ലണ്ടൻ: കഴിഞ്ഞ രണ്ടു വർഷമായി ബ്രിട്ടണിലെ കെയർ റിക്രൂട്ടിങ് രംഗത്തെ ചൂഷണത്തിനെതിരെ ഉള്ള കാമ്പയിൻ പുതിയൊരു വഴിത്തിരിവിൽ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 20 ലക്ഷം രൂപ വരെ കൈമടക്ക് നൽകി എത്തിയ ആയിരക്കണക്കിന് മലയാളി ചെറുപ്പക്കാരിൽ അനേകം പേർക്ക് ചൂഷണത്തിന്റെ ഫലമായി ജോലി നഷ്ടമായതോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ പണവും ജോലിയും നഷ്ടമായവരുടെ എണ്ണം കണക്കില്ലാതെ പെരുകിയതോടെ ഇവരെ ചൂഷകരായ ഏജൻസികളിൽ നിന്നും രക്ഷപ്പെടുത്താനോ പകരം ജോലി കണ്ടെത്തി കൊടുക്കാനോ സാധിക്കാത്ത ഘട്ടത്തിലാണ് അടിമ വേലയുടെയും മനുഷ്യക്കടത്തിന്റെയും ഇരകളായി സ്വയം വെളിപ്പെടുത്തലുകൾക്ക് നിരന്തര പ്രചാരണം നൽകിയത്. ഇതോടെ ഇക്കഴിഞ്ഞ മെയ് മാസം വരെ 3318 പേരാണ് ചതിക്കപ്പെട്ടെന്ന പരാതിയുമായി ബ്രിട്ടണിലെ ഹോം ഓഫിസിനെ സമീപിച്ചിരിക്കുന്നത്.

സിക്യൂസി കെയർ ഹോമുകളിൽ എത്താൻ വൈകില്ല

മിക്കവരുടെ പരാതികളും നിയമ വിദഗ്ധരുടെ കൂടി സഹായത്തോടെ ആണ് തയ്യാറാക്കിയത്. എന്നാൽ വല്ലപ്പോഴും എത്തിയിരുന്ന ഇത്തരം പരാതികൾ കണക്കില്ലാത്ത വിധം പെരുകി കയറിയത് ഇപ്പോൾ ഹോം ഓഫീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഈ പരാതികളിൽ മുഴുവൻ കേസെടുക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ഹോം ഓഫിസ് പ്രയാസപ്പെടുകയാണ്. പരാതികൾ മുഴുവൻ കേസായി മാറിയാൽ ബ്രിട്ടനിലെ കോടതി സംവിധാനം പോലും അവ കൈകാര്യം ചെയ്യാൻ പ്രാപ്തമായെന്നു വരില്ല. ഈ സാഹചര്യത്തിൽ പരാതികളിൽ ചൂണ്ടിക്കാട്ടിയ കെയർ ഏജൻസികളെക്കുറിച്ചും പരാതിക്കാർ ജോലി ചെയ്ത സ്ഥാപനങ്ങളെ കുറിച്ചും ഉള്ള പൂർണ വിവരങ്ങൾ ഈ രംഗത്തെ നിയന്ത്രണ ഏജൻസിയായ സി ക്യൂ സിക്ക് കൈമാറിയിരിക്കുകയാണ് ഹോം ഓഫിസ് അധികൃതർ.

പരാതികൾ തരംതിരിച്ചെടുക്കാൻ സിക്യൂസിക്ക് മാസങ്ങൾ വേണ്ടി വരും എന്നാണ് സൂചന. എന്നാൽ പൂർണമായും പരാതികൾ തരംതിരിക്കുന്നത് വരെ കാത്തിരിക്കാതെ ആദ്യ ഘട്ടമായി പല നേഴ്‌സിങ്, കെയർ ഹോമുകളിലും സിക്യൂസി പരിശോധനക്ക് എത്തുന്നതിന്റെ സൂചനകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. ഇത്തരം പരിശോധനകളിൽ ജീവനക്കാരുമായി സംസാരിക്കുന്ന ഘട്ടത്തിൽ ആരെങ്കിലും സ്വകാര്യ ഏജൻസിക്ക് പണം നൽകിയാണ് ജോലി കണ്ടെത്തിയത് എന്ന് വെളിപ്പെടുത്തിയാൽ പ്രസ്തുത സ്ഥാപനത്തിനും ഏജൻസിക്കും എതിരെ അന്വേഷണം ഉണ്ടാകുമെന്നു ഉറപ്പാണ്.

