- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈപൊള്ളിക്കുന്ന ഓണാഘോഷം കണ്ടു കണ്ണ് തള്ളി യുകെ മലയാളികൾ; ഒരില സദ്യക്ക് 30 പൗണ്ട് വരെ; സദ്യയൊരുക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെ; ആഗസ്റ്റിൽ ഓണം വന്നപ്പോൾ മലയാളികൾ കൂട്ടത്തോടെ നാട്ടിലും; വമ്പൻ സമ്മാനത്തുക നൽകാൻ സമീക്ഷ യുകെ; ആയിരക്കണക്കിന് മലയാളികളുടെ ആദ്യ യുകെ ഓണാഘോഷം
ലണ്ടൻ: പതിറ്റാണ്ടുകൾ പിന്നിട്ട യുകെ മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും കൈപൊള്ളിക്കുന്ന ഓണം ഇത്തവണത്തേത് ആയിരിക്കുമെന്നു തെളിയിച്ചു റെസ്റ്റോറന്റുകൾ നടത്തുന്ന ഓണ സദ്യയുടെ വിപണി വില ഒരിലക്ക് 30 പൗണ്ട് വരെയായി ഉയർന്നു റെക്കോർഡിട്ടു. ലണ്ടനിലെ പ്രശസ്തമായ മലയാളി റെസ്റ്റോറന്റ് ആണ് ഒരാൾക്ക് 30 പൗണ്ട് എന്ന കണ്ണ് തള്ളുന്ന വില പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതോടെ നാലംഗ കുടുംബത്തിന് റെസ്റ്റോറന്റിൽ ഓണ സദ്യ ഉണ്ണണമെങ്കിൽ 120 പൗണ്ട് മുടക്കണമെന്നു ഉറപ്പായി. എന്നാൽ കുറഞ്ഞ വിലയ്ക്ക് സദ്യ വിൽക്കുന്നവരും രംഗത്ത് എത്തിയിട്ടുണ്ട്. ഇവരുടെ നിരക്കുകളും ഒരാൾക്ക് 20 പൗണ്ട് മുതൽ 26 പൗണ്ട് വരെയാണ്. കുട്ടികൾക്കും ഇലയിൽ ഇനങ്ങൾ എല്ലാം വിളമ്പണം എന്നതിനാൽ നിരക്കിൽ ഇളവൊന്നുമില്ല. എന്നാൽ മലയാളികളുടെ എണ്ണവും റെക്കോർഡ് ഇട്ടിരിക്കുന്നതിനാൽ സദ്യ ഉണ്ണാൻ ആവശ്യത്തിന് ആളെ ലഭിക്കും എന്ന് തന്നെയാണ് റെസ്റ്റോറന്റുകൾക്ക് ലഭിക്കുന്ന ബുക്കിങ് ട്രെന്റ് വ്യക്തമാകുന്നത്.
സംഘടനകൾക്ക് ലഭിക്കുന്ന ഓണ സദ്യയും ചിലവേറിയത് തന്നെ
പലവിധ കാരണങ്ങളാൽ മലയാളി സംഘടനകൾക്ക് ലഭിക്കുന്ന കാറ്ററിങ് ഗ്രൂപ്പുകളുടെ സദ്യയും ഇത്തവണ ചിലവേറിയത് ആയിരിക്കും. എന്നാൽ നൂറു കണക്കിന് സദ്യയുടെ ഓർഡർ ഒറ്റയടിക്ക് ലഭിക്കും എന്നതിനാൽ കാറ്ററിങ് ഗ്രൂപ്പുകൾ ചെറിയ വിട്ടു വീഴ്ചകൾക്കും തയ്യാറാണ്. എങ്കിലും 16 പൗണ്ട് മുതൽ 20 പൗണ്ട് വരെ നാടൻ ഇനങ്ങൾ ചേർത്തുള്ള സദ്യക്ക് ചെലവ് വരും എന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ തട്ടിക്കൂട്ട് സദ്യ നടത്തുന്നവർ കുറഞ്ഞ നിരക്കിൽ ഓർഡർ സ്വീകരിക്കാനും തയ്യാറാണ്. സംഘടനകൾ ചെലവ് കുറയ്ക്കണം എന്ന സമ്മർദത്തിൽ തട്ടിക്കൂട്ട് സദ്യയുടെ പുറകെ പോകാനുള്ള സാധ്യതയും ഏറെയാണ്.
