- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾബലം ഇല്ലാത്തവർ യുകെയിൽ മരിച്ചാൽ പെരുവഴി ശരണം; അനിതയുടെ മൃതദേഹം ഹൈ കമ്മീഷൻ തന്നെ നാട്ടിലെത്തിക്കും; ഒടുവിൽ സഹായവുമായി കുടുംബത്തിന് ഒപ്പം നിൽക്കാൻ തയ്യാറായത് എംഎയുകെ മാത്രം; ലോക കേരള സഭക്കാരുടെ പണിയെന്തെന്ന വിമർശവും വാട്സാപ്പ് ഗ്രൂപ്പുകളിൽ ശക്തം
ലണ്ടൻ: രണ്ടാഴ്ച നീണ്ട പ്രതിസന്ധികൾ അവസാനിപ്പിച്ച് യുകെയിലെ ഈസ്റ്റ് ഹാമിൽ മരിച്ച അനിതയുടെ മൃതദേഹം മറ്റന്നാൾ ജന്മനാട്ടിലേക്ക് മടങ്ങും. ദിവസങ്ങളോളം ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലരുടെയും കാലുപിടിച്ചു നടന്ന ഹതഭാഗ്യനായ ഭർത്താവ് ജയകുമാറും നാട്ടിലേക്ക് മടങ്ങുകയാണ്.
ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും ഉള്ള യുകെ മലയാളികൾക്കിടയിലാണ് അനിതയുടെ മരണ സാഹചര്യം മാധ്യമങ്ങൾ പ്രധാന വാർത്തയാക്കിയിട്ടും ആർക്കും ആ കുടുംബത്തെ സഹായിക്കണം എന്ന് തോന്നാതിരുന്നത് മലയാളി സമൂഹത്തിൽ നിസ്സംഗത പടരുകയാണോ എന്ന ചോദ്യമാണ് അവശേഷിപ്പിക്കുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ രംഗത്ത് വരുന്ന ഈസ്റ്റ് ഹാമിലും പരിസരത്തുമുള്ള മിനി രാഘവനും കാറൽ മിറാൻഡയും അടക്കമുള്ള പൊതു പ്രവർത്തകകർ സഹായ സന്നദ്ധതയോടെ രംഗത്ത് വന്നെങ്കിലും തുടർന്ന് മൃതദേഹം എത്തിക്കാനുള്ള പണത്തെ കുറിച്ചായി ആശങ്ക.
ഇക്കാര്യം ജീവകാരുണ്യ സംഘടനകളെ അടക്കം അറിയിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഇതിനിടയിൽ വിസിറ്റിങ് വിസയിൽ എത്തി അനധികൃതമായി താമസിക്കുന്നതിടയിലാണ് അനിതയുടെ മരണം സംഭവിക്കുന്നത് എന്ന വിവരം പുറത്തു വന്നതോടെ ഇക്കാര്യത്തിൽ ഇടപെടാനോ എന്ന സന്ദേഹമായി ചില കോണുകളിൽ. ഇതിനിടയിൽ മൃതദേഹം ഫ്യൂണറൽ ഡിറക്ടറിലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന് ഹൈക്കമ്മിഷൻ സഹായം തേടിയെത്തിയപ്പോൾ അനധികൃത താമസക്കാർ എന്നതിനാൽ ഇത് സംബന്ധിച്ച പൂർണ വിവരങ്ങൾ തത്സമയം നൽകാനാകാതെ പോയതും ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതിനിടയിൽ തങ്ങളുടെ സേവന പട്ടികയിൽ ഉള്ള ഫ്യൂണറൽ ഡയറക്ടർ അല്ലാത്തതിനാൽ ഉയർന്ന തുകയുടെ ബിൽ വന്നാൽ പണം കൈമാറാൻ ആകില്ലെന്ന നിലപാട് ഹൈ കമ്മീഷൻ വൃത്തങ്ങൾ ഉയർത്തിയതോടെ സർവ്വത്ര ആശയക്കുഴപ്പത്തിലായി.
