- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
ലണ്ടൻ: തിങ്കളാഴ്ച പാർലിമെന്റിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ കടുത്ത ആശയക്കുഴപ്പമാണ് ഇപ്പോൾ മലയാളികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. പൊതുവായി കാര്യങ്ങൾ എല്ലാവർക്കും മനസിലായെങ്കിലും വ്യക്തിപരമായ സാഹചര്യങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ പലരുടെയും സംശയം നിറഞ്ഞ ചോദ്യങ്ങളും വ്യത്യസ്തമാണ്. എന്നാൽ പൂർണമായും ശരിയെന്നോ തെറ്റെന്നോ ഉത്തരം നൽകാനാകും വിധം കാര്യങ്ങൾ വ്യക്തതയോടെ സർക്കാർ പറഞ്ഞിട്ടില്ലാത്തതിനാൽ കൂടുതൽ കൃത്യതയ്ക്കായി കാത്തിരുന്നേ പറ്റൂ.
എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മലയാളികൾക്കിടയിൽ വ്യാപകമായി നടന്ന വിസക്കച്ചവടം ഇനി ഇല്ലാതാകുകയാണ് എന്നുറപ്പിക്കാവുന്ന പ്രഖ്യാപനങ്ങളാണ് ജെയിംസ് ക്ലെവർലി നടത്തിയിരിക്കുന്നത്. അഥവാ നിലവിലെ നിയമം അനുസരിച്ചു യുകെയിൽ കുടിയേറി സർക്കാർ ആനുകൂല്യമൊക്കെ കൈപ്പറ്റി മറ്റുള്ളവരെ പോലെ ജീവിക്കാം എന്ന മലയാളികളുടെ ശരാശരി മോഹത്തിന്റെ കടയ്ക്കലാണ് ആഭ്യന്തര സെക്രട്ടറി മഴു എറിഞ്ഞു താഴെയിട്ടിരിക്കുന്നത്. ഈ മോഹത്തോടെ മാത്രമാണ് ഓരോ മലയാളിയും യുകെയിലേക്ക് വിമാനം കയറുന്നത് എന്നതിനാൽ കൂടിയാണ് മൂന്നും നാലും ലക്ഷത്തിൽ നിന്നിരുന്ന വിസ കച്ചവടം 30 ലക്ഷത്തിനു മേലെ ഉയർന്നിട്ടും വ്യാജ വിസ കച്ചവട ലോബിക്ക് മുന്നിൽ മലയാളികൾ കാശുമായി ക്യൂ നിന്നത്.
കാശ് കൊടുത്താൽ കിട്ടുന്നതാണോ യുകെ വിസ
കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി പതിനായിരക്കണക്കിന് മലയാളികൾ യുകെയിൽ എത്തിയത് ഈ ചിന്തയോടെയാണ്. അതുകൊണ്ടാണ് ലക്ഷങ്ങൾ യുകെ വിസയ്ക്കായി വാരിയെറിയാൻ ശരാശരി മലയാളികൾ തയ്യാറായത്. ആഭ്യന്തര വകുപ്പിന് അടയ്ക്കേണ്ട ഫീസ് അല്ലാതെ ഒരു രൂപ പോലും അധിക ചെലവില്ലാത്ത വിസയ്ക്ക് വേണ്ടിയാണ് ആർത്തി പിടിച്ച വിസ ലോബി ലക്ഷക്കണക്കിന് രൂപ വിസയ്ക്കെന്ന പേരിൽ ഉദ്യോഗാർത്ഥികളിൽ അടിച്ചേൽപ്പിച്ചത്.
യുകെ എന്ന മോഹത്തിനാണ് വിസ ലോബി പത്തും ഇരുപതും ലക്ഷമൊക്കെ തരാതരം പോലെ വിലയിട്ടത്. ഇതിനായി കേരളത്തിലെ മുത്തശ്ശി പത്രത്തെയും വിസ ലോബി കൂട്ടുപിടിച്ചു. ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള യു ട്ഊബർമാരെക്കൂടി വിലയ്ക്കെടുക്കാനായതോടെ കേരളത്തിൽ യുകെയിലെത്താൻ ഒരു പ്രയാസവും ഇല്ലെന്ന ട്രെൻഡ് പരത്താനും ഈ ലോബിക്കായി. ചുരുക്കത്തിൽ കാശുണ്ടെങ്കിൽ യുകെയിൽ എത്താം എന്ന ധാരണയാണ് മലയാളികൾക്കുണ്ടായത്.
