ലണ്ടൻ: ക്നാനായ കൺവൻഷന്റെ ഏറ്റവും വലിയ ആകർഷണമായ റാലിയിൽ ഇത്തവണ വലിയ അട്ടിമറി. ഏറ്റവും കൂടുതൽ കുടുംബങ്ങൾ ഉള്ള ഗ്രൂപ്പ് സി കാറ്റഗറിയിൽ തന്നെയാണ് എല്ലാ വർഷവും കടുപ്പം കൂടിയ മത്സരം നടക്കുന്നത്. പാരമ്പരഗത വൈരികൾ എന്നു വിളിക്കാവുന്ന വിധം ശക്തമായ മത്സരമാണ് പല വർഷങ്ങളിലും മാഞ്ചസ്റ്റർ, ബിർമിങ്ഹാം യൂണിറ്റുകൾ തമ്മിൽ നടക്കുന്നത്. അൽപം അതിശയോക്തി ചേർത്താൽ തൃശൂർ പൂരപ്പറമ്പിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗം തമ്മിൽ നടത്തുന്ന കുടമാറ്റം അനുസ്മരിപ്പിക്കും വിധം രഹസ്യങ്ങളുടെ കാഴ്ചവട്ടങ്ങളുമായാണ് ഇരുവരും കൺവൻഷൻ വേദിയിൽ എത്തുക.

അതിനാൽ പല വർഷവും ഇവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുക ആയിരുന്നു പതിവ്. പേര് വീണില്ലെങ്കിലും പല വർഷങ്ങളിലും അരിക്കൊമ്പനെ പോലെ ഒറ്റയ്ക്ക് തല ഉയർത്തി മടങ്ങിയിട്ടുള്ള മാഞ്ചസ്റ്റർ ഇത്തവണ അൽപം തല താഴ്‌ത്തിയാണ് മടങ്ങിയത്. കാരണം ബിർമിൻഹാമിനും മാഞ്ചസ്റ്ററിനും ഇടയിലേക്ക് ഇടിച്ചു കയറിയ ഒറ്റക്കൊമ്പനായി ഇത്തവണ മാറിയിരിക്കുന്നത് സ്റ്റോക് ഓൺ ട്രെന്റാണ്. നാലാം സ്ഥാനത്തേക്ക് ബസിൽഡൺ യൂണിറ്റും വന്നതോടെ വമ്പന്മാർക്കിടയിലെ ഒറ്റയാന്മാരുടെ കാര്യത്തിൽ തീരുമാനമായി.

ഒന്നാം സ്ഥാനം പിടിച്ചെടുത്ത ബിർമിങ്ഹാം എന്തുകൊണ്ടും അത് അർഹിക്കുന്ന നേട്ടം തന്നെയെന്ന് പറയിപ്പിക്കും വിധം ആശയ ഗാംഭീര്യം നിറഞ്ഞ വിഷയവുമായാണ് റാലിയിൽ സജീവമായത്. കാഴ്ചകൾ പൂരപ്പറമ്ബിലെ മാലപ്പടക്കം പോലെ ഒന്നിന് പിന്നാലെ ഒന്നായി അണിനിരത്തുവാനും ബിർമിൻഹാമിന് കഴിഞ്ഞു. ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ കിരീടാവകാശിയായ ചാൾസ് രാജാവിന് അഭിവാദ്യം അർപ്പിച്ച ദൃശ്യം മുതൽ മലബാറിലെ ക്നാനായ കുടിയേറ്റം വരെ അവതരിപ്പിച്ചാണ് ബർമിങ്ഹാം പഴമയും പുതുമയും ഒരേ ക്യാൻവാസിലെ ചിത്രം പോലെ റാലി മൈതാനിയിൽ വരച്ചിട്ടത്. ഒപ്പം എൻഎച്ച്എസ് സേവനം ദൃശ്യവൽക്കരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കാഴ്ചയും കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം പകർത്തിയ ദൃശ്യങ്ങളും ഓകെയായപ്പോൾ ഒന്നാം സ്ഥാനം കൂളായി കൂടെയെത്തി. ചുവപ്പിൽ വാരിക്കുളിച്ച സ്ത്രീകളുടെ സാരി കളർ കോഡും ബിർമിങ്ങാമിനെ തിളങ്ങാൻ ഏറെ സഹായിച്ചു.

