ലണ്ടൻ: കേംബ്രിഡ്ജിലെ മലയാളി നഴ്സിന്റെ അപ്രതീക്ഷിത വിയോഗം യുകെ മലയാളികൾക്കും നാട്ടിലെ പ്രിയപ്പെട്ടവർക്കും എല്ലാം വലിയ ഞെട്ടലാണ് നൽകിയിരിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇന്ന് നാട്ടിലേക്ക് പോകുവാൻ പ്രതിഭ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണ വാർത്ത എത്തിയത്. അമ്മയുടെ വരവും തിരിച്ച് അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതും സ്വപ്നം കണ്ടിരുന്ന പ്രതിഭയുടെ മക്കൾ മരണവാർത്ത അറിഞ്ഞ് തകർന്നിരിക്കുകയാണ് ഇപ്പോൾ.

രണ്ടര വർഷം മുമ്പാണ് പ്രതിഭ യുകെയിലെത്തിയത്. വാടക വീട്ടിലായിരുന്നു താമസം. ഇന്ന് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളതിനാൽ തന്നെ യാത്രയുടെ ഒരുക്കങ്ങൾ എങ്ങനെയായെന്നറിയാൻ ഏറെ നേരം ലണ്ടനിലുള്ള സഹോദരി പ്രതീക്ഷ പ്രതിഭയെ ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല. എന്താണ് കാരണമെന്ന് അറിയാത്തതിനാൽ ഉടൻ തന്നെ പ്രതീക്ഷ ചേച്ചിയുടെ സുഹൃത്തിനെ ബന്ധപ്പെടുകയും വീട് വരെ പോയി നോക്കുവാൻ ആവശ്യപ്പെടുകയും ആയിരുന്നു. സുഹൃത്ത് എത്തിയപ്പോൾ വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെല്ലടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വാടക വീടിന്റെ ഉടമയെ ബന്ധപ്പെടുകയും അകത്ത് കയറി നോക്കിയപ്പോൾ അനക്കമില്ലാതെ കിടക്കുകയും ആയിരുന്നു.

ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് സൂചന. മക്കളെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം നിർത്തിയിട്ടാണ് പ്രതിഭ യുകെയിലേക്ക് വിമാനം കയറിയത്. ഈ യാത്രയിൽ മക്കളേയും കണ്ട് അവരെയും കൂട്ടി തിരികെ യുകെയിലേക്ക് എത്താനാണ് പ്രതിഭ ആഗ്രഹിച്ചിരുന്നത്. എന്നാൽ നല്ല ജീവിതവും സ്വപ്നങ്ങളുമെല്ലാം ബാക്കിയാക്കി പ്രതിഭ മരണത്തിനു കീഴടങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ് പ്രിയപ്പെട്ടവരെല്ലാം അറിഞ്ഞത്.

രണ്ടു വർഷം മുമ്പ് എയർ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തിൽ പങ്കാളിയായ പ്രതിഭ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സാണ്. 2021 ഒക്ടോബർ അഞ്ചിന് രാത്രി ലണ്ടനിൽനിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനത്തിൽ യാത്രയിലായിരുന്നു പ്രതിഭ പത്തനംതിട്ട സ്വദേശിനിയായ മരിയാ ഫിലിപ്പിന്റെ പ്രസവത്തിന് തുണയായത്. ഏഴാം മാസമായിരുന്നു മരിയയ്ക്ക്. ബെഡ് റെസ്റ്റും മരിയയ്ക്ക് നിർദ്ദേശിച്ചിരുന്നു.

എന്നാൽ വിമാനം ലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാർത്ഥിയും നാലു നഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരിൽ ഒബ്‌സ്ട്രറ്റിക് തിയേറ്റർ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടർന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നൽകുകയായിരുന്നു.

വിമാനത്തിൽ താൽക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. യുവതിക്കും തൂക്കം കുറവായിരുന്ന ആൺ കുഞ്ഞിനും അടിയന്തര മെഡിക്കൽ സഹായം ആവശ്യമായതിനാൽ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും അടിയന്തിര വൈദ്യസഹായം നൽകിയ പ്രതിഭ അടക്കമുള്ള മെഡിക്കൽ സംഘത്തിന് കൊച്ചിയിലെത്തിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻപും ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. പിതാവ് കുമരകം കദളിക്കാട്ടുമാലിയിൽ കെ. കേശവൻ റിട്ടയേർഡ് അദ്ധ്യാപകനാണ്. കുമരകം നോർത്ത് സിപിഎം ലോക്കൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.