- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ കെയറർ വിസയിൽ എത്തിയത് 40,416 പേർ; ബ്രിട്ടനിലേക്ക് ആകെ 1,70,993 സ്‌കിൽഡ് വിസ അനുവദിച്ചതിൽ നാലിൽ ഒന്നും സ്വന്തമാക്കിയത് ഏജൻസികൾ വഴി കെയറർമാർ; നൂറു കണക്കിന് ഏജൻസികൾ വഴി ആയിരക്കണക്കിന് കോടിയുടെ കച്ചവടം നടന്നുവെന്ന് ഉറപ്പായി; അനേകായിരങ്ങൾ പരാതിക്കാരായി മാറിയതും ബ്രിട്ടൻ ഗൗരവമായെടുക്കും
ലണ്ടൻ: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രത്യേക യോഗ്യതകൾ ഒന്നും ആവശ്യമില്ലാതെ ആരോഗ്യ രംഗത്ത് കെയർ ജോലിക്കായി ആർക്കും കടന്നു വരാം എന്ന തരത്തിൽ ബ്രിട്ടൻ കുടിയേറ്റ സാധ്യതകൾ ലളിതമാക്കുമ്പോൾ ഏറ്റവും അധികം പ്രയോജനപ്പെടുത്തിയതും ദുരുപയോഗം ചെയ്തതും നൈജീരിയക്കാരും മലയാളികളുമാണ് എന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്തു വരുകയാണ്. ഒരൊറ്റ വർഷം കൊണ്ട് കുടിയേറ്റ കണക്കുകൾ അപ്പാടെ തെറ്റിക്കും വിധം കെയറർ വിസയിൽ മാത്രം യുകെയിൽ എത്തിയത് 40416 പേരാണ്. ഇതിൽ നല്ല പങ്കും ലക്ഷക്കണക്കിന് തലവരി പണം നൽകി എത്തിയത് നൈജീരിയക്കാരും മലയാളികളുമാണ്. ഇതുവരെ ആയിരക്കണക്കിന് മലയാളികളാകും എത്തിയത് എന്ന് കരുതപ്പെട്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനായിരത്തിനു മുകളിൽ ഈ വിസയിൽ യുകെയിൽ എത്തിയിട്ടുണ്ടാകും എന്നാണ് സൂചന.
കാരണം ഒളിഞ്ഞും തെളിഞ്ഞു പ്രവർത്തിക്കുന്ന 200 ലധികം യുകെ മലയാളി കെയർ റിക്രൂട്മെന്റ് സ്ഥാപനങ്ങൾ നടത്തിയ കൊള്ളക്കൊയ്ത്തിൽ കയറി വന്നവരാണ് നല്ലപങ്കും. ഓരോ ഏജൻസിയും നൂറുകണക്കിന് മലയാളി യുവതീ യുവാക്കളെയാണ് 20 ലക്ഷം രൂപ വരെ വാങ്ങി എത്തിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് കോടി രൂപയാണ് ഇപ്പോൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഒടുവിൽ നിക്ഷേപിക്കാൻ പോലും പറ്റാതായ പണം ഇപ്പോൾ പലരും സിനിമ നിർമ്മാണം അടക്കമുള്ള മേഖലകളിൽ എത്തിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. കാര്യമായ പണമൊന്നും മുടക്കാതെ കെയർ ഹോമുകൾ നേരിട്ട് നടത്തിയ റിക്രൂട്മെന്റിൽ രണ്ടായിരത്തിനു മുകളിൽ മാത്രം എണ്ണം വരുന്ന മലയാളികൾക്കേ ഏജൻസിക്കാരുടെ അറവു കത്തിയിൽ നിന്നും രക്ഷപെടാനായിട്ടുള്ളൂ.
ജോലി തേടി വന്നവരിൽ കള്ളനാണയങ്ങളും
അതിനിടെ ഒരു വർഷത്തിനിടയിൽ സ്‌കിൽഡ് വർക്ക് വിസ അനുവദിച്ചതിൽ നാലിൽ ഒന്നും കെയർ വർക്കർമാർ സ്വന്തമാക്കിയതും സർക്കാരിനെ അമ്പരപ്പിക്കുകയാണ്. ആകെ അനുവദിച്ച 1,70,993 സ്‌കിൽഡ് വിസയിൽ 40,416 പേരും വന്നത് കാര്യമായ പ്രൊഫഷണൽ യോഗ്യത ആവശ്യമില്ലാത്ത കെയർ വർക്കർ വിസയിലാണ്. പ്രാഥമിക ഇംഗ്ലീഷ് പരീക്ഷ പോലും പാസാകാതെ നാറിക് സർട്ടിഫിക്കറ്റ് വഴി കുറുക്കുവഴിയിൽ വന്നെത്തിയതും ആയിരങ്ങളാണ്. ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് പാസാകാൻ കാത്തിരുന്നുവെങ്കിൽ ഇവരാരും യുകെയിൽ എത്തുമായിരുന്നില്ല എന്നുറപ്പാണ്. ഇത്തരം അയോഗ്യതകൾ കൂടി കൂട്ടിനു ഉണ്ടായിരുന്നതിനാലാണ് ഏജൻസികൾക്ക് ലക്ഷകണക്കിന് രൂപ നൽകാൻ ഇവരൊക്കെ തയ്യാറായതും.
