ലണ്ടൻ: ഗൾഫ് രാജ്യങ്ങളുടെ ആകർഷണീയത കുറയുകയും, അവസരങ്ങൾ ഇല്ലാതെയാവുകയും ചെയ്തതോടെ മലയാളിക്ക് ലഭിച്ച ചാകരയായ യു കെ യും നഷ്ടപ്പെടാൻ പോകുന്നു എന്ന് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹിരോഷിമയിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ മാധ്യമ പ്രവർത്തകരോടായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. നെറ്റ് മൈഗ്രേഷൻ ലെവൽ താൻ അധികാരം ഏൽക്കുന്നതിനു മുൻപുണ്ടായിരുന്നതിനേക്കാൾ കുറയ്ക്കുക എന്നതാണ് തന്റെലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രിട്ടനിലേക്ക് വരുന്നവരിൽ 39 ശതമാനത്തോളം വിദേശ വിദ്യാർത്ഥികളും അവരുടെ ആശ്രിതരുമാണെന്ന കണക്ക് കഴിഞ്ഞ ദിവസം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കാര്യവും റിപ്പോർട്ട് ചെയ്തിരുന്നല്ലോ. അതുകൊണ്ടു തന്നെ, കുടിയേറ്റം കുറക്കാൻ ആദ്യം നിയന്ത്രണം കൊണ്ടു വരിക ഈ മേഖലയിൽ ആയിരിക്കും എന്നൊരു അഭ്യുഹവും പരന്നിരുന്നു. അത് ശരിവയ്ക്കും പോലെ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ചില പ്രസ്താവനകളും ഇറക്കുകയുണ്ടായി.

നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികൾക്ക് സ്വീകരിക്കാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കും എന്നും, സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നത് നിർത്തലാക്കും എന്നൊക്കയായിരുന്നു ആ പ്രഖ്യാപനങ്ങൾ. ഇപ്പോഴിതാ അതെല്ലാം യാഥാർത്ഥ്യമവുകയാണ്. യു കെയിൽ പഠിക്കാൻ, സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് കൂടെ ആശ്രിതരെ കൊണ്ടുവരുന്നത് നിർത്തലാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പി എച്ച് ഡി തലത്തിന് താഴെയുള്ള ഏതൊരു കോഴ്സ് പഠിക്കാൻ എത്തുന്ന വിദേശ വിദ്യാർത്ഥിക്കും ആശ്രിതരെ കൊണ്ടുവരാൻ ആകില്ല എന്നാണ് സൺ റിപ്പോർട്ട് ചെയ്യുന്നത്. ആ രീതിയിലായിരിക്കും പുതിയ നിയമം രൂപപ്പെടുത്തുക. പി എച്ച് ഡി കോഴ്സുകൾ 3 മുതൽ 5 വർഷം വരെ നീണ്ടു നിൽക്കുന്നവ ആയതിനാലും, വളരെ ഉയർന്ന സ്‌കിൽ ആവശ്യമായ കോഴ്സുകൾ ആയതിനാലും പിച്ച് ഡി വിദ്യാർത്ഥികൾക്ക് ഈ നിരോധനം ബാധകമാവില്ല. അവർക്ക് ആശ്രിത വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ കഴിയും.

ഈയാഴ്‌ച്ച തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപക്ഷെ ഇന്നോ നാളെയോ ഉണ്ടായാൽ പോലും അദ്ഭുതപ്പെടേണ്ടതില്ല. അധിക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത തങ്ങളുടെ പങ്കാളികളെ യു കെയിൽ എത്തിക്കാൻ സ്റ്റുഡന്റ് വിസ പദ്ധതിയിലൂടെ കഴിഞ്ഞതായി ചില വിദ്യാർത്ഥികൾ ടെലെഗ്രാഫിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് അവരിൽ പലരെയും യു കെയിൽ എത്തിച്ചത് എന്നും ചില വീദ്യാർത്ഥികൾ അവകാശപ്പെട്ടു.

അതിനിടയിൽ, മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പ്രൊഫ., ബ്രിയാൻ ബെല്ലും ഗ്രാഡ്വേറ്റ് വിസ നൽകുന്നതിൽ നിയന്ത്രണം വേണമെന്ന അഭിപ്രായത്തോട് യോജിക്കുകയാണ്. ഒരു വർഷത്തെ മാസ്റ്റർ ഡിഗ്രിക്കായി രണ്ട് വർഷത്തോളം ഏറെക്കുറെ നിയന്ത്രണങ്ങൾ ഇല്ലാതെ ജോലി ചെയ്യാൻ വിദേശ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന ഒന്നാണ് എന്നായിരുന്നു ടെലെഗ്രാഫുമായുള്ള അഭിമുഖത്തിൽ പ്രൊഫസർ ബെൽ ചൂണ്ടിക്കാണിച്ചത്.

പഠനം പൂർത്തിയാക്കിയ ശേഷവും ഇവിടെ തുടരുന്ന വിദ്യാർത്ഥികൾ പൊതുവെ ഏറെ നൈപുണി ആവശ്യമില്ലാത്ത തൊഴിലുകളിൽ, കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നതായിട്ടാണ് കണ്ടു വരുന്നത്. ഇക്കൂട്ടർ ബ്രിട്ടന്റെ സാമ്പത്തികരംഗത്തിന് കാര്യമായ സംഭാവനകൾ ഒന്നും തന്നെ ചെയ്യുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് ജി ഡി പിയിലും പ്രതിഫലിക്കും എന്ന് പറഞ്ഞ പ്രൊഫസർ ബെൽ, പക്ഷെ വലിയ എണ്ണം ആശ്രിതരുടെ സാന്നിദ്ധ്യം നികുതിദായകർക്ക് അമിത ഭാരം നൽകുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടയിൽ, ബ്രിട്ടനിലെക്ക് വർക്ക് വിസയിൽ വരാൻ ആവശ്യമായ മിനിമം വേതന നിരക്ക് വർദ്ധിപ്പിക്കണമെന്ന് സുവെല്ല ബ്രേവർമാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇതുവരെ പ്രതിവർഷം 26,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് വിദേശികൾക്ക് വരാൻ ആകുമായിരുന്നെങ്കിൽ ഈ പരിധി 33,000 പൗണ്ട് ആക്കി ഉയർത്തണം എന്നാണ് ഹോം സെക്രട്ടറി ആവശ്യപ്പെടുന്നത്. എന്നാൽ ധനകാര്യ വകുപ്പ് ഈ നിർദ്ദേശത്തിന് എതിരാണെന്ന് അറിയുന്നു.