- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ അടക്കം വിസ ലോബി അഴിഞ്ഞാടുന്നു; ഓസ്‌ട്രേലിയൻ റിക്രൂട്ടിങ് നടത്തിയ അങ്കമാലിയിലെ സ്ഥാപന ഉടമ മുങ്ങി; പണം പോയവർ ജീവനക്കാരനെ വട്ടം പിടിച്ചപ്പോൾ പൊലിഞ്ഞതു മൂന്നു ജീവനുകൾ; കൂട്ട ആത്മഹത്യ ചെയ്തത് ഏജൻസി ജീവനക്കാരനും മാതാപിതാക്കളും
ലണ്ടൻ: വിസ ലോബി കേരളത്തിൽ അഴിഞ്ഞാടുകയാണ്. മൂന്നര പതിറ്റാണ്ടു മുൻപ് പുറത്തു വന്ന നാടോടിക്കാറ്റ് എന്ന സിനിമയിലെ റിക്രൂട്ടിങ് ഏജന്റ് ആയി വേഷമിടുന്ന മാമുക്കോയയുടെ ഗഫൂറിക്കയുടെ അപരന്മാർ ഇപ്പോഴും കേരളത്തിൽ വിലസുന്നു എന്നത് ഭരിച്ചു പോയവരുടെയും ഭരിക്കുന്നവരുടെയും വീഴ്ചയായി മാറുമ്പോൾ വ്യാജ ഏജൻസികൾ മൂലം പിറക്കുന്ന രക്തസാക്ഷികളുടെ എണ്ണവും ഉയരുന്നു. വിസ കച്ചവട ലോബിക്ക് പണം നൽകി വഞ്ചിക്കപ്പെടുന്നവരുടെ കാലം നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിൽ തുടരുന്നു എന്ന യാഥാർത്ഥ്യമാണ് രണ്ടു ദിവസം മുൻപ് നെടുമ്പാശേരിക്കടുത്തു കുറുമശേരിയിലെ അമ്പാട്ടുപറമ്പിൽ രക്തസാക്ഷികളായ ഒരു കുടുംബത്തിലെ മൂന്നു പേരിലൂടെ തെളിയുന്നത്.
ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുമ്പോൾ നടുങ്ങുകയും കരിദിനവും ഹർത്താലും നടത്തി അതിൽ വീര പരിവേഷം സൃഷ്ടിക്കുന്നവർ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവൻ ഇല്ലാതായിട്ടും അതിനിടയായ കാരണത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നാണ് കേരളം ഇപ്പോൾ സാക്ഷിയാകുന്നത്. ഇതിനർത്ഥം നൂറു കണക്കിന് കോടി രൂപയുടെ വ്യാജ ബിസിനസ് നടക്കുന്ന റിക്രൂട്ട്മെന്റ് മേഖലയ്ക്ക് തടയിടാനോ അവരെ നിയമ പരമായി പ്രവർത്തിക്കുന്നതിന് പ്രേരിപ്പിക്കാനോ ഭരണാധികാരികളോ ഉദ്യോഗസ്ഥരോ തയ്യാറല്ല എന്ന് തന്നെയാണ്.
ഓസ്‌ട്രേലിയക്ക് ജോലിക്കുള്ള വിസ നൽകാമെന്നു വാഗ്ദാനം ചെയ്ത് അങ്കമാലിയിലെ ഏജൻസിയാണ് (പേര് വെളിപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ല, വേണ്ടപ്പെട്ടവരുടെ സ്ഥാപനം ആകുമെന്ന് കരുതേണ്ടി വരും) കോടികൾ ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തത്, ഓസ്‌ട്രേലിയയിൽ പോകാനായില്ലെങ്കിൽ യുകെയോ കാനഡയോ ശരിയാക്കാമെന്ന ഓഫറുകളും അടങ്ങിയ പാക്കേജിലാണ് ആളുകൾ പണം നൽകിയത്. എന്നാൽ തീയതികൾ ഓരോന്നായി മാറിമറിഞ്ഞതല്ലാതെ വിസ മാത്രം എത്തിയില്ല. ഇതോടെ ഏജൻസിക്ക് വേണ്ടി ആളെപ്പിടിക്കാൻ ഇറങ്ങിയ ജീവനക്കാരൻ ഷിബിൻ പ്രതിസന്ധിയിലായി. തങ്ങൾ നൽകിയ പണത്തിൽ ഒരു വിഹിതം ഷിബിനും എടുത്തിരിക്കാം എന്നായിരുന്നു പണം നൽകിയിരുന്നവരുടെ ചിന്ത. എന്നാൽ ഇയാൾ ചെറു ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ മാത്രം ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
36കാരനായ ഷിബിനും മാതാപിതാക്കളായ അമ്പാട്ടുപറമ്പിൽ ഗോപി 65, ഭാര്യ ഷീല 56 എന്നിവരുടെ ജീവൻ ഇല്ലാതാക്കപ്പെട്ടതിലൂടെ ഷിബിന്റെ ഭാര്യയും രണ്ടു മക്കളും അനാഥരാക്കപ്പെട്ടിരിക്കുകയാണ്. ഇവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മറ്റുള്ളവർ ആത്മഹത്യ ചെയ്തത്. പണം നഷ്ടമായവർ ബഹളം വയ്ക്കാനെത്തും എന്ന ഭീതിയിലാണ് ഇവർ ആത്മഹത്യ ചെയ്തത് എന്ന സൂചയാണ് ഇപ്പോൾ ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലരും വീട്ടിലെത്തി ബഹളം കൂട്ടി മടങ്ങിയിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. അതോടെ മനം നൊന്ത് അഭിമാന ക്ഷതം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഷിബിന്റെ കൈവശം മാത്രമായി ഒന്നര കോടി രൂപ എങ്കിലും എത്തിയതായാണ് കണക്കുകൾ നൽകുന്ന സൂചന. ഷിബിൻ മരിച്ചതോടെ ഈ തുക മുഴുവൻ അയാളുടെ തലയിൽ കെട്ടിവച്ചു ഏജൻസി നടത്തിപ്പുകാരനു രക്ഷപ്പെടുകയും ചെയ്യാം.
