ലണ്ടൻ: നാടൊക്കെ നാട്ടുകാർ ഉപേക്ഷിക്കുകയാണ് എന്ന് വാർത്തകൾ എത്തികൊണ്ടിരിക്കുമ്പോൾ പ്രതിരോധിക്കണം എന്ന ലക്ഷ്യമുള്ളവർ ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് കേരളത്തേക്കാൾ കൂടുതൽ ആളുകൾ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ വിദേശങ്ങളിലേക്ക് ചേക്കേറുന്നു എന്ന ന്യായം ഉയർത്തിയാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ലോക് സഭ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ തങ്ങൾ കരുതിയതിലും പിടിവിട്ട് പോകുന്ന ലക്ഷണം ആണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന പോളിങ് കണക്കുകൾ. മലയാളികളുടെ കുടിയേറ്റം ശക്തമായ പത്തനംതിട്ടയിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ പത്തു ശതമാനം ആളുകൾ വോട്ട് കുറയാൻ ഇടയായപ്പോൾ പ്രവാസം കൂടുതൽ രേഖപ്പെടുത്തപ്പെട്ട മറ്റു ജില്ലകളിലും ശരാശരി ഏഴു ശതമാനം പേരുടെ കുറവാണു രേഖപ്പെടുത്തുന്നത് .

ഈ ട്രെൻഡിലാണ് കേരളം മുന്നോട്ട് പോകുന്നതെങ്കിൽ വോട്ടു ചെയ്യാനുള്ള ആളുകളുടെ എണ്ണം ഭയാനകമായ തരത്തിൽ കുറഞ്ഞു കൊണ്ടിരിക്കും എന്ന് വിളിച്ചു പറയുന്നത് ഓരോ മലയാളിക്കും മുന്നിൽ എത്തുന്ന കണക്കുകൾ തന്നെയാണ്. തങ്ങളെ ജയിപ്പിച്ചു വിടാൻ പാകത്തിൽ ഉള്ള വിധം ചെറുപ്പക്കാരും യുവത്വവും ഇല്ലാതാകുന്ന നാടായി കേരളം സാവധാനം മാറുകയാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട രാഷ്ട്രീയ നേതൃത്വം ഭാവിയിൽ ചെറുപ്പക്കാർ നാട് വിടാനുള്ള വഴികൾ അടയ്ക്കാനും സാധ്യത ഏറുകയാണ്. കേരളത്തിലെ മധ്യവർഗ കുടുംബങ്ങളിലെ 33 ശതമാനവും ജോലിക്കായി അന്യ നാടുകൾ തേടുകയാണ് എന്നൊരു കണക്ക് അടുത്തിടെ പുറത്തു വന്നതും വോട്ടു ചോർച്ചയുമായി കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്.