എന്നാൽ യുകെ വിസ കാശു കൊടുത്താൽ കിട്ടുന്നതല്ല എന്നതാണ് മിനിഞ്ഞാന്ന് പാർലിമെന്റിൽ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച വിസ നയങ്ങളുടെ ആകെത്തുക. എത്ര പണം മുടക്കിയാലും യോഗ്യത ഇല്ലാത്തവർക്ക് യുകെ വിസ ലഭിക്കില്ല. ചില യോഗ്യതകളോട് കൂടി മാത്രമേ യുകെയിൽ ജീവിക്കാനാകൂ എന്നാണ് ഇപ്പോൾ സർക്കാർ പറയാതെ പറഞ്ഞു വയ്ക്കുന്ന പ്രധാന കാര്യം. കുടുംബത്തെ കൂടെ കൂട്ടി യുകെയിൽ ജീവിക്കണമെങ്കിൽ 38,700 പൗണ്ട് ശമ്പളമുള്ള ജോലി വേണമെന്ന് പറയുന്നത് ഈ യോഗ്യതയിലേക്കുള്ള അളവ് കോലായി മാറുകയാണ്. മികച്ച വിദ്യാഭ്യസം ഉള്ളവർക്ക് മാത്രം ലഭിക്കുന്ന ശമ്പളം ആണ് ഈ തുക.
വിസ ലോബി കച്ചവടം ചെയ്യാൻ ഇറങ്ങിയ കെയർ ജോലി കൊണ്ട് ഈ തുകയുടെ പാതിവരെ മാത്രമേ എത്തൂ എന്നതാണ് വാസ്തവം. എടുത്തു പറയത്തക്ക വലിയ യോഗ്യതയുടെ ഒന്നും പിൻബലത്തിൽ അല്ല ഒരാൾ കെയർ വിസ സ്വന്തമാക്കുന്നതും. മലയാളികളിൽ തന്നെ സാധാരണ ഡിഗ്രിയുടെ പോലും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയാണ് വിസ ലോബി ലക്ഷക്കണക്കിന് രൂപയുടെ വിസ പാക്കേജ് കേരളത്തിൽ യാതൊരു തടസവും കൂടാതെ വിറ്റഴിച്ചത്. ഇതൊക്കെ വ്യക്തമായതോടെയാണ് ഇനി അത്തരക്കാർ യുകെയിൽ കുടുംബവുമായി എത്തി താമസം ഉറപ്പിക്കണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചതും.
ഒരർത്ഥത്തിൽ മലയാളി സമൂഹത്തിലെ പുഴുക്കുത്തുകൾ ആയി മാറിയ വിസ ലോബി ചോദിച്ചു വാങ്ങിയതാണ് ഈ നിയന്ത്രണങ്ങൾ. ഭാവിയിൽ അനേകായിരങ്ങൾക്ക് യുകെയുടെ മണ്ണിൽ ജീവിക്കാനുള്ള അവസരമാണ് ആർത്തി മൂലം ഇല്ലാതാക്കിയത്. ഈ അനീതി ചോദ്യം ചെയ്യാൻ രണ്ടു വർഷമായി ബ്രിട്ടീഷ് മലയാളി വാർത്ത കാമ്പയിൻ നടത്തിയപ്പോഴും യുകെയിലെ സർവ മലയാളി സംഘടനകളും വിസ ചതിക്കുഴികളിൽ വീണു പോകുന്നവരെ കണ്ടില്ലെന്നു നടിക്കുക ആയിരുന്നു.
വിസ കച്ചവടക്കാരെ വാർത്തകളിലൂടെ തുറന്നു കാട്ടിയപ്പോൾ പോലും പരസ്യ പ്രസ്താവനയിലൂടെ എങ്കിലും യുകെയിലേക്കുള്ള മലയാളികളുടെ വരവ് ഇല്ലാതാക്കുന്ന സാഹചര്യമാണ് വിസ കച്ചവടക്കാർ നടത്തുന്നത് എന്ന് സധൈര്യം ചൂണ്ടിക്കാട്ടാൻ പത്തും ഇരുപതും വർഷത്തെ പ്രവർത്തന പരിചയം ഉള്ള മലയാളി സംഘടനകൾ ബോധപൂർവം മറന്നു പോകുക ആയിരുന്നു. അതിനാൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങളിൽ വിസ ലോബിക്കൊപ്പം യുകെയിലെ മലയാളി സമൂഹം കൂടി ഒരു പരിധി വരെ മൗനത്തിലൂടെ ഉത്തരവാദികളായി മാറിയിരിക്കുകയാണ്.
ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വിളിച്ച യോഗത്തിൽ മലയാളി കച്ചവടക്കാരെ കുറിച്ച് രൂക്ഷ വിമർശംഇന്നലെ ബ്രിട്ടനിൽ ആരോഗ്യ വകുപ്പിലെ ഉന്നതർ പങ്കെടുത്ത ചർച്ചയിൽ ഏറെ നേരം സംസാര വിഷയം ആയതു യുകെ മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ആയിരുന്നു എന്നത് ഓരോ യുകെ മലയാളികളുടെയും തല കുനിയാൻ കാരണമാകേണ്ടതാണ്. എല്ലാ എൻഎച്ച്എസ് ട്രസ്റ്റ് പ്രതിനിധികളും പങ്കെടുത്ത ഈ ഉന്നത തല യോഗത്തിൽ വിവിധ ട്രസ്റ്റുകൾക്ക് നഴ്സുമാരെ എത്തിക്കുന്ന അംഗീകൃത മലയാളി ഏജൻസി പ്രതിനിധിയും എത്തിയിരുന്നു. മലയാളി വ്യാജ വിസ കച്ചവടക്കാരെ സംബന്ധിച്ച പരാമർശങ്ങൾ ഉണ്ടായപ്പോഴെക്കെ യോഗത്തിൽ പങ്കെടുത്ത മലയാളികളെ നോക്കിയാണ് ഉന്നത ഉദ്യഗസ്ഥർ കുടിയേറ്റ നിയമം ദുരുപയോഗം ചെയ്യപ്പെട്ടന്ന കുറ്റപ്പെടുത്തൽ നടത്തിയത്.
ഇതിന് അവലംബം ആയി ഉദ്യോഗസ്ഥർ ഉയർത്തിയത് കുപ്രസിദ്ധമായ 2021 നവംബറിലെ നോർത്ത് വെയിൽസ് നഴ്സിങ് ഏജൻസി അറസ്റ്റും. ആ സംഭവത്തിൽ ഇതുവരെ അറസ്റ്റിൽ ആയത് അഞ്ചു യുകെ മലയാളികളാണ്. വിസ കച്ചവടത്തെക്കാൾ ഉപരി വിദ്യാർത്ഥി വിസയിൽ എത്തിയവരെ ഉപയോഗിച്ച് അടിമ സമാനമായ ജോലിക്ക് നിയോഗിച്ചു എന്നായിരുന്നു അന്വേഷണ ഏജൻസി ജിഎൽഎഎ അന്ന് കണ്ടെത്തിയത്.
യുകെയിൽ ഇത്തരം ദുരുപയോഗം കാർ വാഷ് പോലെയുള്ള ഒട്ടും പ്രൊഫഷണൽ അല്ലാത്ത രംഗത്ത് മാത്രമാണ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നതെന്ന് യോഗത്തിൽ ഹോം ഓഫീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഏഷ്യാക്കാർ കെയർ രംഗത്ത് വലിയ വിസ ദുരുപയോഗം നടത്തി എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തുമ്പോൾ ചോദ്യമുന നേരെയെത്തുന്നത് മലയാളികൾക്കിടയിലേക്ക് തന്നെയാണ്. കാരണം മറ്റേതു നാട്ടുകാരേക്കാൾ കൂടുതൽ വ്യാജ വിസ കച്ചവടത്തിന് ഇറങ്ങിയതും യുകെ മലയാളികൾ തന്നെയാണ്.
ആൺ പെൺ വ്യത്യസം ഇല്ലാതെ ഈ രംഗത്ത് ദശ കോടികൾ സ്വന്തമാക്കി തടിച്ചു കൊഴുത്ത റിക്രൂട്ടിങ് കച്ചവടക്കാർ ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത് മലയാളികളുടെ സ്വന്തം തന്നെയാണ്. അതിന്റെ നേർ ഉദാഹരണമാണ് ഇന്നലെ നടന്ന ഉന്നത തല യോഗത്തിലെ കുറ്റപ്പെടുത്തലുകൾ. രണ്ടു പതിറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ മലയാളികളെ ഏറ്റവും അധ്വാന ശീലർ എന്നും കെയറിങ് മനോഭാവം ഉള്ള നാട്ടുകാർ എന്നും വിളിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ ബ്രിട്ടീഷുകാർ രാജ്യത്തെ നിയമം കാശിനു വേണ്ടി വിൽക്കാൻ തയ്യാറായ ആളുകൾ എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നതും.
