ലണ്ടൻ: അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബ്രിട്ടൻ. ഈ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് 78,000 പേർ ഇതിനോടകം എത്തിയിട്ടുണ്ട്. ഇതോടെ മൊത്തം അപേക്ഷകളുടെ എണ്ണം 1,75,000 ആയി ഉയർന്നു. 2022 ജൂണിനെ അപേക്ഷിച്ച് 44 ശതമാനം വർധനവുണ്ട്. 2010ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയത് മുതലുള്ള ഏറ്റവും വലിയ വർധനവാണിത്. രാഷ്ട്രീയ അഭയം തേടി ഇന്ത്യയിൽ നിന്ന് ഈ വർഷം 4430 പേരാണ് എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതോടെ എന്താണ് ഇന്ത്യയിൽ ഇതിനുമാത്രം പീഡനമെന്ന ചോദ്യമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ചോദിക്കുന്നത്. അൽബാനിയയിൽ നിന്നാണ് അഭയം തേടിയുള്ള കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. 11,970 അപേക്ഷകൾ ലഭിച്ചു. ഇതിൽ 7557 പേർ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ വഴി എത്തിയവരാണ്. 9964 അപേക്ഷകരുമായി അഫ്ഗാനിസ്ഥാനാണ് അൽബാനിയക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത്.

അഭയം ചോദിച്ചെത്തുന്നവർക്ക് അത് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ തീരുമാനങ്ങളിൽ മൂന്നിലൊന്ന് ഗ്രാന്റുകളായിരുന്നപ്പോൾ, പാൻഡെമിക്കിന് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇത് 'ഗണ്യമായി ഉയർന്നതാണ്', ആഭ്യന്തര ഓഫീസ് പറഞ്ഞു. 2021 മുതൽ ഗ്രാന്റ് നിരക്ക് 70% ന് മുകളിലാണ്. 25%ത്തിലധികം കേസുകൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ്.

ഈ പുതിയ സ്ഥിതിവിവരക്കണക്കുകൾ ഇമിഗ്രേഷൻ, അസൈലം സമ്പ്രദായത്തിൽ ടോറികൾ സൃഷ്ടിച്ച സമ്പൂർണ അരാജകത്വത്തെയാണ് വ്യക്തമാക്കുന്നതെന്ന് ലേബർ ഷാഡോ ഇമിഗ്രേഷൻ മന്ത്രി സ്റ്റീഫൻ കിന്നോക്ക് പറഞ്ഞു.2022-23 കാലഘട്ടത്തിൽ യുകെയിൽ അഭയം തേടിയെത്തുന്നവർക്കായി ഹോം ഓഫീസ് ചെലവ് 3.97 ബില്യൺ പൗണ്ടായിരുന്നു,

2021-22 ലെ 2.12 ബില്യൺ പൗണ്ടിന്റെ ഇരട്ടിയോളം വർധനവാണ് ചിലവൽ വന്നതെന്ന് സർക്കാർ കണക്കുകളിൽ നിന്ന് വ്യക്തം. പത്ത് വർഷങ്ങൾക്ക് മുൻപ് 2012/13 ൽ, മൊത്തം ചെലവ് 500.2 മില്യൺ പൗണ്ട് മാത്രം ആയിരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കണം.