ലണ്ടൻ: ഗൾഫ് ബൂം ഏതാണ്ട് ഒതുങ്ങിയപ്പോൾ മലയാളികൾക്ക് വീണുകിട്ടിയ ചാകരയായിരുന്നു യു കെ. ബ്രിട്ടനിൽ എത്താൻ വഴികൾ ഏറെയുണ്ട്. അതുപോലെ എത്തിയാൽ തൊഴിൽ സാധ്യതകളും ഏറെ. അതിൽ എറ്റവും എളുപ്പമുള്ള മാർഗ്ഗം സ്റ്റുഡന്റ് വിസ തന്നെയായിരുന്നു. സ്റ്റുഡന്റ് വിസയിൽ പോയാൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ കഴിയും. മാത്രമല്ല, ആശ്രിതരായി പോകുന്നവർക്കും ജോലി ചെയ്യാം. അതിനെല്ലാം പുറമെ പഠനം കഴിഞ്ഞാലും രണ്ട് വർഷത്തോളം അവിടെ തുടരാം.

ഇതെല്ലാം പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ ഏറെ സഹായകരമായ കാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, ഈ ചാകരയും ഇല്ലാതെയാവുകയാണ്. ബ്രിട്ടനിലേക്കുള്ള നെറ്റ് മൈഗ്രേഷൻ താൻ അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ താഴെ കൊണ്ടുവരും എന്ന് ഋഷി സുനക് തറപ്പിച്ചു പറഞ്ഞു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹിരോഷിമയിൽ എത്തിയ പ്രധാനമന്ത്രി അവിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വർഷം ബ്രിട്ടനിലേക്ക് കുടികയറുന്നവരുടെ എണ്ണവും, രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷൻ. ഋഷി സുനക് അധികാരത്തിൽ ഏറുമ്പോൾ ഇത് 5 ലക്ഷമായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കൺസർവേറ്റീവ് പാർട്ടി പറഞ്ഞിരുന്നത് നെറ്റ് മൈഗ്രേഷൻ ലെവൽ 2,20,000 ൽ താഴെയാക്കുമെന്നായിരുന്നു. അതാണ് ഇപ്പോൾ ഋഷി പുനഃക്രമീകരിച്ചിരിക്കുന്നത്. 5 ലക്ഷത്തിൽ താഴെയാക്കുക എന്നതാണ് ലക്ഷ്യം എന്ന് ഋഷി സുനക് പറയുന്നു.

ഈ വർഷത്തെ നെറ്റ് മൈഗ്രേഷൻ ലെവൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വരാമെന്നാണ് വിദഗ്ദ്ധർ കണക്കു കൂട്ടുന്നത്. ഇത് കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടീയായിരിക്കും, പ്രത്യേകിച്ച് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ. അതുകൊണ്ടു തന്ന്, പാർട്ടിക്കുള്ളിൽ ഇത് വലിയൊരു ചർച്ചാവിഷയമാകും എന്നതിൽ തർക്കമില്ല.

കഴിഞ്ഞവർഷം നെറ്റ് ഇമിഗ്രേഷൻ ലെവൽ വളരെ ഉയരാൻ കാരണമായത് യുക്രെയിൻ അഭയാർത്ഥികളെയും അഫ്ഗാൻ അഭ്യാർത്ഥികളെയും വലിയ തോതിൽ സ്വീകരിച്ചതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ അഭിമാനമേയുള്ളു. മനുഷ്യത്വമാണ് അങ്ങനെ ചെയ്യാൻ ബ്രിട്ടനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തെരഞ്ഞെടുപ്പിന് മുൻപായി നെറ്റ് ഇമിഗ്രേഷൻ 5 ലക്ഷത്തിൽ താഴെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് താൻ പ്രഥമ പരിഗണന നൽകുന്ന അഞ്ച് വിഷയങ്ങളിൽ ഒന്ന് അതാണെന്നായിരുന്നു ഋഷിയുടെ പ്രതികരണം.

നിയമവിരുദ്ധമായി എത്തുന്ന കുടിയേറ്റക്കാരെ തടയുക മാത്രമല്ല, നിയമപരമായ കുടിയേറ്റത്തിനും ചില നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി സഭയ്ക്ക് ഉപദേശം നൽകുന്ന സമിതി, സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് പഠനം കഴിഞ്ഞ് ബ്രിട്ടനിൽ തുടരുന്നതിനുള്ള കാല പരിധി വെട്ടിക്കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല, നിലവിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സിന് പഠിക്കാൻ ഗ്രാഡ്വേറ്റ് വിസയിൽ എത്തുന്നവർക്ക് പങ്കാളികളെയും കുട്ടികളെയും കൂടെ കൊണ്ടുവരാൻ കഴിയും. പഠനം കഴിഞ്ഞ് ജോലി കണ്ടെത്താനായാൽ പിന്നീട് ഒരു രണ്ട് വർഷം കൂടി അവർക്ക് ഇവിടെ തുടരാനാകും. ഒ എൻ എസ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് അടുത്തിടെ നെറ്റ് മൈഗ്രേഷൻ കുതിച്ചുയരാൻ ഇടയാക്കിയത് വിദേശ വിദ്യാർത്ഥികൾ കൂടുതലായി എത്താൻ തുടങ്ങിയതിനാലാണ് എന്നാണ്.

2022-ൽ യൂറോപ്യൻ യൂണിയൻ ഒഴിച്ചുള്ള രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ എത്തിയവരിൽ 39 ശതമാനം പേർ സ്റ്റുഡന്റ് വിസയിൽ എത്തിയവരാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ്) കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റുഡന്റ് വിസയിലും അവരുടെ ആശ്രിത വിസയിലുമായി 2,77,000 പേരായിരുന്നു 2022 ൽ ബ്രിട്ടനിൽ എത്തിയത്. തൊട്ട് മുൻപത്തെ വർഷം ഇത് 1,43,000 മാത്രമായിരുന്നു. പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കൂടെ കുടുംബത്തെ കൊണ്ടുവരുന്നത് തടയുവാനാണ് മന്ത്രിസഭ ഉദ്ദേശിക്കുന്നത് എന്ന് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതുപോലെ പഠനം കഴിഞ്ഞാൽ, ജോലി കണ്ടെത്താനുള്ള സമയം 2 വർഷം എന്നത് 6 മാസമാക്കി ചുരുക്കാനും ആലൊചിക്കുന്നുണ്ട്. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെ ചാലക ശക്തി എന്ന് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഹിരോഷിമയിലുള്ള ഋഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഉന്നത വിദ്യാഭ്യാസവും സ്റ്റുഡന്റ് വിസയും സംഭാഷണ വിഷയങ്ങളായതായി ഇന്ത്യ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.