ലണ്ടൻ: കോവിഡ് കാലത്തു സാധാരണക്കാക്കരെയും ജീവനക്കാരെയും ചെറുകിട കച്ചവടക്കാരെയും ബിസിനസുകാരെയും ഒക്കെ ആവും വിധം കയ്യയച്ചു സഹായിച്ച കഥകളാണ് ബ്രിട്ടനെ ലോകത്തെ ഞെട്ടിച്ച മരണക്കണക്കിലും തലയുയർത്തി നിൽക്കാൻ സഹായിച്ചത്. ഫർലോ എന്ന പേരിൽ ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ ധന മന്ത്രിയും ആയ ഋഷി സുനക് പ്ലാൻ ചെയ്ത സഹായ പദ്ധതികൾ ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞതാണ്. സാധാരണക്കാരായ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന കാലത്തു 80 ശതമാനം ശമ്പളമാണ് നേരെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയത്.

പലർക്കും യാത്രാ ചെലവ് അടക്കം ലാഭിക്കാൻ ആയതോടെ ജോലിക്ക് പോകുന്നതിലും നല്ലതായി വിലയിരുത്തപ്പെട്ടത് വീട്ടിൽ ഇരുന്നു സർക്കാർ നൽകുന്ന കോവിഡ് സഹായം വന്നതായിരുന്നു മെച്ചം. ടാക്സി ഓടിച്ചവർക്കും കോർണർ ഷോപ്പുകൾ നടത്തിയവർക്കും ഒക്കെ കൈനിറയെ സഹായമാണ് സർക്കാർ നൽകിയത്. ഇക്കൂട്ടത്തിൽ പതിനായിരം മുതൽ 50,000 പൗണ്ടിലേറെ സഹായം കിട്ടിയവർ പതിനായിരക്കണക്കിനാണ്. ഒട്ടേറെ മലയാളി സ്വയം തൊഴിൽ സംരംഭകരെ തേടിയും ഈ സഹായം എത്തിയിരുന്നു.

ഇതിനൊപ്പം വൻതുകയുടെ വായ്പയും സംഘടിപ്പിച്ച ചില വിരുതന്മാർ മനഃപൂർവ്വം സ്ഥാപനം അടച്ചു പൂട്ടി വായ്പകളിൽ നിന്നും തല ഊരുക ആയിരുന്നു. അവരെ സംബന്ധിച്ച് വായ്പകൾ അടയ്ക്കാൻ കഷ്ടപെടുന്നതിലും ലാഭം സർക്കാർ നൽകിയ സഹായവും കീശയിലാക്കി സ്ഥാപനം അടച്ചു പൂട്ടുക എന്നതായിരുന്നു. എന്നാൽ വായ്പ എടുത്ത തുക കൂടി സ്വന്തം ആവശ്യത്തിന് ചെലവാക്കി അക്കൗണ്ടുകളിൽ തിരിമറി നടത്തുകയും ബിസിനസ് നഷ്ടത്തിലായതിനു കാരണം കാണിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തവർക്ക് എതിരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ഇത്തരം ഒരു കെണിയിൽ കുടുങ്ങിയ സോൾസ്ബറിയിലെ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ സമാൻ ഷാ എന്ന മധ്യവയസ്‌കനെ ഇപ്പോൾ ജയിലിൽ അടയ്ക്കാൻ ഉണ്ടായ ഉത്തരവ് പലരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ വൻതുകയുടെ ലോൺ എടുത്തു ഗ്ലോസ്റ്ററിൽ നിന്നും 30 മൈൽ അകലെയുള്ള ഇടത്തരം പട്ടണത്തിൽ വമ്പൻ മലയാളി ഹോട്ടൽ ആരംഭിച്ച കോട്ടയം ജില്ലക്കാരനായ സംരംഭകൻ പിന്നീട് ലോൺ തുക തിരിച്ചടയ്ക്കാതെ ഓസ്‌ട്രേലിയക്ക് നാട് കടന്നത് ഏറെക്കാലം ബാങ്കിന്റെയും പൊലീസിന്റെയും അന്വേഷണത്തിൽ ആയിരുന്നു.

വകമാറ്റി പണം ചെലവിട്ടവർ നിരീക്ഷണത്തിൽ

സമാനമായ തരത്തിൽ ഒട്ടേറെ പണം തട്ടിക്കലുകൾ കോവിഡ് കാലത്തും അരങ്ങേറി എന്ന വിവരത്തെ തുടർന്നണ് എച്ച്എംആർസി നിർദ്ദേശത്തെ തുടർന്ന് ബിസിനസ് അക്കൗണ്ടുകളിൽ ഉണ്ടായ വരവും പോക്കും നിരീക്ഷിക്കാൻ ആരംഭിച്ചത്. ഇതോടെ കോവിഡ് കാലത്തുണ്ടായ നഷ്ടം എന്ന മട്ടിൽ കണക്കുകളിൽ കണ്ടെത്തിയ വൻതുകയ്ക്ക് പിന്നാലെ പോയ അന്വേഷണം വകമാറ്റി നടത്തിയ ചിലവഴിക്കലാണ് കണ്ടെത്തിയത്.

വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി പണം വക മാറ്റി എന്ന് വ്യക്തമായ കേസുകളിൽ തുടർ നടപടി പുരോഗമിക്കുകയാണ്. കോർണർ ഷോപ്പുകളിലും മറ്റും 50,000 പൗണ്ട് വരെ സഹായധനം ലഭിച്ചവർ അര മില്യൺ മൂല്യമുള്ള വീടുകൾ സ്വന്തമാക്കിയത് ബാങ്ക് ട്രാൻസാക്ഷനുകൾ വഴി കണ്ടെത്തിയ നികുതി വകുപ്പ് വ്യാപകമായ അന്വേഷണം ആരംഭിച്ചത് മലയാളികളെയും അസ്വസ്ഥരാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്. മിഡ്‌ലാൻഡ്സിൽ ഇത്തരത്തിൽ വകമാറ്റി ചെലവാക്കിയ സംരംഭകർക്ക് എച്ചഎംആർസി നോട്ടീസ് എത്തിയതായി സൂചനയുണ്ട്.

കോവിഡ് സഹായധനം വകമാറ്റിയ ആളെ തേടി എത്തിയത് ജയിൽ

സർക്കാർ പ്രത്യേക സഹായധനം എന്ന മട്ടിൽ കോവിഡ് പ്രതിസന്ധി നേരിടാൻ നൽകിയ കോവിഡ് ബൗൺസ് ബാക്ക് ലോൺ ആണ് സോൾസ്ബറിയിലെ ചട്ടിണി ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ സമാൻ ഷായെ പ്രതിക്കൂട്ടിലാക്കിയത്. ഈ പദ്ധതി പ്രകാരം 30,000 പൗണ്ടിന്റെ സഹായമാണ് ഇയാൾ സ്വന്തമാക്കിയത്. ഇയാൾ വിദേശത്തേക്ക് പണം അയക്കുന്ന മണി ട്രാൻസാക്ഷൻ അകൗണ്ട് വഴി പണം വക മാറ്റി ചിലവഴിച്ചതായി കണ്ടെത്തുക ആയിരുന്നു.

ബിസിനസ് രംഗത്ത് നിക്ഷേപിക്കാനുള്ള പണമാണ് ഇയാൾ വ്.ക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചത്. തുടർന്ന് കമ്പനി പാപ്പരായതായി പ്രഖ്യാപിച്ച സമാൻ ചെയ്ത വഞ്ചന കണ്ടെത്തിയ അധികൃതർ നടത്തിയ നീക്കത്തിലാണ് ഇപ്പോൾ ഇയാളെ രണ്ടു വർഷത്തേക്ക് ജയിലിൽ എത്തിച്ചിരിക്കുന്നത്. യുകെ കമ്പനി നിയമ ചാട്ടവും ഇയാൾ ലംഘിച്ചതായി കോടതി കണ്ടെത്തുക ആയിരുന്നു.

വിൻചെസ്റ്റർ ക്രൗൺ കോടതി ഇയാളെ മൂന്നു വർഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും അതിൽ കുറച്ചുകാലം ഇളവ് നൽകാൻ തയ്യാറാവുക ആയിരുന്നു. ഇയാൾ തുടർന്ന് ജയിൽ മോചിതൻ ആയാലും ഭാവിയിൽ ഇത്തരം ലോണുകൾ കരപ്പെടുത്തുന്നത് തടയാനുള്ള നിരീക്ഷണവും ഉണ്ടാകും. ദേശീയ ദുരന്തം എന്ന നിലയിൽ സർക്കാർ നൽകിയ സഹായമാണ് സമാൻ ദുരുപയോഗം ചെയ്തത് എന്നും കോടതിയിൽ അഭിഭാഷകർ വാദം ഉയർത്തി.

ഇയാളെ പോലെ സമാനമായ കുറ്റം ചെയ്തവർ ഏറെയുണ്ടെന്നും ഇതിനിടയിൽ കോടതിയിൽ ബോധിപ്പിക്കപ്പെടുക ആയിരുന്നു. കേസ് നടത്തിപ്പിൽ ചെലവായ 6000 പൗണ്ടും ഇയാൾ കോടതിയിൽ കെട്ടിവയ്ക്കണം. വിദേശത്തേക്ക് പണം അയച്ചും സ്വന്തം ആവശ്യത്തിനായി പണം പിൻവലിച്ചതുമാണ് കമ്പനി പാപ്പരാകാൻ കാരണം ആയതെന്നു കോടതിക്ക് ബോധ്യമായി.