ഗോൾഡ് കോസ്റ്റ്: നിരവധി മലയാളികൾ താമസിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. കാലങ്ങളായി ഇവിടെ താമസം ആക്കിയ നിരവധി മലയാളികളുണ്ട്. അതുകൊണ്ട് ഓസ്‌ട്രേലിയയുടെ കാലാവസ്ഥയും ഇവർക്ക് പരിചിതമാണ്. എന്നാൽ, പതിവിന് വിപരീതമായി പേമാരിയിലും കൊടുങ്കാറ്റിലും വിറങ്ങലിച്ചു നിൽക്കുകായണ് ക്വീൻസ് ലാൻഡിലെ ഗോൾഡ് കോസ്റ്റ് എന്ന നഗരം. വൈദ്യുതി നിലച്ച വീട്ടിൽ മൂന്ന് ദിവസമായി കഴിയുകയാണ് ഇവിടുത്തെ ആളുകൾ. ഇവിടുത്തെ ദുരനുഭവങ്ങൾ വിവരിച്ചു കൊണ്ട് ഒരു മലയാളി രംഗത്തെ്ത്തി. വർഷങ്ങളായി ഇവിടെ താമസമാക്കിയ ആലുവ സ്വദേശി പിന്റോ ജോസഫാണ് ഓസ്‌ട്രേലിയയെ നടുക്കിയ പേമാരിയെ കുറിച്ചു വിവരിച്ചു രംഗത്തുവന്നത്. പിന്റോ എഴുതുന്നത് ഇങ്ങനെ:

കൂരിരുട്ടാണ് ചുറ്റിനും. ഇവിടത്തെ ജനജീവിതത്തെ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞുകളഞ്ഞു. ഗോൾഡ് കോസ്റ്റിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. ദുബായിയുടെയും സിങ്കപ്പൂരിന്റെയും മാതൃകയിൽ പണിതുയർത്തിയ ഓസ്ട്രേലിയൻ നഗരമാണിത്. 2018ലെ കോമൺവെൽത്ത് ഗെയിംസ് വേദി. ഓസ്ട്രേലിയയിലെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണിത്.

ഇവിടെ മൂന്നുദിവസമായി വൈദ്യുതിയില്ല. ഒന്നരലക്ഷം വീടുകളാണ് ഇരുട്ടിലായിരിക്കുന്നത്. പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള മരണസംഖ്യ ഏഴായി. നാട്ടിലേത് വെച്ചുനോക്കുമ്പോൾ ഇത് ചെറുതായി തോന്നാം. വാഹനമോടിച്ച് പോകുമ്പോൾ മുകളിലേക്ക് മരംവീണും ബോട്ടുതകർന്നുമൊക്കെയാണ് മരണം സംഭവിച്ചത്. വെള്ളക്കെട്ടിൽപ്പെട്ട് മരിച്ചത് കുട്ടികളാണ് എന്നതാണ് ഏറ്റവും സങ്കടകരം. അങ്ങനെ അപകടഭീതിയിലാണ് ഞങ്ങളെല്ലാവരും.

ഗോൾഡ് കോസ്റ്റിലെ കൂമറ, അപ്പർ കൂമറ, ഹെലൻസ് വെയിൽ, പിമ്പാമ, ഹോപ് ഐലൻഡ്, ഓക്സൻ ഫോർഡ് എന്നീ പ്രദേശങ്ങളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത്. എന്റെ പതിനഞ്ചുവർഷത്തെ ഓസ്ട്രേലിയൻ ജീവിതത്തിനിടയിൽ ഇങ്ങനെയൊരു അനുഭവം ആദ്യമാണ്. ഇത്രയും വലിയ മഴയും കൊടുങ്കാറ്റും ഇന്നേവരെ കണ്ടിട്ടില്ല.

മലയാളികൾ ധാരാളമുണ്ടിവിടെ. ആർക്കും പുറത്തിറങ്ങാനാകുന്നില്ല. ജനജീവിതം പാടേ സ്തംഭിച്ചു. സ്മാർട്ട് സിറ്റിയായി പടുത്തുയർത്തപ്പെട്ടതിനാൽ ഇങ്ങനെയൊരു അവസ്ഥ ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷമായ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കാനേ എല്ലാവർക്കും കഴിയുന്നുള്ളൂ.