വോട്ടിടിച്ചതു പ്രവാസികൾ തന്നെ, സംശയമില്ലാത്ത കണക്കുകൾ

ഇതുവരെ കാണാത്ത പ്രതിഭാസമാണ് കോവിഡാനന്തര കേരളം നൽകുന്നത് . ജീവിക്കാൻ നാട് വിടുകയേ രക്ഷയുള്ളൂ എന്ന ചിന്തയിലാണ് കോവിഡിന് ശേഷം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നാടുപേക്ഷിക്കുന്ന ട്രെന്റിന് ആക്കം വർധിച്ചത്. തിരഞ്ഞെടുപ്പിലും മറ്റും ആവേശത്തോടെ വോട്ടു ചെയ്യാൻ എത്തേണ്ട കന്നിക്കാരും ചെറുപ്പകാരുമാണ് ഇപ്പോൾ കേരളം വിടുന്നവരിൽ മുഖ്യ പങ്കും. മുൻ കാലങ്ങളിൽ 30 കൾക്ക് മുകളിൽ പ്രായമുള്ളവരാണ് ഗൾഫ് തേടിയും മറ്റും പലായനം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പ്ലസ് ടൂ കഴിയുമ്പോൾ തന്നെ തുടർ പഠനത്തിനും ജോലിക്കും നല്ലതു വിദേശ രാജ്യങ്ങൾ ആണെന്ന വസ്തുത പൊതു സമൂഹം അംഗീകരിക്കുകയും അടുത്ത കാലത്തു ഇറങ്ങിയ ഗരുഡൻ, പ്രേമലു തുടങ്ങിയ സിനിമകളിൽ ഒക്കെ യുകെ പഠനവും ജോലിയും പ്രമേയത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതൊക്കെ മാറുന്ന സമൂഹത്തിന്റെ മനസാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ ട്രെന്റിനോട് ഇതുവരെ സമരസപ്പെടാൻ കഴിയാതിരുന്ന സർക്കാർ സംവിധാനങ്ങൾ ഇപ്പോൾ വന്ന പോൾ കണക്കുകളെ അടിസ്ഥാനമാക്കി ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും നാട് ഉപേക്ഷിക്കാതിരിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. സ്റ്റഡി വിസയിലും കെയർ ജോലിക്കായുള്ള പ്രവാസത്തിലും ഓരോ ലോക് സഭ മണ്ഡലങ്ങളിൽ നിന്നും പതിനായിരത്തിലേറെ ചെറുപ്പക്കാർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഇത്തവണ വോട്ടു ചെയ്യാൻ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇത് ജയപരാജയത്തിൽ നേരിട്ട് സ്വാധീനമാകാൻ സാധ്യത ഇല്ലെങ്കിലും വരാനിരിക്കുന്ന പ്രാദേശിക, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തീർച്ചയായും ജയപരാജയ സാധ്യതകളിൽ നിർണായകമായി മാറും എന്നുറപ്പാണ്.

മുന്നിൽ നിൽക്കുന്നത് പത്തനംതിട്ട തന്നെ, ഒലിച്ചു പോയത് ഒന്നേകാൽ ലക്ഷം വോട്ടുകൾ , തൊട്ടു പിന്നാലെ മധ്യകേരളവും

വോട്ടിങ് ശതമാനത്തിൽ തീരെ താഴേക്ക് പോയ പത്തനംതിട്ട മക്കൾ ഉപേക്ഷിച്ച വീടുകൾ അധികമുള്ള കേരളത്തിലെ ജില്ലാ എന്ന പേരിൽ ബിബിസിയിൽ വരെയെത്തി നിൽക്കുകയാണ്. നാടിനെ അപമാനിച്ചു എന്നൊക്കെ പറഞ്ഞു ബിബിസിക്ക് എതിരെ അന്ന് പ്രാദേശിക നേതാക്കൾ കുറെ ബഹളം വച്ചെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല എന്നാണ് അഞ്ചു വർഷം കൊണ്ട് പത്തനംതിട്ടയുടെ വോട്ടിങ് പത്തു ശതമാനം താഴ്‌ത്തിക്കളഞ്ഞത്. അതായതു കഴിഞ്ഞ തവണ പത്തേകാൽ ലക്ഷം പേര് വോട്ടു ചെയ്തിടത്തു ഇത്തവണ വോട്ടിടാൻ എത്തിയത് ഒൻപതു ലക്ഷം പേര് മാത്രം .അതായതു ഒന്നേകാൽ ലക്ഷത്തിന്റെ കുറവ്. ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ ആവശ്യമായതിലും ഏറെ വോട്ടുകളാണ് ഇല്ലാതായത്. സ്‌കൂളിൽ കുട്ടികൾ കുറയുന്നത് മൂലം അടച്ചു പൂട്ടൽ നടക്കുന്നു എന്ന് കേൾക്കുമ്പോൾ കണ്ണടച്ച് വിഴുങ്ങി കളയുന്ന രാഷ്ട്രീയക്കാർക്ക് ഈ കണക്ക് അങ്ങനെയങ്ങു വിഴുങ്ങാനാകില്ല. കാരണം ഈ കുറവ് ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കും. യുകെയുടെ വാതിൽ അടഞ്ഞാലും കാനഡയും ജർമനിയും ഒക്കെ പുതിയ വാതിലുകൾ തുറന്നിടുമ്പോൾ പ്രവാസം കൂടുതൽ ശക്തമായി തുടരും. ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിനെ മാത്രം ആശ്രയിച്ചു യുവത്വത്തിന് ജീവിക്കാൻ കഴിയില്ല എന്ന സത്യം ഭരിക്കുന്നവർ തിരിച്ചറിയുകയും നടപടികൾ എടുക്കുകയും ചെയ്യും വരെ പ്രവാസത്തിലേക്കുള്ള ആകർഷണം കൂടിക്കൊണ്ടിരിക്കും

