപിളായ ഫോർമുലയാണ് ശവംതീനി കഴുകന്മാരെക്കാൾ നീചന്മാരായ ഏജൻസികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ഇത്തരത്തിൽ ചതിക്കപ്പെട്ടു നിൽക്കുന്ന നൂറുകണക്കിന് മലയാളികളുടെ കഥകളാണ് ഓരോ പട്ടണങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് മലയാളി എഴുതിയ തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് ഇപ്പോൾ വ്യാപകമായി കെയർ ഹോമുകളിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

പ്രൊബേഷൻ സമയം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിസാര കാരണം കണ്ടെത്തി പിരിച്ചു വിടുക, ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയില്ലെന്നും ജോലി ചെയ്യാൻ ഫിറ്റ് അല്ലെന്നും സൂചിപ്പിച്ചു ഡിസിപ്ലിനറി മീറ്റിംഗിൽ വിളിച്ചു വരുത്തി നിർബന്ധ പൂർവം അക്കാര്യങ്ങൾ സമ്മതിക്കുന്നതായി ഒപ്പിട്ടു വാങ്ങുക, തന്റെ കുഴപ്പം കൊണ്ട് ജോലിയിൽ നിന്നും രാജി വയ്ക്കുകയാണ് എന്ന് എഴുതി വാങ്ങുക തുടങ്ങിയ മനുഷ്യത്വമില്ലാത്ത കടുംകൈകളാണ് പിരിച്ചു വിടപ്പെടുന്നവരുടെ ഒഴിവിലേക്ക് പകരം ആളെ എത്തിക്കാൻ നടന്നുകൊണ്ടിരിക്കുന്നത്.

പുതുതായി എത്തുന്നവരെക്കൊണ്ടും ഇത് തന്നെ ചെയ്യിപ്പിക്കുക വഴി വർഷത്തിൽ രണ്ടു തവണ ലക്ഷകണക്കിന് രൂപ കൈയിൽ എത്താനുള്ള വഴിയാണ് ഏജന്റുമാർ, ഇടനിലക്കാർ, മാനേജർമാർ, ബ്രിട്ടിഷ് വംശജർ അല്ലാത്ത നഴ്‌സിങ് ഹോം ഉടമകൾ എന്നിവർ ചേർന്ന ചതുർബുജ കറക്കുകമ്പനി നടപ്പാക്കി കൊണ്ടിരിക്കുന്നത്. ചിലയിടങ്ങളിൽ ഏജന്റുമാരും മാനേജർമാരും ചേർന്ന് നേരിട്ടുള്ള ഗൂഢ സംഘമാണ് പ്രധാനമായും മലയാളി കെയറർമാർക്ക് ചതിക്കുഴി ഒരുക്കി കാത്തിരിക്കുന്നത്.

ഒരിടത്തു പോലും മലയാളി സംഘടനകൾ സഹായ വാഗ്ദാനത്തിനില്ല

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂൾ, സ്റ്റോക് ഓൺ ട്രെന്റ്, ഷ്രൂസ്ബറി, ബേൺമൗത്, ലിവർപൂൾ എന്നിവിടങ്ങളിൽ നിന്നൊക്കെ അകാരണമായി ജോലി പോയവരുടെയും ഷിഫ്റ്റ് ഇല്ലാതെ അനധികൃതമായി ലീവ് എടുക്കാൻ കെയർ ഹോം മാനേജ്‌മെന്റ് നിർബന്ധിക്കുന്നവരുടെയും വേദനാജനകമായ കഥകളാണ് എത്തികൊണ്ടിരിക്കുന്നത്. മിക്ക പട്ടണങ്ങളിലും ഇത്തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ല, പകരം നൂറിന് മുകളിൽ എന്ന നിലയിലാണ് വേദന തിന്നു നാളുകൾ തള്ളുന്ന മലയാളികളുടെ എണ്ണം. എന്താണ് പരിഹാരം എന്ന് ബ്രിട്ടീഷ് മലയാളിയിലേക്ക് വിളിക്കുന്നവരോട് പരാതിപ്പെടാൻ നിർദേശിക്കുമ്പോൾ പേര് പോലും പുറത്തു പറയല്ലേ എന്നാണ് പൊതുവായ സങ്കട അഭ്യർത്ഥന. ഓരോ ഫോൺ കോളിലും നിലവിളി ശബ്ദം അല്ലാതെ ധൈര്യപൂർവം പരാതിയിലേക്ക് നീങ്ങാം എന്ന് പറയാൻ കെൽപ്പുള്ളവരുടെ എണ്ണം വളരെ പരിമിതമാണ്. ഒരിടത്തു പോലും പ്രാദേശിക മലയാളി സംഘടനകൾ ഇത്തരം പരാതിയുമായി മുന്നിൽ എത്തുന്ന നിസഹായരായ മലയാളികൾക്ക് മാനസിക ധൈര്യം പോലും നല്കാൻ കൂടെയില്ല എന്നതാണ് മറ്റൊരു വേദനാജനകമായ വസ്തുത.

