ലണ്ടൻ: യുകെയിലെ യൂണിവേഴ്സിറ്റികളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇൻഡിപെൻഡന്റ് അഡ്ജുഡിക്കേറ്റർക്ക് മുൻപിൽ വിദേശ വിദ്യാർത്ഥികളിൽ നിന്നെത്തിയ പരാതികൾ കഴിഞ്ഞ വർഷം എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളിൽ നിന്നായി കഴിഞ്ഞ വർഷം 3,137 പരാതികളാണ് ഇൻഡിപെൻഡന്റ് അഡ്ജുഡിക്കേറ്റർക്ക് ലഭിച്ചത്. 2022 ലേതിനേക്കാൾ 10 ശതമാനം കൂടുതലാണിത്.

ഇതിൽ 1,268 പരാതികൾ, തദ്ദേശീയരായ വിദ്യാർത്ഥികളേക്കാൾ കൂടുതൽ ഫീസ് നൽകി പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടേതാണെന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. എക്കാലത്തേയും ഉയർന്ന നിരക്കാണിത്. പരാതികളിൽ 90 ശതമനവും വന്നിരിക്കുന്ന യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നാണ്. ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ പരാതികളുടെ എണ്ണം കഴിഞ്ഞ വർഷത്തിനേതിനേക്കാൾ 43 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.

പരാതികൾ വർദ്ധിക്കുമ്പോഴും യു എ ഇയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം വർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് പല യൂണിവേഴ്സിറ്റികളും ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്റ്റുഡന്റ്‌സ് വിസയിൽ നിരവധി ഇളവുകൾ നൽകുന്നുണ്ട്. ഒ ഐ എ ക്ക് ലഭിച്ച പരാതികളിൽ പകുതിയോളം (45 ശതമാനം) വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മാർക്ക്, ഫൈനൽ ഡിഗ്രി ഫലം തുടങ്ങിയ കാര്യങ്ങളിലാണ്. ഇതിലും 2022 നേ അപേക്ഷിച്ച് 38 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ, തദ്ദേശീയരായ വിദ്യാർത്ഥികൾ ഉയർത്തുന്ന പരാതികളേക്കാൾ വളരെ കൂടുതലാണ് വിദേശ വിദ്യാർത്ഥികളുടേത്.

വിദേശ വിദ്യാർത്ഥികൾക്ക് യു കെയിൽ പഠനത്തിനെത്തുന്നതിന് വലിയ തുക ചെലവാക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല, ചിലപ്പോൾ സ്പോൺസർമാരും ഉണ്ടായേക്കും. ഇത് വൻ വിജയം നേടുന്നതിൽ അവർക്ക് മേൽ സമ്മർദ്ദം ഏറെയാക്കും. ഇതായിരിക്കാം ഇവരുടെ പരാതികൾ വർദ്ധിക്കുന്നതിന് കാരണം എന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. അതുപോലെ തന്നെ, വിസ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, തദ്ദേശീയരായ വിദ്യാർത്ഥികൾക്ക് ലഭ്യമായ ചില അവസരങ്ങൾ വിദേശ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താനും ആകില്ല.

ഹാജർ നില ആവശ്യത്തിനില്ലാത്തതിനാൽ പഠനം നിർത്തുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു പിന്നീട് ഏറ്റവും അധികം ലഭിച്ച പരാതികൾ. വിസ നിബന്ധനകളിൽ ഇത് പരാമർശിച്ചിട്ടുള്ളതിനാൽ ഇത്തരത്തിൽ പഠനം നിർത്തലാക്കുന്നത് നിയമവിരുദ്ധമല്ല, മാത്രമല്ല, ചില റിക്രൂട്ടിങ് ഏജന്റുമാരും ഇത് മുതലാക്കാറുണ്ട്. അതേസമയം, ജീവിത ചെലവുകൾ വർദ്ധിച്ചതും വിദേശ വിദ്യാർത്ഥികൾക്ക് മേൽ അമിത സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പലരുടെയും മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതികളിൽ എല്ലാം കൂടി മൊത്തം 1.2 മില്യൻ പൗണ്ടാണ് 2023 ൽ യൂണിവേഴ്സിറ്റികൾ നഷ്ടപരിഹാരമായി നൽകിയത്. ഇതും തൊട്ടു മുൻപത്തെ വർഷത്തേക്കാൾ കൂടുതലാണ്. അതേസമയം, ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആകെ 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉണ്ടെന്നും ഭൂരിഭാഗം വിദ്യാർത്ഥികളും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിൽ സംതൃപ്തരാണെന്നും യൂണിവേഴ്സിറ്റീസ് യു കെ പ്രതിനിധി പ്രതികരിച്ചു. ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് പരാതികളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.