- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ജോലി കിട്ടാൻ 40 ലക്ഷം എങ്കിൽ യുകെയിലേക്ക് 20 മുടക്കി കൂടെ! ഒടുവിൽ മനുഷ്യാവകാശ സംഘടനയും രംഗത്ത്; യുകെയിലെത്തി ചതിക്കപ്പെട്ട മലയാളി യുവതീ യുവാക്കളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിലേക്ക്; കെയർ റിക്രൂട്ടിങ് എജൻസികൾക്ക് എതിരെ യുകെയിൽ ക്രിമിനൽ കേസിനും വഴി ഒരുങ്ങുന്നു
ലണ്ടൻ: അസാധാരണവും അവിശ്വസനീയവും ആയ നിലയിൽ പണം നൽകി കെയർ വിസ സ്വന്തമാക്കി, ഒടുവിൽ യുകെയിൽ എത്തിക്കഴിഞ്ഞു ജോലിയും കൂലിയും ഇല്ലാതായ ആയിരക്കണക്കിന് മലയാളി യുവതി യുവാക്കളുടെ അനുഭവം യുകെയിലെ മനുഷ്യാവകാശ സംഘടനകളുടെ മുന്നിലേക്ക്.
യുകെയിൽ മലയാളികൾ മുന്നിൽ നിന്നും നടത്തുന്ന വിസക്കച്ചവടം അതിന്റെ പരിസമാപ്തിയിലേക്ക് ഇപ്പോൾ എത്തുകയാണ്. ഇതിനകം ദശകോടികൾ സ്വന്തമാക്കിയ വമ്പൻ റിക്രൂട്മെന്റ് സ്ഥാപനങ്ങൾ പിന്നറയിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോഴാണ് ബ്രിട്ടീഷ് സർക്കാരിന്റെ മുന്നിലേക്ക് ഈ വിഷയം എത്തുന്നത് എന്നതാണ് ഏറെ നിരാശാജനകമാകുന്നത്.
നിലവിൽ ഹോം ഓഫീസിനെ തേടി 3318 പരാതികൾ റിക്രൂട്ടിങ് സ്ഥാപനങ്ങൾക്ക് എതിരെ എത്തിയതോടെയാണ് അധികൃതർക്ക് വിസക്കച്ചവടത്തിലെ ആഴവും പരപ്പും വ്യക്തമാകുന്നത്.
വിദ്യാർത്ഥി വിസയിൽ സംഭവിച്ചത് കെയർ വിസയിലും സംഭവിച്ചേക്കാം
ബ്രിട്ടീഷ് നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വ്യക്തമായാൽ അതിവേഗം നടപടിയെടുക്കുന്ന രീതി ഒരു പക്ഷെ കെയർ വിസയുടെ കാര്യത്തിലും ഉടൻ പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥി വിസ ലളിതമായി മാറിയതോടെ കുടുംബം ഒന്നടങ്കം യുകെയിലേക്ക് ചേക്കേറാൻ മലയാളികൾ ഉൾപ്പെടെ കാണിച്ച അമിതാസക്തിയാണ് അടുത്ത വർഷത്തെ പ്രവേശനം മുതൽ ആ സാധ്യത ഇല്ലാതാക്കുന്നതിൽ എത്തിച്ചത്.
ഓരോ സ്ഥാപനത്തിലേക്കും എത്തിയത് ആവശ്യമുള്ളതിന്റെ പല മടങ്ങ് ജീവനക്കാർ
ഇപ്പോൾ സമാനമാണ് കെയറർ വിസയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഒരു സ്ഥാപനത്തിൽ ആവശ്യത്തിൽ ഉള്ളതിന്റെ പല മടങ്ങ് എണ്ണം ജീവനക്കാരെ റിക്രൂട് ചെയ്തു കൊണ്ട് വരുകയും ഒടുവിൽ ആർക്കും ജോലി നൽകാൻ ഉള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്തതാണ് പരാതി പ്രവാഹം ഉണ്ടാക്കാൻ കാരണമായത്. അടുത്തിടെ ബേൺമൗത്തിൽ മലയാളി മാനേജർ ആയ നഴ്‌സിങ് ഹോമിൽ ഈ സാഹചര്യം ഉണ്ടായപ്പോൾ നടത്തിയ ഇടപെടലിലാണ് 28 ജീവനക്കാർക്കും ഒരാഴ്ചക്കകം ജോലിയിൽ മടങ്ങി എത്താൻ സാഹചര്യം ഉണ്ടായത്. ബാസിൽഡനിൽ കഴിഞ്ഞ വർഷം സമാന സാഹചര്യത്തിൽ 40 മലയാളി ജീവനക്കാർ അധികമായി റിക്രൂട് ചെയ്യപ്പെട്ടപ്പോൾ സിക്യൂസി റേറ്റിങ്ങിൽ മോശം പ്രകടനം നടത്തിയ കെയർ ഹോം തന്നെ അടച്ചു പൂട്ടപ്പെടുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, രാജ്യ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി.
