- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയർ വിസയിൽ വന്നവർ കാലാവധി കഴിഞ്ഞു പുതുക്കാൻ ചെല്ലുമ്പോൾ നാട് വിട്ടോളാൻ പറയുമോ? ഇൻഡിപെൻഡന്റ് പത്രം പറയുന്നത് മലയാളികൾ പേടിക്കണം എന്ന് തന്നെ; ബ്രിട്ടൺ കുടിയേറ്റ നിയമം ശക്തമാക്കുമ്പോൾ
ലണ്ടൻ: തിങ്കളാഴ്ച ബ്രിട്ടണിൽ കുടിയേറ്റ നിയമം പ്രഖ്യാപിക്കുമ്പോൾ ആഭ്യന്തര സെക്രട്ടറിയുടെ കൈകളിൽ ഇരുന്ന പേപ്പറിലെ വാചകങ്ങൾ അക്ഷരാർത്ഥത്തിൽ മുൻ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാൻ തയ്യാറാക്കിയിരുന്നത് ആയിരുന്നെന്നു വ്യക്തമായതു തൊട്ടു പിന്നാലെ സ്യുവേല നടത്തിയ മാധ്യമ വെളിപ്പെടുത്തൽ തന്നെ ആയിരുന്നു. വാസ്തവത്തിൽ ഈ മാറ്റങ്ങൾ ആറു മാസം മുൻപേ നടപ്പാക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനു പാർട്ടിയിൽ നിന്നും പിന്തുണ ലഭിച്ചില്ല എന്നുമാണ് സ്യുവേല വ്യക്തമാക്കിയത്.
ഇനിയാരും കെയർ വിസയിൽ വന്നു യുകെയിൽ ശേഷ കാലം ജീവിക്കാം എന്നാഗ്രഹിക്കരുത് എന്നാണ് പരിഷ്കാര നടപടികൾ ഒറ്റനോട്ടത്തിൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. യുകെയിലെ ഏറ്റവും മോശം ശമ്പളമാണ് കെയർ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്നതെങ്കിലും ഏതെങ്കിലും ഒത്തു കിട്ടാനാണ് മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർ ഇടിച്ചിടിച്ചു വ്യാജ വിസ കച്ചവടക്കാരുടെ മുൻപിൽ ക്യൂ നിന്നത്. ഇക്കഴിഞ്ഞ 2022 ഫെബ്രുവരി മുതൽ യുകെ തുറന്നിട്ട കെയർ വിസ വാതിലിലൂടെ ഇതിനകം ഒരു ലക്ഷത്തിലേറെപ്പേരും അവരുടെ ആശ്രിതരായി രണ്ടു ലക്ഷത്തിൽ അധികം പേരും വന്നെന്ന കണക്കുകൾ സർക്കാർ പറയുമ്പോൾ യഥാർത്ഥ കണക്കിൽ സംഖ്യാ ഇനിയും ഉയരും എന്നാണ് സൂചന.
ഇതോടെ ഇപ്പോൾ പ്രഖ്യാപിച്ച നടപടികളും വേണ്ടത്ര ഫലം ചെയ്യില്ല എന്നാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ അകത്തളത്തിൽ സംസാര വിഷയം. ഈ സാഹചര്യത്തിൽ ഏവരും ഭയപെട്ടതും യുകെ മലയാളികൾ ആശങ്കയോടെ ചോദിച്ചതുമായ കാര്യത്തിനാണ് ഇന്നലെ ദി ഇൻഡിപെൻഡന്റ് പത്രം മറുപടി നൽകിയിരിക്കുന്നത്. ഇപ്പോൾ യുകെയിൽ എത്തിക്കഴിഞ്ഞ ആശ്രിത വിസക്കാരുടെ വിസ കാലാവധി കഴിയുമ്പോൾ അത് പുതുക്കി നൽകില്ല എന്ന അക്ഷരാർത്ഥത്തിൽ ഞെട്ടൽ സൃക്ഷ്ടിക്കുന്ന വെളിപ്പെടുത്തലാണ് പത്രം നടത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തുറന്ന നിലപാട് സർക്കാർ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പക്ഷെ ഇക്കാര്യം നടപ്പിലാക്കിയാൽ യുകെയിൽ കുടുംബ ജീവിതം സ്വപ്നം കണ്ടു എത്തിയ പതിനായിരക്കണക്കിന് യുകെ മലയാളികളുടെ ഭാവി ഇരുളിലാകും.