കേരള കോൺഗ്രെസുകൾ ഏറ്റുമുട്ടിയ കോട്ടയത്ത് നിന്നും ആവിയായതു 93000 വോട്ടുകൾ, ഇത്തവണ ഭൂരിപക്ഷം ഇതിന്റെ നാലിൽ ഒന്നായി ചുരുങ്ങിയേക്കും

പത്തനംതിട്ടയുടെ തനിപ്പകർപ്പാണ് യുകെ മലയാളികൾ ഏറെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളും കാണിച്ചു തരുന്നത്. ഏറെ യുകെ മലയാളികളും ആകാംഷയോടെ നോക്കുന്ന കോട്ടയത്ത് ഇത്തവണ 90000 വോട്ടിന്റെ ചോർച്ച ആണ് സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണി യുഡിഎഫിൽ നിന്നും ജയിച്ചു പോയ 2014 ലെ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുകൾ കുറവാണു ഇത്തവണ പോൾ ചെയ്യപ്പെട്ടത്. കഴിഞ്ഞ തവണ ആകെ 9.10 ലക്ഷം പേര് വോട്ടു ചെയ്ത കോട്ടയത്ത് ഇത്തവണ വോട്ടു ചെയ്തത് 8.23 ലക്ഷം പേര് മാത്രം. കുറവ് വന്ന വോട്ടിലെ പത്തു ശതമാനം എങ്കിലും അധികമായി കിട്ടിയെങ്കിൽ ഇപ്പോൾ നേരിയ ഭൂരിപക്ഷം പ്രതീക്ഷിക്കപ്പെടുന്ന കോട്ടയത്തെ വിജയ ഘടകവും കീഴ്മേൽ മറിഞ്ഞേനെ. അതിനർത്ഥം നഷ്ടമാകുന്ന ഓരോ പ്രവാസി വോട്ടുകളും ഓരോ രാഷ്ട്രീയ സ്ഥാനാര്ഥിയുടെയും പാർട്ടിയുടെയും ജാതകം എഴുതി കുറിക്കാൻ ശക്തിയുള്ളതാണ് എന്നത് തന്നെ. കോട്ടയത്തെ മിക്ക പഞ്ചായത്തുകളിൽ നിന്നും ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ യുകെയിൽ മാത്രം എത്തിയിരിക്കുന്നത്. ഈ നഷ്ടമാകുന്ന വോട്ടുകളിൽ സിംഹ ഭാഗവും കേരള കോൺഗ്രസ്, കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികളുടേതാണ്. അതിനാൽ കോട്ടയത്തിന്റെ പ്രവാസം ഈ മൂന്നു കക്ഷികളെയും സാരമായി തന്നെ ഭാവിയിൽ ബാധിക്കും എന്ന് ഉറപ്പാണ്.

ഇടുക്കിയിലും ചോർന്നത് പത്തു ശതമാനം തന്നെ, 91000 വോട്ടുകൾ പോയ വഴി തപ്പി നട്ടം തിരിഞ്ഞു പാർട്ടികൾ

പത്തനംതിട്ടയ്ക്കും കോട്ടയത്തിനും സമാനമായ കാഴ്ചകളാണ് ഇടുക്കിയും നൽകുന്നത്. കുടിയേറ്റ കർഷകരുടെ വരുമാനം ഇല്ലാതായ ജില്ലയിൽ ഇനി ജീവിക്കാൻ മറുനാടുകളാണ് അഭയം എന്ന തിരിച്ചറിവോടെയാണ് ചെറുപ്പക്കാർ നാട് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസ് ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടിനു ജയിച്ച സാഹചര്യം അല്ലെങ്കിൽ പോലും എതിരാളിക്ക് മാറ്റം ഇല്ലാത്ത സാഹചര്യത്തിൽ വോട്ടു ചോർച്ചയിലും യുഡിഎഫ് ഭയപ്പെടുന്നില്ല. എന്നാൽ വമ്പൻ വോട്ടു ചോർച്ച ഭാവിയിൽ കോൺഗ്രസിനും സിപിഎമ്മിനും കേരള കോൺഗ്രസിനും ഉത്തരമില്ലാത്ത ചോദ്യങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് ഇപ്പോൾ ഇടുക്കി നൽകുന്നത്. യുകെയിലും കാനഡയിലും ഒക്കെയായി ഇടുക്കിക്കാർ കുടിയേറിയതുകൊണ്ട് മാത്രമാണ് കാർഷിക വരുമാനം ഇല്ലാതായ കുടുംബങ്ങൾ ഇപ്പോൾ പിടിച്ചു നില്കുന്നത്. മലയോര ജില്ലയിൽ നിന്നും നഴ്‌സിങ് പഠിക്കാൻ പോലും ഇപ്പോൾ യുകെയിലേക്ക് പറക്കുന്നതാണ് ട്രെൻഡ്.

ചാലക്കുടിയിലും കാണുന്നത് വമ്പൻ വോട്ടുചോർച്ച, ഒപ്പം 20-20 പിടിക്കുന്ന വോട്ടുകൾ കൂടിയായപ്പോൾ കണക്കറിയാതെ ഇടതും വലതും

കഴിഞ്ഞ തവണത്തെ വോട്ടിങ് പാറ്റേണിൽ നിന്നും തികച്ചും വത്യസ്തമായി സംസ്ഥാനം ഒട്ടാകെ വോട്ടു ചോർച്ച ഉണ്ടായപ്പോൾ ശരാശരിയിലും ഉയർന്നു 9 ശതമാനം വോട്ടു ചോർച്ചയാണ് ചാലക്കുടിയിൽ സംഭവിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു 89000 വോട്ടു ചോർന്നത് 15 ശതമാനം വോട്ടു പിടിക്കും എന്ന് കരുതുന്ന 20-20 യുടെ സാന്നിധ്യത്തിൽ നിർണായകമായ കണക്കാണ്. അങ്ങനെ സംഭവിച്ചാൽ വോട്ടു ചോർച്ചയും 20-20 യും ചേർന്ന് ഏകദേശം രണ്ടു ലക്ഷത്തോളം വോട്ടിന്റെ അട്ടിമറി നടത്തും. കഴിഞ്ഞ തവണ തീർത്തും അനുകൂല സാഹചര്യത്തിൽ 1.32 ലക്ഷം വോട്ടിനു ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്.

അന്യ സംസ്ഥാനക്കാർ തിങ്ങി നിറഞ്ഞ ആലുവയും പെരുമ്പാവൂരും അങ്കമാലിയും കുന്നത്തുനാടും ഒക്കെ ചാലക്കുടിയുടെ അക്കൗണ്ടിൽ വരുമ്പോൾ വോട്ടു എങ്ങോട്ടൊക്കെ വീണെന്ന് ഇടതിനും വലതിനും പറയാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. അതിനാൽ ചാലക്കുടിയിലും നാട് വിട്ട ചെറുപ്പക്കാരെ ഓർത്തു പ്രധാന മുന്നണികൾക്ക് ഏറെ പ്രയാസപ്പെടേണ്ടി വരും. പ്രധാന വിദേശ റിക്രൂട്മെന്റ് ഏജൻസികൾ തമ്പടിച്ച സ്ഥലവും രാഷ്ട്രീയപാർട്ടികൾക്ക് ഇവർ വഴി ഒഴുകി എത്തിയ പണത്തിന്റെ പേരിലും രാഷ്ട്രീയ അട്ടിമറികൾ സൃഷ്ടിക്കാൻ പ്രവാസലോകത്തേക്ക് പോയ മലയാളികൾ കാരണമാകും എന്ന് സ്വപ്നത്തിൽ പോലും ഒരു രാഷ്ട്രീയ നേതാവും ചിന്തിച്ചിരിക്കില്ല. ചാലക്കുടിയിൽ ഇടതിന് സ്വാധീനം കൂടിയ കയ്പമംഗലതും കൊടുങ്ങലൂരും ഉണ്ടായ വോട്ടു ചോർച്ച എട്ടു ശതമാനം ആണെങ്കിൽ 2020 കളം നിറയുന്ന കുന്നത് നാട്ടിലെ ചോർച്ച ആറു ശതമാനം മാത്രമാണ്. ഇതിൽ കൃത്യമായ ചില സൂചനകളുണ്ട് . കോൺഗ്രസ് എംഎൽഎമാർ ഉള്ള അങ്കമാലിയിലും ആലുവയിലും ഉണ്ടായ വോട്ടു ചോർച്ച ഒൻപതും പത്തും ശതമാനം വീതമാണ്. അതിനാൽ വോട്ടു എണ്ണുമ്പോൾ ചാലക്കുടിയിലും പലരുടെയും വിയർപ്പ് പൊടിയും എന്ന് വ്യക്തം .

