- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ലുവേദന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണെന്നു ബ്ലാക്ക്പൂളിലെ മറീനയുടെ മരണ വാർത്ത കേട്ട സോഷ്യൽ മീഡിയ; പല്ലുവേദനയെ തുടർന്ന് മരിച്ചെന്നു വാർത്ത എഴുതിയ പത്രത്തിന്റെ അജ്ഞതയ്ക്ക് പൊങ്കാലയും; മറീന യുകെയിലെത്തിയത് പ്രതിസന്ധികളോട് പടവെട്ടി; ഒരു വർഷം പോലും യുകെയിൽ കഴിയാൻ സാധിക്കാതെ യാത്രാമൊഴിയും
ലണ്ടൻ: പല്ലുവേദനയെ തുടർന്ന് യുകെയിൽ മലയാളി വനിത മരിച്ചെന്ന വാർത്തയെഴുതിയ പത്രത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വായനക്കാരുടെ പൊങ്കാല. എന്നാൽ പല്ലുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഉടൻ കുഴഞ്ഞു വീണ മെറീനയ്ക്ക് തുടർന്ന് മൂന്നു വട്ടം ഹൃദയാഘാതം സംഭവിക്കുക ആയിരുന്നു എന്നാണ് നെസ്റ്റ് ഓഫ് കിനും മെറീന ജോലി ചെയ്യുന്ന കെയർ ഹോം ഉടമയും ബ്ലാക്പൂൾ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ജോഷി വള്ളൂർ വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിൽ പല്ലുവേദനയെ തുടർന്ന് മരണം സംഭവിച്ചുവെന്ന വാർത്ത റിപ്പോർട്ടിങ്ങിലെ പിഴവാണ് ഇന്നലെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. ഇതോടെ മുതിർന്ന ഡോക്ടർമാർ അടക്കം രംഗത്തെത്തി പല്ലുവേദനയെ നിസാരമായി കാണരുതെന്നും ഹാർട്ട് അറ്റാക്കിലേക്ക് നയിക്കാൻ കെൽപ്പുള്ള വില്ലനാണ് പല്ലുവേദന എന്ന് വെളിപ്പടുത്തുകയും ആയിരുന്നു. രക്തസമ്മർദ്ദത്തിനും മെറീന മരുന്നുകൾ കഴിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
വേദന സംഹാരികൾ കഴിച്ചു പിടിച്ചു നിന്നതു ഒരാഴ്ചയിലേറെ
ഏകദേശം ഒരാഴ്ചയിലേറെ പല്ലുവേദനയെ തുടർന്ന് വേദന സംഹാരികൾ കഴിക്കുക ആയിരുന്നു മെറീന. ഡോക്ടറെ കാണാൻ സഹപ്രവർത്തകർ അടക്കം പലവട്ടം ഉപദേശിച്ചെങ്കിലും മെറീന അസുഖം സുഖപ്പെടും എന്ന വിശ്വാസത്തിൽ ആയിരുന്നു. എന്നാൽ വേദന സഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച ബ്ലാക്ക്പൂളിലെ വാക് ഇൻ സെന്ററിൽ എത്തിയെങ്കിലും ഉടൻ കുഴഞ്ഞു വീഴുക ആയിരുന്നു. തുടർന്ന് ഉടൻ തന്നെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ഇവിടെ വച്ച് മൂന്നു തവണ ഹാർട്ട് അറ്റാക്ക് ഉണ്ടാവുക ആയിരുന്നു. സി പി ആർ നൽകി ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുമ്പോൾ തന്നെ മെറീനയുടെ നില വഷളായി മാറുക ആയിരുന്നു.
തുടർന്ന് ജോഷി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതിനെ തുടർന്ന് സി ടി സ്‌കാൻ ചെയ്യുമ്പോഴേക്കും തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്നു വ്യക്തമായി. ഇതേത്തുടർന്നു ന്യുറോ സ്പെഷ്യലിസ്റ്റ് ആശുപത്രിയായ പ്രെസ്റ്റൻ ഹോസ്പിറ്റലിൽ രാത്രി തന്നെ എത്തിക്കുകയായിരുന്നു. രക്തസ്രാവം മൂന്നു ഡിഗ്രി അളവ് വരെ ആകുന്ന സാഹചര്യം പോലും അതീവ ഗുരുതരം എന്ന് പറയുന്ന സാഹചര്യത്തിൽ മെറീനയുടെ രക്തസ്രാവത്തിന്റെ അളവ് അഞ്ച് ഡിഗ്രിയിലെക്ക് ഉയർന്നിരുന്നു. രക്തസ്രാവം നിയന്ത്രിക്കാൻ ഉടൻ ഓപ്പറേഷൻ നടത്തിയെങ്കിലും രക്തസ്രാവം തലച്ചോറിന്റെ എല്ലാ ഭാഗത്തും എത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ രോഗിയെ നിരീക്ഷിക്കുക ആയിരുന്നു. അവസാന ശ്രമം എന്ന നിലയിൽ സെഡേഷനുകൾ അവസാനിപ്പിച്ചു പ്രതികരണം നിരീക്ഷിച്ചെങ്കിലും ചലനമറ്റ നില തുടർന്നതിനാൽ ബ്രെയിൻ ഡെത്ത് ഉറപ്പിക്കുക ആയിരുന്നു.