കുടുംബത്തെ ഏറെ പ്രയാസപ്പെടുത്തുന്ന തീരുമാനം ആണിതെന്ന വിമർശനത്തോട് യുകെയിൽ കുടുംബ അംഗങ്ങളെ എത്തിച്ചാൽ അവരുടെ ചെലവ് ഏറ്റെടുക്കാനുള്ള ബാധ്യതയും ആ കുടുംബത്തിന് തന്നെ ആണെന്നാണ് വിമര്ശത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ പ്രതികരണം. സർക്കാർ കണക്കിൽ ഉള്ള വരുമാനം ഇല്ലാതെ യുകെയിൽ ആട് ജീവിതത്തിനു തങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഇതിലൂടെ യുകെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നതും. എന്നാൽ കുടുംബങ്ങൾ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് സർക്കാരിന് ഇത്ര പ്രയാസമാണോ എന്ന മട്ടിൽ മുൻ കൺസർവേറ്റീവ് മന്ത്രി ഗർവിന് ബാവെൽ അടക്കമുള്ളവർ വിമർശനം ഉയർത്തി രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോൾ സർക്കാരിന് മുന്നിലെത്തിയ ഏഴര ലക്ഷം കുടിയേറ്റക്കാർ എന്ന കണക്ക് പ്രഖ്യാപിത ലക്ഷ്യമായ മൂന്നര ലക്ഷത്തിലേക്ക് താഴ്ത്തണം എങ്കിൽ ഇതിനകം എത്തിക്കഴിഞ്ഞ കുടുംബങ്ങളെ വേർപിരിക്കുക എന്നതേ വഴിയുള്ളൂ എന്നാണ് ഇൻഡിപെൻഡന്റ് പത്രം പറയുന്നത്. ഇതാകട്ടെ ഹോം ഓഫിസിലെ രഹസ്യ വിവരത്തെ ആസ്പദമാക്കിയുള്ള വിലയിരുത്തൽ കൂടിയാണ്. കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയുന്ന പല ബ്ലോഗുകളും ഈ സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബ വരുമാനം 38700 പൗണ്ട് കാണിക്കാനാകാത്ത കുടിയേറ്റക്കാരെയാകും ഇത് ബാധിക്കുക എന്നും പത്രം വ്യക്തമാക്കുന്നു.
വിസ കാലാവധി കഴിയുമ്പോൾ പുതുക്കി നൽകാം എന്ന ഗ്യാരന്റി ഒരു വിസ അപേക്ഷകനും സർക്കാർ നൽകിയിട്ടില്ല എന്നാണ് ഇക്കാര്യത്തിൽ വ്യക്തത തേടിയപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് നടത്തിയ പ്രതികരണം. എന്നാൽ ഓരോ അപേക്ഷയിലും വ്യക്തിഗത വരുമാനം വ്യത്യസം ഉണ്ടാകും എന്നതിനാൽ വലിയ അളവിൽ അപേക്ഷകരെ ബാധിക്കില്ല എന്ന സൂചനയും പ്രധാനമന്ത്രിയുടെ ഓഫിസ് ചൂണ്ടികാട്ടുന്നു. അതേസമയം ആരെയും പ്രതികൂലമായി ബാധിക്കില്ല എന്ന ഉറപ്പ് നൽകാനും തയാറല്ല. ഈ വിഷയത്തിൽ ബ്രിട്ടൻ വളരെ കൗശലപൂർണമായ സമീപനമാണ് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ തന്നെ എടുത്തിരിക്കുന്നതെന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മൈഗ്രെഷൻ ഒബ്സർവേറ്ററി ഡയറക്ടർ മെഡലിന് സംപ്ഷനും പറയുന്നു.
