ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി ബോര്‍ഡ്. ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ ഇവരുടെയും ഫലം പുറത്തുവിടുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഇആടഋ) അറിയിച്ചു.

റദ്ദാക്കിയ പരീക്ഷകള്‍ക്ക് ശരാശരി മാര്‍ക്ക്

ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ ഫെബ്രുവരി 28-ന് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് സുരക്ഷാ കാരണങ്ങളാല്‍ ബോര്‍ഡ് റദ്ദാക്കിയത്. ഈ വിഷയങ്ങളില്‍ മാര്‍ക്ക് നല്‍കുന്നതിനായി പ്രത്യേക മൂല്യനിര്‍ണ്ണയ രീതിയാണ് ബോര്‍ഡ് അവലംബിക്കുക:

നാല് വിഷയങ്ങള്‍ എഴുതിയവര്‍ക്ക്: ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി എടുത്ത് ബാക്കി പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കും.

മൂന്ന് വിഷയങ്ങള്‍ എഴുതിയവര്‍ക്ക്: മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കും.

രണ്ട് വിഷയങ്ങള്‍ മാത്രം എഴുതിയവര്‍ക്ക്: ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് മറ്റ് വിഷയങ്ങള്‍ക്ക് ബാധകമാക്കും.

പൂര്‍ണ്ണമായും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഫലം തയ്യാറാക്കും. കൂടാതെ, സ്‌കൂളുകള്‍ നല്‍കിയ ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളും ഫലപ്രഖ്യാപനത്തിനായി പരിഗണിക്കും.

മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം

നിലവിലെ മൂല്യനിര്‍ണ്ണയ രീതിയിലോ ലഭിച്ച മാര്‍ക്കിലോ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് ബോര്‍ഡ് നടത്തുന്ന പ്രത്യേക പരീക്ഷകളിലൂടെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് അവസരമുണ്ടാകും. പ്രൈവറ്റ്, കമ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകളില്‍ പങ്കെടുക്കാവുന്നതാണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പങ്കെടുത്ത പരീക്ഷകളുടെ അടിസ്ഥാനത്തിലാകും അന്തിമ ഫലം തയ്യാറാക്കുക. പരീക്ഷാ ഫലം എന്നുണ്ടാകുമെന്ന കൃത്യമായ തീയതി ബോര്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.