പരാതി വന്നാൽ കെയർ ഹോമുകൾ പലതും പ്രയാസത്തിലാകും

എന്നാൽ ഒരു പരാതി ഉയർന്നാൽ അനേകം നേഴ്‌സിങ് ഹോമുകൾക്ക് പൂട്ട് വീഴുന്നതാണ് നിലവിലെ സാഹചര്യം. കാരണം അനധികൃതമായി അനേകം മലയാളി കെയർ ജീവനക്കാരെയാണ് മിക്ക കെയർ ഹോമുകളിലും എജൻസികൾ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. നേഴ്‌സിങ് ഹോം വിപുലീകരണവും പുതിയ കെയർ ഹോം വാങ്ങുന്നതിനും ഒക്കെ ഉപയോഗിക്കാൻ മലയാളി കെയറർമാർ നൽകുന്ന കോഴപ്പണം ഉപയോഗിക്കാൻ നഴ്‌സിങ് ഹോം മാനേജ്‌മെന്റുകൾ ആഗ്രഹിച്ചു തുടങ്ങിയതോടെ ആവശ്യത്തിൽ അധികം ജീവനക്കാർ പല ഹോമുകളിലും എത്തിത്തുടങ്ങിയത് .വീടുകളിൽ പോലും സംരക്ഷണം നൽകുന്ന ഡോമിസൈലാരി കെയർ സംവിധാനത്തിലും ഇത് തന്നെയാണ് അവസ്ഥ. കേരളത്തിൽ നിന്നും വിളിക്കുമ്പോൾ ആവശ്യത്തിലേറെ ജോലി ചെയ്യാം എന്ന് വാഗ്ദാനം നൽകുന്നവർ ഇപ്പോൾ വാടക പണം കണ്ടെത്താൻ പോലുമുള്ള ജോലി നൽകുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. യുകെയിലെ നിറമുള്ള ജീവിതം കൊതിച്ചു വന്ന പല മലയാളികളും ആഴ്ചയിൽ അഞ്ചു ദിവസം വെറുതെയിരിപ്പാണ് .

ഈ കത്തുകളിലും ജീവിതമുണ്ട്; മനുഷ്യക്കടത്തു കേന്ദ്രങ്ങളായി കെയർ ഹോമുകൾ; ഹോം ഓഫിസിൽ പരാതിപ്പെടാൻ ഉള്ള വഴി ബ്രിട്ടീഷ് മലയാളി കണ്ടെത്തിയതോടെ എഡിറ്ററെ തേടി അൻപതോളം പരാതികൾ; നേരിട്ട് പരാതി നല്കാൻ ഫോൺ നമ്പറും ഇമെയിൽ വിലാസവും പുറത്തു വിടുന്നു; സഹായിക്കാൻ ഏറ്റവും സജീവമായ ബ്രിട്ടീഷ് ചാരിറ്റി സംഘടനയും
പരാതിപ്പെടാൻ ഏറ്റവും അനുകൂല സമയവും സാഹചര്യവും

ഈ സാഹചര്യത്തിലാണ് ചതിക്കപെട്ടവർ സ്വന്തം നിലനിൽപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാൻ തയ്യാറാക്കേണ്ടത്. ബ്രിട്ടീഷ് മലയാളി നിരന്തരം നടത്തിയ വാർത്ത വിസ്ഫോടനത്തിൽ വായനക്കാരായ ഒട്ടേറെ സുമനസുകളുടെ പ്രയത്ന ഫലമായിട്ടാണ് ഇപ്പോൾ ഹോം ഓഫിസ് ഈ വിഷയത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിച്ചു മനുഷ്യക്കടത്തിനും മോഡേൺ സ്ലെവരി എന്ന ആധുനിക അടിമക്കച്ചവടത്തിനും കാരണക്കാരായ നേഴ്‌സിങ് ഹോമുകൾ ,ഏജൻസികൾ എന്നിവരെ തേടി ഇറങ്ങാൻ തയാറായിരിക്കുന്നത്. ഇക്കാര്യത്തിൽ ഹോം ഓഫീസിനെയും പൊലീസിനെയും അന്വേഷണ ഏജൻസികളെയും സഹായിക്കാൻ സാൽവേഷൻ ആർമി എന്ന ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ജീവകാരുണ്യ പ്രസ്ഥാനവും ഒപ്പമുണ്ട്.

