ലണ്ടൻ: ഇന്നലെ ബ്രിട്ടണിൽ നിന്നും പുറത്തു വന്ന വാർത്ത കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ യുകെയിലെ മലയാളി സമൂഹം കേൾക്കാത്ത കാര്യം കൂടി ആയിരുന്നു. റിക്രൂട്മെന്റ് കേസുകൾ പുത്തരിയല്ലാത്ത യുകെ മലയാളികൾക്ക് യുകെയിൽ ജോലി തേടി എത്തിയ യുവതി 18 ലക്ഷം രൂപ നൽകിയ ശേഷം വീടും താമസ സ്ഥലവും ഒക്കെ നഷ്ടമായി മാഞ്ചസ്റ്റർ എയർപോർട്ടിൽ കുടുങ്ങിയിരിക്കുന്നു എന്നതായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം.

യുവതിയുടെ ഇംഗ്ലീഷ് പരിജ്ഞാനം മോശം ആണെന്ന കാരണത്താൽ ജോലി നഷ്ടമായെന്ന് പറയുമ്പോഴും പരാതിയുമായി മുന്നോട്ട് പോകാൻ ഇറങ്ങി തിരിച്ച യുവതിയെ എങ്ങനെയും വേഗത്തിൽ നാട്ടിൽ എത്തിക്കണം എന്ന ഉത്തരേന്ത്യൻ വംശജനായ കെയർ ഹോം ഉടമയുടെയും പണം വാങ്ങിയ ഏജൻസിക്കാരന്റെ ഇടനിലക്കാരനായി വന്ന മാഞ്ചസ്റ്ററിന് അടുത്ത ക്രൂവിലെ മറ്റൊരു ഏജൻസി നടത്തിപ്പുകാരന്റെയും പ്ലാനിലാണ് കൊല്ലം കാരിയായ യുവതി മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തുന്നത്. പിന്നീട് സംഭവിച്ചതെല്ലാം നീതി നടപ്പാക്കൽ.

ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി റിക്രൂട്ടിങ് ഏജൻസിക്കാരെ വിറപ്പിച്ചത് സ്വന്തം നിശ്ചയ ദാർഢ്യത്തിൽ

വെള്ളിയാഴ്ച വൈകിട്ട് ക്രൂവിലെ ഏജൻസി നടത്തിപ്പുകാരന്റെ വീട്ടിൽ ആത്മഹത്യാ ഭീഷണിയുമായി എത്തിയ യുവതിയെ ആശ്വസിപ്പിക്കാൻ പലരും ശ്രമിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങും മുൻപ് പണം ബാങ്കിൽ നൽകാം എന്ന ഉറപ്പിലാണ് അവർ ശാന്തയാകുന്നത്. എന്നാൽ യാത്രയ്ക്ക് തയ്യാറായി എയർപോർട്ടിൽ എത്തിയ യുവതി അവസാന നിമിഷം ബാങ്കിൽ പണം എത്തിയോ എന്ന അന്വേഷണത്തിൽ താൻ വീണ്ടും ചതിക്കപ്പെടുകയാണ് എന്ന സംശയത്തിൽ ബഹളം സൃഷ്ടിക്കുക ആയിരുന്നു. ഈ സാഹചര്യത്തിൽ മാഞ്ചസ്റ്റർ പൊലീസ് സ്ഥലത്തെത്തുകയും യുവതിയെയും കൂടെ എത്തിയ ഇടനിലക്കാരനായ ഏജന്റിനെയും ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ വിമാനം യാത്ര പുറപ്പെടുകയും ആയിരുന്നു.

ഈ ഘട്ടത്തിലാണ് താൻ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് എന്ന് വ്യക്തമാക്കി യുവതിയുടെ സന്ദേശം ലോക് കേരള സഭ അംഗമായ മലയാളി അഭിഭാഷകനും ഹോം ഓഫിസിൽ നിരന്തരം റിക്രൂട്ടിങ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന ലണ്ടനിലെ വനിതയുടെയും ഒക്കെ പക്കൽ ഒരേ സമയം എത്തുന്നത്. വടക്കൻ ഇംഗ്ലണ്ട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വനിതാ കൗൺസിലർ ഈ ഘട്ടത്തിൽ ഇന്ത്യൻ ഹൈ കമ്മീഷന്റെയും കോൺസുലേറ്റിന്റെയും സഹായം കൂടി ഉറപ്പ് നൽകിയതോടെ എങ്ങനെയും യുവതി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു കോർ കമ്മിറ്റി തന്നെ രൂപമെടുക്കുക ആയിരുന്നു.

യുവതിയുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞതോടെ അതിവേഗ നടപടികൾ, പണം നൽകിയ മറ്റു ജീവനക്കാരും സമ്മർദ്ദവുമായി രംഗത്ത്

യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു നിയമ നടപടികൾ ഉടൻ ആരംഭിക്കുക ആണെന്ന് ഇതിനകം കെയർ ഹോം ഉടമയെ നേരിട്ടും ഇമെയിൽ മുഖേനെയും വിവരം അറിയിച്ചു. കെയർ ഹോം മാനേജരായ വനിതയ്ക്കും അവരുടെ ജീവനക്കാരി എയർപോർട്ടിൽ കുടുങ്ങിയതിൽ ഉള്ള ആശങ്ക രേഖപ്പെടുത്തിയ സന്ദേശം കൈമാറി.

ഇതോടെ കെയർ ഹോം ഉടമ ക്രൂവിലെ മലയാളി ഏജന്റുമായി ബന്ധപ്പെട്ട ശേഷം പ്രശ്നം പരിഹരിക്കാം എന്ന നിലപടിലേക്ക് എത്തി. ഈ ഘട്ടത്തിലാണ് 12 മലയാളികൾ കൂടി 18 ലക്ഷം വീതം നൽകി ഇതേ ഏജന്റ് വഴി കെയർ ഹോമിൽ ജോലി ചെയ്യുന്ന വിവരം പുറത്താകുന്നത്. ഇതോടെ ഈ 12 മലയാളികളുടെ ഭാവി എന്താകും എന്ന ആശങ്ക സജീവമായി പങ്കു വയ്ക്കപ്പെട്ടു. തുടർന്ന് 12 പേരിൽ ഒരു യുവതിയുടെ സഹായത്തോടെയാണ് കെയർ ഹോം ഉടമ പരാതിക്കാരിയായ കൊല്ലം സ്വദേശിനിയോട് ബന്ധപ്പെട്ടത്.

എന്നാൽ കെയർ ഹോം ഉടമയും പരാതിക്കാരിയും നേരിട്ട് ബന്ധപ്പെട്ട പരിഹാര നിർദ്ദേശം മാത്രമേ സാധ്യമാകൂ എന്ന നിലപാടാണ് യുവതിക്കു നിയമ സംരക്ഷണം നൽകാനും താമസം ഏർപ്പെടുത്താനും തയ്യാറായി രംഗത്ത് വന്നവർ സ്വീകരിച്ച നിലപാട്. നൂറു കണക്കിന് മലയാളി കുടുംബങ്ങൾ ഉള്ള മാഞ്ചസ്റ്ററിൽ നിയമ നടപടി ഭയന്ന് ആരും യുവതിക്ക് അഭയം നൽകാൻ തയ്യാറാകാതെ വന്നപ്പോൾ സമീക്ഷ യുകെയുടെ ഇടപെടൽ വഴിയാണ് ഒരു ദിവസത്തെ വാടകയ്ക്ക് താൽക്കാലിക താമസ സൗകര്യം പോലും ഏർപ്പെടുത്തിയത്. ഏജന്റിന്റെ വീട്ടിൽ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ യുവതിക്ക് അഭയം നൽകാൻ ഏവരും മടിക്കുക ആയിരുന്നു.

നിന്ന നിൽപിൽ കൈമാറിയത് 18 ലക്ഷം രൂപ, നഷ്ടപ്പെട്ട ജോലിയും മടക്കി കിട്ടി

ഇതിനിടയിൽ ഇന്നലെ വീണ്ടും യുവതിക്കായി പണം കൈപ്പറ്റിയ കേരളത്തിലെ ഏജന്റ് വീണ്ടും വിമാനടിക്കറ്റ് റീ ബുക്ക് ചെയ്യുക ആയിരുന്നു. വീണ്ടും വിമാനത്താവളത്തിൽ എത്തി ചെക് ഇൻ ചെയ്താൽ പണം ബാങ്കിൽ ഇടാം എന്ന സമ്മർദ്ദവും ഏജന്റ് നൽകിയതായി യുവതിക്ക് ഒപ്പം ജോലി ചെയ്ത മലയാളി വനിതാ കൈമാറുക ആയിരുന്നു. എന്നാൽ ഈ നിർദ്ദേശം സ്വീകരിക്കാൻ പരാതിക്കാരിയായ യുവതി തയ്യാറായില്ല. ഒരു സമ്മർദ്ദവും ഫലിക്കുന്നില്ലെന്നു വന്നതോടെ കെയർ ഹോമിന്റെ നിലനിൽപ്പ് പോലും ഭീഷണിയാകും എന്ന് കണ്ടതോടെയാണ് യുവതിയിൽ നിന്നും കൈപ്പറ്റിയ 18 ലക്ഷം രൂപയും കൈമാറാൻ കേരളത്തിലെ ഏജന്റിന് മേൽ സമ്മർദ്ദം ഉണ്ടാകുന്നത്.

