- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: സോഷ്യൽ കെയറർമാരുടെ ഒഴിവുകൾ വർദ്ധിക്കുന്നത് മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോഴായിരുന്നു ബ്രിട്ടീഷ് സർക്കാർ, സോഷ്യൽ കെയറർമാരെ കൂടി ഷോർട്ടേജ് ഒക്കുപെഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി വിസ ചട്ടങ്ങൾ ലഘൂകരിച്ചത്. ഇതുവഴി ധാരാളം സോഷ്യൽ കെയർമാർക്ക് ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്തി ജോലി ചെയ്യാൻ കഴിഞ്ഞു. എന്നാൽ, ഇത് ചൂഷണവും പീഡനങ്ങളും വർദ്ധിക്കുന്നതിനും കാരണമായി എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞവർഷം, ചുരുങ്ങിയത് 800 കെയറർമാരെങ്കിലും ചൂഷണത്തിന് ഇരകളായതായി ഇനിയും പ്രസിദ്ധീകരിക്കാത്ത ഒരു റിപ്പോർട്ടിൽ പറയുന്നതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ പലരും കെയർ ഹോമുകളിലോ അല്ലെങ്കിൽ വ്യത്യസ്ത വ്യക്തികളുടെ വീടുകളിലോ താമസിച്ച് ജോലി ചെയ്യുന്നവരാണ്. സർക്കാരിന്റെ പുതുക്കിയ വിസ ചട്ടം നിലവിൽ വരുന്നതിന് മുൻപത്തെ കണക്കുകൾ പരിശോധിച്ചാൽ ചൂഷണം വർദ്ധിച്ചത് പത്ത് മടങ്ങായിട്ടാണ് എന്ന് കാണാം.
ചില കെയറർമാർ ഉറങ്ങുന്നത് വൃത്തിഹീനമായ തണുത്ത മുറികളിലാണ്. മാത്രമല്ല, വേതനത്തിന്റെ ഒരു ഭാഗം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. മറ്റു ചിലർ പറയുന്നത് വിസ ലഭിക്കുവാനായി ഏജന്റുമാർക്ക് അമിത തുക നൽകേണ്ടി വന്നു എന്നാണ്. പലയിടങ്ങളിലും ഇവർക്ക് നേരെ പീഡനങ്ങളും, അപമാനിക്കലും വർദ്ധിച്ചു വരികയാണെന്ന് കെയറർ വർക്കർമാർക്കായി പ്രവർത്തിക്കുന്ന ഒരു ജീവ കാരുണ്യ സംഘടന പറയുന്നു.സ്വകാര്യ കെയർ ഹോമുകളിലെ വിദേശ തൊഴിലാളികളുടെ ജീവിതനിലവാരം തിട്ടപ്പെടുത്തുവാൻ എൻ എച്ച് എസ് കർശന പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
അഡൾട്ട് സോഷ്യൽ കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർ, പ്രത്യേകിച്ചും വിദേശ കെയറർമാർ അനുഭവിക്കുന്ന ചൂഷണങ്ങളിലും ആധുനിക അടിമത്തത്തിന്റെ ഭാഗമായ പീഡനങ്ങളിലും ആശങ്കയുണ്ടെന്ന് സർക്കാർ നിയമിച്ച സ്വതന്ത്ര അടിമത്ത് വിരുദ്ധ കമ്മീഷണ എലെനോർ ല്യോൻസ് പറയുന്നു.
ഇത്തരം കേസുകൾ ഓരോ വർഷവും വർദ്ധിച്ചു വരികയാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 11,000 പൗണ്ട് വരെ ഏജന്റുമാർക്ക് നൽകിയാണ് പലരും ഇവിടെ എത്തുന്നത്. എത്തിയാൽ ചിലപ്പോൾ ജോലി ലഭിച്ചില്ലെന്നിരിക്കും. അതല്ലെങ്കിൽ പറഞ്ഞുറപ്പിച്ചതിലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടതായി വരും.
ആധുനിക അടിമത്തം ഇപ്പോൾ ബ്രിട്ടീഷ് സോഷ്യൽ കെയർ മേഖലയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്ന് സി ക്യൂ സി കഴിഞ്ഞമാസം എം പിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലുകൾക്ക് മാത്രം നൽകിയിരുന്ന താത്ക്കാലിക വിസ കെയറർമാർക്കും നൽകുന്ന നിയമം നടപ്പിലാക്കിയതോടെയാണ് ഈ മേഖലയിലെ ചൂഷണങ്ങളുടെ എണ്ണം കുതിച്ചുയർന്നത്.