ഇത്തരത്തിൽ വെസ്റ്റ് മിഡ്‌ലാൻഡ്സിൽ മൂന്നു കെയർ സ്ഥാപങ്ങൾക്ക് നിയമ നടപടിക്ക് നോട്ടീസ് ലഭിച്ചു കഴിഞ്ഞു. വലിയ തുകയുടെ പിഴ നൽകി സ്ഥാപനങ്ങൾ കടുത്ത നിയമ നടപടികളിൽ നിന്നും രക്ഷ നേടാനാകുമോ എന്ന നിയമ ഉപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ. പല കെയർ ഹോം ഉടമകൾക്കും ഏജൻസികൾ പണം കൈപ്പറ്റിയ വിവരം പോലും അറിയില്ല. ഇക്കാര്യം സ്ഥിരീകരിക്കാനായാൽ മോഡേൺ സ്‌ളേവറി ആക്ട് അനുസരിച്ചുള്ള കേസുകളിൽ നിന്നും കെയർ ഹോമുകൾക്ക് രക്ഷപ്പെടാനാകും.

പരാതികൾ വന്നതോടെ റിക്രൂട്ടിങ് താപ്പാനകൾ രക്ഷാമാർഗം തേടി തുടങ്ങി

എന്നാൽ ഈ ആനുകൂല്യം ഒരു കാരണവശാലും കെയർ റിക്രൂട്ടിങ് ഏജൻസികൾക്ക് ലഭിക്കില്ല എന്നുറപ്പാണ്. ബ്രിട്ടീഷ് മലയാളിയിൽ ബന്ധപ്പെട്ടവർ തന്നെ നൽകുന്ന വിവരമനുസരിച്ചു യുകെയിൽ എല്ലാ ഭാഗത്തു നിന്നുമായി നൂറോളം കെയർ ഏജൻസികൾക്ക് എതിരെയാണ് പരാതി എത്തിയിരിക്കുന്നത്. ഇതിൽ അന്വേഷണം നടത്തിയപ്പോൾ പല ഏജൻസികളുടെയും ഉടമസ്ഥാവകാശം ഒരാളിൽ തന്നെയാണ്. പല കെയർ ഏജൻസികളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് നഴ്‌സിങ് ജോലി ഉള്ളവരുടെ പേരിലുമാണ്.

ഇവർക്കെതിരെ കേസ് ചാർജ് ചെയ്താൽ എൻഎംസി നടപടിയും ഉറപ്പാണ്. ഇത് തിരിച്ചറിഞ്ഞു ലീഡ്സ് കേന്ദ്രമാക്കി റിക്രൂട്ടിങ് നടത്തിയ മലയാളി വനിത ആയ നഴ്സ് ഏതു നിമിഷം വേണമെങ്കിലും കാനഡക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ്. കാരണം നിയമ നടപടി നേരിട്ടാൽ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങിയ പണം മറ്റു സബ് ഏജൻസികൾക്ക് കൈമാറ്റം ചെയ്തു എന്ന കാരണത്താൽ ഒരിക്കലും ഇവർക്ക് പണം മടക്കി നൽകി കേസുകളിൽ നിന്നും തലയൂരാൻ ആകാത്ത സാഹചര്യമാണ്.

