- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ മമ്മൂട്ടിയും മഞ്ജുവും വന്നിട്ടും ക്നാനായക്കാർ മൈൻഡ് ചെയ്തില്ല; കൺവെൻഷൻ വേദിയിലേക്കുള്ള റോഡുകൾ പോലും തടസപ്പെടുന്ന വിധത്തിൽ ജനപ്രവാഹം; ഇത്ര വലിയ പ്രവാസി കൂട്ടായ്മയിൽ പങ്കെടുക്കുന്നത് ആദ്യമെന്നു മുഖ്യാതിഥി കൺസർവേറ്റീവ് പാർട്ടി ഡെപ്യുട്ടി ചെയർമാൻ; കേരളത്തെ വാർവിക്കിലേക്ക് പറിച്ചെടുത്ത കാഴ്ചകൾ
ലണ്ടൻ: ഇന്നലെ വാർഷിക കൺവൻഷൻ കഴിഞ്ഞ ശേഷം യുകെകെസിഎ സെന്ററിൽ കമ്മറ്റി അംഗങ്ങളെ തേടിയെത്തിയ പ്രെസ്റ്റണിൽ നിന്നുള്ള ക്നാനായക്കാരനായ ബെൻ എന്ന യുവാവിന്റെ വോയ്‌സ് ക്ലിപ്പ് മാത്രം മതിയാകും സംഘാടകരെ സംബന്ധിച്ച് അഭിമാനത്തോടെ നെഞ്ചോട് ചേർക്കാൻ. ബെൻ പറയുന്നത് ഇങ്ങനെയാണ്: പ്രിയ സംഘാടകരെ, മാഞ്ചസ്റ്ററിൽ മമ്മൂട്ടിയും ടോവിനോയും മഞ്ജുവും ഒക്കെയുള്ള പരിപാടി ഉണ്ടായിരുന്നു, മഴ ആയിരിക്കും എന്നുമുള്ള ആശങ്കയും ഉണ്ടായിരുന്നു, അതിനാൽ ആൾ കുറയും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ആറായിരത്തിലധികം ആളുകൾ വന്നത് വൻവിജയ കാരണമായി, ഞങ്ങളുടെ യൂണിറ്റിൽ നിന്നും വന്നവർ രണ്ടര മൂന്നുമണി ആയപ്പോഴേക്കും പ്രധാന വേദിയിലേക്ക് എത്തിപ്പെടാൻ പറ്റാത്ത വിധം സുരക്ഷാ ജീവനക്കാർ തടസപ്പെടുത്തി.
വഴികൾ എല്ലാം ബ്ലോക്കിൽ പെട്ട അവസ്ഥ. മെയിൻ ഗേറ്റിനു പുറത്തേക്ക് ഏറെ ദൂരത്തേക്ക് വാഹന നിര നീണ്ടു കിടക്കുക ആയിരുന്നു. ഇതോടെ സിറിൽ ചേട്ടായി, റോബിൻ ചേട്ടായി എന്നിവരൊക്കെ വിളിച്ചിട്ടും കിട്ടിയില്ല. അകത്തു കടക്കാൻ ആകാതെ എല്ലാവരും വിഷമിച്ചു നിൽക്കെ സംഘാടകരിൽ ആരോ ഇടപെട്ട് എല്ലാവരെയും അകത്തു കടത്താൻ ഏർപ്പാടാക്കി''. സാധാരണക്കാർ പോലും ഇങ്ങനെ പറയുമ്പോൾ സംഘാടകരെ സംബന്ധിച്ച് മാസങ്ങൾ നീണ്ട അധ്വാനത്തിന് ഇതിൽപ്പരം സന്തോഷം വേറെ എവിടെ കിട്ടാൻ എന്ന മട്ടിലാണ് ഇന്നലെ കൺവൻഷൻ എങ്ങനെ എന്ന വിലയിരുത്തലിൽ ബാക്കിയായി മാറിയിരിക്കുന്നത്.
എണ്ണത്തിൽ തർക്കം വേണ്ട, ഇത് റെക്കോർഡ് തന്നെ
ആളുകളുടെ എണ്ണം സംബന്ധിച്ച അവകാശവാദം അൽപം കടന്നു പോയതാണോ എന്ന ചോദ്യം യുകെകെസിഎ പി ആർ ഓ മാത്യു പുളിക്കക്കണ്ടിയെ തേടി എത്തിയപ്പോൾ അയ്യായിരം പേരുടെ രജിസ്‌ട്രേഷനും അധികമായി കരുതിയ ആയിരം റിസ്റ്റ് ബാൻഡും തീർന്ന ശേഷം പിന്നീട് വന്നവരെ കയ്യിൽ മഷി മുദ്ര കുത്തിയാണ് അകത്തു കയറ്റിയത്. ഇതിൽ നിന്നും കൺവൻഷന് എത്തിയവരുടെ എണ്ണം ആറായിരത്തിനും മുകളിൽ ആണെന്ന് വ്യക്തം.
