ലണ്ടൻ: ഗതികേട് കൊണ്ട് മാത്രമാണ് ഇപ്പോൾ യുകെയിൽ മലയാളികൾ വീടുകൾ ഷെയർ ചെയ്തു താമസം തുടങ്ങിയിരിക്കുന്നത് . പത്തു വര്ഷം മുൻപ് പരസ്പര സഹായം എന്ന നിലയിൽ ലണ്ടൻ പ്രദേശത്തെ ഉയർന്ന വാടകയിൽ നിന്നും രക്ഷപെടാൻ മലയാളി കുടുംബങ്ങൾ വീട് ഷെയറിങ് നടത്തിയിരുന്നത് പതിനായിരക്കണക്കിന് സ്‌റുഡന്റ്‌റ് വിസക്കാർ ഒന്നിച്ചു എത്തിയതോടെ നാട്ടു നടപ്പ് എന്ന രീതിയിലായി . ഇപ്പോൾ ഇങ്ങനെ ഷെയർ ചെയ്യാതെ ഒരു വിദ്യാർത്ഥിക്കും യുകെയിൽ എങ്ങും ഉയർന്ന വാടകയിൽ താമസിക്കാൻ പറ്റില്ല എന്ന അവസ്ഥ ആയിട്ടുണ്ട് . രണ്ടു പേർക്കുള്ള താമസ സ്ഥലത്തു നാലു പേരും അഞ്ചു പേർക്കുള്ള സ്ഥലത്തു പത്തിലധികം പേരും ഒക്കെ താമസിക്കുന്നത് സാധാരണ കാഴ്ചയായിട്ടുണ്ട് . തികച്ചും നിയമ ലംഘനം ആയിട്ട് പോലും വീട്ടുടമയുടെ കൂടി മൗന അനുവാദത്തോടെയാണ് ഈ രീതി നടപ്പായി തുടങ്ങിയത് .

ഇതിന്റെ ഗുണഫലം വാടകയിൽ നല്ലതു പോലെ പണം ലാഭിക്കാം എന്നതാണെങ്കിലും സാമൂഹ്യമായ ഒട്ടേറെ എതിർ ഘടകങ്ങൾ വഴക്കും പൊല്ലാപ്പും കയ്യാങ്കളിയും ചതിയും വഞ്ചനയും പൊലീസ് കേസും എല്ലാം കഴിഞ്ഞു ഒടുവിൽ കത്തിക്കുത്തും കൊലപാതകവും വരെ എത്തി നില്കുന്നു . വ്യഴാഴ്ച ലണ്ടനിലെ പെക്കമിൽ അർദ്ധ രാത്രിയിൽ രണ്ടു ചെറുപ്പക്കാർ വഴക്കിടുകയും മറ്റു രണ്ടു ചെറുപ്പക്കാർ സാക്ഷികൾ ആകുകയും ചെയ്ത സംഭവത്തിൽ കത്തിയെടുത്ത ഇരുപതുകാരനെ നിയന്ത്രിക്കാനോ തടയാനോ സാധിക്കാതെ പോയത് 37 കാരനായ അരവിന്ദ് എന്ന യുവാവിന്റെ ജീവൻ എടുക്കുന്നതിലാണ് അവസാനിച്ചത് . പത്തു വര്ഷം മുൻപ് സ്ടുടെന്റ്‌റ് വിസയിൽ എത്തിയ അരവിന്ദ് താമസിക്കാൻ ഇടം ഇല്ലെന്നു പറഞ്ഞ മലയാളി യുവാവിനെ സ്വന്തം താമസ സ്ഥലത്തു എത്തിച്ചതിന് പകരമായി നൽകേണ്ടി വന്നത് സ്വന്തം ജീവനാണ് . അരവിന്ദിന്റെ ജീവൻ എടുത്ത യുവാവും സ്ടുടെന്റ്‌റ് വിസക്കാരൻ ആണെന്നാണ് ലഭ്യമാകുന്ന സൂചന .

പ്രതിയെ സാക്ഷികൾ ആയ രണ്ടു പേർക്ക് നേരിട്ട് അറിയാമെങ്കിലും ഇവർ പൊലീസ് നിരീക്ഷണത്തിൽ തുടരുന്നതിനാൽ ഒരു വിവരവും ഇപ്പോൾ പുറത്തു വരുന്നില്ല . മരിച്ച അരവിന്ദിന്റെ ഉറ്റ ബന്ധു ലണ്ടനിൽ തന്നെ ഉള്ളതിനാൽ പൊലീസ് വിവരങ്ങൾ കൈമാറുന്നത് അദേഹത്തിന് മാത്രമാണ് . അരവിന്ദിന്റെ ബന്ധു തുടർ നടപടികൾക്ക് മലയാളികളിൽ പലരുടെയും സഹായം തേടിയിട്ടുണ്ട് . കൊലപാതകത്തിലേക്ക് നയിച്ച വഴക്കിനുള്ള കാരണങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത് .