ആന്തരിക രക്തസ്രാവം മരണകാരണമായി
തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്ന അനുറിസം എന്ന കാരണത്താൽ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഞായറാഴ്ച വൈകിട്ട് വരെ സമയമെടുക്കുക ആയിരുന്നു എന്നാണ് ഒടുവിലായി ലഭിക്കുന്ന വിശദീകരണം.
സംഭവിച്ചത് ഇതായതിനാൽ പല്ലുവേദനയെ തുടർന്ന് മരണമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണം യുകെയിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് പോലും തെറ്റായ മുൻവിധി കേരളത്തിൽ അടക്കം പ്രചാരം കിട്ടാനും കാരണമായിരിക്കുകയാണ്. ഒരു പല്ലുവേദന പോലും ചികിത്സയ്ക്കാൻ ഉള്ള സംവിധാനം യുകെയിൽ ഇല്ലേയെന്നാണ് സോഷ്യൽ മീഡിയയിൽ എത്തിയ വിമർശനം. കോവിഡ് കാലത്ത് എന്ത് ചെയ്യണം എന്നറിയാതെ ലോകം ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴും യുകെയിലെ ആരോഗ്യ സംവിധാനം ഇതേ പഴികൾ ഏറെ കേട്ടതാണ്.
അവസാന ആഗ്രഹം സാധിക്കാതെ മെറീന മടങ്ങി
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മെറീനയും സഹോദരിയും ഒന്നിച്ചു ബ്ലാക്ക്പൂളിലെ നഴ്‌സിങ് ഹോമിൽ ജോലിക്കെത്തിയത്. കേരളത്തിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന മെറീന 46 വയസിലും യുകെയിലേക്ക് പോരാൻ പ്രധാന കാരണം കുട്ടികളെ യുകെയിൽ എത്തിക്കണം എന്ന ആഗ്രഹത്തിലാണ്. 18 വയസും 15 വയസും ഉള്ള രണ്ടു പെൺ കുട്ടികളാണ് മെറീനയ്ക്ക്. മരണത്തോടെ ഇനി അവർക്കി അമ്മയുടെ തണലിൽ യുകെയിൽ എത്താനാകില്ല എന്നുറപ്പായി. ജോലിക്കിടയിലും മറ്റും എല്ലായ്‌പ്പോഴും സഹപ്രവർത്തകരോട് മെറീന പറഞ്ഞിരുന്നത് മക്കളുടെ ഭാവിയും അവർക്കു യുകെയിൽ എത്താനുള്ള വഴിയെക്കുറിച്ചും ഒക്കെയാണ്. അമ്മത്തണൽ നഷ്ടമായ മക്കൾ രണ്ടു പേരും മുത്തച്ഛന്റേയും മുത്തശ്ശിയുടെയും സംരക്ഷണയിലാണിപ്പോൾ.
മെറീനയുടെ മക്കൾക്ക് താങ്ങാകാൻ സഹപ്രവർത്തകരും മലയാളി കൂട്ടായ്മയും യുകെകെസിഎയും തികച്ചും ആകസ്മികമായ മരണം തേടിയെത്തിയ, അനാഥരായി മാറിയ മെറീനയുടെ മക്കൾക്ക് ഇനി ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരമാകാൻ ശ്രമിക്കുകയാണ് സഹപ്രവർത്തകരും ബ്ലാക്ക്പൂൾ മലയാളി അസോസിയേഷനും യുകെകെസിഎ കേന്ദ്ര സമിതിയും. കുടുംബത്തിന് വേണ്ടി ആവശ്യമായ സഹായ സഹകരണം നൽകണമെന്ന് ഇവരൊക്കെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മെറീന ജോലി ചെയ്യുന്ന കെയർ ഹോം ഗ്രൂപ്പിൽ അഞ്ചു കെയർ ഹോമുകളിൽ ആയി 250 ഓളം ജീവനക്കാരുണ്ട്. ഇവരിൽ മലയാളികൾ ഏറെയുണ്ട്.
അതിനാൽ എല്ലാവരും കൈകോർത്താൽ മെറീനയുടെ പെൺ മക്കളുടെ ഭാവി സുരക്ഷിതം ആക്കാൻ കഴിയും എന്ന പ്രതീക്ഷയാണിപ്പോൾ. മലയാളി സമൂഹവും ഇക്കാര്യത്തിന് തുണയാകും എന്ന പ്രതീക്ഷയാണ് ജോഷി വള്ളൂരും പ്രകടിപ്പിക്കുന്നത്. ബ്ലാക്ക്പൂളിലെ ഫ്യൂണറൽ ഡിറക്ടർ ഏറ്റെടുക്കുന്ന മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചേർത്തല കണ്ണൂക്കര പള്ളി ഇടവക അംഗമായ മെറീനയുടെ സംസ്‌കാരം കുടുംബ കല്ലറയിൽ ആയിരിക്കും.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി സഹപ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ബ്ലാക്ക്പൂളിൽ പൊതുദർശനത്തിനു സൗകര്യം ഒരുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.