- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ സ്കൂളുകളിൽ പഠന മികവിൽ ചൈനക്കാരുടെ തൊട്ടു പിന്നിലായി മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ; ബ്രിട്ടീഷുകാർ ആറാം സ്ഥാനത്തേക്ക്; കുടിയേറ്റക്കാർ ബ്രിട്ടനെ നയിക്കാൻ തയ്യാറെടുക്കുന്നത് പഠനത്തിലും ഉദ്യോഗത്തിലും മികവ് കാട്ടുന്നതിലൂടെ
ലണ്ടൻ: കഴിഞ്ഞ വർഷത്തെ ജിസിഎസ്ഇ പരീക്ഷയുടെ ദേശീയ തല അവലോകനം പുറത്തു വരുമ്പോൾ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത് ചൈനക്കാരായ വിദ്യാർത്ഥികൾ. തൊട്ടു പിന്നാലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഇടം പിടിച്ചു. എന്നാൽ ബ്രിട്ടീഷ് വംശജരായ കുട്ടികൾ ഈ കണക്കെടുപ്പിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നയാണ്.
ഇതിനർത്ഥം ഭാവി തലമുറയെ നയിക്കാൻ കുടിയേറ്റ ജനത തന്നെയാകും ബ്രിട്ടനിൽ മുന്നിൽ നിൽക്കുക എന്ന് തന്നെയാണ്. മികച്ച വിജയം നേടിയ കുട്ടികളുടെ പട്ടിക പുറത്തു വരുമ്പോൾ ദേശീയ ശരാശരി 48 ശതമാനവും ചൈനക്കാരുടേത് 66 ശതമാനവുമാണ്. എന്നാൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർ 61 ശതമാനം മികച്ച വിജയം നേടി രണ്ടാം സ്ഥാനത്തെത്തിയത് ബ്രിട്ടനിലെ മലയാളി സമൂഹത്തിനും നേട്ടമായി വിലയിരുത്തപ്പെടുകയാണ്. ബ്രിട്ടനിലെ 11 ക്ലാസ് പരീക്ഷയായ ജിസിഎസ്ഇ യുടെ 2021 -22 വർഷത്തെ വിലയിരുത്തലാണ് ഇപ്പോൾ സർക്കാർ പുറത്തു വിട്ടിരിക്കുന്നത്.
സ്കൂൾ പഠനത്തിൽ മികവ് കാട്ടുന്നതിൽ കുടിയേറ്റക്കാർ മുന്നിൽ നിൽക്കുന്നത് സ്കൂൾ പാഠ്യ പദ്ധതി പരിഷ്ക്കരിക്കണം എന്നാവശ്യപെടുന്ന കുടിയേറ്റ വംശജൻ കൂടിയായ പ്രധാനമന്ത്രി ഋഷി സുനകിന്റെ ശ്രമങ്ങൾക്കും ഊർജ്ജമായി മാറും. ബ്രിട്ടനിലെ പല സ്കൂളുകളിലും ടോപ് മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളുടെ പേര് എഴുതി ചേർക്കുന്ന ഘട്ടത്തിൽ മലയാളി പേരുകളാണ് ആ സ്ഥാനങ്ങളിൽ ഇടം പിടിക്കുന്നത് എന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. ബ്രിട്ടനിലെ പ്രാദേശിക കണക്കെടുപ്പിൽ ബിർമിൻഹാമിനടുത്ത സട്ടൻ കോൾഡ്ഫീൽഡിലാണ് ഏറ്റവും ഉയർന്ന വിജയ ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെയുള്ള കുട്ടികൾ ശരാശരി 61 ശതമാനം മാർക്കാണ് സ്വന്തമാക്കിയത്.
തൊട്ടു പുറകിൽ കിങ്സ്റ്റൻ അപ്പോൺ തെംസ് ആണ് എത്തിയിരിക്കുന്നത്. ഇവിടെ 60 ശതമാനത്തിലേറെ കുട്ടികൾക്ക് ഉയർന്ന വിജയം രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം കനൗസ്ലി, ബ്ലാക്പൂൾ എന്നിവിടങ്ങളിലാണ് കുട്ടികൾ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത്. ഇവിടെ യഥാക്രമം 36, 38 ശതമാനമാണ് ഉയർന്ന വിജയം. ബ്രിട്ടീഷുകാരായ കുട്ടികൾ ഏറ്റവും മികച്ച പ്രകടനം നടത്തിയത് വെസ്റ്റ്മിനിസ്റ്റർ കൗൺസിൽ പ്രദേശത്താണ്. ഏറ്റവും മോശം വിജയം ബ്രിട്ടീഷുകാർക്കിടയിൽ രേഖപ്പെടുത്തപ്പെട്ടതും കനൗസിലിയിൽ തന്നെയാണ്. ആഫ്രിക്കൻ വംശജരുടെയും ബ്രിട്ടീഷ് വംശജരുടെയും ഉയർന്ന വിജയത്തിൽ ഇടിവ് തട്ടുന്നതായും കണക്കുകൾ കാണിക്കുന്നു. ഏഷ്യൻ വിദ്യാർത്ഥികൾ നടത്തുന്ന മുന്നേറ്റത്തിലാണ് ഈ കോട്ടം സംഭവിക്കുന്നത് എന്ന് വ്യക്തം.