വഴക്കുകളും കയ്യാങ്കളിയും നിത്യ സംഭവം എന്ന നിലയിൽ പെരുകുന്നു , ചോര വീഴുമ്പോൾ മാത്രം സമൂഹത്തിൽ ചർച്ചയാകുന്നു

അതിനിടെ ഇത്തരം വഴക്കുകൾ പുതുമയുള്ള വാർത്ത പോലും അല്ലാതായി മാറുകയാണ് . ഒരു വർഷത്തിലേറെ ആയി അത്യന്തം മോശമായ കാര്യങ്ങളാണ് പുതുതായി എത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാർക്കിടയിൽ നിന്നും പ്രചരിക്കുന്നത് . ഒരുമിച്ചു താമസിച്ചു എന്ന കാരണത്താൽ വഴക്കും കയ്യാങ്കളിയും കത്തി എടുക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടത് ലെസ്റ്റർ , നോർത്താംപ്ടൺ , പീറ്റേർബറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് . ഈ സംഭവങ്ങൾ എല്ലാം പൊലീസ് റിപ്പോർട്ടിങ് ആയതുമാണ് . മിക്ക സംഭവങ്ങളിലും സ്ടുടെന്റ്‌റ് വിസയിൽ എത്തിയ യുവതികളുടെ ഭർത്താക്കന്മാരാണ് പ്രശനക്കാർ . ജോലിയില്ലാത്ത സാഹചര്യത്തിൽ ഇവർ നേരിടുന്ന മാനസിക പ്രയാസം വഴക്കുകളിലേക്ക് എത്തിക്കുന്നു എന്നതാണ് വക്തമാകുന്നത് .

വാടക തുല്യമായി ഷെയർ ചെയുന്നു എന്ന കാരണത്താൽ കുഞ്ഞിനെ കിടത്താൻ ഉപയോഗിക്കുന്ന ബേബി പുഷ് ചെയർ കേറി വരുന്ന ലാൻഡിങ്ങിൽ കുടുംബം വച്ചതിനു സഹ താമസക്കാരൻ മറുവഴി കണ്ടെത്തിയത് തന്റെ സൈക്കിൾ വയ്ക്കാൻ ആ സ്ഥലം ഉപയോഗിക്കാൻ തുടങ്ങിയതിലോടെയാണ് . സ്വാഭാവികമായും ഉന്തിലും തള്ളിലും കൈയാങ്കളിയിലുമാണ് ആ സംഭവം അവസാനിച്ചത് , ഒടുവിൽ പൊലീസ് കേസിലും . മറ്റൊരിടത്തു സ്ടുടെന്റ്‌റ് വിസക്കാരായ ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞെത്തുമ്പോൾ ആയിരിക്കും മറ്റൊരു താമസക്കാരനായ ജോലിയില്ലാത്ത സ്ടുടെന്റ്‌റ് വിസ ഡെപെന്ഡന്റ് പാചക വിഡിയോ ചെയ്യാൻ തുടങ്ങുന്നത് . അടുക്കള ഒഴിഞ്ഞു വല്ലതും ഉണ്ടകാക്കി കഴിക്കണം എങ്കിൽ പാതിരാ വരെ കാത്തിരിക്കണം എന്നത് പതിവായപ്പോൾ യു ടൂബ് വിഡിയോക്കാരനുമായി പ്രശ്നമായി . അയാൾ സഹ താമസക്കാരായ ഭാര്യ ഭർത്താക്കന്മാരെ കുടുക്കാൻ മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചു ആ ദൃശ്യങ്ങൾ വിഡിയോയാക്കി സഹ താമസക്കാർ ചെയ്തത് ആണെന്ന് പ്രചരിപ്പിക്കയും ചെയ്തു . ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ പ്രചരിക്കുന്നത് .

ആരെയും കൂസാതെ ജീവിക്കുന്ന ചെറുപ്പക്കാർ സൃഷ്ട്ടിക്കുന്ന പൊല്ലാപ്പുകളിൽ ഇടപെടാൻ മറ്റു മലയാളികളോ സംഘടനാ പ്രവർത്തകരോ തയ്യാറാകുന്നുമില്ല . ഇത്തരം ഇടപെടലുകൾക്ക് നിയമ തടസം ഉണ്ടെന്നതാണ് പ്രധാന കാരണം . ചെറുപ്പക്കാർ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ കാരണം വാടക വീടുകൾ നല്കാൻ പോലും മലയാളി വീട്ടുടമസ്ഥർ ഇപ്പോൾ മടിക്കുകയാണ് . ക്രൂവിൽ ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച മലയാളി യുവാവ് താമസിച്ചിരുന്നത് മലയാളിയുടെ തന്നെ വീട്ടിൽ ആയിരുന്നു . കേസിനെ തുടർന്ന് പലവട്ടമാണ് ഇദ്ദേഹത്തിന് പൊലീസിൽ ഹാജരാകേണ്ടി വന്നത് . കൂടാതെ മലയാളി ചെറുപ്പക്കാർ വാടക വീടുകളിൽ സൃഷ്ടിക്കുന്ന ബഹളവും മറ്റും അയൽവാസികൾക്ക് പ്രയാസമാകുന്നത് മലയാളി വീട്ടുടമക്കാണ് മനസമാധാനം നഷ്ടപ്പെടുത്തുന്നതും .