രണ്ടു തരം പായസവും നാടൻ കറികളും ചേർന്ന സദ്യ തയ്യാറാകുമ്പോൾ ഒരിലക്ക് 16 പൗണ്ടിൽ കുറച്ചു ചെയ്യാനാകില്ല എന്നാണ് കാറ്ററിങ് ഗ്രൂപ്പുകളുടെ നിലപാട്. കഴിഞ്ഞ വർഷവും ഇത് തന്നെയായിരുന്നു സദ്യക്കുള്ള റേറ്റ് എങ്കിലും സംഘടനകൾക്കും മറ്റും വലിയ ഓർഡർ എന്ന പരിഗണന വച്ച് കാറ്ററിങ് ഗ്രൂപ്പുകൾ അൽപം നിരക്ക് താഴ്‌ത്തിയാണ് ഓർഡർ എടുത്തിരുന്നത്. എന്നാൽ ഇത്തവണ ആ ആനുകൂല്യം പലയിടത്തും അത്ര പ്രാവർത്തികമായിട്ടില്ല എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.
വിലക്കയറ്റം ഒരു പ്രധാന കാരണം, എന്നാൽ ഊർജ വില കൂടിയതും സദ്യയെ ബാധിക്കും
വിലക്കയറ്റം കഴിഞ്ഞ വർഷത്തേക്കാൾ അൽപം ഉയർന്നു നിൽക്കുന്നു എന്നത് സത്യമാണെങ്കിലും ഇതിൽ വലിയ പുതുമ ഇല്ലാത്ത കാര്യമാണ്. കാരണം കഴിഞ്ഞ വർഷവും സാഹചര്യങ്ങൾ ഏറെക്കുറെ സമാനമായിരുന്നു. യുക്രൈൻ യുദ്ധം രണ്ടാം വർഷത്തിൽ ആയതിനാൽ ആദ്യ വർഷം ഉണ്ടായ വിലക്കയറ്റം തന്നെയാണ് ഇത്തവണയും വിപണിയിൽ നിൽക്കുന്നത്. എന്നാൽ നാണയപ്പെരുപ്പം അല്പം താഴ്ന്നതിന്റെ നേരിയ ആശ്വാസം ഉണ്ടെങ്കിലും അത് പ്രകടമായ തരത്തിൽ അനുഭവത്തിൽ എത്തിയിട്ടുമില്ല. ഓണസദ്യയ്ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും കേരളത്തിൽ നിന്നും ആശ്രയിക്കണം എന്നതിനാൽ തന്നെ വിലയിൽ കുറവിന് പ്രത്യേക കാരണവുമില്ല. എന്നാൽ പച്ചക്കറികളിൽ യൂറോപ്യൻ നാടുകളിൽ നിന്നെത്തുന്ന പലതും വിലക്കുറവിൽ കിട്ടി തുടങ്ങി എന്നത് ഈ വർഷത്തെ പ്രത്യേകത ആയതിനാൽ കാറ്ററിങ് ഗ്രൂപ്പുകൾക്ക് ഇവയെ ആശ്രയിക്കുന്നതിലൂടെ ന്യായമായ ലാഭ സാധ്യതയും നിലനിൽക്കുന്നുണ്ട്.
അനേകമാളുകൾ ഓണം ആഘോഷിക്കുന്നത് നാട്ടിൽ, എങ്കിലും പങ്കാളിത്തം കുറയില്ല
ഇത്തവണ ഓണം വളരെ നേരത്തെ ആഗസ്റ്റിൽ തന്നെ വന്നപ്പോൾ കോളടിച്ചതു നാട്ടിൽ പോയവർക്കാണ്. കേരളത്തിൽ പ്രിയപ്പെട്ടവർക്ക് ഒപ്പവും ഓണം ഉണ്ണാം, തിരികെ യുകെയിൽ എത്തിയും ഓണാഘോഷത്തിൽ പങ്കു ചേരാം. ഈ സാധ്യത പരിഗണിച്ചു മിക്കയിടങ്ങളിലും ഓണാഘോഷം സെപ്റ്റംബർ ആദ്യ വാരത്തിലേക്കു നിശ്ചയിച്ചതും ആയിരക്കണക്കിന് മലയാളികൾ ആദ്യ ഓണം യുകെയിൽ ആഘോഷിക്കുന്ന സാഹചര്യവും ഒക്കെ പങ്കാളിത്തത്തിൽ ഒരു കുറവും വരുത്തില്ല എന്നുറപ്പാണേ.
സ്റ്റുഡന്റ് വിസയിലും വർക്ക് പെർമിറ്റിലും റെക്കോർഡ് എണ്ണം മലയാളികൾ ഇത്തവണ വന്നിട്ടുള്ളതിനാൽ ഇവരുടെയൊക്കെ ആദ്യ ഓണാഘോഷം കൂടിയാണ് ഇത്തവണ നടക്കാനിരിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥ കൂടി എത്തിയതോടെ ആഘോഷം പാറിപ്പറക്കും എന്നുറപ്പ്. ഇതിനു തെളിവായി ഇത്തവണ ഓരോ ടൗണും കേന്ദ്രീകരിച്ചു എന്ന പോലെ ഓൺലൈനിൽ കേരള വസ്ത്രങ്ങളുടെ തകൃതിയായ വിൽപനക്ക് പ്രാദേശിക ഏജന്റുമാർ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്. പ്രത്യേക ഓഫറും ഡിസ്‌കൗണ്ടും ഒക്കെയായി യുകെയിലെ മലയാളി വസ്ത്ര വിൽപന ശാലകളും ഓണാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ്. വസ്ത്രം അളവൊപ്പിച്ചു തുന്നിക്കൊടുക്കുന്ന ജോലി സൗജന്യമായി നൽകാമെന്നു ഓഫർ ചെയ്യുന്ന കടകളും ഓണലഹരിയാണ് പങ്കിടുന്നത്.