നിർണായക ഘട്ടത്തിൽ സഹായവുമായി എംഎയുകെ
ഈ ഘട്ടത്തിലാണ് ആരും സഹായിക്കാൻ ഇല്ലെങ്കിൽ സഹായിക്കാൻ തങ്ങൾ ഉണ്ടെന്ന നിലപാടുമായി ലണ്ടൻ മലയാളികളുടെ പ്രിയ പ്രാദേശിക സംഘടനായ എം എ യുകെ രംഗത്ത് വരുന്നത്. മരിച്ച സ്ത്രീയുടെ നാട്ടുകാരാൻ കൂടിയായ എം എ യുകെ പ്രതിനിധി ശ്രീകുമാർ സഹായ സന്നദ്ധത അറിയിച്ചു രംഗത്തു വന്നപ്പോൾ ഹൈ കമ്മിഷൻ കൈമലർത്തുക ആണെങ്കിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ മുന്നിട്ടിറങ്ങാൻ തയ്യാറെന്ന് എം എ യുകെ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ഈ ഘട്ടത്തിൽ ഹൈ കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ എത്തിക്കാൻ തയ്യാറാവുകയും അവർ നിർദ്ദേശിച്ച ഫ്യൂണറൽ ഡിറക്ടർക്ക് മൃദദേഹം കൈമാറുകയും ചെയ്തതോടെയാണ് തികഞ്ഞ ആശങ്കയിൽ നിന്നും മരിച്ച വ്യക്തിക്കും കുടുംബത്തിനും നീതി ലഭിക്കുന്നത്. ഇപ്പോൾ ആഴ്ചകൾ വൈകി ആണെങ്കിൽ പോലും ഇക്കാര്യത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാവുന്നത് എം എ യുകെ അംഗങ്ങൾക്ക് മാത്രമാണ്. ഞായറാഴ്ച പുലർച്ചെ മൂന്നരക്ക് തിരുവനന്തപുരത്തു എത്തുന്ന മൃതദേഹം മണിക്കൂറുകൾക്കകം സംസ്‌കരിക്കാൻ ഉള്ള ഏർപ്പാടുകളും തയ്യാറായിട്ടുണ്ട്.
എന്തിനാണ് ഇങ്ങനെ കുറെ സംഘടനകളെന്നു വിമർശം
എന്നാൽ അനാഥമായ നിലയിൽ ഒരു വ്യക്തിയുടെ മൃതദേഹം മൂക്കിന് തുമ്പിൽ കിടക്കുമ്പോൾ ആയിരക്കണക്കിന് പൗണ്ട് മുടക്കി സമ്മേളനം നടത്തി രാപ്പകൽ ഓടി നടക്കുന്ന ഇടതു പക്ഷ അനുഭാവികളെക്കുറിച്ച് അവർ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽ ശക്തമായ വിമർശം ഉണ്ടായതും ശ്രദ്ധേയമാണ്. ഇത്തരം ഘട്ടങ്ങളിൽ സഹായിക്കാൻ മുന്നിൽ ഓടിയെത്തേണ്ട ലോക കേരള സഭ പോലെയുള്ള സംവിധാനങ്ങളും മരിച്ചു പോയോ എന്ന സംശയം ഉയർന്ന വിധത്തിൽ നിർജീവം ആയതാണ് വിമർശത്തിന് കാരണമായത്.
പല ലോക കേരള സഭ അംഗങ്ങളും രാജ്യ സഭ അംഗം റഹീമും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രധാന താരങ്ങളായി പങ്കെടുക്കുന്ന രണ്ടു സമ്മേളനങ്ങളുടെ തിരക്കിലുമാണ്. മരിച്ച വ്യക്തിയെ സഹായിക്കണ്ടേ എന്ന ചോദ്യത്തിന് ആരോ സഹായിക്കുന്നുണ്ടല്ലോ എന്നാണ് ലോക കേരള സഭയിലെ പ്രമുഖന്റെ മറുപടി വന്നത്. നിങ്ങൾക്ക് സഹായിക്കാൻ സാധിക്കില്ലേ എന്ന മറുചോദ്യം വന്നപ്പോൾ മറുപടിയുമില്ല എംപി കൂടിയായ റഹീമിന്റെ സന്ദർശനം ഉണ്ടായപ്പോൾ അദ്ദേഹത്തെ കൊണ്ട് എംബസിയിൽ ചെന്ന് കാര്യങ്ങൾക്ക് വേഗത വരുത്താം എന്നൊക്കെ വലിയ വാഗ്ദാനങ്ങൾ അനിതയുടെ ഭർത്താവ് ജയകുമാറിനെ തേടി എത്തുകയും ചെയ്തിരുന്നു.
