സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ രോഗിയുടെ ബന്ധുവിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ നഴ്‌സിന് കരിമ്പിന്‍ തണ്ട് കൊണ്ട് അടിയും രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചു. സിങ്കപ്പൂരിലെ റാഫിള്‍സ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ലൈംഗികാതിക്രമം നടത്തിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചത്.

രണ്ട് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ, കരിമ്പിന്‍ തണ്ട് കൊണ്ട് രണ്ട് അടിയുമാണ് ശിക്ഷ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശനെ കാണാനെത്തിയ യുവാവിന് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. യുവാവിനെ അണുവിമുക്തമാക്കാനെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ജൂണ്‍ 18 ന് വൈകിട്ട് ഏഴരയ്ക്കാണ് സംഭവം. മുത്തശനെ കാണാനെത്തിയയാള്‍ മൂത്രമൊഴിക്കാന്‍ ശുചിമുറിയിലേക്ക് കയറിയപ്പോള്‍ പ്രതിയായ നഴ്‌സും പിന്നാലെ കയറി. പിന്നീട് അണുവിമുക്തമാക്കാനെന്ന പേരില്‍ കൈയ്യില്‍ സോപ്പ് പതപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. യുവാവ് ബഹളം വെച്ചതോടെ നഴ്‌സ് പുറത്തിറങ്ങി.

ജൂണ്‍ 21നാണ് സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തിന് ശേഷം നഴ്‌സിനെ അറസ്റ്റ് ചെയ്തു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇരയുടെ പേരോ, പ്രായമോ അടക്കം യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല.