ലണ്ടൻ: വളരെ അത്ഭുതകരമായ ഒരു സന്ദേശം അടുത്തിടെ യുകെ മലയാളികളെ തേടി ഹൈ കമ്മീഷൻ ഓഫിസിൽ നിന്നും എത്തിയിരുന്നു. സാധാരണയായി ഇന്ത്യയിലേക്ക് പോകാൻ ഒരു വിസ ലഭിക്കാൻ കാത്തുകെട്ടി കിടക്കേണ്ട സാഹചര്യത്തിൽ നിന്നും വത്യസ്തമായി ഇത്തവണ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുകെയിലെ ഇന്ത്യക്കാർക്ക് പണച്ചെലവ് ഇല്ലാതെയും വേഗത്തിലും വിസ നൽകുമെന്നായിരുന്നു ആ പ്രഖ്യാപനം.

കാക്ക മലർന്നു പറക്കുകയാണോ എന്ന് ഏതൊരു മലയാളിയും ഈ വാർത്ത കണ്ടു ചിന്തിച്ചിരിക്കണം. എന്നാൽ യുകെയിൽ ഉയരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന് അനുസരിച്ചു പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലും സാധാരണക്കാരുടെ ശബ്ദം ഉയരണം എന്നതുകൊണ്ടാണ് ചടുലമായ പ്രവർത്തികൾ വഴി ഇതിനകം ശ്രദ്ധ നേടിയ പുതിയ ഹൈ കമ്മീഷണർ ദുരൈ സ്വാമി ചിന്തിച്ചത്.

വിദേശ ഇന്ത്യക്കാരിൽ ആധിപത്യം നേടാൻ പടിഞ്ഞാറൻ രാജ്യങ്ങൾ

അതിനു പ്രതികരണവും ഉണ്ടായി, പതിവിൽ കവിഞ്ഞ പ്രതിനിധ്യം ഇത്തവണ യുകെയിൽ നിന്നും ഉണ്ടായി, യുകെ മലയാളികളും സാന്നിധ്യം അറിയിച്ചു. എന്നാൽ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ വരുമാനം നൽകുന്ന വിദേശ മലയാളികളെ ഇത്തരം വേദികളിൽ എത്തിക്കാൻ എന്തുകൊണ്ട് കേരളം ശ്രമിക്കുന്നില്ല? ഈ ചോദ്യത്തിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് കേരളത്തിന് വിദേശ മലയാളികളെ കൊണ്ടുള്ള ഗുണം ചുരുങ്ങി വരുന്നു എന്ന കണക്കുകൾ. ഇത്തവണ പ്രവാസി ഭാരതീയ ദിവസിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ആദ്യമായി ഇന്ത്യ വിദേശ ഇന്ത്യക്കാരിൽ നിന്നും നൂറു ബില്യൺ ഡോളർ വിദേശ നാണ്യം സ്വീകരിച്ച കാര്യം പുറത്തു വിടുമ്പോൾ തന്നെ മറ്റൊരു കണക്കു കേരളത്തെ നോക്കി തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

പതിനായിരം കോടി ഡോളറിലേറെ ഇടിവ് നേരിട്ട കേരളത്തിലെ വിദേശ മലയാളികളുടെ വരുമാന ചോർച്ചയ്‌ക്കൊപ്പം ഇന്ത്യയിൽ ഈ കണക്കിൽ മുന്നിൽ മുന്നിൽ നിന്നിരുന്ന കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര മുന്നിൽ കയറിയിരിക്കുന്നു. അവിദഗ്ധ തൊഴലാളികൾ കൂടുതൽ പോയിരുന്ന ഗൾഫിലേക്ക് ഇപ്പോൾ ആ ഒഴുക്ക് സംഭവിക്കുന്നത് ഉത്തർപ്രദേശിൽ നിന്നും. ഇത്തരത്തിൽ ആശങ്കപ്പെടേണ്ട പല കാര്യങ്ങളും വിദേശ മലയാളികളുടെ കാര്യത്തിൽ സംഭവിക്കുക ആണെങ്കിലും കേരളത്തിന് ഇതൊന്നും ഒരു ആധിയേയല്ല.

കേരളത്തിന് ഇനിയുള്ള കാലം വിദേശ മലയാളികളിൽ നിന്നും കാര്യമായ നേട്ടം ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാന ചോർച്ചയാണ് ഇപ്പോൾ കണക്കുകളിൽ നിറയുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിൽ നിന്നും മടങ്ങിയതും മാറുന്ന ട്രെന്റിൽ സാധാരണ ജോലി തേടി മലയാളി യുവാക്കൾ ഗൾഫിലേക്ക് പോകാൻ തയ്യാറാകുന്നുമില്ല എന്നതാണ് വരുമാന ചോർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.

പടിഞ്ഞാറുള്ളവരെ കണ്ടു കേരളം കണ്ണ് മഞ്ഞളിക്കേണ്ട

ഇന്ത്യയിൽ കൂടുതൽ പണം ഒഴുകി വരുന്നത് അമേരിക്ക, യുകെ, കാനഡ തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും ആണെങ്കിലും കേരളത്തിന് ആ വകയിലും പ്രതീക്ഷ കമ്മിയാണ്. കാരണം ഈ നാടുകളിൽ എത്തുന്ന മലയാളികൾ സാധാരണയായി കുടുംബവുമായി സ്ഥിര ജീവിതം ആ നാടുകളിൽ തന്നെ പടുത്തുയർത്തുന്നതിനാൽ ജന്മനാട്ടിലേക്ക് കാര്യമായ പണമൊന്നും അയക്കുന്നതിൽ വലിയ ആശങ്കാകുലരുമല്ല. നല്ലൊരു ശതമാനം യൂറോപ്യൻ, അമേരിക്കൻ, കനേഡിയൻ മലയാളികൾക്കും നിത്യ ജീവിതത്തിനായി കേരളത്തിലേക്ക് സ്ഥിരമായി പണം അയച്ചില്ലെങ്കിലും പ്രയാസപ്പെടുന്നവരുമല്ല. കാരണം കേരളത്തിൽ ഇടത്തരം കുടുംബങ്ങളിൽ നിന്നോ അതിനു മുകളിലോ വരുമാനം ഉള്ളവരാണ് നല്ല പങ്കും ഈ നാടുകളിൽ എത്തുന്നത്.

എന്നാൽ ഇപ്പോൾ ചെറിയ നിലയിൽ എങ്കിലും വിദേശ വരുമാന ചോർച്ച പിടിച്ചു നിർത്താൻ കേരളത്തെ സഹായിക്കുന്നത് അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും എത്തുന്ന പണമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പതിനായിരക്കണക്കിന് മലയാളികൾ യുകെയിലേക്കു കുടിയേറിയത് ഇതിനു പ്രധാന കാരണമാണ്. ഓരോ വർഷവും യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ തേടി എത്തുന്ന തുല്യ എണ്ണം മലയാളി വിദ്യാർത്ഥികളും വളരെ ചെറിയ തോതിൽ ആണെങ്കിലും കേരളത്തിന് വരുമാനം എത്തിക്കുന്നുണ്ട്.

കോവിഡ് കാലത്തെത്തിയ വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്നതിനാൽ അത് മുതലെടുത്തു കേരളത്തിലേക്ക് വലിയ തോതിൽ പണമയച്ച വിദ്യാർത്ഥികൾ ഏറെയാണ്. എന്നാൽ ഇപ്പോൾ ആ ആനുകൂല്യവും ഇല്ലാതായിരിക്കുകയാണ്. കോവിഡാനന്തര കാലത്തിൽ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജീവിത ചെലവിനായി പല വിദ്യാർത്ഥികളും കേരളത്തിൽ നിന്നും പണം അയച്ചു തരാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ട്.