ആദ്യം അഞ്ചു ലക്ഷവും പിന്നീട് പത്തു ലക്ഷവും കൈമാറാം എന്നൊക്കെ പറഞ്ഞിരുന്ന എജൻസിക്കാരനാണ് നിന്ന നിൽപ്പിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടയ്ക്കൽ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പന്ത്രണ്ടര ലക്ഷം രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കടക്കൽ ബ്രാഞ്ചിലേക്ക് അഞ്ചു ലക്ഷം രൂപയും കൈമാറിയത്. ഒപ്പം കെയർ ഹോം ഉടമ ഇംഗ്ലീഷ് അറിയില്ല എന്ന കാരണത്താൽ ജോലി നിഷേധിച്ച നടപടി പിൻവലിക്കാനും തയ്യാറായി.

ഈ മാസം 16നു ശേഷം ജോലി ചെയ്യാൻ സാധിക്കില്ല എന്ന കെയർ ഹോം ഉടമയായുടെ മുൻ തീരുമാനമാണ് ബ്രിട്ടീഷ് മലയാളി വാർത്ത പുറത്തു വന്നു മണിക്കൂറുകൾക്കകം പിന്വലിക്കപ്പെട്ടത്. ഈ ഘട്ടങ്ങളിൽ എല്ലാം യുവതിക്ക് വേണ്ടിയുള്ള നിയമപരമായ നോട്ടീസുകൾ താൻ കൈപ്പറ്റിയതായും കെയർ ഹോം ഉടമ സമ്മതിക്കുകയും അതിനുള്ള മറുപടികൾ കെയർ ഹോമിന്റെ സോളിസിറ്റർ സമയമെടുത്ത് നൽകുന്നതാണെന്നും യുവതിക്ക് നിയമ സഹായം ഒരുക്കാൻ തയ്യാറായവരെ അറിയിക്കുക ആയിരുന്നു.

ഇതിന്റെയെല്ലാം തെളിവുകൾ ലഭ്യമാണെങ്കിലും അവ ഇപ്പോൾ പുറത്തു വിടുന്നില്ല എന്നതാണ് തീരുമാനം. ഈ കെയർ ഹോമിനെ കുറിച്ച് മുൻപ് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടക്കം ഇപ്പോൾ പുറത്തു വന്നിരിക്കെ ഇവിടെ നിലവിൽ ജോലി ചെയുന്ന മലയാളികളെ കൂടി പരിഗണിച്ചാണ് തൽക്കാലം കെയർ ഹോമിനെ തിരിച്ചറിയാൻ സാധിക്കുന്ന സകല വിവരങ്ങളും മറച്ചു വയ്ക്കുന്നത്.

കെയർ ഹോം തുടർ നിരീക്ഷണത്തിൽ, ഏജൻസിക്കാരും നോട്ടപ്പുള്ളികൾ

ഈ ഹോമിലേക്ക് ഇനിയും പണം കൈപ്പറ്റി റിക്രൂട്ട്മെന്റ് നടന്നാൽ തീർച്ചയായും അവ ഹോം ഓഫീസിൽ പരാതികളായി എത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് കെയർ ഹോം ഉടമ ഏറ്റവും വേഗത്തിൽ പരാതിക്കാരിയയായ യുവതിയെ ജോലിയിൽ തിരികെ എടുക്കാൻ നിർബന്ധിതനായത്. ഉറപ്പുകൾ രേഖാമൂലം നൽകിക്കഴിഞ്ഞതിനാൽ ജോലിയിൽ മടങ്ങി എത്തുന്ന യുവതിയോട് പ്രതികാര നടപടികൾ സ്വീകരിക്കാനും കഴിയാത്ത കുരുക്കാണ് കെയർ ഹോം ഉടമക്ക് ഭാവിയിൽ നേരിടേണ്ടി വരുക.