ചെറുപ്പക്കാർ ഒന്നടങ്കം നാടുവിട്ട എറണാകുളത്തു ചോർന്നത് 87000 വോട്ടുകൾ ,നിലവിലെ മഹാഭൂരിപക്ഷവും പുത്തൻ എതിരാളിയും വന്നതിനാൽ ഹൈബി സുരക്ഷിതൻ

മഹാനഗരം എന്ന നിലയിൽ ഏറ്റവും അധികം വിദ്യാഭ്യസ സ്ഥാപനങ്ങൾ ഉള്ള എറണാകുളം മണ്ഡലത്തിൽ നിന്നും ഏറെ ചെറുപ്പക്കാർ ജീവിതം തേടി വിദേശത്തേക്ക് പറന്നിരിക്കാം എന്ന ഊഹത്തിൽ ഇവിടെ നിന്നും ഇല്ലാതായ 87000 വോട്ടിൽ അവരുടെ വിഹിതം തീരെ ചെറുതായിരിക്കില്ല. എന്നാൽ കഴിഞ്ഞ വർഷം 1.69 ലക്ഷം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷവും താരതമെന്യേ പുത്തൻ എതിരാളി എന്നതും ഇപ്പോൾ ഹൈബി ഈഡന് അനുകൂലമായി മാറുന്ന ഘടകമാണ്. ബിജെപിയും 20 20യും ചേർന്നാലും ഹൈബിക്ക് കാര്യമായ ഭീക്ഷണി ഉണ്ടാകില്ല. നഗരത്തിൽ വോട്ടുള്ള അനേകം പേര് വെള്ളിയാഴ്ച അവധി മുതലെടുത്തു വോട്ടെടുപ്പിന്റെ തലേന്ന് തന്നെ സ്വന്തം നാടുകളിലേക്ക് യാത്ര പോയതും പോളിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.

മാവേലിക്കരയിൽ 13 ലക്ഷം വോട്ടർമാരിൽ വോട്ടു ചെയ്തത് എട്ടര ലക്ഷം പേര്, ചോർന്നുപോയ വോട്ടുകൾ 87000, വെറും 61000 വോട്ടിനു ജയിച്ചു പോയ കൊടിക്കുന്നിൽ ഇത്തവണ ജയിച്ചാലും ഭൂരിപക്ഷം കണ്ടു നാണിച്ചു പോയേക്കും

സംസ്ഥാനത്തു പത്തനംതിട്ട കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ പോളിങ് നടന്ന സ്ഥലമാണ് മാവേലിക്കര. ആവേശം സൃഷ്ടിക്കുന്ന ഒരു മത്സരമായി നാട്ടുകാർക്ക് തോന്നാത്തതും പ്രവാസികളുടെ സ്വാധീനം ഉള്ള സ്ഥലം എന്നതും ഒക്കെ വോട്ടു ചോർച്ചയിൽ കാരണം ആയിട്ടുണ്ടാകാം. വെറും 65 ശതമാനം പേര് വോട്ടു ചെയ്തപ്പോൾ കഴിഞ്ഞ തവണത്തേക്കാൾ കുറവ് വന്നത് 87000 വോട്ടുകളാണ്. കഴിഞ്ഞ തവണ കോൺഗ്രസ് തരംഗവും മറ്റു കോൺഗ്രസ് സ്ഥാനാർത്ഥികളിൽ പലരും ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ കൊടിക്കുന്നിൽ അന്ന് ഞെരുങ്ങി ജയിച്ചത് വെറും 61000 വോട്ടിനാണ്. അതിനാൽ ഇത്തവണ വോട്ടിങ്ങിൽ ഉണ്ടായ കുറവ് മറ്റാരേക്കാളും സുരേഷിനെ ബാധിക്കും. കുറഞ്ഞ വോട്ടിന്റെ മാർജിൻ അനുസരിച്ചു നികത്താനുള്ള വലിയ ഭൂരിപക്ഷ സ്വാധീനം സുരേഷിന്റെ കൈവശമില്ല എന്നത് അദ്ദേഹത്തിനും പാർട്ടിക്കും അല്പം അസ്വസ്ഥത സൃഷ്ടിക്കുന്ന ഘടകമാണ്. എതിരാളികളുടെ ദൗർബല്യത്തിൽ സുരേഷ് ജയിച്ചാൽ പോലും ഇത്തവണ സ്വന്തം ഭൂരിപക്ഷം മെലിഞ്ഞു പോയത് കണ്ടു അദ്ദേഹത്തിന് പോലും നാണം തോന്നുന്ന സാഹചര്യമാണ് വോട്ടു ചോർച്ചയെ മാത്രം ആസ്പദമാക്കി നടത്തുന്ന നിരീക്ഷണത്തിൽ ബാക്കിയാകുന്നത്.

