ലണ്ടൻ: ''ഞാൻ ആരെയെങ്കിലും സഹായിക്കാൻ സാധിക്കുന്ന സ്ഥാനത്തെത്തേണ്ടതായിരുന്നു, ഇപ്പോൾ അന്യരുടെ സഹായത്താൽ ജീവിക്കുന്നു'' ഒരു ഫുഡ് ബാങ്കിന്റെ ഇടുങ്ങിയ ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ സ്‌കൈ ന്യുസ് റിപ്പോർട്ടറോട് ഇത് പറയുമ്പോൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ യുവതിയുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് യു കെയിൽ തൊഴിൽ തേടി നൈജീരിയയിൽ നിന്നും എത്തിയതാണ് ആ യുവതി.

നല്ലോരു ജോലിയായിരുന്നു ഏജന്റ് വാഗ്ദാനം ചെയ്തത്. അതിനായി നൈജീരിയയിൽ വെച്ചു തന്നെ അവർ 10,000 പൗണ്ട് ഫീസായി നൽകുകയും ചെയ്തു. എന്നാൽ, ബ്രിട്ടനിലെത്തിയപ്പോഴാണ് താൻ കബളിക്കപ്പെട്ട കാര്യം അവർ മനസ്സിലാക്കുന്നത്. അവർക്കായി ഒരു ജോലിയും തയ്യാറാക്കി വെച്ചിരുന്നില്ല.

സ്‌കൈ ന്യുസ് അന്വേഷണത്തിലൂടെ പുറത്തു വന്ന നിരവധി ഹതഭാഗ്യരുടെ കഥകളിൽ ഒന്നാണ് ഇത്. സ്‌കിൽഡ് വർക്കർ വിസ സിസ്റ്റം ഇടനിലക്കാർ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിലേക്ക് കൂടി ഇത് വിരൽ ചൂണ്ടുന്നു. ഇല്ലാത്ത ജോലിക്കായി പല ഇടനിലക്കാരും വൻ തുകകളാണ് ഫീസായി കൈപ്പറ്റുന്നത്.

അങ്ങനെ വഞ്ചിക്കപ്പെട്ടവരിൽ പലരും ഇന്ന് ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് ജീവിതം മുൻപോട്ട് നീക്കുന്നത്. തലക്ക് മീതെ കൂരയില്ലാതെ പാതയോരങ്ങളിൽ അന്തിമയങ്ങുകയാണ് അവരിൽ പലരും. നാട്ടിൽ കഠിനാദ്ധ്വാനം ചെയ്ത്, സ്വന്തം കാലിൽ നിൽക്കുകയും മറ്റു പലരെയും സഹായിക്കുകയും കൂടി ചെയ്ത വ്യക്തിയാണ് താൻ എന്ന് ബ്ലെസിങ് എന്ന് പേര് നൽകിയ ഈ യുവതി പറയുന്നു. ഇന്ന്, മറ്റുള്ളവരുടെ ദയാവായ്പിലാണ് ജീവിതം നയിക്കുന്നത്.

സ്വയം നാണക്കേട് തോന്നുന്ന ഒരു അവസ്ഥയാണിതെന്നും അവർ പറയുന്നു. താൻ ഒരു വിഢിയാണെന്ന് ഉറക്കെ വിളിച്ചു പറയാനും തോന്നുന്നു. പ്രതികാര നടപടികൾ ഉണ്ടായേക്കാം എന്ന ഭയത്തിൽ, തന്നെ സ്പോൺസർ ചെയ്ത കമ്പനിയുമായി ബന്ധപ്പെടരുതെന്ന് അവർ റിപ്പോർട്ടറോട് അപേക്ഷിച്ചു. എന്നാൽ, പാസ്സ്പോർട്ടും മറ്റ് രേഖകളും അവർ റിപ്പോർട്ടറെ കാണിക്കുകയും ചെയ്തു.

ഇത്തരത്തിൽ കബളിക്കപ്പെട്ട് യു കെയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി നൈജീരിയൻ കമ്മ്യുണിറ്റി സെന്റർ സ്ഥാപക മേരി അഡെകുബെ പറയുന്നു. സൗജന്യ ഫുഡ് ബാങ്ക് നടത്തുന്ന കമ്മ്യുണിറ്റി സെന്ററിൽ ഏകദേശം 35 നും 40 നും ഇടയിൽ ആളുകൾ പതിവായി ഭക്ഷണം തേടി എത്താറുണ്ട്. അതിൽ 15 പേരോളം സ്‌കിൽഡ് വിസയുടെ മറവിൽ കബളിക്കപ്പെട്ടവരാണെന്നും അവർ പറഞ്ഞു.

അവരിൽ പലരും നാട്ടിലുള്ള സമ്പാദ്യമെല്ലാം വിറ്റഴിച്ചിട്ടാണ് നല്ലൊരു ഭാവി തേടി ഏജന്റിന് പണം നൽകി യു കെയിൽ എത്തിയത്. പ്രായപൂർത്തിയായ മനുഷ്യർ തങ്ങളുടെ ദുരന്തകഥകൾ പറഞ്ഞ് പൊട്ടിക്കരയുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെടാറുണ്ടെന്ന് മേരി പറയുന്നു. അതുപോലെ കുഞ്ഞുങ്ങളുമായി ജോലി തേടി എത്തിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. ബ്രിട്ടീഷ് നിരത്ത് വക്കിൽ അഭയം തേടുകയാണ് നൈജീരിയൻ ബാല്യങ്ങൾ എന്നും അവർ പറഞ്ഞു.