എത്ര കഷ്ടപ്പെട്ടാലും മക്കളുടെ സുരക്ഷിത ഭാവി ഓർത്താണ് കെയർ വിസ സ്വന്തമാക്കിയ 99 ശതമാനം മലയാളികളും യുകെയിൽ എത്താൻ ഇരുപതും മുപ്പതും ലക്ഷം വരെയൊക്കെ വ്യാജ ഏജൻസികരുടെ പോക്കറ്റിൽ തിരുകി കയറ്റിയത്. ഇന്ത്യയിൽ ഒരു നഴ്സിങ് സീറ്റ് ലഭിക്കാൻ പോലും ലക്ഷങ്ങൾ മുടക്കുകയും കുട്ടി പഠിച്ചിറങ്ങുമ്പോൾ 20 ലക്ഷം രൂപയെങ്കിലും ചുരുങ്ങിയത് ചെലവാക്കേണ്ടിയും വരുമെന്നോർത്താണ് 40 വയസ് പിന്നിട്ടവർ പോലും യുകെ കെയർ വിസ എന്ന കച്ചിത്തുരുമ്പിൽ ചാടി പിടിച്ചത്. എന്നാൽ യുകെയിൽ എത്തി ജീവിതം രക്ഷപ്പെട്ടെന്നു ഓർത്തു സമാധാനിച്ച ഇവരോട് നിങ്ങൾക്ക് തിരിച്ചു പോകാം എന്ന് ബ്രിട്ടൻ പറഞ്ഞാൽ അത് സൃഷ്ടിക്കുന്ന മാനസിക, സാമൂഹ്യ പ്രത്യാഘാതങ്ങൾ ഏറ്റവും ബാധിക്കുക മലയാളികളെയും കേരളത്തെയും ആകുമെന്ന് ഉറപ്പാണ്.
കാരണം കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ വിസ കച്ചവടത്തിൽ കേരളത്തിൽ ഒഴുകിയത് ആയിരത്തിലേറെ കോടി രൂപയാണ് എന്നാണു ഏകദേശ അനുമാനം. വിദേശത്തേക്ക് ആളുകൾ ഒഴുകി തുടങ്ങിയപ്പോൾ ആ വഴിയിൽ സംസ്ഥാനത്തിന് ഉണ്ടായ സാമ്പത്തിക ബാധ്യതയും ഏറെ വലുതാണ് എന്നത് ഇനിയും സർക്കാർ തിരിച്ചറിഞ്ഞിട്ടില്ല എന്നതിനൊപ്പം നാട് വിട്ടവർ അവസാന കച്ചിത്തുരുമ്പും നഷ്ടമായി തിരിച്ചെത്തിയാൽ സമൂഹമെന്ന നിലയിൽ കേരളത്തിന് സൃഷ്ടിക്കുന്ന ബാധ്യത തീരെ ചെറുതായിരിക്കില്ല.
സർക്കാരുകൾ കൈവിടാൻ സാധ്യതയേറെ, സ്വയം കുഴിവെട്ടി വന്നവർ എന്ന ലേബലും ഒപ്പമെത്തും
പത്രവാർത്തകൾ നൽകുന്ന സൂചനകൾ ഭയക്കേണ്ടത് തന്നെ ആണെങ്കിലും മനുഷ്യാവകാശമടക്കമുള്ള കാര്യങ്ങളും മാറി വരുന്ന സർക്കാരിന്റെ നയവും ഒക്കെ ചേർത്താകും ഇപ്പോൾ വന്നവരുടെ വിസ പുതുക്കുന്ന കാര്യത്തിൽ ഹോം ഓഫിസിനു തീരുമാനം എടുക്കാനാകൂ. പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്ന കാര്യം എന്ന നിലയിൽ സമ്മർദ ശക്തിയാകാൻ കേരളത്തിലെ എംപിമാരും സർക്കാരും ശ്രമിച്ചാൽ കേന്ദ്ര സർക്കാരിന് പോലും ബ്രിട്ടനോട് ഇക്കാര്യത്തിലെ ആശങ്കകൾ അറിയിക്കാവുന്നതാണ്. എന്നാൽ ഇക്കാലമത്രയും പ്രവാസികളോട് കേന്ദ്ര കേരള സർക്കാരുകൾ അതിരു കവിഞ്ഞ മമതയും സ്നേഹവും ഒന്നും കാണിച്ചിട്ടില്ലാത്തതിനാൽ യുകെയിൽ നിന്നും പതിനായിരക്കണക്കിന് മലയാളികൾക്ക് മടങ്ങേണ്ടി വന്നാൽ കേന്ദ്ര കേരള സർക്കാരുകൾ കയ്യും കെട്ടി കണ്ടു നിൽക്കുകയേ ഉള്ളൂ എന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നതും.