ഇംഗ്ലീഷ് ഭാഷ മാത്രമല്ല നാട്ടിലെ യോഗ്യതയും പരിചയ സമ്പത്തും ഒക്കെ മൊത്തമായി തയ്യാറാക്കി നൽകാനും മംഗലാപുരം പോലെയുള്ള സ്ഥലങ്ങളിൽ മൊത്തവിതരണ ഏജൻസികളും സജീവമായുണ്ട്. എല്ലാ ചേർത്ത് പാക്കേജ് ആകുമ്പോൾ പത്തു ലക്ഷത്തിൽ കിടന്ന വിസക്കച്ചവടമാണ് 22 ലക്ഷം പിന്നിട്ടും കുതിക്കുന്നത്. പ്ലസ് ടു പോലും പാസാകാത്ത കൊല്ലംകാരിയായ സ്ത്രീ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം ഉണ്ടെന്ന സർട്ടിഫിക്കറ്റുമായാണ് ഇപ്പോൾ ബ്രിട്ടനിൽ എത്തിയിരിക്കുന്നത്. ഇതോടെയാണ് കെയറർ വിസയിൽ വന്നവരിൽ ധാരാളം കള്ളനാണയങ്ങളും ഉണ്ടെന്ന നിഗമനം ശക്തമാകാൻ കാരണം.
വന്നവരിൽ പത്തു ശതമാനം പരാതിക്കാരായ മാറി എന്നത് ഗൗരവമുള്ള സാഹചര്യം
കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ഹോം ഓഫിസിന് തേടി എത്തിയിരിക്കുന്നത് 3300 ലേറെ പരാതികളാണ്. അതായത് ആകെ ഒരു വർഷത്തിൽ വന്നവരുടെ പത്തു ശതമാനത്തോളം പേര് ജോലി നഷ്ടമായെന്നോ ജോലി ഇതുവരെയും കിട്ടിയില്ലെന്നോ പറയുന്ന പരാതിക്കാരാണ്. ഒരു തൊഴിൽ രംഗത്ത് ഇത്രയധികം പരാതി എങ്ങനെ വന്നു എന്നത് ഗൗരവമുള്ള വിഷയമാണ്. ഇതേക്കുറിച്ചു അനൗഷിക്കാതിരിക്കാനാകില്ല എന്നതാണ് സാഹചര്യം. ഇത്രയധികം പേര് ഒറ്റയടിക്ക് പരാതിക്കാരായി മാറിയത് തന്നെ ഈ രംഗത്ത് നല്ല വിധം ചൂഷണം നടന്നു എന്നതിന്റെ കഥ പറയുന്ന തെളിവുകളാണ്.
മാത്രമല്ല ഇപ്പോഴും ചതിക്കപ്പെട്ടവരിൽ നല്ല പങ്കു മലയാളികൾ പരാതിയുമായി മുന്നോട്ടു വരാൻ തയ്യാറല്ല എന്നതും പ്രധാനമാണ്. ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന ചതിയന്മാരുടെ വാക്ക് കേട്ട് കഴിയുകയാണ് ചെറുപ്പക്കാരായ മലയാളികൾ പലരും. നിലവിലെ പരാതികളിലും ധാരാളം മലയാളി പേരുകൾ കണ്ടെത്താനാകുമ്പോൾ ഒരു പക്ഷെ മറ്റുള്ളവർ കൂടി പരാതി നൽകുമ്പോൾ ഏറ്റവും അധികം പേര് പറ്റിക്കപ്പെട്ടതും കേരളത്തിൽ നിന്നാകാം എന്ന കണ്ടെത്തലും ഉണ്ടായേക്കാം.
ഇതെല്ലാം മുന്നിൽ വച്ചാകും ഉടൻ നടക്കാനിരിക്കുന്ന ഇന്ത്യ -ബ്രിട്ടീഷ് വ്യാപാര ചർച്ചകളിൽ ബ്രിട്ടീഷ് വാണിജ്യ മന്ത്രി കെമി ബഡാനോച്ച ഇപ്പോൾ നടത്തുന്ന ചർച്ചകളിൽ കെയർ വിസകൾ കൂടുതൽ സ്വന്തമാക്കിയതും ഇന്ത്യക്കാർ ആണെന്ന വാദമുയർത്തും. വ്യാപാര ചർച്ചകളിൽ കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ വിസകൾ നൽകണമെന്ന ഇന്ത്യൻ ആവശ്യം ഉയരും എന്ന് വ്യക്തമായതിനാലാണ് കെമി ഏറ്റവും പുതിയ കണക്കുകളുമായി ഇന്ത്യയിലെത്തുക. ഇന്ത്യക്ക് അർഹതയിൽ കൂടുതൽ ലഭിച്ചു കഴിഞ്ഞു എന്ന് സ്ഥാപിക്കാനും കെമി തയ്യാറാകും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.