- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആ നിയന്ത്രണം പ്രഖ്യാപിച്ചു; ജനുവരി മുതൽ പി എച്ച് ഡി കാർക്ക് മാത്രം ഡിപ്പെൻഡന്റ് വിസ; യു കെയിൽ ജീവിക്കാനുള്ള ബാങ്ക് ഡെപ്പോസിറ്റ് കാട്ടിയാൽ മാത്രം സ്റ്റുഡന്റ് വിസ; പോസ്റ്റ് സ്റ്റഡി വിസയിൽ യു കെയിൽ ജോലി ചെയ്യുന്ന നിയമത്തിലും വൻ അഴിച്ചുപണി; ഒറ്റയടിക്ക് അവസാനിക്കുന്നത് യു കെയിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ കുത്തൊഴുക്ക്
ഒടുവിൽ, കാത്തിരുന്ന ആ പ്രഖ്യാപനവും എത്തി. മലയാളികൾ അടക്കമുള്ള നിരവധി വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മേൽ ആശങ്കയുടെ നിഴൽ വിരിച്ചു കൊണ്ട്, ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ് വിസ നിയമം കൂടുതൽ കർശനമാക്കുന്നു. ഇതോടെ ബ്രിട്ടനെ ഏറെ ആശങ്കയിലാഴ്‌ത്തിയ നെറ്റ് മൈഗ്രേഷൻ നിരക്ക് കോവിഡ് കാലത്തിനു മുൻപുള്ള നിലയിലേക്ക് താഴുമെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പഠനത്തിനായി എത്തുന്നവർക്ക് പോലും ഡിപ്പൻഡന്റ് വിസയിൽ പങ്കാളിയേയും കുട്ടികളേയും കൊണ്ടു വരാൻ കഴിയുമായിരുന്നു. 2019-ലെ കണക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് ഒപ്പം ആശ്രിത വിസയിൽ എത്തിയവർ 16,000 പേർ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം അത് 1,36,000 ആയി ഉയർന്നു എന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. അതുതന്നെയാണ് ഈ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ കാരണം.
2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന നിയമമനുസരിച്ച്, പി എച്ച് ഡി കോഴ്സുകൾക്കും അതുപോലെ ചില പ്രത്യേക മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകൾക്കും ചേരുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ കൊണ്ടു വരാൻ അനുവാദമുണ്ടായിരിക്കുക. നേരത്തെ ഒരു വർഷത്തെ കോഴ്സുകൾക്ക് എത്തുന്നവർക്ക് എല്ലാവർക്കും ആശ്രിതരെ കൊണ്ടുവരാൻ കഴിയുമായിരുന്നു.
ഇത് ബ്രിട്ടനിൽ ജോലി കണ്ടെത്താനുള്ള ഒരു പിൻവാതിൽ പ്രവേശനമായി മാറുകയായിരുന്നു. നിരവധി ഏജന്റുമാരും ഈ നിയമം ഉപയോഗിച്ച് പണം സമ്പാദിച്ചിരുന്നു. അവർക്കും ഈ പുതിയ നിയമം ഒരു തിരിച്ചടി ആവുകയാണ്. അതുപോലെ, സ്റ്റുഡന്റ് വിസയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാകുന്നതിനു മുൻപ് വർക്ക് വിസയിലേക്ക് മാറാനുള്ള വകുപ്പും ഇല്ലാതെയാക്കുകയാണ്.
അതുപോലെ, ഗ്രാഡ്വേറ്റ് വിസയിൽ പഠിക്കാൻ എത്തുന്നവർക്ക് പഠനം കഴിഞ്ഞും രണ്ട് വർഷം യു കെയിൽ ജോലി ചെയ്യാം എന്ന നിയമത്തിലും മാറ്റം വന്നേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു. നിലവിൽ അതിനെ കുറിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ചെയ്യാൻ കഴിയുന്ന തൊഴിലുകളിൽ ചില നിയന്ത്രണങ്ങൾ വന്നേക്കാം. ഇത്തരത്തിൽ പഠനം പൂർത്തിയായി യു കെയിൽ തുടരുന്നവരിൽ ഭൂരിപക്ഷവും പ്രത്യേക നൈപുണികൾ ആവശ്യമില്ലാത്ത തൊഴിലുകളിലാണ് ഏർപ്പെടുന്നതെന്നും അത് ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ ചെയ്യുന്നില്ല എന്നും ഒരു ആരോപണം ഉയർന്നിരുന്നു.
സ്റ്റുഡന്റ് വിസ കാര്യത്തിൽ വന്നിരിക്കുന്ന മറ്റൊരു നിയന്ത്രണം, യു കെയിൽ നിങ്ങൾക്ക് ജീവിക്കാന അവശ്യമായ തുക ബാങ്കിൽ ഉണ്ടെന്നുള്ളതിന്റെ തെളിവ് സമർപ്പിക്കണം എന്നതാണ്. ഇതോടെ ധാരാളം പേർക്ക് യു കെയിൽ പഠനത്തിനുള്ള അവസരം സ്വാഭാവികമായി തന്നെ നഷ്ടപ്പെടും എന്നാണ് കണക്കാക്കുന്നത്. അതുപോലെ ഉന്നത പഠന നിലവാരം പുലർത്താത്ത ചില യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്.
സ്റ്റുഡന്റ് വിസ ചട്ടങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈയാഴ്‌ച്ച ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇന്നലെ തന്നെ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാർ ഇക്കാര്യം എത്ര ഗൗരവകരമായാണ് എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് വർദ്ധിച്ചു വരുന്ന കുടിയേറ്റം. ഇതിനെ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ തന്നെയാണ്.
വരുന്ന വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ, ഇത് വലിയൊരു പ്രചരണായുധമായി മാറുമെന്ന് രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും അറിയാം. തെരഞ്ഞെടുപ്പിന് മുൻപായി തന്നെ ചില കർശന നടപടികൾ ഇക്കര്യത്തിക് കൈക്കൊണ്ട് ഫലം കാണിക്കേണ്ട ഉത്താവാദിത്തമ്മ് ഇപ്പോൾ പ്രധാനമന്ത്രിക്ക് മേൽ ഉണ്ടായിരിക്കുന്നു. അതുകൊണ്ടു തന്നെ ഇനിയും കൂടുതൽ കർശന നിയമങ്ങൾ പ്രതീക്ഷിക്കാം എന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