ഒരു ഫോൺ കോളിൽ, പേര് പോലും നൽകാതെ പരാതികൾ സ്വീകരിക്കാനുള്ള സംവിധാനമാണ് ഹോം ഓഫിസും സാൽവേഷൻ ആർമിയും ഒരുക്കിയിരിക്കുന്നത്. സപ്പോർട്ടിങ് സർവൈവർ എന്ന പേരിട്ടിരിക്കുന്ന ഹോട്ടലൈൻ നമ്പറിൽ പകലും രാത്രിയും വിളിച്ചു പരാതി അറിയിക്കാവുന്നതാണ്. തികച്ചും രഹസ്യല്മക്ത സൂക്ഷിക്കുന്ന 08008083733 എന്ന നമ്പറാണ് പരാതി അറിയിക്കാൻ ഉപയോഗിക്കേണ്ടതെന്നു സാൽവേഷൻ ആർമി ടീം വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് പരാതി നൽകിയതെന്ന് ഒരിക്കലും പുറത്തു വരുന്ന രഹസ്യവും ആയിരിക്കില്ല, അതിനാൽ ജോലി സ്ഥലത്തെ പീഡനവും കരാറിൽ പറഞ്ഞത് അനുസരിച്ചുള്ള വേതനവും മണിക്കൂറും നൽകാത്ത സംഭവങ്ങളും നിർബന്ധമായി വേതനം ഇല്ലാതെ അവധിയിൽ പ്രവേശിക്കാൻ പറയുന്ന ഉത്തരവാദിത്തമില്ലായ്മയും ഒക്കെ റിപ്പോർട്ട് ചെയ്യാൻ ഏറ്റവും അനുകൂലമായ സമയമാണിപ്പോൾ.

പിടുങ്ങിയ പണം മുഴുവൻ പുറത്തു ചാടിക്കാനാകും

ഇതിനൊപ്പം ജോലി ലഭിക്കാൻ പത്തുമുതൽ പതിനഞ്ചു ലക്ഷം വരെ കൈകൂലി നൽകേണ്ടി വന്ന കാര്യവും റിപ്പോർട്ട് ചെയ്യാനാകും. ഹോം ഓഫിസിൽ അടക്കാനുള്ള പണവും പ്രോസസിങ് ഫീസും എന്നൊക്കെ പറഞ്ഞാണ് പണം കൈപ്പറ്റിയത് എന്ന് മാത്രം പരാതിയിൽ പറഞ്ഞാൽ മതിയാകും. പണം ആർക്കാണ് നൽകിയതെന്നും അക്കൗണ്ട് വിവരങ്ങളും കൈമാറാൻ ആയാൽ നിമിഷ വേഗത്തിൽ പരിഹാരം സാധ്യമാക്കാം എന്നാണ് നോർത്ത് വെയ്ൽസിൽ നാലു മലയാളി ഏജൻസിക്കാരെ അറസ്റ് ചെയ്തതിലൂടെ പൊലീസ് തെളിയിച്ചത്. ഇപ്പോൾ വടക്കൻ ലണ്ടനിലെ ഒരു സോളിസിറ്റർക്ക് എതിരെ സി ഓ എസ് നല്കാൻ എന്ന പേരിൽ വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ വിവരങ്ങൾ ഹോം ഓഫിസിനു ലഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇതേക്കുറിച്ചു സോളിസിറ്റർക്ക് ഇതുവരെ വിവരം ലഭ്യമല്ലാത്തതു കൊണ്ടാണ് അയാൾ ജോലി ചെയ്യുന്ന സ്ഥലവും പേരും മറച്ചു വയ്ക്കുന്നത്.

എന്നാൽ ഇയാൾ മുഖേനെ എത്തിയ എറണാകുളത്തു ഉള്ള ഏജന്റിന് 12 ലക്ഷം രൂപ നൽകിയ യുവതിയുടെ ജോലി നഷ്ടമായത് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് യുവതി സോളിസിറ്റർക്ക് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിൽ മറ്റുള്ളവർ കൂടി രംഗത്ത് എത്തിയാൽ കെയർ റിക്രൂട്ടിങ് രംഗത്ത് ശുദ്ധികലശം ഉണ്ടാകുമെന്നുറപ്പാണ്. ഇപ്പോൾ നേഴ്‌സുമാർ എത്തുന്നതിനു സമാനമായി പണം മുടക്കാതെ കെയർ വിസയിലും ഭാവിയിൽ മലയാളി യുവതീയുവാക്കൾക്ക് എത്താനാകും.

ഇത്തരം പരാതികൾ ഉണ്ടാകും എന്നുറപ്പുള്ളതിനാലാണ് ബൂപ അടക്കമുള്ള പ്രമുഖ നേഴ്‌സിങ് കെയർ ഗ്രൂപ്പുകൾ ഏജൻസികളെ ഒഴിവാക്കി നേരിട്ട് റിക്രൂട് ചെയ്ത് തുടങ്ങിയത്. ഇതോടെ നൂറുകണക്കിന് മലയാളികളാണ് ബൂപയിലും മറ്റും സൗജന്യമായി എത്തി ജോലി ചെയ്യുന്നതും.