വിസിറ്റ് വിസയിലെത്തി അനധികൃത താമസം തുടങ്ങുന്നവരെ കാത്തിരിക്കുന്നത് രോഗവും മരണവും
അനിത മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഈസ്റ്റ് ഹാമിൽ തന്നെ മറ്റൊരു മധ്യവയസ്‌കയായ സ്ത്രീയും മരണപ്പെട്ടിരുന്നു. അവരും വിസിറ്റ് വിസയിൽ എത്തി യുകെയിൽ സ്ഥിരതാമസം കണ്ടെത്തിയതാണ്. എന്നാൽ അവർക്കു പ്രാദേശിക സമൂഹത്തിൽ കുറച്ചു കൂടി അടുപ്പവും പ്രാർത്ഥന കൂട്ടായ്മകളിൽ സാന്നിധ്യവും ഉണ്ടായിരുന്നതിനാൽ അനിതയുടെ കാര്യത്തിൽ സംഭവിച്ചത് പോലെയുള്ള അനാഥത്വം നേരിടേണ്ടി വന്നിട്ടില്ല. വിസിറ്റിങ് വിസയിൽ എത്തി മരണപ്പെടുന്നവർ എല്ലാം മധ്യ വയസ് എത്തിയവരാണ്. മൂന്നു വർഷം മുൻപ് ഈസ്റ്റ് ഹാമിൽ തന്നെ സമാന സാഹചര്യത്തിൽ എത്തിയ തിരുവനന്തപുരം സ്വദേശിയായ രാജീവും മരണപ്പെട്ടിരുന്നു.
അന്നും യുകെ മലയാളികൾ ധനസഹായം നൽകിയാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ഇത്തരം വിസ സംഘടിപ്പിച്ച് എങ്ങനെയും യുകെയിൽ എത്തി ജീവിതം മെച്ചപ്പെടുത്താം എന്ന് കരുതി വരുന്നവർ രോഗത്തിന്റെയും മരണത്തിന്റെയും വായിലേക്കാണ് ഒടുവിൽ ചെന്ന് വീഴുന്നത് എന്ന് തെളിയിക്കുകയാണ് അടിക്കടിയുള്ള സംഭവങ്ങൾ. ഇത്തരം വിസ സംഘടിപ്പിച്ചു എത്തി അനധികൃതമായി താമസിക്കുന്നവർ ഈസ്റ്റ് ഹാമിലും പരിസരത്തുമായി നൂറിലേറെ പേരെങ്കിലും ഉണ്ടാകും എന്നാണ് പ്രദേശ വാസികളായ മലയാളികൾ നൽകുന്ന വിവരവും.
ചതിക്കപ്പെടുന്നത് ഏറെയും തിരുവനന്തപുരം സ്വദേശികൾ, ഇപ്പോൾ മറ്റു ജില്ലക്കാരും
നാലു വർഷം മുൻപ് ഈസ്റ്റ് ഹാമിൽ തന്നെ മരിച്ച നിലയിൽ കാണപ്പെട്ട രാജീവ് എന്നയാളും ഇത്തരത്തിൽ യുകെയിൽ എത്തി ആരുമറിയാതെ മരണത്തിനു കീഴടങ്ങുക ആയിരുന്നു. ദിവസങ്ങളോളം പട്ടിണി കിടന്നുള്ള മരണമാണ് രാജീവിന് ഉണ്ടായിരുന്നതെന്ന് അക്കാലയളവിൽ പ്രദേശവാസികൾ പറഞ്ഞ ജീവിത അനുഭവമാണ്.
രാജീവിന്റെ ബന്ധുക്കൾ അടക്കം ഉള്ളവർ യുകെയിൽ ഇത്തരത്തിൽ കഴിയുന്നതിനാൽ ബ്രിട്ടനിൽ കുടിയേറ്റ നിയമത്തിനു എതിരായി എത്തുന്ന മലയാളികളെ കുറിച്ചുള്ള നിരവധി വാർത്തകൾ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചിരുന്നു. അന്നൊക്കെ രാജീവ് പ്രയാസപൂർണമായ ജീവിതമാണ് യുകെയിൽ നയിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയപ്പോഴും ബന്ധുക്കളായി യുകെയിൽ ഉണ്ടായിരുന്നവർ നാട്ടിലേക്ക് നൽകിയത് ഇവിടെ സുഖപൂർണമായ ജീവിതം ആണെന്നാണ്.