ഏഷ്യാക്കാരിൽ മുന്നിലെത്തിയത് ഇന്ത്യക്കാർ
ഏഷ്യൻ വിഭാഗക്കാരിൽ ഏറ്റവും ഉയർന്ന മാർക്കോടെ മുന്നിൽ എത്തിയത് ഇന്ത്യക്കാരായ വിദ്യാർത്ഥികൾ. 18,221 ഇന്ത്യൻ വിദ്യാർത്ഥികൾ ചേർന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബംഗ്ലാദേശി വിഭാഗക്കാർ 54 ശതമാനം നേടിയപ്പോൾ പാക്കിസ്ഥാൻ വംശജരുടെ വിജയ നേട്ടം 49 ശതമാനത്തിൽ ഒതുങ്ങി. പഠന രംഗത്ത് ഇന്ത്യക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൊയ്തെടുക്കുന്നത്. ആകെ 5. 87 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിൽ 65,000 വിദ്യാർത്ഥികളാണ് ഏഷ്യൻ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ചൈനക്കാർ ഈ കണക്കിൽ ഉൾപ്പെടുന്നുമില്ല. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും മാത്രം ചേർന്നാണ് ഏഷ്യൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്കാരായ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഉള്ള മത്സരത്തിൽ പെൺകുട്ടികൾ തന്നെയാണ് മുന്നിൽ എത്തിയിരിക്കുന്നത്. ആൺകുട്ടികളേക്കാൾ നാലു ശതമാനം അധികം ഇന്ത്യൻ പെൺകുട്ടികളാണ് ഉയർന്ന മാർക്ക് വാങ്ങിയിരിക്കുന്നത്. എന്നാൽ ആകെ പരീക്ഷക്കിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ആൺകുട്ടികളാണ് മുന്നിൽ. പെൺകുട്ടികളേക്കാൾ 600 ലേറെ ഇന്ത്യൻ ആൺകുട്ടികൾ പരീക്ഷ എഴുതിയിട്ടുണ്ട്. എല്ലാ വിഭാഗക്കാരുടെയും കണക്കുകൾ പരിശോധിക്കുമ്പോഴും പെൺകുട്ടികളാണ് ഉയർന്ന മാർക്ക് വാങ്ങിയതിൽ മുന്നിൽ നിൽക്കുന്നത്.
എണ്ണം കുറവായതും ചൈനക്കാർ മുന്നിലെത്താൻ ഒരു കാരണം
ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ കണക്കെടുക്കുമ്പോൾ ചൈനക്കാർ ഏറെ പുറകിലാണ്. ഇതും ശതമാന കണക്കിൽ ഉയർന്ന വിജയത്തിൽ അവർക്ക് മുന്നിലെത്താൻ സഹായകമായ ഒരു ഘടകമാണ്. ആകെ 2400 വിദ്യാർത്ഥികൾ മാത്രമാണ് ചൈനീസ് വിഭാഗത്തിൽ നിന്നും പരീക്ഷ എഴുതിയത്. ഇവരേക്കാൾ 16,000 ഓളം അധികം ഇന്ത്യക്കാർ പരീക്ഷ എഴുതിയിട്ടും ഉയർന്ന ശതമാന കണക്കിൽ വലിയ തോതിൽ ഇന്ത്യക്കാർ പിന്നോക്കം പോയിട്ടില്ല എന്നതും പ്രത്യേകതയാണ്.
കോവിഡ് കാലത്തു നടക്കാതെ പോയ പരീക്ഷകൾക്ക് ശേഷം നടന്ന ആദ്യ പരീക്ഷയിലെ വിജയ ശതമാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വർഷത്തെ പരീക്ഷയുടെ വിശദാംശങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.