ലണ്ടൻ: മരണത്തിനു ഏതാനും മണിക്കൂർ മുൻപ് വരെയും സന്തോഷവാനായി കാണപ്പെട്ട മലയാളി വിദ്യാർത്ഥിയുടെ ആകസ്മിക മരണത്തിൽ നെഞ്ചു പൊടിയുകയാണ് സഹപാഠികളും സഹ താമസക്കാരും ആയ മലയാളി വിദ്യാർത്ഥികൾക്ക്. എട്ടു മാസത്തിലേറെ ആയി കളിചിരി തമാശകളും ഭക്ഷണത്തിന്റെ രുചിയും പങ്കുവച്ചിരുന്നവരിൽ ഒരാൾ നേരം പുലരുമ്പോൾ തണുത്തു മരവിച്ചു നിലയിൽ കാണപ്പെട്ടതിന്റെ വൈകാരികമായ പ്രയാസത്തിലൂടെ കടന്നു പോകുകയാണ് തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശിയായ ഹരികൃഷ്ണന്റെ പ്രിയ സുഹൃത്തുക്കൾ.

അന്വേഷണ നടപടികളുടെ ഭാഗമായി പൊലീസ് ഇവരിൽ നിന്നും മൊഴികൾ ശേഖരിച്ചിട്ടുണ്ട്. ഹരികൃഷ്ണനെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയതോടെ ആംബുലൻസ് ടീമിന്റെ സഹായം കൂടെ താമസിച്ചവർ തേടിയെങ്കിലും അവരെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സി പി ആർ പോലും നൽകാനായില്ല എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൈകളും മറ്റും തണുത്തു മരവിച്ച നിലയിലായിരുന്നു. ഇതോടെ മരണം സംഭവ സ്ഥലത്തു തന്നെ രേഖപ്പെടുത്തിയാണ് നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്.

അതിനിടെ ഏക ആൺ സന്താനത്തെ നഷ്ടമായ വേദനയാണ് ഹരികൃഷ്ണന്റെ വീട്ടിൽ കാണാനാകുന്നത്. അച്ഛനും ഉറ്റ ബന്ധുക്കളും ഒക്കെ മരണം അറിഞ്ഞു കഴിഞ്ഞു. ഏറെ പ്രതീക്ഷകളോടെ യുകെയിലേക്ക് അയച്ച മകൻ തണുത്തു വിറങ്ങലിച്ച് എത്തുമ്പോൾ മാതാപിതാക്കളും മറ്റും കരൾ പൊടിഞ്ഞാകും ആ കൈകൾ ചേർത്ത് പിടിക്കുക. എന്നാൽ മരണത്തിനു ഏതാനും മണിക്കൂർ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ ആയിരുന്നു എന്നാണ് സൂചന.

തിങ്കളാഴ്ച അവസാന പരീക്ഷയും പ്രയാസം കൂടാതെയാണ് ഹരികൃഷ്ണനും സുഹൃത്തുക്കളും എഴുതിയത്. ഇതിന്റെ സന്തോഷത്തിൽ കൂട്ടുകാർ ഒന്നിച്ചു കഴിഞ്ഞ ചൊവ്വാഴ്ച ഹരികൃഷ്ണൻ യൂണിവേഴ്‌സിറ്റിയിൽ പോകുന്നുവെന്ന് പറഞ്ഞു പുറത്തു പോയിരുന്നു. എന്നാൽ ഇന്നലെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ യുവാവ് യൂണിവേഴ്‌സിറ്റിയിൽ ചെന്നിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. അവസാന പരീക്ഷയും കഴിഞ്ഞതോടെ അവിടെ ആരെയും കാണാൻ ഉണ്ടായിരുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം.

പക്ഷെ പുറത്തു പോയി വന്ന ഹരികൃഷ്ണൻ പതിവുള്ള പ്രസന്ന വദനനായിരുന്നില്ല എന്നും സുഹൃത്തുക്കൾ പറയുന്നു. മുറിയിലെത്തിയ ഉടൻ കിടന്ന ഹരികൃഷണനോട് സുഹൃത്തുക്കൾ കാര്യമായി ഒന്നും സംസാരിച്ചുമില്ല, ചോദിച്ചതിനുള്ള ഉത്തരമേ യുവാവ് നൽകിയിരുന്നുള്ളൂ. അർധരാത്രി വരെ പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ ടിവിയിൽ സിനിമ കണ്ടിരുന്ന സുഹൃത്തുക്കളിൽ ചിലർ മൂന്നു മണിയോടെ ടോയ്‌ലെറ്റിൽ പോയപ്പോഴും ഹരി കിടക്കയിൽ ഉണ്ടായിരുന്നു എന്ന് ഓർത്തെടുക്കുന്നു. ഇതോടെ പുലർച്ചെ അഞ്ചു മണിയോടെ ആയിരിക്കണം മരണം സംഭവിച്ചത് എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന അനുമാനം. ഈ സാധ്യത തന്നെയാണ് മൃതദേഹം പരിശോധിക്കാൻ എത്തിയവരും പങ്കുവയ്ക്കുന്നത്.

എന്നാൽ ഹരിയുടെ സഹോദരിയുടെ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിൽ ഉടൻ മരണപ്പന്തൽ ഉയരുമല്ലോ എന്ന പ്രയാസമാണ് അഷ്ടമിച്ചിറയിലെ നാട്ടുകാർക്ക്. മികച്ച പഠന ട്രാക് റെക്കോർഡ് ഉള്ള ഹരിക്ക് ശോഭനമായ ഭാവിയാണ് നാട്ടുകാർ പ്രവചിച്ചിരുന്നത്. യുകെയിൽ പഠിക്കാൻ അവസരം ലഭിച്ചതോടെ ഈ പ്രതീക്ഷകൾ സഫലമാകും എന്ന ചിന്തയായിരുന്നു വീട്ടുകാർക്കും. എന്നാൽ എല്ലാം വൈകാരികമായ ഒരു പ്രയാസത്തിൽ മറികടക്കാൻ കഴിയാതെ വന്നപ്പോൾ ഹരിയുടെ ജീവിതത്തിനു തിരശീല വീഴുകയായിരുന്നു എന്ന നിഗമനമാണ് ഇപ്പോൾ ഏവരും പങ്കിടുന്നത്.