കേരളത്തിനുണ്ടായ തിരിച്ചടി ഭയപ്പെടുത്തുന്നത്, സാമൂഹ്യ സാഹചര്യത്തിലും മാറ്റ സാധ്യത

ലോക ബാങ്കിന്റെ ഏറ്റവും പുതിയ കണക്കിൽ കഴിഞ്ഞ വര്ഷം ഇന്ത്യക്ക് 12 ശതമാനം വിദേശ വരുമാന വർധന പ്രവാസികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. കോവിഡും യുക്രൈൻ യുദ്ധവും ഉണ്ടായിട്ടും ഇന്ത്യ ഈ നേട്ടമെടുത്തത് വലിയ കാര്യമായി വിലായിരുത്തപ്പെടുകയാണ്. കഴിഞ്ഞ 40 വർഷമായി ഇന്ത്യക്ക് പണം എത്തിയിരുന്നത് ഗൾഫിൽ നിന്നായിരുന്നെങ്കിൽ കഴിഞ്ഞ വർഷം ആ സ്ഥാനം പടിഞ്ഞാറൻ രാജ്യങ്ങൾ കയ്യടക്കി എന്നതാണ് സത്യം. ആകെയെത്തിയ പണത്തിൽ 36 ശതമാനവും പടിഞ്ഞാറൻ നാടുകളിലെ ഇന്ത്യക്കാരുടെ വകയാണ്.

അതേസമയം 54 ശതമാനം വിഹിതം നൽകിയിരുന്ന ഗൾഫ് നാടുകളിൽ നിന്നും പോയ വർഷം ലഭിച്ചത് വെറും 28 ശതമാനം മാത്രമാണ്. അമേരിക്കയിൽ നിന്നും മാത്രമായി 23 ശതമാനം വരുമാനം ഒഴുകി എത്തി എന്നതും ശ്രദ്ധേയമാണ്. ഗൾഫ് നാടുകളിൽ നിന്നുമുള്ള വരുമാന ചോർച്ച പ്രത്യക്ഷമായി കേരളത്തിന് തിരിച്ചടി ആകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരുമാന ചോർച്ച കുടുംബങ്ങളെ മാത്രമല്ല കേരളത്തിലെ അനേകം ചെറുകിട പട്ടണങ്ങളെ പോലും ബാധിക്കും എന്നുറപ്പാണ്. ഇതുയർത്തുന്ന സാമൂഹ്യമായ തിരിച്ചടികളും വലുതാണ്.

പെട്ടെന്നൊരുനാൾ പണക്കാരായവർ അതേ വേഗത്തിൽ സാധാരണക്കാരുടെ പട്ടികയിലേക്ക് ചുരുങ്ങുന്നത് അത്ര നിസാരമായി കേരളത്തിന് കൈകാര്യം ചെയ്യാനാകില്ല. ആത്മഹത്യകളും ഉയരുന്ന സാമ്പത്തിക തട്ടിപ്പുകളും ഒക്കെ ഇതിന്റെ പ്രതിഫലനമാണ്. കേരളത്തിന് കോവിഡിനെ തുടർന്ന് 8000 കോടി രൂപയുടെ കാർഷിക തകർച്ച ഉണ്ടായി എന്ന റിപ്പോർട്ടിനൊപ്പമാണ് കഴിഞ്ഞ ദിവസം വിവിധ സാമ്പത്തിക തട്ടിപ്പികളിലായി അടുത്തിടെ മലയാളികൾക്ക് 8000 കോടി രൂപ കയ്യിൽ നിന്നും ചോർന്നു പോയതും വാർത്തയായത്.

ഇതിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുതൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതാപ് റാണയുടെ തട്ടിപ്പു വരെ ഉൾപെടും. എന്നാൽ ഇപ്പോഴും സജീവമായ നൂറു കണക്കിന് വിദേശ റിക്രൂട്ട് തട്ടിപ്പു സ്ഥാപനങ്ങൾ ഊറ്റിയെടുക്കുന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഗൾഫിൽ ഇനി ഭാവിയില്ല എന്ന തിരിച്ചറിവ് നേടിയ മലയാളികളാണ് എങ്ങനെയും യൂറോപ്പിലും യുകെയിലും എത്താനായി തട്ടിപ്പുകാരുടെ മാളത്തിലേക്ക് ഇഴഞ്ഞെത്തുന്നത്.