ലണ്ടൻ: യു കെയിലെ നെറ്റ് ഇമിഗ്രേഷൻ കുറച്ച് കൊണ്ടുവരും എന്ന ഉറച്ച തീരുമാനത്തിലാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ. യു കെയി പഠിക്കാൻ വരുന്നത് വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ക്ലേശകരമായ ഒന്നാക്കി മാറ്റുകയാണ് അവർ. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച നാഷണൽ കൺസർവേറ്റിസം കോൺഫറൻസിൽ സംസാരിക്കവെ അവർ പറഞ്ഞത് നെറ്റ് മൈഗ്രേഷൻ പ്രതിവർഷം 1 ലക്ഷത്തിൽ താഴെ കൊണ്ടുവരണം എന്നതാണ് തന്റെ ലക്ഷ്യം എന്നാണ്.

മാത്രമല്ല, വിദേശികൾക്ക് അനധികൃതമായി യു കെയിൽ എത്തുന്നത് കൂടുതൽ കടുപ്പമേറിയ അനുഭവമാക്കുമെന്നും അവർ പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ബ്രേവർമാന്റെ പദ്ധതികൾക്ക് ലഭിച്ചത്. നെറ്റ് ഇമിഗ്രേഷൻ കുറക്കുന്നതിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികളെ ചില അഭിനന്ദിച്ചപ്പോൾ, അവശ്യത്തിലധികം കടുത്ത നടപടി എന്നായിരുന്നു മറ്റു ചിലർ വിശേഷിപ്പിച്ചത്.

ഈ പദ്ധതികൾ നടപ്പിലാക്കാൻ ബ്രേവർമാന് സാധിക്കുമോ എന്നത് കണ്ടറിയെണ്ട കാര്യമാണ്. എന്നാലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് രാഷ്ട്രീയ ചർച്ചകളിലെ ഒരു പ്രധാന വിഷയമാക്കി കുടിയേറ്റ വിഷയം ഉയർത്തി കൊണ്ടുവരാൻ സുവെല്ല ബ്രേവർമാന് കഴിഞ്ഞിരിക്കുന്നു. കുടിയേറ്റം കുറക്കുവാനായി നിരവധി നിർദ്ദേശങ്ങളാണ് സുവെല്ല ബ്രേവർമാൻ മുൻപോട്ട് വയ്ക്കുന്നത്.

യു കെയിലേക്ക് വരാൻ സ്‌കിൽ വർക്കർമാർക്ക് ആവശ്യമായ മിനിമം ശമ്പളത്തിന്റെ പരിധി വർദ്ധിപ്പിക്കുക, യു കെയിൽ പഠനത്തിനെത്തുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാക്കുക, അനധികൃത കുടിയേറ്റം ഉരുക്കു മുഷ്ടി കൊണ്ട് നേരിടുക. അനധികൃതമായി യു കെയിൽ എത്തിയവരെ നാടുകടത്തുന്ന സർക്കാർ നടപടി എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ കഴിയുന്നതാക്കുക തുടങ്ങിയവയൊക്കെയാണ് ആ നിർദ്ദേശങ്ങൾ.

ബ്രിട്ടന്റെ അതിർത്തികൾ സംരക്ഷിക്കപ്പെടാനും, കുടിയേറ്റ നയത്തിൽ രാജ്യത്തിന് പൂർണ്ണമായ നിയന്ത്രണം ലഭിക്കുവാനും ഈ പദ്ധതികൾ ആവശ്യമാണെന്ന് ബ്രേവർമാൻ പറയുന്നു. മാത്രമല്ല, തന്റെ പദ്ധതികൾ നടപ്പിലാക്കിയാൽ ബ്രിട്ടീഷുകാർക്ക് ധാരാളം തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നും, പൊതുസേവനങ്ങൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നും അവർ പറയുന്നു.

അതേസമയം, ഈ പദ്ധതികൾ നടപ്പിലായാൽ വ്യവസായ സംരംഭകർക്ക്, അവർക്കാവശ്യമുള്ള തസ്തികകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഏറെ ക്ലേശകരമായി മാറുമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. മാത്രമല്ല, യു കെയിൽ പഠനത്തിനോ ജോലിക്കോ എത്താൻ ശ്രമിക്കുന്നവരോടുള്ള കടുത്ത അനീതിയാണിതെന്നും അവർ പറയുന്നുണ്ട്.

ഇതിൽ സുവെല്ല ബ്രേവർമാൻ കൂടുതൽ ശ്രദ്ധിക്കുന്നത് നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികളിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ്. അതുപോലെ സ്റ്റുഡന്റ് വിസയിൽ നിന്നും വർക്ക് വിസയിലേക്ക് മാറുന്ന നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കാനും അവർ ശ്രമിക്കുന്നുണ്ട്. ഈ പദ്ധതികൾ സുവെല്ല ഉടനെ നടപ്പിലാക്കുമോ എന്ന് പറയാറായിട്ടില്ല. എന്നാൽ, യു കെയിൽ പഠനത്തിനെത്താൻ ആഗ്രഹിക്കുന്നവർ ഇത് അറിഞ്ഞിരിക്കേണ്ടതാണ്.

വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് യു കെയിൽ എത്തി മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കുന്നത് നല്ല നടപടിയല്ല എന്ന് ചിലർ വിമർശിക്കുന്നു. അതേസമയം, നിലവിൽ സ്റ്റുഡന്റ് വിസയിൽ യു കെയി പഠനം നടത്തുന്ന വിദ്യാർത്ഥികളേയും ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. യു കെ ഇമിഗ്രേഷൻ നയങ്ങൾ കൂടെക്കൂടെ മാറ്റാറുണ്ട്. ഏറ്റവും ഒടുവിൽ അത് മാറ്റിയത് 2023 മാർച്ചിലായിരുന്നു.