മാത്യു പറയുന്നത് ശരിയായാൽ 20 വർഷത്തെ യുകെകെസിഎ ചരിത്രം ഇപ്പോൾ ഒരു വഴിത്തിരിവിലാണ്. യുകെയിൽ മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ ആയി മാറുകയാണ് യുകെകെസിഎ എന്ന ക്നാനായ കൂട്ടായ്മ. എത്ര വഴക്കും പരിഭവവും പിണക്കവും ഉണ്ടായാൽ ഒരു നട വിളി കേട്ടാൽ ഞങ്ങൾ ഓടിയെത്തും എന്ന് എപ്പോഴും പറയുന്ന ക്നാനായക്കാർ അത് വെറും വാക്കല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചാണ് വാർവിക്കിൽ നിന്നും മടങ്ങിയത്.
സാധാരണ കൺവൻഷനു മുൻപ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മാധ്യമ വാർത്തകൾ വഴി വലിയൊരു ആവേശം സൃഷ്ടിക്കുന്ന പതിവ് ഉണ്ടെങ്കിലും അടുത്ത കാലത്തു സഭയും സംഘടനയും രണ്ടു ചേരിയിൽ നിൽക്കാൻ തുടങ്ങിയതോടെയാണ് മാധ്യമ വാർത്തകൾക്ക് പോലും മങ്ങൽ ഏറ്റത്. പൊതു സമൂഹത്തിൽ ക്നാനായക്കാർ എന്ന വികാരത്തോടു തന്നെ ചെറുതായ നിലയിൽ എങ്കിലും അമർഷം ഉണ്ടോ എന്ന് സംശയിക്കപെടും വിധം സോഷ്യൽ മീഡിയയിലും കൺവൻഷൻ സംബന്ധിച്ച നിറമുള്ള കാഴ്ചകൾ മാറി നിന്നു. ഇന്നലെ കൺവൻഷൻ കഴിഞ്ഞു എല്ലാവരും വീട്ടിൽ എത്തിയിട്ടും ആഘോഷ കാഴ്ചകൾ ഒരു പരിധി വിട്ട് സോഷ്യൽ മീഡിയയിൽ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. മുൻ വർഷങ്ങളിൽ കൺവൻഷൻ സമാപിച്ചാൽ പിറ്റേന്ന് സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ നിറയുന്ന ചിത്രങ്ങൾ ഇത്തവണ ക്നാനായ യൂണിറ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മാത്രമാണ് കാര്യമായി എത്തിയത്.
തറവാട്ടിലേക്ക് വരുന്ന പോലെ ഓരോ കൺവൻഷനും, അതിനാൽ ഓരോ വർഷവും ആള് കൂടുകയേ ഉള്ളൂ
ഒരു പക്ഷെ ചിത്രങ്ങൾ ഒക്കെ പങ്കുവച്ചു സഭാ നേതൃത്വവുമായി ചേർന്ന് നിൽക്കുന്നവരെ പിണക്കണ്ട എന്നും രണ്ടു പക്ഷത്തും തല കാണിച്ചേക്കാം എന്ന നിലപാടും ഒക്കെ ചേർന്നാകാം കൺവൻഷൻ സമാപിച്ചിട്ടും അതിന്റെ അലയടികൾ സമൂഹ മാധ്യമങ്ങളിൽ ആവേശത്തോടെ എത്താത്തത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കൺവൻഷനു മുൻപ് മുൻ ഭാരവാഹി ആയ ബിർമിങ്ഹാം സ്വദേശി നടത്തിയ പ്രതികരണവും. ''യുകെകെസിഎ എന്നത് യുകെയിലെ ക്നാനായക്കാരുടെ പൊതു സ്വത്താണ്. അവിടെ ഭാരവാഹി ആരെന്നു നോക്കി പോകാതിരിക്കേണ്ട കാര്യമില്ല. ഞങ്ങൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിന് വേണ്ടിയാണു പതിവായി പോകുന്നത്. ആള് കൂടുന്നുണ്ടോ എന്ന് നോക്കിയല്ല സാധാരണക്കാർ അവിടെ എത്തുന്നതും '' കൺവൻഷനിൽ പങ്കെടുക്കുക എന്നത് ഒരു വികാരമായി സിരകളിൽ കരുതുന്നവർ പതിവ് പോലെ എത്തുകയും പുതുതായി എത്തിയ കുടുംബങ്ങൾ കൂടി കൺവൻഷൻ കൗതുകം എന്തെന്ന് അറിയാൻ എത്തുകയും ചെയ്തതാണ് റെക്കോർഡ് ജനക്കൂട്ടത്തിനു കാരണം എന്ന് വ്യക്തം. തികച്ചും നിശബ്ദമായ പ്രചാരണത്തിലൂടെ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത ഒരു കൺവൻഷൻ സംഘടിപ്പിക്കാനായി സിബി കണ്ടത്തിലും സിറിൽ പണംകലയും നേതൃത്വം നൽകുന്ന കേന്ദ്ര ക്നാനായ കമ്മിറ്റിക്ക് അവകാശപ്പെടാൻ കഴിയുന്ന നേട്ടം.
