ലണ്ടൻ: നാട് വിട്ടു യുകെയിൽ എത്തി വിസ സംബന്ധമായ കാരണങ്ങളാൽ പത്തു വർഷം നാട്ടിൽ പോകാതിരുന്ന അരവിന്ദ് തിരികെ നാട്ടിലേക്ക് എത്തുന്നു, പ്രിയപ്പെട്ടവർക്ക് അവസാന നോക്കിനായി. യുകെ മലയാളികൾക്കിടയിൽ തുടർച്ചയായി മരണങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരത്വം ഉള്ളവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ മുൻകൈ എടുത്തിരുന്ന ഔദ്യോഗിക സംവിധാനങ്ങൾ ഇപ്പോൾ വേണ്ടത്ര വേഗം ഇക്കാര്യത്തിൽ കാട്ടുന്നില്ല എന്നതാണ് അരവിന്ദിന്റെ കാര്യത്തിൽ സംഭവിച്ചത്.

ഒടുവിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ ഘടകവും നാട്ടിലെ കുടുംബവും ഇന്ത്യൻ വിദേശ കാര്യ മന്ത്രി വി മുരളീധരനെയും സുരേഷ് ഗോപിയെയും ബന്ധപ്പെട്ടതോടെ ഡൽഹിയിൽ നിന്നും ഏറ്റവും വേഗത്തിൽ അരവിന്ദിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ നിർദ്ദേശം എത്തുക ആയിരുന്നു. ഇതോടെ ആഴ്ചകളായി ഉദാസീനമായി നിന്ന എംബസി ജീവനക്കാർ അടിയന്തിരമായി നടപടികൾ തുടങ്ങിയതോടെ ഈ വ്യാഴാഴ്ച മൃതദേഹം നാട്ടിലെത്തും.

ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ യുകെ മലയാളികൾക്ക് കേരളത്തിലും ഡൽഹിയിലും ബന്ധപ്പെടാതെ ലണ്ടനിൽ തന്നെ എംബസി ജീവനക്കാർ സഹായം ഉറപ്പാക്കും വിധം പ്രവർത്തിക്കണമെന്ന് നാളുകളായുള്ള ആവശ്യം ആണെങ്കിലും ഇനിയും ഇക്കാര്യത്തിൽ ഒരു പരിഹാരവും ഇല്ല എന്നാണ് അരവിന്ദിന്റെ കുടുംബം നേരിട്ട ദുരവസ്ഥ തെളിയിക്കുന്നത്. ആയിരങ്ങളിൽ നിന്നും പാതിരാനായിരങ്ങളായി യുകെയിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതോടെ അടിയന്തിര ഘട്ടം നേരിടേണ്ട സംഭവങ്ങളും വർധിക്കുകയാണ്.

ഒരു മൃദദേഹം നാട്ടിൽ എത്തിക്കാൻ എംബസിക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ സാധിക്കും എന്നിരിക്കെ ഇക്കാര്യത്തിന് ബന്ധപ്പെടുമ്പോൾ പൊതുവിൽ മലയാളി സമൂഹം തന്നെ ഇതൊക്കെ ഏറ്റെടുത്തു നടത്തുക എന്ന മട്ടിൽ ഉള്ള നിലപാടിലേക്ക് ആണ് എംബസി ചെന്നെത്തുക. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും ശ്രദ്ധ ആവശ്യപ്പെടുക ആണെങ്കിലും മലയാളികളുടെ കാര്യം എത്തുമ്പോൾ രണ്ടു സർക്കാരുകൾക്കും താൽപര്യക്കുറവ് എന്നതാണ് പൊതുവിൽ നേരിടുന്ന അവസ്ഥ.

അരവിന്ദിന്റെ പൊതുദർശനം തിങ്കളാഴ്ച; മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും

തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ ആറു വരെ അരമണിക്കൂർ സമയം മൃതദേഹം സൗത്താളിലെ ഫ്യൂണറൽ സർവീസ് ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കുന്നതിനായാണ് ഈ സൗകര്യം ഒരുക്കുന്നത്. തുടർന്ന് മറ്റു നടപടികളും പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഇപ്പോൾ സൗത്താളിലെ ഫ്യൂണറൽ സർവീസ് ഏജൻസി മൃതദേഹം ഏറ്റെടുത്തിരിക്കുകയാണ്.

