ലണ്ടൻ: ഏറ്റവും പുതിയ നെറ്റ് ഇമിഗ്രേഷൻ കണക്കുകൾ പുറത്ത് വന്നതൊടെ കുടിയേറ്റം വളരെ ഗൗരവമുള്ള വിഷയമായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ. അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷത്തിൽ അല്പം സമയം മാത്രം കൂടുതൽ ഉള്ള ഈ സമയത്ത് ഉയർന്ന് വന്ന ചർച്ചക്ക് രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട് താനും. ഒരുപക്ഷെ ഈ വിഷയത്തിൽ ഇനി കൈക്കൊള്ളാൻ ഇരിക്കുന്ന നടപടികളും, ഓരോ പാർട്ടികളും എടുക്കുന്ന സമീപനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന നിർണ്ണായക ശക്തിയായി മാറാനും ഇടയുണ്ട്.

അങ്ങനെയൊരു സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ബ്രിട്ടനിലേക്ക് കുടിയേറിയവരുടെ രാജ്യം തിരിച്ചുള്ള കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെകണക്കുകൾ പറയുന്നത് വിവിധ മേഖലകളിലെ സ്‌കിൽഡ് വർക്ക് വിസകളിൽ ബ്രിട്ടനിൽ എത്തിയവരിൽ ഏറിയ പങ്കും ഇന്ത്യാക്കാരാണെന്നാണ്. എൻ എച്ച് എസ് ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ക്ഷാമം പരിഹരിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു സ്‌കിൽഡ് വിസ പദ്ധതി രൂപീകരിച്ചത്.

അതോടൊപ്പം, കോവിഡ് കാല പ്രതിസന്ധിയിൽ നിന്നും വിദ്യാഭ്യാസമേഖലയെ കരകയറ്റുവാൻ, കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ രൂപപ്പെടുത്തിയ ഗ്രാഡ്വേറ്റ് പോസ്റ്റ് സ്റ്റഡി വർക്ക് റൂട്ടിലൂടെ എത്തിയവരിലും മഹാ ഭൂരിപക്ഷം ഇന്ത്യാക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വഴി കഴിഞ്ഞ വർഷം ബ്രിട്ടനിൽ എത്തിയവരിൽ 41 ശതമാനത്തോളം വരും ഇന്ത്യാക്കാർ.

അതുപോലെ വർക്കർ വിഭാഗത്തിലെ വിവിധ വിസകളിൽ എത്തിയവരിൽ 33 ശതമാനം പേർ ഇന്ത്യാക്കാരാണ്. സ്‌കിൽഡ് വർക്കർ, സ്‌കിൽഡ് വർക്കർ -ഹെൽത്ത് കെയർ വിസകൾ ഉൾപ്പടെയാണിത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ശേഖരിച്ച ഈ വിവരങ്ങൾ ഹോം ഡിപ്പാർട്ട്മെന്റാണ് ഇന്നലെ പുറത്ത് വിട്ടത്. 2023 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ, 92,951 മുൻ വിദ്യാർത്ഥികൾക്ക് ഗ്രാഡ്വേറ്റ് റൂട്ട് വഴി പഠന ശേഷംബ്രിട്ടനിൽ തുടരാൻ അനുമതി നൽകി എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 41 ശതമാനത്തിലധികം പേർ ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും കണക്ക് വ്യക്തമാക്കുന്നു.

2021-22 കാലയളവിൽ 13,390 ഇന്ത്യാക്കാർക്കാണ് സ്‌കിൽഡ് വർക്കർ വിസ നൽകിയിരുന്നതെങ്കിൽ, 2022-23 ആയപ്പോഴേക്കും ഇത് 21837 ആയി ഉയർന്നു.63 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ഹെൽത്ത് കെയർ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത് 105 ശതമാനത്തിന്റെ വർദ്ധനവാണ് 2021-22 കാലത്ത് 14,485 ഇന്ത്യാക്കാരാണ് ഹെൽത്ത് കെയർ വിസയിൽ യു കെയിൽ എത്തിയതെങ്കിൽ 2022-23 കലയളവിൽ ഇത് 29,726 ആയി ഉയർന്നു.

അതുപോലെ 2023 മാർച്ചിൽ അവസാനിച്ച ഒരു വർഷത്തിൽ 1,38,532 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് വിസ നൽകിയിരിക്കുന്നത്. അതിന് തൊട്ട് മുൻപത്തെ വർഷം ഇത് 53,429 ആയിരുന്നു. അതായത് യു കെ യിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു വർഷം കൊണ്ടുണ്ടായത് 63 ശതമാനത്തിന്റെ വർദ്ധനവാണെന്ന് ചുരുക്കം. മറ്റേതൊരു രാജ്യക്കാരേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ എത്തിയിരിക്കുന്നതും ഇന്ത്യയിൽ നിന്നാണ്. 2019 മുതൽ തന്നെ ബ്രിട്ടനിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമമായ വളർച്ച് ഉണ്ടാകുന്നുണ്ടായിരുന്നു. ഇന്നിപ്പോൾ, 2019 ലേതിന്റെ ഏഴിരട്ടി വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷം ബ്രിട്ടനിലെത്തിയിരിക്കുന്നത്.

അതേസമയം ഇപ്പോൾ ഏറെ വിവാദമായി കൊണ്ടിരിക്കുന്ന സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്കൊപ്പം ആശ്രിതരായി എത്തുന്നവരുടെ എണ്ണത്തിലും ഇന്ത്യ ഒട്ടും മോശമല്ലെങ്കിലും ഒന്നാം സ്ഥാനം ലഭിച്ചില്ല. ഈ വിഭാഗത്തിൽ നൈജീരിയയാണ് ഒന്നാം സ്ഥാനത്ത്. പഠിക്കാൻ എത്തിയവർക്കൊപ്പം 66,796 പേരാണ് നൈജീരിയയിൽ നിന്നും ആശ്രിതരായി എത്തിയത്. ഇന്ത്യയിൽ നിന്നും ഇങ്ങനെ എത്തിയത്42,381 പേരും. തൊട്ടു മുൻപത്തെ വർഷം ഇരു രാജ്യങ്ങളിൽ നിന്നും ഇങ്ങനെ എത്തിയവരുടെ എണ്ണം യഥാക്രമം 27,137, 22,598 എന്നിങ്ങനെ ആയിരുന്നു.