ഇത്തവണ കൺവൻഷൻ സമാപന വിലയിരുത്തലിൽ മറ്റെന്തിനേക്കാളും മാറ്റു കൂടുന്നതും ദൃശ്യമായ വൻ ജന പങ്കാളിത്തം തന്നെയാണ്. ക്നാനായകാർക്ക് ആവേശത്തോടെ ഓർത്തിരിക്കാൻ പറ്റുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കൂടി സമ്മാനിച്ചാണ് ഇരുപതാം യുകെകെസിഎ കൺവൻഷനു സമാപനം ആയത്. സാധാരണ കോട്ടയം അതിരൂപത ബിഷപ്പ് മുഖ്യ അതിഥിയായി എത്തുന്ന പതിവ് മാറ്റി ഇത്തവണ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ഉപ നേതാവ് ലീ ആൻഡേഴ്‌സണാണ് ആ റോളിൽ എത്തിയത്.
കുടിയേറ്റ ജനതയുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയധികം ആളുകൾ ഒന്നിച്ചു കൂടുന്ന ഒരു ചടങ്ങിൽ ആദ്യമായാണ് പങ്കെടുക്കാൻ സാധിക്കുന്നത് എന്നത് യുകെകെസിഎ ഭാരവാഹികൾക്ക് മാത്രമല്ല മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറേണ്ടതാണ്. കുടിയേറ്റ വിഭാഗം എന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഭരണകക്ഷിയുടെ ശ്രദ്ധ കിട്ടാൻ ലീ ആൻഡേഴ്സ്നെ പോലെ ഉള്ളവരുടെ സ്വാധീനം പ്രയോജനപ്പെടുത്താനായാൽ ഭാവിയിൽ മലയാളി സമൂഹം യുകെയുടെ രാഷ്ട്രീയ, ഭരണ, അഡ്‌മിനിസ്‌ട്രേറ്റീവ് തലങ്ങളിൽ കൂടുതൽ തിളക്കമുള്ള സാന്നിധ്യമാകാൻ അത് കാരണമാകുകയും ചെയ്യും.
യുകെകെസിഎ സാഹചര്യം കൊണ്ടാണെങ്കിലും കാട്ടിയതു മാതൃക തന്നെ
ഒരു അസോസിയേഷൻ ആഘോഷത്തിൽ പോലും ഇപ്പോഴും പ്രാദേശിക രാഷ്ട്രീയ ഭരണ നേതാക്കളെ ക്ഷണിക്കാൻ മടിക്കുന്ന മലയാളി സമൂഹത്തിനു സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ആണെങ്കിൽ പോലും യുകെകെസിഎ കാട്ടിയ മാതൃക അനുകരിക്കാവുന്നതുമാണ്. യുകെ മലയാളികൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെ യുകെയിൽ എത്തിച്ചു നടത്തുന്ന സമ്മേളനങ്ങളെക്കാൾ നൂറിരട്ടി പ്രയോജനം ചെയ്യുന്നതാകും ബ്രിട്ടീഷ് രാഷ്ട്രീയ ഭരണ നേതാക്കളുമായി കൂടുതൽ അടുത്ത് നിൽക്കുന്നതും അവരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തുന്നതും. ഇത്തരം കാര്യങ്ങൾ വടക്കേ ഇന്ത്യൻ സമൂഹം കാട്ടുന്ന ഉൾക്കാഴ്ചയോടെയുള്ള സമീപനം ഭാവിയിൽ യുകെകെസിഎ കാട്ടിയാൽ കൂടുതൽ കരുത്തോടെ യുകെയിൽ മലയാളി സമൂഹത്തിനു മുന്നേറാനാകും എന്നുറപ്പാണ്.
പതിവ് പോലെ ആവേശം നിറയുന്ന കാഴ്ചകളുമായാണ് ഇത്തവണയും യൂണിറ്റുകളുടെ റാലി നടന്നത്. കൂടുതൽ അംഗങ്ങളും യൂണിറ്റുകളും ആയതോടെ ചെറുത്, ഇടത്തരം, വലുത് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് റാലി നടന്നത്. ഇതിൽ പ്രാദേശിക, രാഷ്ട്രീയ കാഴ്ചകൾ ഫ്ളോട്ടുകളായി അണിനിരന്നതും ക്നാനായ ജനതയുടെ ചരിത്രം നിറയുന്ന കാഴ്ചകളും മാത്രമല്ല കേരളത്തെ യുകെയിലേക്ക് പറിച്ചു നടുന്ന വിധമുള്ള ഒട്ടേറെ കാഴ്ചകളും വേണ്ടതിലേറെ ഉണ്ടായിരുന്നു. അതിനാൽ നൂറു കണക്കിനു മൈലുകൾ താണ്ടി വന്നവരും ഒരു തരി പോലും നിരാശരാകാതെയാണ് വീടുകളിലേക്ക് മടങ്ങിയത്.