എന്നാൽ രണ്ടാം സ്ഥാനം നേടിയ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ഇടിച്ചു കയറ്റമാണ് ശ്രദ്ധ നേടിയത്. മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ കൂറ്റൻ പായ്ക്കപ്പൽ ട്രെയ്‌ലർ ലോറിയിൽ തലേന്ന് തന്നെ ഗ്രൗണ്ടിൽ എത്തിച്ചു നാലു മണിക്കൂർ കൊണ്ട് കൂട്ടിയോജിപ്പിച്ചെടുത്തതു കൺവൻഷൻ കൂടാനെത്തിയ ആയിരങ്ങൾക്ക് കൗതുക കാഴ്ചയായി മാറി. കൂറ്റൻ ക്നായി തൊമ്മൻ പ്രതിമ കൂടി ആയപ്പോൾ സമ്മാനം കിട്ടാനുള്ള വക ആയി എന്നതാണ് സത്യം. യൂണിഫോമിലെ കളർ കോഡിലാണ് ഇവർ അൽപം മങ്ങിപ്പോയത്. മാഞ്ചസ്റ്റർ യൂണിറ്റ് ആകട്ടെ വലിയ ആൾക്കൂട്ടവും തിളക്കം കൂടിയ കാഴ്ചകളും അവതരിപ്പിക്കുന്നതിൽ പിന്നിലേക്ക് പോയത് മൂന്നാം സ്ഥാനത്തിന് പ്രധാന കാരണം ആയി മാറുക ആയിരുന്നു. നാലാം സ്ഥാനത്തു എത്തിയ ബാസിൽഡനും ഒരു മത്സര വീര്യം കാട്ടിയതായി ദൃശ്യമായില്ല.

എന്നാൽ ഏറ്റവും കൂടുതൽ യൂണിറ്റുകൾ പങ്കെടുക്കുന്ന ചെറു കൂട്ടായ്മകൾ ചേർന്ന ഗ്രൂപ്പ് എ യിലാണ് ഇത്തവണ ഏറ്റവും ശക്തമായ മത്സരം കാണാനായത്. പരമ്പരാഗത വൈരികളെ ഓർമ്മിപ്പിക്കും വിധത്തിൽ കഴിഞ്ഞ തവണ ഒന്നും രണ്ടും സ്ഥാനം നേടിയ ഈസ്റ്റ് സസെക്‌സും മെഡ്വെയും തന്നെയാണ് ഇത്തവണയും ആദ്യ സ്ഥാനങ്ങൾ നേടിയത്. സാധാരണ വനിതകൾ സാരിയണിഞ്ഞു വരുന്ന പതിവിനു ഒരു പൂഴിക്കടകൻ ഇരിക്കട്ടെ എന്ന ചിന്തയിൽ ഇത്തവണ ഈസ്റ്റ് സസെക്‌സ് ക്രീമും പിങ്കും ചേർന്ന ചുരിദാർ ആണ് ഡ്രെസ് കോഡിന് തിരഞ്ഞെടുത്തത്.

ആ പുതുമ ഒന്നാം സ്ഥാനത്തേക്ക് നൽകിയ സംഭാവന ചെറുതല്ല. മെഡ്വേ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നെങ്കിലും ഇരുണ്ട പച്ചയിൽ വെള്ള പുള്ളികൾ ചേർന്ന സാരിയും പച്ച മുണ്ടും വെള്ള ഷർട്ടും അണിഞ്ഞു പുരുഷന്മാരും തിരഞ്ഞെടുത്ത ഡ്രെസ് കോഡ് വഴി ശ്രദ്ധ നേടിയെങ്കിലും പോയിന്റ് നിലയിൽ പിന്നിൽ ആകുക ആയിരുന്നു. ഇവർക്കിടയിൽ വിഗാനും ഓക്സ്ഫോർഡും മൂന്നും നാലും സ്ഥാനം കൊണ്ട് തൃപ്തിപെടുക ആയിരുന്നു.

അൻപതോളം കുടുംബങ്ങൾ ചേരുന്ന ഇടത്തരം വിഭവമായ ഗ്രൂപ്പ് ബിയിൽ കരുത്തരുടെ പോരാട്ടം നടന്നപ്പോൾ നോർത്ത് വെസ്റ്റ് ലണ്ടൻ വിജയതീരം തേടുക ആയിരുന്നു. മറ്റു മൂന്നു സ്ഥാനങ്ങൾക്ക് കേറ്ററിങ്, വൂസ്റ്റർഷെയർ, ന്യുകാസിൽ എന്നിവർ അർഹരായി. മണിപ്പൂരിൽ കൊല്ലപ്പെട്ട ക്രൈസ്തവർക്ക് ആദരാഞ്ജലി അർപ്പിച്ച പ്രമേയം ഉൾക്കൊള്ളുന്ന ബാനറുമായി ആതിഥേയരായ കവൻട്രി രംഗത്ത് ഉണ്ടായിരുന്നെകിലും വർണപ്പൊലിമയുള്ള കാഴ്ചകൾ സമ്മാനിക്കുന്നതിൽ ഉണ്ടായ വീഴ്ച അവരുടെ ഭാഗത്തു നിന്നുള്ള പ്രധാന കോട്ടമായി മാറി. കുട്ടികൾക്ക് നീല കുടകൾ നൽകി റാലിയിൽ പങ്കു ചേർന്ന ബ്രിസ്റ്റോൾ യൂണിറ്റും കയ്യടി നേടിയാണ് കടന്നു പോയത്.