സറ്റുഡന്റ് വിസ കൂടുതലായി അനുവദിക്കണം എന്നാവശ്യപ്പെട്ട ഇന്ത്യയോട് ആ വിസ ദുരുപയോഗം ചെയ്ത കഥ പറഞ്ഞാണ് ബ്രിട്ടൻ പിടിച്ചു നിന്നത്. അതേ തരത്തിൽ കെയർ വിസയിൽ വന്ന കുടുംബങ്ങളെ മടക്കി അയക്കാൻ തീരുമാനിച്ചാൽ പണം നൽകിയാണ് ഇവരെല്ലാം വന്നതെന്ന, ഇതിനകം കിട്ടിക്കഴിഞ്ഞ ആയിരക്കണക്കിന് പരാതിക്കെട്ടുകൾ ഇന്ത്യയ്ക്ക് നൽകിയാകും ബ്രിട്ടൻ മറുപടി നൽകുക. ചുരുക്കത്തിൽ സ്വയം വീഴാനുള്ള കുഴി വെട്ടിയാണ് ഏജൻസികൾക്ക് പണം നൽകി യുകെയിൽ വന്നവരെ സർക്കാരുകൾ കാണുകയെന്നും വ്യക്തം. ഏജൻസികൾക്ക് പണം നൽകി യുകെയിൽ എത്തരുത് എന്ന ആവർത്തിച്ചാവർത്തിച്ചു നൽകിയ വാർത്തകളോട് മുഖം തിരിച്ച മലയാളികളാണ് ഇപ്പോഴും പണം മുടക്കാൻ തയ്യാറായി നില്കുന്നത്.
ഒരു എജൻസിയുടെയും കൈപിടിക്കാതെ രണ്ടായിരത്തോളം ആളുകൾ പൂർണമായും സൗജന്യമായി വന്ന സാഹചര്യം ഉപയോഗപ്പെടുത്തി തിരക്കടിക്കാതെ യുകെയിൽ എത്താൻ ശ്രമിച്ചിരുന്നെങ്കിൽ ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ എടുത്ത കടും പിടുത്തം ഒഴിവാക്കിയേനെ എന്നതും വസ്തുതയാണ് .യുകെ കുടിയേറ്റത്തെ മാർഗനിർദ്ദേശം നൽകി നിയന്ത്രിക്കാൻ കേരളം ശ്രമിക്കണം എന്ന് ലണ്ടനിൽ നടന്ന ലോക് കേരള യൂറോപ് മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി , നോർക്ക അധികൃതർ എന്നിവർക്ക് വെവ്വേറെ നൽകിയ നിവേദനങ്ങൾ വരെ ചവറ്റു കുട്ടയിൽ ആണെത്തിയത് . സ്വന്തം നാട്ടിലെ ജനങ്ങൾ എത്തിപ്പെടുന്ന ദുർഘട സാഹചര്യം മനസിലാക്കി എത്തുന്ന നൂറുകണക്കിന് ഇമെയിലുകൾ അവഗണിച്ച നോർക്ക വകുപ്പ് അടക്കമുള്ളവരാണ് ഏജൻസികളെ പോലെ തന്നെ യുകെയിൽ എത്തിയ മലയാളികളുടെ ദുർഘടാവസ്ഥക്ക് കാരണക്കാർ എന്നതും സ്പഷ്ടമാണ്.
കാശു വാങ്ങിയ ഏജൻസിക്കാർ കൈകഴുകുന്നത് പോലെ തന്നെയാണ് കേരള സർക്കാരും ഇക്കാര്യത്തിൽ നിലപാട് എടുക്കുന്നതും എന്നതും വിദേശ മോഹം സ്വപനം കണ്ടു വിമാനം കയറിയ മലയാളികളുടെ ദുർവിധി ആയി മാത്രമേ ഇപ്പോൾ വിലയിരുത്താനാകൂ .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.