യുകെ വിസയ്ക്കായി കാശെറിഞ്ഞത് വെറുതെ ആകുമോ?
പുതിയ നിയമങ്ങൾ ഇപ്പോൾ യുകെയിൽ എത്തിയവരെ ബാധിക്കില്ല എന്ന് തന്നെയാണ് പൊതുവിൽ കരുതപ്പെടുന്നത്. എന്നാൽ ഒരൊറ്റ വർഷം ഏഴര ലക്ഷം പേർ എത്തി എന്ന ഭീമമമായ കണക്ക് കുറയ്ക്കാൻ നിലവിൽ പണമെറിഞ്ഞു വിസ സ്വന്തമാക്കിയവർ കാലാവധി കഴിഞ്ഞു വിസ പുതുക്കാൻ എത്തുമ്പോൾ പുതിയ നിയമം കുരുക്കായി മാറുമോ എന്ന് പല കോണുകളിൽ നിന്നും സംശയം ഉയരുന്നുണ്ട്. ഇല്ല എന്ന് സ്വാഭാവികമായും പറയാമെങ്കിലും മറിച്ചു സംഭവിക്കില്ല എന്ന് ഉറപ്പ് പറയാനുമാകില്ല.
അങ്ങനെ സംഭവിച്ചാൽ വലിയൊരു ദുരന്തമായിരിക്കും മലയാളി സമൂഹം കാണേണ്ടി വരിക. ദശലക്ഷക്കണക്കിനു രൂപ വാരിയെറിഞ്ഞു സ്വന്തമാക്കിയ യുകെ വിസ കൊണ്ട് കുടുംബത്തെ കൂടെ നിർത്താൻ ആകില്ലെന്ന് വന്നാൽ ഏതൊരാളുടെയും ചങ്കു തകരും. അങ്ങനെ സംഭവിച്ചാൽ പങ്കാളിയും കുട്ടികളും യുകെ വിടേണ്ടിയും വരും. ആ ഘട്ടത്തിൽ പണം നൽകിയ ഏജന്റിനെ തപ്പി ചെന്നാൽ നിയമം ഉണ്ടാക്കിയത് തങ്ങൾ അല്ലല്ലോ എന്ന മറുപടിയാകും കാത്തിരിക്കുക.
ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് പൊതുവിൽ പറയുന്നത് എങ്കിലും പരിഷ്കാരങ്ങൾ മൂലം നെറ്റ് ഇമിഗ്രേഷനിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ലെങ്കിൽ ഈ വഴി കൂടി നോക്കാമെന്നു ഹോം ഓഫിസിനു തോന്നിയാൽ ഒറ്റയടിക്ക് പതിനായിരങ്ങളെ നാട് കടത്താനാകും. അതിനായി ഇപ്പോൾ പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ അൽപം വ്യക്തത വരുത്തുക എന്നൊരു ചെറിയൊരു കടമ്പ മാത്രമേ സർക്കാരിന് കടക്കാനുണ്ടാകൂ.
അതാകട്ടെ ബ്രിട്ടനിലെ ഏതൊരു സർക്കാരിനും നിഷ്പ്രയാസം സാധിക്കുന്ന കാര്യവും. എന്തായാലും നെറ്റ് ഇമിഗ്രേഷന്റെ അടുത്ത കണക്കുകൾ എത്തുമ്പോഴേക്കും നിലവിലെ സർക്കാർ മാറി പുതിയ സർക്കാർ അധികാരത്തിൽ എത്തിയിരിക്കും എന്നത് മാത്രമാണ് ഇപ്പോൾ ആശ്വാസമാകുന്നത്. പക്ഷെ ഇമിഗ്രേഷൻ പോലെയുള്ള നിർണായക വിഷയങ്ങളിൽ യുകെയിലെ ഏതു പാർട്ടി ഭരിച്ചാലും രാജ്യ താൽപര്യത്തിനു തന്നെയാകും മുൻതൂക്കം ലഭിക്കുക എന്നതും വിസ കച്ചവട ലോബിയുടെ കെണിയിൽ കുരുങ്ങി എത്തിയ പുതു തലമുറ മലയാളികൾക്ക് ആശ്വസിക്കാൻ ഉള്ള വക നൽകുന്ന കാര്യവുമല്ല.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.