ആളെണ്ണം കൂടിയതിനാൽ കാര്യമായ ശ്രമദാന സദ്യ ഉണ്ടാകില്ല
കഴിഞ്ഞ വർഷങ്ങളിൽ നാട്ടുകാർ ഒത്തുകൂടി സദ്യ ഒരുക്കിയിരുന്ന പതിവ് ഇക്കുറി പലയിടത്തും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആളുകളുടെ എണ്ണം കൂടിയതിനാൽ കയ്യിൽ നിൽക്കില്ല എന്നതാണ് പ്രധാന കാരണമായി പല സംഘാടകരും പറയുന്നത്. ഏറ്റെടുത്താൽ വലിയ ശാരീരിക അധ്വാനം വേണമെന്നും അങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് കാര്യമായ നേട്ടം ഒന്നും ബാക്കിയില്ല എന്നുമാണ് സംഘാടകരുടെ പക്ഷം. അതിനാൽ മാത്രമല്ല പലയിടത്തും നൂറുകണക്കിന് ആളുകൾ അധികമായി എത്തിയതും ശ്രമദാനം വഴി സദ്യ ഒരുക്കുന്നവർക്ക് അധികഭാരമായി മാറുകയാണ്. ഇത്തരം ശ്രമദാനങ്ങളിൽ പഴയതു പോലെ സഹകരിക്കാൻ പലരും തയ്യാറാകുന്നില്ല എന്നതും പഴയ ''ഉത്സാഹക്കമ്മറ്റികളിൽ'' മിക്കവർക്കും മധ്യ വയസിൽ എത്തിയതും ശാരീരിക അവശതകളുടെ പിടിയിൽ ആയതും മറ്റൊരു കാരണമാണ്.
ഞെട്ടിക്കുന്ന സമ്മാന ഓഫറുമായി സമീക്ഷ യുകെയുടെ ഓണാഘോഷം
അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ യുകെയിൽ എത്തിച്ചു വമ്പൻ വാർഷിക ആഘോഷം നടത്തിയ ഇടതു പക്ഷ സാംസ്‌കാരിക സംഘടനാ സമീക്ഷ യുകെ ഓണാഘോഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനടുത്തു ചെംസ്ഫോർഡിൽ ഓണ ഗ്രാമം എന്ന പേരിട്ട് ഒരു ദിവസം രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടു നിൽക്കുന്ന തകർപ്പൻ പരിപാടികളിലൂടെ ഏകദേശം അയ്യായിരം പൗണ്ടിന്റെ സമ്മാനങ്ങളാണ് ഓഫർ ചെയ്തരിക്കുന്നത്.
വടംവലിക്കും തിരുവാതിരയ്ക്കും ദേശീയ തലത്തിൽ മത്സരം സംഘടിപ്പിച്ചാണ് സമീക്ഷ യുകെയിലെ മലയാളി സംഘടനകളെ ഞെട്ടിച്ചിരിക്കുന്നത്. വടംവലിയിൽ ഒന്നാം സ്ഥാനക്കാർക്ക് 1501, രണ്ടാം സ്ഥാനത്തിന് 1001, മൂന്നാം സ്ഥാനത്തിന് 501, നാലാമത് എത്തുന്നവർക്ക് 201, ബാക്കി നാലു ടീമിന് 101 പൗണ്ട് വീതവുമാണ് സമ്മാനത്തുക. തിരുവാതിരക്കളിക്കാരെയും സമീക്ഷ നിരാശപ്പെടുത്തുന്നില്ല. ആദ്യ സ്ഥാനത്തെത്തിയാൽ 501, രണ്ടാമത് എത്തുന്നവർക്ക് 301, മൂന്നാമത് എത്തുന്നവർക്ക് 201, നാലാമത് എത്തുന്നവർക്ക് 101, അഞ്ചാം സ്ഥാനക്കാർക്ക് 51 എന്ന നിലയിലും ക്യാഷ് പ്രൈസ് ലഭിക്കുമെന്നു പ്രധാന സംഘാടകരായ വിപിൻ രാജ്, ആന്റണി ജോസഫ്, അഭിലാഷ് സുഗുണകുമാർ, അർജുൻ മുരളി എന്നിവർ അറിയിച്ചു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.