ഇന്നുവരെ വൈദ്യുതി മുടങ്ങാത്ത നഗരം അത് പോയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷേ വെള്ളം വിതരണം ചെയ്യുന്നത് സർക്കാരാണ്. അതുകൊണ്ടുതന്നെ നാട്ടിലേത് പോലെ കുടിവെള്ളവും പാചകത്തിനുള്ള വെള്ളവും മുടങ്ങിയിട്ടില്ല. നാട്ടിലേതുപോലെ മോട്ടറുകൾ കേടായും ടാങ്കുകൾ വൃത്തികേടായും ജലവിതരണം മുടങ്ങുന്ന അവസ്ഥയുണ്ടായില്ല എന്നതാണ് സമാധാനം. ഗോൾഡ് കോസ്റ്റിനെ മാത്രമല്ല ചുഴലിക്കാറ്റ് ബാധിച്ചത്. ബ്രിസ്ബെയ്ൻ, സൺഷൈൻ കോസ്റ്റ്, ക്വീൻസ് ലാൻഡിലെ വിവിധപ്രദേശങ്ങൾ തുടങ്ങി വിക്ടോറിയയിലെ മെൽബൺ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് നീങ്ങുകയാണത്. സമൂഹമാധ്യമങ്ങളിലും ഫോണിലും നിറയെ പ്രകൃതിക്ഷോഭ മുന്നറിയിപ്പുകളാണ്.

തെക്കുകിഴക്ക് ക്വീൻസ് ലാൻഡ് മുഴുവൻ വ്യാപിച്ചിരിക്കുന്ന ചുഴലിക്കാറ്റ് ഉൾപ്രദേശങ്ങളിൽ നിന്ന് വ്യാപിച്ച് തീരപ്രദേശങ്ങളിലൂടെ ഇപ്പോൾ വിക്ടോറിയയിലേക്കും സിഡ്നിയിലേക്കും കടക്കുകയാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണിതെല്ലാം. എല്ലാവരും ഭീതിയിലാണ്. നാട്ടിലുള്ള ബന്ധുക്കളും പേടിച്ചുവിളിക്കുന്നു.

നമ്മുടെ നാട്ടിലേതുപോലെ കൊടുങ്കാറ്റിന് പേരൊന്നും ഇട്ടിട്ടില്ല. ഇത് കടന്നുപോയ വഴിയിലെല്ലാം നാശനഷ്ടങ്ങളാണ് വിതയ്ക്കുകയാണ്. മൊബൈലുകൾക്ക് നെറ്റ്‌വർക്കില്ല. പരസ്പരം ബന്ധപ്പെടാൻ മാർഗമില്ലാതെ ജനം ബുദ്ധിമുട്ടുന്നു. സാങ്കേതികമായി ഇത്രയും വളർന്ന നഗരസംവിധാനങ്ങൾക്ക് പ്രകൃതിക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ സാധിച്ചില്ല എന്നതാണ് സത്യം. സിറ്റികൗൺസിലിൽ നിറയെ വിദേശികളുടെ ക്ഷോഭപ്രകടനമാണ്. പ്രതിഷേധം കനത്തതോടെ മുന്നറിയിപ്പുകൾ തുടരെവരുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഇപ്പോൾ പ്രയോജനമില്ല. വരാനുള്ള നാശമൊക്കെ വന്നുകഴിഞ്ഞു.

ട്രാഫിക് സംവിധാനം ആകെ തകരാറിലായി. സിഗ്നൽ ലൈറ്റുകളൊന്നും പ്രവർത്തിക്കുന്നില്ല. രണ്ടുദിവസമായി ട്രാം സർവീസ് പാതിവഴിയിൽ മുടങ്ങിക്കിടക്കുകയായിരുന്നു. ട്രാം സർവീസ് പോകുന്ന വഴിയിൽ സിഗ്നൽ ലൈറ്റുകളൊന്നുമില്ല. ഇതോടെ ഗതാഗത നിയന്ത്രണം ജനങ്ങൾ ഏറ്റെടുത്തു. പരസ്പരമുള്ള നിയന്ത്രണത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു. പച്ചയും ചുവപ്പുമൊക്കെ സ്വയം നിശ്ചയിക്കുന്നു. രാജ്യവർണവർഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും പരസ്പരം സഹകരിക്കുന്നതൊരു വലിയ കാഴ്ചയാണ്. റോഡിൽവീണുകിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്ന ജോലിയും ജനം ഏറ്റെടുത്തു.

കെയ്ൺസ് എന്ന നഗരത്തിൽ നിന്നുകേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. അവിടെ റോഡിലൂടെ പശുക്കൾ ഒഴുകിനടക്കുന്നു. മുതലകൾ വെള്ളത്തിൽ പുളയ്ക്കുന്നു. എങ്ങും വെള്ളം മാത്രം. ഇവിടെ കഴിഞ്ഞയാഴ്ച മുതൽ വെള്ളപ്പൊക്കമാണ്. മഴയും ചുഴലിക്കാറ്റും മാറി. നാളെ മുതൽ കടുത്ത വേനൽ തുടങ്ങും. നാൽപത് ഡിഗ്രിയിലെത്തും ചൂട് എന്നാണ് അറിയിപ്പ്. മഴ കഴിഞ്ഞപ്പോൾ കടുത്ത ചൂടിലേക്ക് പോവുകയാണ്. മാറിമാറിവരുന്ന കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാത്തവിധം പ്രയാസത്തിലാണ് ജനം.