മറ്റു ഏജൻസി നടത്തിപ്പുകാരും സമാനമായ കുരുക്കിൽ തന്നെ പെട്ടിരിക്കുകയാണ്. കണ്ണൂരിൽ നിന്നും എത്തിയിട്ടുള്ള പത്തോളം റിക്രൂട്ടിങ് ഏജൻസികൾ കൈയിൽ കിട്ടിയ പണം കാര്യമായും എത്തിച്ചിരിക്കുന്നത് കേരളത്തിൽ നടത്തിയ നിക്ഷേപങ്ങളിലാണ്. ഇതാകട്ടെ റിയൽ എസ്റ്റേറ്റ് രംഗത്തും സിനിമ നിർമ്മാണത്തിലും ഒക്കെയായി കുടുങ്ങി കിടക്കുകയാണ്. ചില റിക്രൂട്ടിങ് ഏജൻസി നടത്തിപ്പുകാരുടെ പണം കേരളത്തിലെ ഭരണ കക്ഷികളിൽ പെട്ട നേതാക്കളുടെ കൈകളിലും കൈമറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ കട്ടപ്പനയിൽ ഉള്ള രാഷ്ട്രീയ നേതാവ് സ്വന്തമായി ബഹുനില കെട്ടിടം പണിത് ഇംഗ്ലീഷ് പഠന കോഴ്‌സിനും റിക്രൂട്ടിങ് ഓഫീസിനും ഒക്കെയായി കെട്ടിടത്തിന്റെ ഓരോ നിലകൾ ഉപയോഗിക്കുകയാണ്. യുകെ മോഹം രെജിസ്റ്റർ ചെയ്യാൻ മാത്രമായി അരലക്ഷം രൂപയാണ് ഇയാളുടെ നിരക്ക്.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളും റിക്രൂട്ടിങ് രംഗത്ത്

ഇംഗ്ലണ്ടിലെ വടക്കൻ പട്ടണത്തിൽ മലയാളി മാനേജർ ആയ നഴ്‌സിങ് ഹോമിന്റെ പേരിൽ വ്യാജ സിഒഎസ് തയ്യാറാക്കി അനേകം പേരിൽ നിന്നും ഇയാൾ പണം ഈടാക്കിയിരിക്കുകയാണ്. സിഒഎസ് ലഭിച്ചവർ നഴ്‌സിങ് ഹോമിൽ ബന്ധപ്പെട്ടപ്പോഴാണ് തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്യപ്പെട്ടതായി വ്യക്തമാകുന്നത്. ഇതേതുടർന്ന് കട്ടപ്പനയിലെ ഏജൻസി നടത്തിപ്പുകാരനെ ബന്ധപ്പെട്ടപ്പോൾ ഭരണകക്ഷിയുടെ പേര് ഉപയോഗിച്ച് വിരട്ടാൻ ആണ് ഇയാൾ തയ്യാറായത്.

എന്നാൽ ഇടുക്കിക്കാരൻ തന്നെയായ നഴ്‌സിങ് ഹോം മാനേജർ സംഭവം കേരളത്തിൽ ഡിജിപിക്കു കൈമാറിക്കോളാം എന്ന് വ്യക്തമാക്കിയതോടെ നേതാവ് സ്വരം മയപ്പെടുത്തി ക്ഷമാപണം നടത്തുക ആയിരുന്നു. എത്രയും വേഗത്തിൽ തെറ്റ് സംഭവിച്ച സിഒഎസ് മുഴുവൻ റദ്ദാക്കാമെന്നും തെറ്റ് പറ്റിയതിൽ ക്ഷമിക്കണം എന്നും അറിയിക്കുക ആയിരുന്നു. ഇതോടെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കൂടി അറിഞ്ഞുള്ള മാഫിയ സംഘം തന്നെയാണ് റിക്രൂട്ടിങ് രംഗത്ത് വിലസുന്നത് എന്ന സൂചനക്കു ശക്തമായ തെളിവ് ആയി മാറുകയാണ് കട്ടപ്പന സംഭവം.

