- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കെയര്‍ വിസയില്‍ എത്തി സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് റദ്ദായി കുഴപ്പത്തിലായവര്ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ചൂഷണത്തിന് വിധേയമാകുന്നവര്‍ക്ക് ആശ്വാസമാകുമോ ഈ നീക്കം?
ലണ്ടന്‍: തൊഴിലുടമകള്‍ വിസ നിയമങ്ങള്‍ അനുസരിക്കാത്തതിനാലോ, നൈതികതക്ക് നിരക്കാത്ത നിയമന നടപടികള്‍ സ്വീകരിച്ചതിനാലോ തൊഴില്‍ നഷ്ടമായി യു കെയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിടുന്ന വിദേശ കെയര്‍ ജീവനക്കാരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഫണ്ടിംഗ് പുതുക്കുകയാണ്. എന്നിരുന്നാലും ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് (ഡി എച്ച് എസ് സി) ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റിനുള്ള ഫണ്ട് ഈ വര്‍ഷം കുറച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം, അതായത് 2024 -25 കാലത്തില്‍ 16 മില്യന്‍ പൗണ്ടായിരുന്നു വിദേശ റിക്രൂട്ട്‌മെന്റിനായി നീക്കിവെച്ചിരുന്നത്. അത് ഈ വര്‍ഷം 12.5 മില്യന്‍ പൗണ്ടാക്കി കുറച്ചിട്ടുണ്ട്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യാനുത്തന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കുക. ഇവിടെ ജോലിയില്‍ കയറിയതിനു ശേഷം ചൂഷണങ്ങള്‍ക്ക് വിധേയരാവുകയോ, നൈതികതക്ക് നിരക്കാത്ത പ്രവര്‍ത്തനം അഭിമുഖീകരിക്കേണ്ടി വന്നതിനാലോ, തൊഴിലുടമകള്‍ വിസ ചട്ടങ്ങള്‍ അനുസരിക്കാത്തതിനാലോ തൊഴില്‍ നഷ്ടപ്പെട്ട് നാടുകടത്തല്‍ ഭീഷണി നേരിടുന്നവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
ഹോം ഓഫീസ് ഏജന്‍സിയായ യു കെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ (യു കെ വി ഐ) തൊഴിലുടമകള്‍, വിസ ചട്ടങ്ങള്‍ അനുസരിക്കില്ലെന്ന് കണ്ടെത്തിയാല്‍ അവരുടേ സ്പോണ്‍സറിംഗ് ലൈസന്‍സ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാറുണ്ട്. മരവിപ്പിക്കല്‍ നടപടിയാണെങ്കില്‍ തൊഴിലുടമകള്‍ക്ക് പിന്നീട് വിദേശത്തു നിന്നും പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ കഴിയില്ല. എന്നാല്‍, ലൈസന്‍സ് റദ്ദാക്കിയാല്‍, നിലവിലുള്ള ജീവനക്കാരുടെ സ്പോണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അസാധുവാകും. പിന്നീട് 60 ദിവസത്തിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്ക് രാജ്യം വിടേണ്ടതായും വരും.
ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തദ്ദേശ ഭരണകൂടങ്ങളുടെയോ ബാഹ്യ ഏജന്‍സികളുടെയോ സഹായത്താല്‍ മറ്റൊരു ജോലി കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നേരത്തെ വിദേശത്തു നിന്നും ജീവനക്കാരെ റിക്രൂട്ട് ചെയ്ത സ്ഥാപനങ്ങളെ മാത്രമല്ല, വിസ ചട്ടങ്ങളില്‍ ഉറച്ചു നിന്ന് റിക്രൂട്ട്‌മെന്റ്പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മറ്റ് സ്ഥാപനങ്ങളെയും ഇതിനായി പരിഗണിക്കും.