ബിജെപി മത്സരിക്കാതെ ബിഡിജെഎസിന് മണ്ഡലം നൽകിയത് ആശ്വാസം ആണെങ്കിലും അവരുടെ സ്ഥാനാർത്ഥിയുടെ ചെറുപ്പം സുരേഷിന്റെ വോട്ടുകളിൽ കുറെ അടർത്തിയെടുക്കാൻ കാരണമായേക്കും. മാവേലിക്കര മണ്ഡലത്തിലെ ഒരൊറ്റ അസെംബ്ലി മണ്ഡലത്തിലും യുഡിഎഫ് എംഎൽഎ ഇല്ല എന്നതും സുരേഷിന്റെ സാധ്യതകളിൽ വിള്ളൽ സൃഷ്ടിക്കുന്ന ഘടകം തന്നെയാണ്. കഴിഞ്ഞ 35 വർഷത്തെ 9 ലോക് സഭ തിരഞ്ഞെടുപ്പുകളിൽ 2004 ൽ മണ്ഡലം ജനറൽ സീറ്റായിരുന്നപ്പോൾ സിപിഎമ്മിലെ സി എസ സുജാത ജയിച്ചത് ഒഴിച്ചാൽ മറ്റെല്ലാ വിജയവും കോൺഗ്രസിന്റെ പേരിൽ ആണെന്നത് സുരേഷിന് ആൽമവിശ്വാസം നൽകുന്ന ഘടകമാണ്. പിജെ കുര്യനും രമേശ് ചെന്നിത്തലയും കൊടികുന്നേൽ സുരേഷും ചേർന്നാണ് ഈ എട്ടു വിജയവും പങ്കിട്ടെടുത്തത്.

കുടിയേറ്റ മലയാളികൾ നിർണായക സ്വാധീനമായ ഈ ആറു മണ്ഡലങ്ങൾ തന്നെയാണ് വോട്ടു ചോർച്ചയിൽ മുന്നിൽ നില്കുന്നത്. മറ്റു മണ്ഡലങ്ങളിലും വോട്ടു ചോർച്ച സംഭവിച്ചിട്ടുണ്ടെങ്കിലും താരതമെന്യേ ഭേദപ്പെട്ട നിലയിലാണ് .പക്ഷെ കുടിയേറ്റം ഇതേ നിരക്കിൽ തുടർന്നാൽ കേരളം ഒട്ടാകെ മധ്യകേരളത്തിന്റെ നിലയിലേക്ക് മാറ്റപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല .സിംഗപ്പൂർ പോലെ ആക്കിയിലെങ്കിലും ചെറുപ്പക്കാർക്ക് ജീവിക്കാൻ പറ്റുന്ന നാടാക്കി കേരളത്തെ മാറ്റിയില്ലെങ്കിൽ ആദ്യ തട്ട് കിട്ടുന്നത് പരമ്പരാഗത പാർട്ടികൾക്ക് തന്നെ ആയിരിക്കും എന്ന സൂചന കൂടി നൽകിയാണ് 18 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊടിയിറക്കം സംഭവിച്ചിരിക്കുന്നത്.