സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെ നീക്കം. യു കെയുടെ നെറ്റ് ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കുന്നതിനായി ബ്രിട്ടനിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങുകയാണ് ബ്രേവർമാൻ. ആ സമയത്താണ്, ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ നൽകുന്നു എന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുറത്തിറക്കിയ യു കെ ഹൈയ്യർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റിയുഷൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2020-21 ലെ കണക്കുകൾ അനുസരിച്ച് ബ്രിട്ടനിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥനത്തായിരുന്നു. 87,045 ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു ആ വർഷം യു കെയിൽ പഠിക്കാനായി എത്തിയത്. 99, 965 വിദ്യാർത്ഥികൾ പഠിക്കാൻ എത്തിയ ചൈനയായിരുന്നു ആ വർഷം മുൻപിൽ.

2020-21 ലെ സ്ഥിതിവിവര കണക്കുകൾ വിശകലനം ചെയ്ത റിപ്പോർട്ടിൽ പറായുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നല്ലാത്ത വിദേശ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും 96,000 പൗണ്ടിന്റെ നേട്ടം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥക്ക് ഉണ്ടായി എന്നാണ്. ഇതിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടും. സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്ത ലണ്ടൻ ഇക്കണോമിക്സിലെ ഡോ. ഗവൻ കോൺലോൺ പറയുന്നത് വിദേശ വിദ്യാർത്ഥികൾ ദേശീയ സമ്പദ്വ്യവസ്ഥയേയും പ്രാദേശിക സമ്പദ്വ്യവസ്ഥയേയും ഒരുപോലെ സഹായിക്കുന്നുഎന്നാണ്.

ബ്രിട്ടനിൽ നിന്നും അവർ എടുക്കുന്നതിന്റെ പത്തിരട്ടിയാണ് അവർ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥക്ക് സംഭാവന ചെയ്യുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല, ലോക നിലവാരത്തിലുള്ള പഠന- പരിശീലന പരിപാടികളുമായി മുൻപോട്ട് പോകാൻ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളെ വലിയൊരു പരിധി വരെ സഹായിക്കുന്നതും വിദേശ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സത്യത്തിൽ, വിദ്യാഭ്യാസ മേഖലയെ ബ്രിട്ടനിലെ ഏറ്റവും വലിയ കയറ്റുമതി വ്യവസായങ്ങളിൽ ഒന്നാക്കിയതിൽ ഈ വിദേശ വിദ്യാർത്ഥികൾക്ക് സുപ്രധാന പങ്കുണ്ട്.

സ്റ്റുഡന്റ്സ് വിസയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹൈയ്യർ എഡ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റിയുട്ട്, യൂണിവേഴ്സിറ്റീസ് യു കെ ഇന്റർനാഷണൽ, കാപ്ലാൻ ഇന്റർനാഷണൽ പാത്ത്വേസ് എന്നിവർ ചേർന്നാണ് ഈ പഠനം സംഘടിപ്പിച്ചത്. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർ ആശ്രിതരെ കൊണ്ടു വരുന്നത് ഒഴിവാക്കുവാനും അതുപോലെ പഠനം കഴിഞ്ഞാൽ യു കെയിൽ തുടരാവുന്ന കാലാവധി വെട്ടിച്ചുരുക്കാനും സുവെല്ല ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.