- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ കൂട്ടായ്മയിൽ 46 ലക്ഷം രൂപ സ്വരൂപിച്ചു; ഖത്തറിൽ ജയിലിലായ ദിവേഷ്ലാലിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു: തുക ഇന്ന് കൈമാറും
പെരിന്തൽമണ്ണ: ഖത്തറിൽ നിയമ നടപടി നേരിടുന്ന ദിവേഷ്ലാലിന്റെ മോചനത്തിന് വഴിയൊരിങ്ങുന്നു. മോചനദ്രവ്യമായ 46 ലക്ഷം രൂപ (2,03,000 ഖത്തർ റിയാൽ) ജനകീയ കൂട്ടായ്മയിൽ സ്വരൂപിച്ചു. പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടലോടെയാണ് തുക സ്വരൂപിക്കാനായത്. നിർത്തിയിട്ട വാഹനം മുന്നോട്ടു നീങ്ങി ഈജിപ്ത് സ്വദേശി മരിക്കാനിടയായ സംഭവത്തിലാണ് വലമ്പൂർ മുള്ള്യാകുർശി സ്വദേശി ദിവേഷ്ലാൽ (32) ഖത്തറിൽ ജയിലിലായത്. ദിവേഷിന്റെ മോചനത്തിന് ദയാധനമായി 46 ലക്ഷം രൂപ ഖത്തർ സർക്കാർ നിശ്ചയിക്കുക ആയിരുന്നു.
ദയാധനമായി നൽകുന്ന തുകയുടെ 10 ലക്ഷം രൂപ ദിവേഷ്ലാലിന്റെ കുടുംബം സ്വരൂപിച്ചതാണ്. 16 ലക്ഷം രൂപ ഒരു പ്രവാസി വ്യവസായി നൽകുകയും ചെയ്തു. നാലു ലക്ഷം രൂപ ഖത്തർ കെഎംസിസിയും ആറ് ലക്ഷം രൂപ ദിവേഷ്ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. എന്നാൽ ബാക്കി വേണ്ട 10 ലക്ഷം രൂപ ചോദ്യചിഹ്നമായി. ഇതോടെ കഴിഞ്ഞ ദിവസം സഹായം തേടി ദിവേഷ്ലാലിന്റെ ഭാര്യ നീതുവും ബന്ധുക്കളും സഹായ സമിതി ഭാരവാഹികളും പാണക്കാട്ടെത്തി മുനവ്വറലി തങ്ങളെ കണ്ടു. മുനവ്വറലി തങ്ങൾ കുടുംബത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയതോടെയാണ് ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം രൂപ ദിവസങ്ങൾക്കകം സ്വരൂപിക്കുകയായിരുന്നു.
ഈ തുക ഇന്ന് ഖത്തർ അധികൃതർക്ക് കൈമാറുന്നതിനുള്ള നടപടികളും ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. മോചനത്തിന് ആവശ്യമായ തുക ലഭിച്ചതായി മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ജയിൽ മോചിതനായാൽ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സഹായ സമിതി വൈസ് ചെയർമാനും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായ അസീസ് പട്ടിക്കാട് പറഞ്ഞു.