പരാതി പറയാൻ വിളിക്കുന്നവരെ സഹായിക്കാൻ പോലും പറ്റാത്ത നിലയിൽ ആയിരങ്ങൾ കബളിപ്പിക്കപ്പെട്ടതോടെയാണ് ഏവരോടും ഹോം ഓഫിസിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇതിനായി വേണ്ട മുഴുവൻ മാർഗ നിർദേശവും ബ്രിട്ടീഷ് മലയാളി വളണ്ടിയർ ഗ്രൂപ്പ് വഴി കഴിഞ്ഞ ഒന്നര വർഷമായി നിരന്തരം ഏറ്റെടുത്തതോടെയാണ് ഹോം ഓഫിസിൽ അനേകായിരം പരാതി എത്തിയതും അവയെല്ലാം സിക്യൂസിക്ക് എത്തിപ്പെടുകയും ചെയ്തത്. ഇതിനിടയിൽ മനുഷ്യക്കടത്തും അടിമക്കച്ചവടവുമാണ് ഈ രംഗത്ത് നടന്നതെന്ന് ചാരിറ്റി സംഘടനയായ സാൽവേഷൻ ആർമിയെ ബോധ്യപ്പെടുത്തിയതിലൂടെയാണ് ഇപ്പോൾ പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ ഇടപെടലിന് വഴി ഒരുങ്ങിയത്
''കേരളത്തിൽ ജോലി കിട്ടാൻ 40 ലക്ഷം, എങ്കിൽ യുകെയിലേക്ക് 20 മുടക്കി കൂടെ? ''
ഇതിന്റെ ഫലമായി ഷോർട്ടേജ് ഒക്യൂപേഷൻ ലിസ്റ്റിൽ നിന്നും തന്നെ അധികം വൈകാതെ കെയർ ജോബ് എടുത്ത് മാറ്റപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ വിദേശ റിക്രൂട്ട്മെന്റിന് പൂർണ പരിസമാപ്തിയാകും. നഴ്‌സിങ് ബാക്ഗ്രൗണ്ട് ഇല്ലാത്തവരും ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാത്തവരും ആയ ആർക്കും യുകെയിൽ എത്താം എന്ന സാഹചര്യം ഒരുങ്ങിയതാണ് വെറും ആയിരം പൗണ്ടിൽ തുടങ്ങിയ വിസ കച്ചവടം ഒടുവിൽ 22,000 പൗണ്ട് വരെ എത്തിച്ചത്. ആർത്തി പിടിച്ച മലയാളി ഏജൻസികൾ മാത്രമാണ് ഇത്രയും ഉയർന്ന തുക ഈടാക്കിയത്.
ആഫ്രിക്കൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്നവർ പരമാവധി നൽകിയത് 13000 പൗണ്ട് വരെയാണ്. എന്നാൽ മലയാളികൾ എത്ര പണവും വേണമെങ്കിൽ നൽകാൻ തയ്യാറായി ക്യൂ നിൽക്കാൻ തുടങ്ങിയതോടെ വക്ര ബുദ്ധികളായ ഏജൻസികൾ തരാതരം പോലെ റിക്രൂട്ടിങ് ഫീസും ഒരു അന്തവും ഇല്ലാത്ത നിലയിൽ ഉയർത്തി വിടുക ആയിരുന്നു. ഇതിനു അവലംബം ആക്കിയത് കേരളത്തിലെ കൈക്കൂലി നിരക്കും. കേരളത്തിൽ ഒരു സാദാ ജോലി കിട്ടാൻ പോലും 30 മുതൽ 40 ലക്ഷം രൂപ വരെ കൈക്കൂലി നൽകേണ്ട സാഹചര്യത്തിൽ 20 ലക്ഷം നൽകിയാൽ യുകെയിൽ എത്തിക്കൂടേ എന്നാണ് ഒരു ഏജൻസിക്കാരൻ പരസ്യമായി ചോദിക്കാൻ തയ്യാറായത്.
