- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശത്തോടെ നാട്ടിൽ നിന്ന് ഓടിയെത്തിയ മലയാളി നഴ്സുമാർ യു കെയിൽ അനുഭവിക്കുന്നത് സമാനതകളില്ലാത്ത യാതന; വംശീയ അധിക്ഷേപവും സഹപ്രവർത്തകരുടെ പരിഹാസവും മൂലം ഓരോ ഷിഫ്റ്റുകളും അവസാനിപ്പിക്കുന്നത് കണ്ണീരോടെ; ബ്രിട്ടൻ ഉപേക്ഷിച്ച് മലയാളി നഴ്സുമാർ മടങ്ങുമ്പോൾ
ലണ്ടൻ: മലയാളികൾ ഉൾപ്പടെ വിദേശത്തു നിന്നും ബ്രിട്ടനിലെത്തിയ നഴ്സുമാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിരന്തരം കേൾക്കേടി വരുന്ന വംശീയാധിക്ഷേപങ്ങളും, വിവേചനവും, പരിഹാസവും ഒക്കെ കാരണം ഓരോ ഷിഫ്റ്റിന്റെയും അവസാനം അവർ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോകുന്നതെന്ന് നഴ്സിങ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നഴ്സിങ് ആൻഡ് മിഡ്വൈഫറി റിപ്പോർട്ടിൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലും ഏതാണ്ട് സമാനമായ കാര്യം പരാമർശിച്ചിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത വിദേശ പ്രൊഫഷണലുകൾ, അത് ഉപേക്ഷിച്ച് ബ്രിട്ടൻ വിട്ടു പോകുന്ന സംഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ വർദ്ധിച്ചു വരുന്നു എന്നാണ് നഴ്സിങ് ആൻഡ് മിഡൈ്വഫറി റിപ്പോർട്ടിന്റെ സ്പോട്ട്ലൈറ്റിൽ എൻ എം സി പറഞ്ഞിരിക്കുന്നത്. എൻ എം സി റെജിസ്റ്ററിലെ പ്രൊഫഷണലുകളുടെ എണ്ണത്തിൽ അഞ്ചിൽ ഒന്ന് പേർ വീതം വിദേശത്ത് പരിശീലനം നേടി ബ്രിട്ടനിൽ എത്തിയവരാണ്. എന്നാൽ, 2019 നും 2023 നും ഇടയിൽ റെജിസ്റ്റർ ചെയ്തവരിൽ മൂന്നിൽ രണ്ട് പേർ വീതം വിദേശ പ്രൊഫഷണലുകളാണ്.
എന്നാലും, വിദേശത്ത് പരിശീലനം നേടി ബ്രിട്ടനിലെത്തി കടമ്പകൾ കടന്ന് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിൽ റെജിസ്ട്രേഷൻ നേടിയ ശേഷം അത് വിട്ട് പോകുന്നവരുടെ എണ്ണം 2018 മുത്ല 2023 വരെയുള്ള കാലയളവിൽ 7 ശതമാനത്തിൽ നിന്നും 37.5 ശതമാനമായി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതേ കാലയളവിൽ, ബ്രിട്ടനിൽ തന്നെ പരിശീലനം നേടി എൻ എം സി റെജിസ്ട്രേഷൻ കരസ്ഥമാക്കിയ ശേഷം അത് വിട്ടുപോകുന്നവരുടെ എണ്ണമാകട്ടെ 6.9 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി മാത്രമാണ് വർദ്ധിച്ചത്.
മാത്രമല്ല, വിദേശ പ്രൊഫഷണലുകൾ, ബ്രിട്ടനിൽ പരിശീലനം നേടിയവരേക്കാൾ കുറവ് കാലം മാത്രമെ എൻ എം സി റെജിസ്റ്ററിൽ നിലനിൽക്കുന്നുള്ളു എന്നും റിപ്പോർട്ടിൽ പറയുന്നു. പല വിദേശ നഴ്സുമാരും മിഡ്വൈഫുമാരും യു കെയിൽ എത്തുന്നതിൻ' മുൻപ് തീരെ പ്രതീക്ഷിക്കാത്ത വംശീയതയും വിവേചനവുമാണ് ഇതിന് പ്രധാന കാരണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. യു കെ വർക്ക്ഫോഴ്സ് വർക്ക്ഷോപ്പിൽ പങ്കെടുത്ത 86 വിദേശ പ്രൊഫഷണലുകളുടെ പ്രതികരണങ്ങളും റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്.
തങ്ങളെ യു കെയിൽ പരിശീലനം നേടിയവർക്ക് തുല്യരായി കണക്കാക്കുന്നില്ല എന്ന് ആ വർക്ക്ഷോപ്പിൽ പങ്കെടുത്ത വിദേശ പ്രൊഫഷണലുകൾ പറയുന്നു. മാത്രമല്ല, തങ്ങളുടെ നിലയ്ക്ക് അനുസരിച്ചുള്ള ബഹുമാനം നൽകുന്നുമില്ല. അവരിൽ നിന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ പോലും ആകാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. അതിനു പുറമെ അപവാദ പ്രചരണങ്ങളും പരിഹാസങ്ങളും സഹിക്കേണ്ടതായി വരുന്നു എന്നും അവർ പറയുന്നു.
ഓരോ ഷിഫ്റ്റിന്റെ അവസാനത്തിലും കരഞ്ഞുകൊണ്ട് ഇറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അവർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിലിടങ്ങളിലെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ പല വിദേശ പ്രൊഫഷണലുകളിലും ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. രോഗികളിൽ നിന്നു വരെ വംശീയാധിക്ഷേപം കേൾക്കാറുണ്ട് എന്നാണ് പല വിദേശ നഴ്സുമാരും പറയുന്നത്. അതെല്ലാം സഹിച്ചാണ് വിദേശ നഴ്സുമാർ ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടീഷ് ആരോഗ്യ സംരക്ഷണ മേഖലയിൽ നിലനിൽക്കുന്ന സമ്മർദ്ദം വിദേശ പ്രൊഫഷണലുകളെ ഞെട്ടിക്കുന്നതാണെന്ന് മറ്റൊരു റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. ഒരു ബഹുരാഷ്ട്ര കമ്പനി നടത്ത സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. 1512 വിദേശ പ്രൊഫഷണലുകൾക്കിടയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 61 ശതമാനം പേർ പറയുന്നത് യു കെ ആരോഗ്യ മേഖലയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ല എന്നാണ്.
ജീവനക്കാരുടെ കുറവും അമിത ജോലിഭാരവും ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രതിബന്ധമാകുന്നുവെന്നും സർവേയിൽ പങ്കെടുത്തവരിൽ പകുതിയിൽ അധികം പേരും പറയുന്നു. പ്രെസെപ്റ്റർഷിപ് ലഭിക്കാത്തതും പല വിദേശ പ്രൊഫഷണലുകളേയും ബ്രിട്ടൻ വിടാൻ പ്രേരിപ്പിക്കുന്നതായി സർവേ ഫലത്തിൽ പറയുന്നു. ബ്രിട്ടൻ വിടാനുള്ള മറ്റൊരു കാരണം തികച്ചും അനാകർഷകമായ ശമ്പളവും ആനുകൂല്യങ്ങളുമാണ്. ഇപ്പോൾ ജീവിത ചെലവുകൾ വർദ്ധിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ശമ്പളം തീർത്തും അപര്യാപ്തമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