- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് പോലെ മണിക്കൂറുകളുടെ ഇടവേളയിൽ മെറീനയും മഞ്ജുവും ഓർമ്മയായി; പിന്നാലെ ഹള്ളിലെ ഡോ. റിതേഷും; പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വിട്ട് പറന്നു പോയ മൂവരുടെയും ഓർമ്മകളിൽ കണ്ണീരുണങ്ങാത്ത മുഖവുമായി യുകെ മലയാളി സമൂഹം
ലണ്ടൻ: മണിക്കൂറുകൾക്കിടയിൽ മരണം ആവർത്തിക്കുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. മഴ കോരിച്ചൊരിഞ്ഞ ഒരു പകലിനു ശേഷമെത്തിയ ഞായറാഴ്ച രാത്രിയിൽ ഏകദേശം സമപ്രായക്കാരായ രണ്ടു യുവതികളെയും ഹള്ളിലെ മലയാളി ഡോക്ടറേയുമാണ് യുകെ മലയാളി സമൂഹത്തിനു നഷ്ടമായിരിക്കുന്നത്. ബ്ലാക്ക്പൂളിൽ നിന്നും മെറീന ജോസഫിനെയും ഹേവാർഡ് ഹീത്തിൽ നിന്നും മഞ്ജു ഗോപാലകൃഷ്ണനെയുമാണ് അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത്. തൊട്ടു പിന്നാലെ 49കാരനായ ഹള്ളിലെ ഡോ. റിതേഷ് കുമാറിന്റെ മരണ വാർത്തും എത്തി.
തികച്ചും ആകസ്മികമായിരുന്നു മെറീനയുടെ മരണമെങ്കിൽ അൽപകാലമായി ചികിത്സയിൽ കഴിഞ്ഞ ശേഷമാണു മഞ്ജുവിന്റെയും റിതേഷ് കുമാറിന്റെയും മരണം സംഭവിച്ചത് എന്ന വ്യത്യാസം മാത്രമാണുള്ളത്. മെറീനയ്ക്കും മഞ്ജുവിനും ഇരുവർക്കും രണ്ടു പെണ്മക്കളാണ് എന്നതും മരണത്തിനിടയിലെ സമാനതയായി മാറുന്നു. ഒരു പല്ലുവേദനയിൽ തുടങ്ങി ആന്തരിക രക്തസ്രാവം മെറീനയുടെ കാര്യത്തിൽ മരണകാരണം ആയപ്പോൾ കാൻസർ രോഗത്തോട് പൊരുതിയാണ് മഞ്ജു ഓർമയായി മാറുന്നത്. മരണം തേടിയെത്തുമ്പോൾ മറീനയ്ക്ക് 46 വയസും മഞ്ജുവിന് 40 വയസും മാത്രമാണ് പ്രായം. കുട്ടികൾ പറക്കമുറ്റാതെ പറന്നു പോകേണ്ടി വന്ന രണ്ടു അമ്മക്കിളികളാണ് യുകെ മലയാളികൾക്ക് മുന്നിൽ മെറീനയും മഞ്ജുവും ഇപ്പോൾ.
യുകെയിലെ എൽടിഐ മിൻട്രീയിൽ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണൻ കുറച്ചു കാലമായി കാൻസറിനോട് പൊരുതി എങ്കിലും ഞായറാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് ജെയിംസ് ഹോസ്പൈസിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. ഭർത്താവ് അലൻ, മക്കൾ അമേയ, നിലിയ, ഭർതൃ മാതാപിതാക്കൾ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് - ഏലിസബെത്ത് എന്നിവർക്കൊപ്പം കുടുംബ സമേതമാണ് ബർജസ് ഹില്ലിൽ താമസിച്ചു വന്നത്. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണൻ -പത്മിനി ദമ്പതികളുടെ മകളാണ്. സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങൾ നടത്തി വരുന്നു.
ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി വികാരി ജനറാൾ ഫാ ആന്റണി ചുണ്ടെലിക്കാട്ടിൽ, ഫാ. ബിനോയ് നിലയാറ്റിങ്കൽ ഹോസ്പൈസിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു, പ്രാർത്ഥന ശുശ്രുഷകൾ നടത്തി. മഞ്ജുവിന്റെ ആകസ്മികമായ വേർപാടിൽ ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജം, ഹേവാർഡ്‌സ് ഹീത്ത് പെന്തക്കുസ്താ കമ്മ്യൂണിറ്റി, ഹേവാർഡ്‌സ് ഹീത്ത് മിസ്മ അസോസിയേഷൻ പ്രതിനിധിയായിരുന്ന മഞ്ജുവിന്റെ ആകസ്മികമായ വേർപാടിൽ ഹേവാർഡ്‌സ് ഹീത്ത് മിസ്മാ അസോസിയേഷൻ, ഹേവാർഡ്‌സ് ഹീത്ത് മലയാളി അസോസിയേഷൻ, ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ തുടങ്ങിയവർ അനുശോചിച്ചു.
സ്റ്റെംസെൽ ദാതാവിനെ ലഭിച്ചുവെങ്കിലും ഡോ. റിതേഷ് യാത്രയായി; അനേകർക്ക് തുണയായി സ്റ്റെം സെൽ കാമ്പയിൻ
കിങ്സ്റ്റൺ അപ്പോൺ ഹള്ളിൽ കഴിഞ്ഞ 20 വർഷമായി താമസിച്ചിരുന്ന ഡോക്ടർ റിതേഷ് കുമാർ (49) തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് വിട വാങ്ങിയത്. 20 വർഷം മുൻപ് ഇന്ത്യയിൽ നിന്ന് ഭാര്യ ലീമയോടൊപ്പം ഹള്ളിൽ എത്തിയ ഡോ. റിതേഷ് ഹൾ റോയൽ എൻഎച്ച്എസ് ആശുപത്രിയിൽ ഏറെ വർഷം ജോലി ചെയ്തതിനു ശേഷം സ്‌കന്തോർപ്പ് എൻഎച്ച്എസ് ഹോഡ്പിറ്റലിൽ ഓർത്തോപീഡിക് കൺസൾട്ടന്റ് സർജൻ ആയി ജോലി ചെയ്തു വരുന്നതിന് ഇടയ്ക്കാണ് ലിംഫോമ എന്ന രോഗം പിടികൂടിയത്.
കഴിഞ്ഞ മൂന്ന്, നാല് വർഷത്തിന് ഇടയിൽ രോഗം കുറഞ്ഞും കൂടിയും ഇരുന്നുവെങ്കിലും ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിൽ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്തിയപ്പോൾ ഭാര്യയും ലീമയും കുട്ടികൾ ആയ നയനയും റിയയും ഏറെ പ്രതീക്ഷയോടെയാണ് പിതാവിന്റെ ജീവൻ തിരിച്ചു പിടിക്കാമെന്നു കരുതിയത്. യുകെയിലുള്ള ഒട്ടേറെ മലയാളി സംഘടകൾ വഴി സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്തുവാൻ ഭാര്യ ലീമ മുൻകൈയെടുത്തിരുന്നു. ഇത് ഒട്ടേറെ പേർക്ക് സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്തുവാൻ കാരണമായി. ക്യാമ്പയിനിൽ പങ്കെടുത്തു സ്വാബ് നൽകിയ എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്.
സ്റ്റെം സെൽ ട്രീറ്റ്മെന്റ് തുടങ്ങുവാനിരിക്കെയാണ് കഴിഞ്ഞ ആഴ്ചയോടെ രോഗം കലാശാലവുകയും ഇന്നലെ വൈകിട്ട് റിതേഷ് ഭാര്യയും കുട്ടികളെയും വിട്ടു വിടപറയുകയും ചെയ്തത്. യുകെയിലെ വിവിധ പ്രാർത്ഥന കൂട്ടായ്മകൾക്കൊപ്പം സുഹൃത്തുക്കളായ ഹള്ളിലെ മലയാളികളും റിതേഷിന്റെ ജീവൻ രക്ഷിക്കുവാൻ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. ഏതൊരു അസമയത്തും ഓടി എത്താവുന്ന യുവ ഡോക്ടറുടെ മരണം ഹള്ളിലെ മലയാളികൾക്ക് തീരാനഷ്ടം തന്നെയാണ്. യുകെയിൽ തന്നെ സംസ്‌കരിക്കുവാനാണ് തീരുമാനം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.