വെറും ഒന്നര വർഷം കൊണ്ട് പതിനായിരക്കണക്കിന് കെയറർമാരാണ് സർക്കാർ നിബന്ധനകൾ ലഘൂകരിച്ചതോടെ ഇന്ത്യയിൽ നിന്നും കേരളം, ഘാന, സിംബാബ്വെ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും കെയറർമാർ ഒഴുകി എത്തിയത്. ഇത് സംഘടിത മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് ആണ് വൈകാതെ വികസിച്ചത്. ഈ സാഹചര്യം വിലയിരുത്തുന്നതിലും നിരീക്ഷിക്കുന്നതിലും ഹോം ഓഫീസിനും പിഴവ് പറ്റി എന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്. വെറും 247 പൗണ്ട് മാത്രം ചെലവ് വരുന്ന കെയർ വിസ പ്രോസസിങ് നൂറിരട്ടിയും കടന്നു 22000 പൗണ്ട് വരെ എത്തിയത് എന്നതാണ് ഇപ്പോൾ പ്രമുഖ മനുഷ്യാവകാശ സംഘടന അന്വേഷിക്കുന്നത്.
മനുഷ്യാവകാശ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്താൽ ക്രിമിനൽ കുറ്റമായി മാറും വിസ തട്ടിപ്പ്
സെക്യൂരിറ്റി വാച്ച്‌ഡോഗ് സ്ഥാപനമായ മാട്രിക്‌സും സമാനമായ അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണത്തിൽ അപേക്ഷകരിൽ നിന്നും പ്രോസസിങ്, അഡ്‌മിൻ, സർവ്വീസ്, കൺസൾട്ടൻസി തുടങ്ങി വിവിധ പേരുകളിലാണ് ഇടനില പണമായി ഏജൻസികൾ കൈക്കലാക്കിയിരിക്കുന്നത്. ഇത്തരം പേരുകളിൽ പണം കൈമാറിയത് തെളിയിക്കാനായാൽ അത്തരം ഏജൻസി നടത്തിപ്പുകാർ അഴിയെണ്ണും എന്നുറപ്പാണ്. മില്യൺ കണക്കിന് പൗണ്ട് കൈമാറ്റം ചെയ്യപ്പെട്ട തൊഴിൽ തട്ടിപ്പ് ആയി കെയർ വിസ മാറിയെന്നു ഹോം ഓഫീസിനും ബോധ്യപ്പെട്ടതിനാൽ സാഹചര്യം സർക്കാരിനെ ബോധ്യപ്പെടുത്താൻ വൈകില്ല എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
ഇത്തരത്തിൽ അനധികൃതമായി പണം കൈപ്പറ്റിയത് നിയമ ലംഘനം മാത്രമല്ല ദരിദ്ര രാജ്യങ്ങളിലെ നിസഹായരായ മാനുഷരുടെ മനുഷ്യാവകാശ ലംഘനം കൂടിയായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. അതിനാൽ നിയമ നടപടികൾ ആരംഭിക്കുമ്പോൾ ആ വകയിലും ശിക്ഷിക്കപ്പെടാൻ ഉള്ള വഴിയാണ് ഒരുങ്ങുന്നത്. ഇതോടെ സാമ്പത്തിക തട്ടിപ്പ് എന്നതിൽ നിന്നും മാറി ക്രിമിനൽ കേസിലേക്ക് റിക്രൂട്ടിങ് എജൻസികൾ എത്തിച്ചേരും എന്നതാണ് നിയമ രംഗത്ത് പ്രവർത്തിക്കുന്നവർ നൽകുന്ന മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ബ്രിട്ടനിൽ ഓരോ സിറ്റി കൗൺസിലിലും പൊലീസിലും നേരിട്ട് പരാതിപ്പെടാനാകും. ഇരയായി മാറിയ ആൾക്ക് ബ്രിട്ടീഷ് സർക്കാർ തന്നെ നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുന്നതും സാധാരണമാണ്.
യുകെ വിസയുടെ പേരിൽ ചതിക്കപ്പെട്ടവർ ഈ വഴിയിൽ നീങ്ങിയാൽ വിസ കച്ചവടം വഴി കള്ളപ്പണം സംബന്ധിച്ച മലയാളി വ്യാജ ബിസിനസുകാർ കൂട്ടത്തോടെ കുടുങ്ങും എന്നാണ് ഇത് സംബന്ധിച്ച രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സംഘടനാ നൽകുന്ന മുന്നറിയിപ്പ്. ഇതിനകം ഡസൻ കണക്കിന് മലയാളി കെയർ റിക്രൂട്ടിങ് ഏജൻസികളുടെ കമ്പനി ഹൗസ് രജിസ്ട്രേഷൻ വിശദാംശങ്ങൾ അന്വേഷണ സംഘങ്ങൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. യുകെ മലയാളികൾ തന്നെയായ വളണ്ടിയർ ഗ്രൂപ്പും ഇക്കാര്യത്തിൽ മനുഷ്യാവകാശ സംഘടനയെ സഹായിക്കാൻ രംഗത്തുണ്ട്. ഹോം ഓഫിസ് ജീവനക്കാർ കൂടി ചേർന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇപ്പോൾ വിവരങ്ങൾ പ്രധാനമായും കൈമാറ്റം ചെയ്യപ്പെടുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.