ബുധനാഴ്ച രാവിലെ ലണ്ടനിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴിയാണ് നാട്ടിലെത്തിക്കുക. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ ദുബായിൽനിന്നും നെടുമ്പാശേരിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാകും മൃതദേഹം എത്തുക. വീട്ടിലെ ചടങ്ങുകൾക്കു ശേഷം അന്നുതന്നെ എറണാകുളം രവിപുരം സ്മശാനത്തിൽ സംസ്‌കാരം നടത്തും. അതേസമയം, ഭാവിയിൽ എന്തെങ്കിലും അന്വേഷണം ആവശ്യം വന്നാൽ ഉപയോഗിക്കാൻ അരവിന്ദിന്റെ ശരീരത്തിൽ നിന്നും കൂടുതൽ സ്പെസിമനുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മനോരോഗിയായി നാടകം കളിച്ച് പ്രതി

വർക്കല ഇടച്ചിറ സ്വദേശിയായ പ്രതി സൽമാൻ സലീം കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും മാനസിക നില തെറ്റിയതു പോലെയാണ് അഭിനയിക്കുന്നത്. ആ തരത്തിലാണ് പൊലീസിൽ മൊഴിയും നൽകിയിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും തന്റെ മാനസ്സിക നില ശരിയല്ലെന്നും തന്നെക്കൊണ്ട് ആരോ ചെയ്യിപ്പിച്ചതാണ് ഇതെല്ലാമെന്നുമാണ് മൊഴി. ഏതോ ബാഹ്യശക്തി തന്നെ നിയന്ത്രിക്കുന്നതായാണ് തോന്നുതെന്നും പ്രതിയുടെ മൊഴിയിലുണ്ട്., മനോരോഗിയായി ചമഞ്ഞ് കേസിൽനിന്നും രക്ഷപെടാനുള്ള തന്ത്രമാണ് ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനെ പ്രതിരോധിക്കാനായി പ്രതിയുടെ സൈക്കോ ഇവാല്യുവേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. പ്രതിയുടെ ഫോൺ ഡീകോഡ് ചെയ്ത് കൂടുതൽ വിവരങ്ങൾ പൊലീസ് ശഖരിച്ചിട്ടുണ്ട്.

നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ വ്യക്തമായതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. സംഭവദിവസം അരവിന്ദ് മദ്യപിച്ചിട്ടില്ല. മരണത്തിന് മൂന്നു മണിക്കൂർ മുമ്പാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന കടയിൽവച്ചുതന്നെ രാത്രിഭക്ഷണം കഴിച്ച് വീട്ടിലെത്തിയ അരവിന്ദ് പിന്നീട് ഏതോ വിഷയത്തിൽ ഉണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണത്തിന് ഇരയായത്. പ്രതിയായ സൽമാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളാണ് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 16നായിരുന്നു പനമ്പിള്ളിനഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ (37) താമസസ്ഥലത്തുവച്ച് കൂടെ താമസിച്ചിരുന്ന യുവാവിന്റെ കുത്തേറ്റ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തിൽ പ്രതിയായ വർക്കല ഇടച്ചിറ സ്വദേശിയായ സൽമാൻ സലീമിനെ (25) അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിചാരണ തീരുംവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. 2024 ജൂലൈയിലാണ് കേസ് വിചാരണയ്ക്കായി വച്ചിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പൊലീസ് ഇപ്പോഴും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

അരവിന്ദിന്റെ ഇളയ സഹോദരൻ ബ്രിട്ടനിലെ നോർത്താംപ്റ്റണിൽ തന്നെയുണ്ട്. ഇദ്ദേഹമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സഹോദരനെ പൊലീസ് ലണ്ടനിൽ വിളിച്ചുവരുത്തുകയും പിന്നീട് താമസസ്ഥലത്തെത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ അരവിന്ദ് താമസിച്ചിരുന്ന വീട്ടിലെത്തി സഹോദരൻ സാധനങ്ങൾ എല്ലാം നാട്ടിലേക്ക് കൊണ്ടുപോകാനായി ശേഖരിച്ചു.

പനമ്പള്ളി നഗറിലെ (HG42) വസതിയിൽ റിട്ടയേർഡ് എൽഐസി ഉദ്യോഗസ്ഥനായ ശശികുമാർ - ശ്രീദേവി ദമ്പതികളുടെ മകനാണ് അരവിന്ദ്. കായംകുളം സ്വദേശികളായ ഇവർ ജോലിയുടെ ഭാഗമായാണ് എറണാകുളത്തെത്തി സ്ഥിരതാമസമാക്കിയത്. പത്തുവർഷം മുമ്പാണ് അരവിന്ദ് വിദ്യാർത്ഥി വീസയിൽ ബ്രിട്ടനിലെത്തിയത്. അതിന്റെ കാലാവധി പൂർത്തിയായപ്പോൾ പിന്നീട് മറ്റൊരു വീസയിലേക്ക് മാറി. കെയറർ വീസയിലേക്ക് മാറാനിരിക്കെവേയാണ് ഈ സംഭവം. അവിവാഹിതനായ അരവിന്ദ് പത്തുവർഷത്തിനിടെ ഒരിക്കൽപോലും നാട്ടിൽ പോയിരുന്നില്ല. മികച്ച ജീവിതം തേടി നാടുവിട്ട പൊന്നോമന മകന്റെ ചേതനയറ്റ ശരീരമാണ് പത്തുവർഷത്തിനുശേഷം വ്യാഴാഴ്ച മാതാപിതാക്കളുടെ മുന്നിലേക്ക് എത്തുക.