- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എച്ച് എസിന്റെ ഭാവി മാറ്റിമറിക്കാൻ ഒരു മലയാളി നഴ്സ്; വീട്ടിലെ മുറികൾ ആശുപത്രി ബെഡുകളാക്കി മാറ്റുന്ന വെർച്വൽ ഹോസ്പിറ്റൽ പദ്ധതി സൂപ്പർ ഹിറ്റ്; നിഷ ജോസിന്റെ ആശയം ഏറ്റെടുത്ത് ഏഴായിരത്തിലധികം ബെഡുകളിൽ റിമോട്ട് ചികിത്സ
ലണ്ടൻ: ആശുപത്രി ചികിത്സ എന്ന സങ്കൽപം തന്നെ മാറ്റി മറിക്കുകയാണ് നിഷ ജോസ് എന്ന മലയാളി നഴ്സ്. യു കെ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് സർവീസി (എൻ എച്ച് എസ്) ലെ ഈ നഴ്സിന്റെ ഭാവനയിൽ ഉദിച്ച വെർച്ച്വൽ വാർഡുകൾ ഇപ്പോൾ ഏറെ പ്രചാരം നേടിയിരിക്കുകയാണ്. ഇതുവഴി, ആശുപത്രിയിൽ ലഭിക്കുന്നതിനോട് സമാനമായ ചികിത്സ വീടുകളിൽ തന്നെ രോഗികൾക്ക് ലഭിക്കും. മാത്രമല്ല, ആശുപത്രികളിലെ തിരക്ക് കുറയ്ക്കുവാനും കഴിയും.
മെഴ്സി കെയേഴ്സ് ക്ലിനിക്കൽ ടെലിഹെൽത്ത് ഹബ്ബിലെ ക്ലിനിക്കൽ ടീം ലീഡർ ആയ നഴ്സ് നിഷ ജോസ് പറയുനന്ത് ഈ പദ്ധതി മെഡിക്കൽ കെയർ രംഗത്തെ അടിമുടി മാറ്റിമറിച്ചു എന്നാണ്. സ്വന്തം വീടുകൾ നൽകുന്ന സ്വകാര്യതയിലും സുരക്ഷയിലും ആശുപത്രികളിലേതിനു സമാനമായ ചികിത്സ ലഭിക്കുന്നത് പലർക്കും ഉപകാരപ്പെടുന്നുണ്ട് എന്നും അവർ പറയുന്നു.
എൻ എച്ച് എസിന്റെ പുതിയ വെർച്വൽ വാർഡ് പദ്ധതിയിൽ 340-ൽ അധികം വാർഡുകളാണ് ഉള്ളത്. ഇതിൽ ആകെ7653 വെർച്വൽ ബെഡുകൾ ഉണ്ട്. ഇംഗ്ലണ്ടിലാകമാനമായി 7653 രോഗികളെയാണ് വിദൂര സ്ഥലങ്ങളിൽ ഇരുന്ന് ഡോക്ടർമാർ നിരീക്ഷിക്കുന്നത്. വെർച്വൽ വാർഡ് പദ്ധതി അനുസരിച്ച് ഒരു ആശുപത്രിയിൽ രോഗികൾക്ക് ലഭിക്കുന്ന സേവനങ്ങൾ എല്ലാം തന്നെ ലഭ്യമാക്കാൻ കഴിയുമെന്ന് നിഷ ജോസ് പറയുന്നു.
ഓരോ ആറ് മണിക്കൂർ കൂടുമ്പോഴും നിരീക്ഷണങ്ങൾ രേഖപ്പെടുത്തും. രോഗിയുടെ വീടുകളിൽ തന്നെ ഇ സി ജി എടുക്കും. മേഴ്സി കെയർ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തുനൻ ടെലിഹെൽത്ത് ടീം, സി ഒ പി ഡി, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ ബാധിച്ച 2000 ഓളം പേർക്കാണ് ഒരു ദിവസം സഹായങ്ങൾ ലഭ്യമാക്കുന്നത്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം എൻ എച്ച് എസ് വെർച്വൽ വാർഡുകളിൽ 1 ലക്ഷത്തിലധികം രോഗികളെയാണ് ചികിത്സിച്ചത്.ഈ വർഷം ജനുവരിയിൽ മാത്രം 16,000 രോഗികൾക്ക് വെർച്വൽ വാർഡുകളിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
വീട്ടിലെ പരിചിതമായ അന്തരീക്ഷത്തിൽ, ആശുപത്രികളിലേതിനോട് സമാനമായ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നത് അതിവേഗം രോഗം ഭേദമാകുവാൻ സഹായകരമാകുമെന്ന് എൻ എച്ച് എസ് വക്താവ് പറഞ്ഞു. അതേസമയം ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും ഒരുപോലെ ഗുണകരമായ വെർച്വൽ വാർഡ് സമ്പ്രദായം ആരോഗ്യ സംരക്ഷണ രംഗത്തെ വിപ്ലവകരമായ ഒരു പരിവർത്തനം തന്നെയാണെന്നാണ് ഈ രംഗത്തെ പ്രമുഖരും പറയുന്നത്.
കൂടുതൽ മെച്ചപ്പെട്ട ചികിത്സയും ശുശ്രൂഷയും രോഗബാധിതർക്ക് ലഭ്യമാക്കിയാൽ എമർജൻസി ഹോസ്പിറ്റൽ അഡ്‌മിഷനുകളിൽ അഞ്ചിൽ ഒന്ന് കുറയ്ക്കാൻ ആകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ ഈ പദ്ധതി വിപ്ലവകരമായ മാറ്റമാണ് ആരോഗ്യ രംഗത്തുകൊണ്ടുവന്നിരിക്കുന്നത്. മൾടി സ്‌കിൽഡ് ടീം ആണ് വെർച്വൽ വാർഡ് സങ്കല്പത്തിന്റെ ജീവനാഢി. ഇവർ വിവിധ ടെസ്റ്റുകൾ നടത്തുകയും ചികിത്സകൾ നടത്തുകയും ചെയ്യും. രക്ത പരിശോധന, മരുന്നുകൾ നിർദ്ദേശിക്കുക, ഇൻട്രാവീനസ് ഡ്രിപ്പിലൂടെ ദ്രാവകങ്ങൾ നൽകുക എന്നിവയെല്ലാം ഇവർ ചെയ്യും.
രോഗികളുടെ അവസ്ഥ പ്രതിദിനാടിസ്ഥാനത്തിൽ തന്നെ വിലയിരുത്തും. വാർഡ് റൗണ്ടിൽ ഗൃഹ സന്ദർശനവും ഉണ്ടാകും. എന്നാലും കൂടുതലായി ഇത് ചെയ്യുന്നത് വീഡിയോ കോളിലൂടെയായിരിക്കും. ആപ്പുകൾ, വെയറബിൾ, മറ്റ് മെഡിക്കൽ ഡിവൈസുകൾ എന്നീ സാങ്കേതിക വിദ്യകൾ വെർച്വൽ വാർഡുകളിൽ ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം 50,000 രോഗികൾക്ക് ചികിത്സ നൽകുക എന്ന ഉദ്ദേശത്തോടെ ജനുവരി അവസാനം ആരംബിച്ച എൻ എച്ച് എസ് അർജന്റ് ആൻഡ് എമർജൻസി കെയർ റിക്കവറി പ്ലാനിന്റെ ഭാഗമാണ് വെർച്വൽ വാർഡുകൾ.
മറുനാടന്‍ ഡെസ്‌ക്