പ്രസിഡന്റ് സിബി കണ്ടത്തിലിനും സെക്രട്ടറി സിറിൾ പനങ്കാലയ്ക്കും അഭിനന്ദന പ്രവാഹം
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
യൂണിറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളനുസരിച്ച് അയ്യായിരം ആളുകൾ പങ്കെടുക്കുമെന്നായിരുന്നു യുകെകെസിഎ ഭാരവാഹികളുടെ പ്രതീക്ഷ. ഇടയ്ക്ക് പെയ്ത ചാറ്റൽ മഴയ്ക്കുശേഷം ആളുകൾ കൂട്ടമായി എത്തിയപ്പോൾ നിയന്ത്രിക്കാനാവാത്ത തിക്കുംതിരക്കുമാണ് ഭക്ഷണശാലകളിൽ ഉണ്ടായത്. അയ്യായിരം പേർക്കായി കരുതിയ ഭക്ഷണവിഭവങ്ങൾ പലതും പൂർണ്ണമായി തീർന്നുപോയപ്പോൾ ക്യൂവിൽ നിന്ന് വിഷമിച്ച നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ പരിചയമില്ലാത്തവർ പോലും 'വാ അപ്പച്ചാ-അമ്മച്ചി' എന്ന് വിളിച്ച് കാർ പാർക്കിൽ കൊണ്ടുപോയി കപ്പബിരിയാണിയും പോത്തിറച്ചിയും നൽകുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്‌ച്ചകൾ സാധാരണയായിരുന്നു.
കൺവൻഷൻ പൊതുയോഗം തുടങ്ങിയതിന് ശേഷമെത്തിയ പ്രധാന അതിഥി- കൺസർവർട്ടീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും ആഷ്ഫീൽഡ് ആൻഡ് നോട്ടിങ്ഹാം എം പി യുമായ ലീ ആൻഡേർസനെ സെക്യൂരിറ്റി ജീവനക്കാർക്കുപോലും തടിച്ച് കൂടിയ ആളുകൾക്കിടയിലൂടെ അകത്ത് കടത്താനാവാത്ത അവസ്ഥയുണ്ടായപ്പോൾ പബ്ലിക്ക് മീറ്റിങ് കമ്മറ്റിയംഗങ്ങളും നാഷണൽ കൗൺസിൽ അംഗങ്ങളും, സമയോചിതമായി ഇടപെട്ടാണ് അദ്ദേഹത്തെ വേദിയിലേക്ക് നയിച്ചത്.
ഇത്ര വലിയ ജനസാഗരത്തെ അഭിമുഖീകരിക്കാനായതിൽ പാർട്ടി പ്രവർത്തകതെന്നനിലയിൽ അഭിമാനമുണ്ടെന്നും, ആദ്യമായാണ് ഇത്ര വലിയ പ്രവാസി ആൾകൂട്ടം നേരിൽ കാണുന്നതെന്നും എം പി പ്രസംഗമധ്യേ പറയുകയുണ്ടായി. ഫാ. ജോബി പാറക്കച്ചെരുവിൻ പ്രധാന പ്രഭാഷണം നടത്തി. കെസിസിഎൻഎ ഷാജി എടാട്ട് യുകെയിലെ ക്നാനായക്കാരെ അഭിസംബോധന ചെയ്തു. അഗതികൾക്കും ആലംബഹിനർക്കും മാനസികരോഗികൾക്കും തണലാവുന്ന പടമുഖം സ്നേഹമന്ദിരത്തിന്റെ സ്ഥാപകൻ ബ്രദർ വിസി രാജുവിനെ കൺവൻഷനിൽ ആദരിച്ചു.
യുകെയിലെ ക്നാനായക്കാർ അഭിമാനത്തോടെ ആവേശത്തോടെ ഏറ്റെടുത്ത 20 മത് കൺവൻഷൻ വൻ ജനപങ്കാളിത്തത്തോടെ വിജയക്കൊടി പാറിക്കുമ്പോൾ യുകെകെസിഎ എന്ന സംഘടനയ്ക്ക് ക്നാനായക്കാരിലുള്ള സ്വാധീനവും സമുദായ സ്നേഹവുമാണ് വ്യക്തമാവുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.