സ്‌കോട്ലൻഡിൽ വാങ്ങിയ പണം കറങ്ങി എത്തിയത് സ്റ്റോക് ഓൺ ട്രെന്റിൽ

കഴിഞ്ഞ ഒരു വർഷമായി സജീവമായ റിക്രൂട്ടിങ് നടത്തുന്ന ഡൊമിസിലറി കെയർ റിക്രൂട്ടിങ്ങിൽ 15 ലക്ഷം വീതം വാങ്ങിയ സ്‌കോട്ലൻഡിലെ ദമ്പതികൾ തങ്ങൾക്കുള്ള വിഹിതം എടുത്ത ശേഷം ബാക്കി തുക മുഴുവൻ കൈമാറിയത് സ്റ്റോക് ഓൺ ട്രെന്റിലെ റിക്രൂട്ടിങ് താപ്പാനക്കാണ്. ഇയാളെക്കുറിച്ച് ഒന്നര വർഷം മുൻപ് തന്നെ ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നതാണ്. അന്ന് ഈസ്റ്റ് ഹാമിലെ രണ്ടു യുവതികളുടെ പക്കൽ നിന്നും 32,000 പൗണ്ട് ആണ് ഇയാൾ സ്വന്തമാക്കിയത്. ആ സംഭവത്തിൽ യുക്മ മുൻ ദേശീയ നേതാക്കൾ അടക്കം മധ്യസ്ഥം പറയാൻ എത്തിയെങ്കിലും പണം മാത്രം മടക്കി ലഭിച്ചില്ല. എന്നാൽ ആ മധ്യസ്ഥ ശ്രമത്തിലും റിക്രൂട്ടിങ്കാരന് മറക്കുട തീർക്കാനുള്ള ശ്രമം ആയിരുന്നു എന്ന് യുവതികൾ വൈകിയാണ് തിരിച്ചറിഞ്ഞത്. അന്ന് പണം കൈപ്പറ്റിയത് ഈസ്റ്റ് ഹാമിൽ ഉള്ള എറണാകുളം സ്വദേശിയായ റിക്രൂട്ടുകാരൻ ആയിരുന്നു.

ഇയാൾ തന്റെ വിഹിതം മടക്കി നൽകാം എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും മടക്കി കിട്ടണം എന്നാണ് യുവതികൾ നിലപാട് എടുത്തത്. ഇപ്പോൾ സ്‌കോട്ലൻഡിലെ റിക്രൂട്ടിങ് ദമ്പതികളും പറയുന്നത് തങ്ങൾക്ക് ചെറിയ വിഹിതമേ ലഭിച്ചുള്ളൂ ബാക്കി തുകയൊക്കെ സ്റ്റോക് ഓൺ ട്രെന്റിൽ എത്തി എന്നാണ്. ഇതോടെ ഇടനിലക്കാരെ വച്ച് കളിക്കുന്ന ''മോഡസ് ഓഫ് ഒപേറാന്റി ബിസിനസ്'' ആണ് സ്റ്റോക് ഓൺ ട്രെന്റ് താപ്പാനയുടെ ഹോബി എന്ന് വ്യക്തമാകുകയാണ്. തന്നിലേക്ക് നേരിട്ട് അന്വേഷണം എത്തരുത് എന്നാണ് ഇയാൾ ലക്ഷ്യമിടുന്നത്. എന്നാൽ ഇടനില നിന്ന താഴെത്തട്ടിലെ റിക്രൂട്ടുകാർ നിലപാട് മാറ്റിയാൽ സ്റ്റോക് ഓൺ ട്രെന്റിലെ താപ്പാന വീഴുക തന്നെ ചെയ്യും.