ഓസ്‌ട്രേലിയൻ വിസ ലഭിക്കാൻ അഞ്ചു ലക്ഷം രൂപ വീതമാണ് ഏജൻസി വാങ്ങിയിരുന്നത്. ഒരു ഉദ്യോഗാർത്ഥി എത്തുമ്പോൾ അയ്യായിരം മുതൽ പതിനായിരം വരെയുള്ള തുകയാണ് ഷിബിന് കിട്ടിയിരുന്നത് എന്ന് പറയപ്പെടുന്നു. തുടക്കത്തിൽ കുറച്ചു പേർ ഈ ഏജൻസി വഴി ഓസ്‌ട്രേലിയിൽ എത്തിയതോടെ വൻ തിരക്കായി. ഷിബിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പണം നഷ്ടമായവരുടെ കൂട്ടത്തിലുണ്ട്. ഇതോടെ ഏജൻസിക്ക് വേണ്ടി ഷിബിൻ താൽപര്യമെടുത്താണ് കാൻവാസിങ് നടത്തിയത് എന്നാണ് തെളിയുന്നത്. എന്നാൽ കിട്ടിയ പണവുമായി ഏജൻസിക്കാരൻ മുങ്ങിയതോടെ പരിചയക്കാരുടെ പണത്തിനും ഷിബിൻ സമാധാനം പറയേണ്ട സാഹചര്യമായി. ഈ ഘട്ടത്തിൽ പിടിച്ചു നിൽക്കാനാകാതെ ജീവൻ ഒടുക്കുക ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
സ്വന്തമായി ഉണ്ടായിരുന്ന പത്തു സെന്റ് സ്ഥലവും രണ്ടു കടമുറികളും വിറ്റ് കടം വീട്ടാനും ഇയാൾ ശ്രമം നടത്തിയിരുന്നു. എന്നാൽ കൊടുത്തു തീർക്കാൻ ഉണ്ടായിരുന്ന ബാധ്യത അതിനേക്കാളും ഒക്കെ വലിയ തുകയുടേത് ആയിരുന്നു. ബാങ്കിൽ നിന്നും വായ്പയെടുത്തും താൻ മൂലം പണം നഷ്ടമായവരുടെ ബാധ്യത തീർക്കാനും ഷിബിൻ ശ്രമം നടത്തിയിരുന്നു. പക്ഷെ അതിൽ ഒന്നും ഒതുങ്ങുന്നതായിരുന്നില്ല കൊടുക്കാനുള്ള പണം എന്നാണ് അറിയാനാകുന്നത്. ബുധനാഴ്ച രാത്രിയോടെ മരിച്ച മൂന്നു പേരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.
ഷിബിന്റെ ഭാര്യ അനുവും മക്കളും പാലക്കാട് വടക്കാഞ്ചേരിയിൽ ഉള്ള ബന്ധു വീട്ടിൽ പോയ സമയത്താണ് സംഭവം നടക്കുന്നത്. ഫോണിൽ ആരെയും കിട്ടാതായതോടെ അനു നൽകിയ വിവരം അനുസരിച്ചു വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ വീട്ടിൽ വന്നു നോക്കുമ്പോളാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷീലയെ ഹാളിൽ ഫാനിലെ ഹുക്കിലും ഗോപിയെയും ഷിബിനെയും സ്റ്റെയര്കേസിന്റെ കൈവരിയിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയുടെ പേരിലാണ് മരണമെന്നും ഇതിൽ ആർക്കും പങ്കില്ലെന്നും സൂചനയുള്ള കത്ത് പൊലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തു. അനുവിനെയും മക്കളെയും സംരക്ഷിക്കണമെന്ന അഭ്യർത്ഥനയും കത്തിലുണ്ട്. ഷിബിന്റെ സഹോദരൻ 13 വര്ഷം മുൻപ് വിദേശത്തു നിന്നും നാട്ടിലെത്തിയപ്പോൾ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടിരുന്നു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.