കൃത്യമായ ജോലിയും വരുമാനവും ഇല്ലാതെ ഈസ്റ്റ് ഹാമിൽ കടകൾക്ക് മുന്നിൽ എത്തി ജോലിക്കായി കൈനീട്ടി നിൽക്കുന്ന ജീവിതത്തെയാണ് ഇവർ നിറം പിടിപ്പിച്ച കഥകളാക്കി നാട്ടിൽ എത്തിച്ചിരുന്നത്. ഇത്തരത്തിൽ ഏതാനും പേർക്ക് കൗൺസിൽ ഫ്ലാറ്റുകൾ ലഭിച്ചതോടെ സർക്കാർ സൗജന്യമായി വീടും നൽകും എന്ന കെട്ടുകഥയും നാട്ടിലെത്തി. ഇതോടെ കിടപ്പാടം വിറ്റും യുകെയിൽ എത്താം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉയർന്ന വിദ്യാഭ്യസ യോഗ്യതയോ യുകെയിൽ എത്തിയാൽ ജോലി കണ്ടുപിടിക്കാനുള്ള പരിജ്ഞാനമോ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യമോ പോലും ഇല്ലാതെയാണ് തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമങ്ങളിൽ നിന്നും ഇത്തരത്തിൽ മലയാളികൾ എത്തികൊണ്ടിരിക്കുന്നത്.
രണ്ടു ദിവസത്തിന് മുൻപ് ന്യുഹാം ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയ ജെർലിനും മൂന്നു വർഷം മുൻപ് യുകെയിൽ എത്തുന്നത് വലിയ തോതിൽ പണം മുടക്കിയ ശേഷമാണ്. ഇത്തരത്തിൽ ആളുകളെ വഞ്ചിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത നിരവധി എജൻസികൾ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവർ പറഞ്ഞു നൽകുന്ന നിറം പിടിപ്പിച്ച കഥകൾ വിശ്വസിച്ചാണ് അനേകം മലയാളികൾ ഇപ്പോഴും എത്തികൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിയാൽ പിന്നെ എല്ലാം സൗജന്യം ആണെന്നാണ് എജൻസികൾ നൽകുന്ന പ്രധാന വിവരം. നിലവിലെ യുകെയിലെ സാഹചര്യത്തിൽ ജോലി ലഭിച്ചെത്തുന്നവർ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് യുകെയിൽ എത്തിയാൽ ജോലിയൊക്കെ തനിയെ കിട്ടും എന്ന കഥ പ്രചരിപ്പിച്ച് ആളുകളെ മോഹം നൽകി യുകെയിലേക്ക് ചവിട്ടിക്കയറ്റുന്നത്.
ഈ മാഫിയ സംഘത്തെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ അടക്കം തുടർ പരമ്പരകൾ നൽകിയിട്ടും ഒരന്വേഷണവും നടത്താൻ കേരള സർക്കാർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ ഒന്നും സർക്കാരിനോ പ്രവാസി കാര്യാ വകുപ്പിലെ നോർക്കയ്ക്കോ ഒന്നും ചെയ്യാനില്ല എന്ന മട്ടിലുള്ള നിസ്സംഗതയാണ് പ്രകടമാകുന്നത്. തിരുവനന്തപുരം സ്വദേശി രാജീവ് നാലു വർഷം മുൻപ് യുകെയിൽ അനാഥാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയപ്പോൾ യുകെയിൽ തൊഴിൽ ലഭിക്കാതെ ടൂറിസ്റ്റ് വിസയിലും ഷെങ്കൻ വിസയിലും എത്തി നരക യാതന അനുഭവിക്കുന്ന മനുഷ്യ ജീവിതതങ്ങളെ കുറിച്ചു വ്യക്തമായ ചിത്രം സർക്കാരിൽ എത്തിച്ചിരുന്നതുമാണ്. എന്നാൽ ഒരു നടപടിയും ഇത്തരക്കാർക്ക് എതിരെ ഉണ്ടാകുന്നില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്തികൊണ്ടിരിക്കുന്ന മലയാളികളുടെ എണ്ണം തെളിയിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.