- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ നഴ്സുമാരുടെ സമരത്തിന് ഉണ്ടായിരുന്ന ജനപിന്തുണ ഇനി ഇല്ലാതാവുമോ? ഏപ്രിൽ 30 ന് 48 മണിക്കൂർ സമരത്തിന് പുറമെ ക്രിസ്തുമസ് വരെ തുടർച്ചയായി സമരം; ജൂനിയർ ഡോക്ടർമാരുമായി കൈകോർത്തും മുൻപോട്ട്; രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കും
ലണ്ടൻ: ബ്രിട്ടനിൽ കുറച്ചുകാലമായി നഴ്സുമാരുടെ സമരം കൊടുമ്പിരി കൊണ്ട് മുന്നോട്ടു പോകുകയാണ്. ഈ സമരം കൂടുതൽ ശക്തമാകുമ്പോൾ ഇതുവരെ സമരത്തിന് ലഭിച്ച ജനപിന്തുണ ഇല്ലാതെ പോകുമോ എന്ന ആശങ്കയും ശക്തമാണ്. എൻ എച്ച് എസ്സിന് വാഗ്ദാനം ചെയ്ത പുതിയ ശമ്പള കരാർ ഏറ്റവും അനുയോജ്യമായതാണെന്നും അന്തിമമാണെന്നും സർക്കാർ നിലപാടെടുക്കുമ്പോൾ, ക്രിത്സമസ് വരെ തുടർ സമരങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയാണ് നഴ്സിങ് യൂണിയന്റെ പക്ഷത്തു നിന്നും ഉണ്ടാകുന്നത്. തങ്ങളുടെ അംഗങ്ങൾ ഏപ്രിൽ 30 വൈകിട്ട് 8 മണിമുതൽ 48 മണിക്കൂർ പണിമുടക്കുമെന്ന് വെള്ളിയാഴ്ച്ച തന്നെ റോയൽ കോളേജ് ഓഫ് നഴ്സിങ് (ആർ സി എൻ) പ്രഖ്യാപിച്ചിരുന്നു. 54 ശതമാനം അംഗങ്ങളുടെ വോട്ടോടെയാണെ ആർ സി എൻ പുതിയ ശമ്പള വ്യവസ്ഥ തള്ളിക്കളഞ്ഞത്.
ഇത്തവണ സമരം കടുപ്പിക്കുവാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. എമർജൻസി ഡിപ്പാർട്ട്മെന്റ്, ഇന്റെൻസീവ് കെയർ, കാൻസർ വാർഡുകൾ തുടങ്ങിയവയും ഈ സമരത്തിൽ നിശ്ചലമാകും. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സമരത്തിന് എൻ എച്ച് എസ് നഴ്സുമാർ തുനിയുന്നത്. ഇന്നലെ രാവിലെ ബി ബി സിയുമായി നടത്തിയ അഭിമുഖത്തിൽ, കൂടുതൽ മെച്ചപ്പെട്ട ശമ്പള പാക്കേജ് ആവശ്യപ്പെട്ട ആർ സി എൻ നേതാവ് പാറ്റ് കല്ലൻ, ജൂനിയർ ഡോക്ടർമാരുമായി ഏകോപിച്ചു കൊണ്ടുള്ള സമരത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.
അതെസമയം, എൻ എച്ച് എസിലെ മറ്റു ജീവനക്കാരുടെ യൂണിയനുകൾ ഈ പാക്കേജ് അംഗീകരിച്ച വസ്തുത ചൂണ്ടിക്കാട്ടിയ ടോറി ചെയർമാൻ ഗ്രേഗ് ഹാൻഡ്സ്, പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പാക്കേജിൽ കൂടുതൽ അനുകൂല മാറ്റങ്ങൾ വരുത്താനായേക്കുമെന്ന് പറയുകയും ചെയ്തു. അതേസമയം, സമരം അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ഉത്തരവാദിത്തം സർക്കാർ നിർവഹിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് ലേബർ പാർട്ടി. എന്നാൽ, രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആർ സി എൻ പിന്നോട്ട് പോവുകയാണെന്നും ലേബർ പാർട്ടി ആരോപിക്കുന്നു. അത്തരമൊരു നടപടിയെ പാർട്ടി പിന്തുണയ്ക്കില്ല എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്നും, അടിയന്തര ഘട്ടങ്ങളിൽ നഴ്സുമാർ സമരമുഖത്തു നിന്നും കർമ്മ നിരതരായി എത്തുമെന്നും പാറ്റ് കല്ലൻ ഉറപ്പു നൽകി. എന്നാൽ, സമരത്തിൽ നിന്നും പിന്മാറില്ലെന്നും അവർ വ്യക്തമാക്കി. ഈ മാസം അവസാനവും, മെയ് ആദ്യവും നേരത്തെ പ്രഖ്യാപിച്ചത് പോലെ സമരം തുടരും എന്നും അവർ വ്യക്തമാക്കി. അതിനു ശേഷം വീണ്ടും അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തുമെന്നും, സമരത്തിനനുകൂലമായി കൂടുതൽ വോട്ടുകൾ ലഭിച്ചാൽ ക്രിസ്ത്മസ് വരെ സമരം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
സർക്കാർ നൽകിയ ശമ്പള പാക്കേജ് അംഗങ്ങളുടെ പരിഗണനക്ക് സമർപ്പിച്ചു എന്നും ഒറ്റത്തവണ കോവിഡ് ബോണസ്സ് ഒരു കൈക്കൂലിയായാണ് അംഗങ്ങൾ പരിഗണിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, ക്രിസ്ത്മസ്സ് വരെ സമരം എന്നത് തീർത്തും ഒഴിവാക്കേണ്ട ഒരു സാഹചര്യമാണെന്നാണ് എൻ എച്ച് എസ് പ്രൊവൈഡെഴ്സ് ഡെപ്യുട്ടി ചീഫ് എക്സിക്യുട്ടീവ് സാഫ്രോൺ കോർഡെറി പറഞ്ഞത്. അത് ഒഴിവാക്കുവാൻ സർക്കാർ അടിയന്തരമായി ചർച്ചകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അതിനിടയിൽ, 47,000 ഓളം വരുന്ന ജൂനിയർ ഡോക്ടർമാർ 96 മണിക്കൂർ സമരം അവസാനിപ്പിച്ചു. ദുരിതങ്ങൾ ഏറെ നൽകിയ സമരം വീണ്ടും ആവർത്തിച്ചേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നഴ്സുമാരുടെ യൂണിയനുമായി സഹകരിച്ചുകൊണ്ട് ഒരേ ദിവസമോ തൊട്ടടുത്ത ദിവസങ്ങളിലായോ സമരത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അങ്ങനെയെങ്കിൽ അത് തീർച്ചയായും ദുരിതങ്ങൾ ഇരട്ടിപ്പിക്കും എന്നതിൽ സംശയമില്ല.
മറുനാടന് ഡെസ്ക്