ഇയാൾ വഴി ജോലി ലഭിച്ച മിക്ക സ്ഥലത്തും പ്രൊബേഷൻ സമയമായ ആറുമാസത്തിനകം എന്തെങ്കിലും കാരണം കണ്ടെത്തി ജോലി നഷ്ടപ്പെടുത്തി ആ യുവാവിൽ ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവരിൽ നിന്നും പണം വാങ്ങി ജോലിക്ക് കയറ്റുക എന്നതാണ് പ്രവർത്തന രീതി. ഇത്തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടിങ്ങിനു തയ്യാറായത് 70 മലയാളി യുവതീ യുവാക്കളാണ്. ഇവരെല്ലാം ഇക്കഴിഞ്ഞ ഏപ്രിലിൽ യുകെയിൽ എത്തി ഇതുവരെ ജോലി ലഭിക്കാതെ നാട്ടിൽ നിന്നും പണം വരുത്തി വാടകയും ഒരു നേരത്തെ ഭക്ഷണവും കഴിച്ചു കഴിഞ്ഞു കൂടുകയാണ്. ജോലി ചോദിക്കുമ്പോൾ ഇന്ന് ശരിയാകും, നാളെ ശരിയാക്കാം എന്ന പതിവ് പല്ലവി മാത്രമാണ് കേൾക്കാനാകുന്നത്. ഇയാൾ സപ്ലൈ ചെയ്തിരുന്ന ആഫ്രിക്കൻ വംശജർ ഉടമസ്ഥർ ആയിരുന്ന ഒന്നിലേറെ ഡോം കെയർ ഏജൻസികളുടെ ലൈസൻസ് പരാതികളെ തുടർന്ന് ഒറ്റയടിക്ക് നഷ്ടമായതാണ് ലക്ഷങ്ങൾ നൽകി കേരളത്തിൽ നിന്നും എത്തിയവരുടെ ജീവിതം പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.

ഗതികെട്ട് മലയാളി യുവതീ യുവാക്കൾ പൊലീസിലും മാധ്യമ സ്ഥാപനങ്ങളിലും

നൽകിയ പണം ഏറെക്കുറെ നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉദ്യോഗാർത്ഥികളിൽ ചിലർ ഇതിനകം പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകിയിരിക്കുകയാണ്. പൊലീസ് ഇവരെ സിക്യൂസി, സാൽവേഷൻ ആർമി എന്നിവരെ ബന്ധപ്പെടുത്തി പ്രാഥമിക സഹായം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. സംഭവം പുറം ലോകം അറിയണം എന്ന ബോധ്യത്തോടെ ബ്രിട്ടനിലെ മുൻ നിര ദേശീയ മാധ്യമങ്ങളിലെ മുതിർന്ന റിപ്പോർട്ടർമാരുടെ സംഘത്തെയും ഉദ്യോഗാർത്ഥികൾ സമീപിച്ചിട്ടുണ്ട്. പല പത്ര സ്ഥാപനങ്ങളും ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയതായാണ് ലഭ്യമാകുന്ന വിവരം.

പരാതികൾ ആയിരക്കണക്കിന് ആയി മാറിയതോടെ ബ്രിട്ടീഷ് കുടിയേറ്റ നിയമം തന്നെ മലയാളി റിക്രൂട്ടിങ് സ്ഥാപനങ്ങൾ അട്ടിമറിച്ചിരിക്കുകയാണ് എന്ന വിവരവും ഹോം ഓഫിസ് സർക്കാരിനെ അറിയിക്കും. ഇത് നൈജീരിയ നേരിടുന്നത് പോലെ വിസ നിയന്ത്രണം ഏർപ്പെടുത്തുന്ന നിലയിലേക്ക് മാറിയാൽ യുകെയിലേക്ക് ഉള്ള മലയാളി കുടിയേറ്റം തന്നെ കടുപ്പമേറിയതാകുകയും ചെയ്യും. പക്ഷെ അതൊന്നും നിലവിൽ ഈ രംഗത്തുള്ളവരെ തെല്ലും അലട്ടുന്നുമില്ല. കാരണം മിക്ക റിക്രൂട്ടിങ് ഏജൻസികളും ഇതിനകം തന്നെ ദശലക്ഷക്കണക്കിനു പൗണ്ട് സമ്പാദിച്ച് ഈ രംഗത്ത് നിന്നും തന്നെ പിന്മാറാനുള്ള ഒരുക്കത്തിലുമാണ്.