ലണ്ടന്‍: ഇന്ത്യന്‍ തൊഴിലാളിയെ 'അടിമ' എന്ന് വിളിച്ച് അവഹേളിച്ച കെ എഫ് സി ഫ്രാഞ്ചൈസി ഉടമ, ഏകദേശം 70,000 പൗണ്ട് (ഏകദേശം 73 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയൊടുക്കാന്‍ വിധി. തമിഴ്നാട് സ്വദേശിയായ മാദേഷ് രവിചന്ദ്രന്‍ ലണ്ടനിലെ വെസ്റ്റ് വിക്ക്ഹാമിലുള്ള നെക്സസ് ഫുഡ്സ് ലിമിറ്റഡ് എന്ന കെഎഫ്‌സി ഔട്ട്ലെറ്റില്‍ 2023 ജനുവരിയിലാണ് ജോലിയില്‍ പ്രവേശിച്ചത്. കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനായതായി ട്രൈബ്യൂണല്‍ വിചാരണയ്ക്കിടെ അദ്ദേഹം വെളിപ്പെടുത്തി.

2023 മാര്‍ച്ചില്‍ രവിചന്ദ്രന്‍ വാര്‍ഷിക അവധിക്കായി അപേക്ഷിച്ചപ്പോള്‍, തൊഴിലുടമയായ കാജന്‍ തീവിന്തിരം അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ഇയാളോട് കയര്‍ത്തു എന്നാണ് പരാതി. ശ്രീലങ്കന്‍ തമിഴരെ ജോലിക്ക് വെക്കുന്നതായിരുന്നു ഇതിലും നല്ലതെന്ന് പറഞ്ഞ തൊഴിലുടമ, രവിചന്ദ്രനെ 'അടിമ' എന്ന് വിളിക്കുകയും ചെയ്തു. ഇത് പരാതിക്കാരനെ മാനസികമായി അങ്ങേയറ്റം തളര്‍ത്തിയെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി.

അവധി അപേക്ഷ നിരസിച്ചത് വംശീയ വിവേചനത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയ ട്രൈബ്യൂണല്‍, രവിചന്ദ്രന് 66,600 പൗണ്ട് (ഏകദേശം 69.5 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. കോടതി ചെലവുകള്‍ ഉള്‍പ്പെടെയുള്ള തുകയാണ് 70,000 പൗണ്ടിലേക്ക് എത്തുന്നത്.