കത്തിക്കുത്തു ആദ്യ സംഭവമല്ല , നാലു വര്ഷം മുൻപ് കവൻട്രിയിൽ മരണം വഴി മാറിയത് തല നാരിഴക്ക്

നാലു വര്ഷം മുൻപ് കവൻട്രിയിൽ അൽമാർത്ഥ സുഹൃത്തുക്കളുടെ മദ്യപാനവും ചീട്ടുകളിയും അവസാനിച്ചത് കത്തിക്കുത്തിലാണ് . അനാവശ്യ വർത്തമാനം പറഞ്ഞു ഇടഞ്ഞതോടെ കത്തിയെടുത്തു വീശിയ ചെറുപ്പക്കാരൻ നെഞ്ചിൽ ലക്ഷ്യം വച്ചാണ് കത്തി പ്രയോഗിച്ചത് എങ്കിലും കുത്തേറ്റയാളുടെ കുടുംബത്തിന്റെ ഭാഗ്യം എന്ന നിലയിൽ മുറിവ് ഉണ്ടായതു വയറിലാണ് . അപകടാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കപെട്ട യുവാവ് ആഴ്ചകളോളം ആശുപത്രിയിൽ കിടന്നാണ് ജീവൻ രക്ഷിച്ചെടുത്തത് . പൊലീസ് മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോൾ സുഹൃത് അബദ്ധത്തിൽ കത്തി എടുത്തത് ആണെന്നും ആക്രമിച്ചത് അല്ലെന്നും മൊഴി നൽകിയതോടെ കേസ് മുന്നോട്ട് കൊണ്ട് പോകാതെ പൊലീസ് അവസാനിപ്പിക്കുക ആയിരുന്നു . കിട്ടിയ തക്കത്തിന് കേരളത്തിൽ വടക്കൻ ജില്ലക്കാരനായ യുവാവ് നാട്ടിലേക്ക് വിമാനം കയറിയാണ് ജയിലിൽ എത്താനുള്ള മറ്റു സാദ്ധ്യതകൾ പോലും ഇല്ലാതാക്കിയത് .

നിയന്ത്രണം ഇല്ലാതെയും വിലക്കുറവിലും ലഭിക്കുന്ന മദ്യം മലയാളി ചെറുപ്പക്കാരുടെ മനോനില തകർക്കുന്ന നിലയിലേക്ക് കൂടി എത്തിക്കുകയാണ് . യുവാക്കൾക്കൊപ്പം മദ്യ സേവക്ക് യുവതികൾ കൂടി തയാറാകുന്ന ട്രെന്റ് പുതു രക്തത്തിന്റെ അവകാശവും സ്വാതന്ത്ര്യ പ്രഖ്യാപനവും ഒക്കെയായി മുദ്ര കുത്തപ്പെടുന്നുണ്ടെങ്കിലും ബ്രിട്ടനിലെ നിയമം എത്രത്തോളം കാർക്കശ്യം നിറഞ്ഞതു ആണെന്ന് മലയാളി യുവ തലമുറ തിരിച്ചറിയുന്നത് പൊലീസിന്റെ കയ്യിൽ അകപ്പെടുമ്പോൾ മാത്രമാണ് . ഒരു കേസ് സ്വന്തം പേരിൽ ആയാൽ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്ന സാഹചര്യമാണ് യുകെയിൽ എന്നത് അനുഭവം കൊണ്ട് മാത്രം മനസിലാക്കാം എന്ന നിലപാടിലാണ് യുകെയിലെ യുവ മലയാളികൾ . മൂന്നു മാസത്തിനുള്ളിൽ നിരവധി വർഷങ്ങൾ ജയിൽ ശിക്ഷ ലഭിക്കും വിധത്തിൽ ചുരുങ്ങിയത് നാലു മലയാളികൾ എങ്കിലും ഇപ്പോൾ നിയമ നടപടികൾ നേരിടുന്നുണ്ട് . അതിലേക്ക് കൂടുതൽ പേർ എത്താനുള്ള സാധ്യതയാണ് പെക്കാം സംഭവം വിരൽ ചൂണ്ടുന്നത് .