- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിൽ ഏറെ സജീവമായിരുന്ന റെജി യുകെയിൽ എത്തിയത് ഒന്നര വർഷം മുൻപ്; രണ്ടാഴ്ച മുൻപും ഓണാഘോഷത്തിൽ നിറഞ്ഞു നിന്ന മനുഷ്യന്റെ വേർപാട് ഓർമ്മിപ്പിക്കുന്നതും ജീവന്റെ നൈമിഷികത തന്നെ; ഹേ വാർഡ് ഹീത് മലയാളി റെജി ജോണിന്റെ മരണം നൊമ്പരമാകുമ്പോൾ
ലണ്ടൻ: ജോലിക്ക് പുറപ്പെട്ടയാൾ ജോലി സ്ഥലത്ത് എത്തിയില്ല, തിരികെ വീട്ടിലും വന്നില്ല. ജോലിക്ക് എത്താതാകുമെന്ന് ആശുപത്രി അധികൃതരും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വീട്ടിൽ എത്തിക്കാണുമെന്നു രാവിലെ ജോലിക്ക് പുറപ്പെട്ട ഭാര്യയും കരുതി. ജോലിക്ക് ശേഷം പകൽ സമയം ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാൽ അങ്ങനെ ജോലിയിലായിരിക്കുമെന്നു കരുതി ഫോണും ചെയ്യാനായില്ല. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടിൽ എത്തുമ്പോഴാണ് 53കാരനായ റെജി ജോൺ വീട്ടിൽ എത്തിയിട്ടില്ലെന്നും മനസിലാക്കുന്നത്.
തുടർന്ന് പരിചയക്കാരുടെ ഒക്കെ ഫോണുകളിൽ അന്വേഷണം നടത്തിയതോടെ പലരും റെജിയെ തിരക്കി ഇറങ്ങുക ആയിരുന്നു. ഒടുവിൽ അന്വേഷിച്ചു ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കാർ പാർക്കിങ് സ്‌പേസിൽ കണ്ടെത്താനായി, കാറിനുള്ളിൽ മരിച്ച നിലയിൽ റെജിയേയും. തികച്ചും അവിശ്വസനീയമായ ഒരു മരണ വാർത്തയായിട്ടാണ് ഹേ വാർഡ് ഹീത് മലയാളികൾ സംഭവത്തെ ഹൃദയത്തിലേറ്റുന്നത്.
ഏവരും തരിച്ചു നിന്ന നിമിഷങ്ങൾ. കേട്ടവർക്കാർക്കും വിശ്വസിക്കാനാകാത്ത വിവരമായി യാതൊരു അസ്വസ്ഥതകളും ഇല്ലാതിരുന്ന റെജിയുടെ മരണ വാർത്ത. രാത്രി ഒമ്പതേമുക്കാലോടെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തോഡോക്സ് പള്ളിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ആദ്യം വിവരം എത്തിയത്. പള്ളി വികാരി കൂടിയായ മോബിൻ അച്ചൻ വൈകാരികമായ വാർത്ത പങ്കുവച്ചത് ഹൃദയം നുറുങ്ങുന്ന ദുഃഖത്തോടെയാണ്.
കാരണം പള്ളിയിൽ എല്ലാക്കാര്യത്തിനും മുൻപിലായിരുന്നു റെജി. യുകെയിൽ എത്തിയത് ഗൾഫിൽ നിന്നായതിനാൽ യുകെ ജീവിതത്തോട് വേഗത്തിൽ ഇണങ്ങി ചേരാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. പരിചയപ്പെടാനുള്ള വ്യഗ്രതയിൽ ആരോടും മിണ്ടാൻ മടി കാട്ടാത്ത റെജിയെ അച്ചായോ എന്ന സ്നേഹം തുളുമ്പുന്ന വിളിയോടെ ആയിരുന്നു പള്ളിയിൽ എത്തിയിരുന്നവർ അഭിസംബോധന ചെയ്തിരുന്നത്.
യുകെയിൽ ഒന്നര വർഷത്തെ ജീവിതമേ ആയിട്ടുള്ളൂ എങ്കിലും ഒട്ടേറെ പേരുടെ മനസ്സിൽ തന്റെ മുഖചിത്രം പതിപ്പിച്ചാണ് അദ്ദേഹം കടന്നു പോയിരിക്കുന്നത് എന്നും വളരെ നേരത്തെ ഉള്ള ഒരു യാത്രയായി പോയല്ലോ എന്നും വാട്സാപ്പിൽ യുക്മ മുൻ ഭാരവാഹിയും റെജിയുടെ പരിചയക്കാരനുമായ റോജിമോൻ ദുഃഖം രേഖപ്പെടുത്തിയത്. രണ്ടാഴ്ച മുൻപത്തെ ഓണാഘോഷത്തിൽ നിറഞ്ഞു നിന്നതു ഇങ്ങനെ ഒരു വേർപാട് സമ്മാനിക്കാനായിരുന്നോ എന്നാണ് കദനത്തോടെ ഈസ്റ്റ് ഹാമിൽ നിന്നും ബബിൾ അനുശോചനത്തിൽ രേഖപ്പെടുത്തിയത്.
കുടുംബത്തെ സഹായിക്കാൻ സമൂഹമെന്ന നിലയിൽ എല്ലാവരും ഒന്നിച്ചു മുന്നോട്ടു വരണമെന്ന് വൈദികൻ മോബിൻ ദുഃഖം പങ്കുവയ്ക്കവേ അഭ്യർത്ഥിച്ചതോടെ റെജിയുമായുള്ള പരിചയവും സ്നേഹവും ഒക്കെ വാട്സാപ്പ് ഗ്രൂപ്പിൽ നിറയുകയാണ്. മൃതദേഹം പൊലീസെത്തി ആശുപത്രി മോർച്ചറിയിലേക്ക് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവെയാണ് ഈ വാർത്ത തയ്യാറാക്കുന്നത്. അർദ്ധ രാത്രിയോടെ യുകെ മലയാളികളുടെ ഫോണിലേക്ക് വിവരമറിഞ്ഞവർ അത്യധികം പ്രയാസത്തോടെയാണ് റെജിയുടെ മരണ വാർത്ത പങ്കുവയ്ക്കുന്നത്.
പത്തനംതിട്ട കോന്നി കിഴവല്ലൂർ വലിയപറമ്പിൽ കുടുംബാംഗമാണ് റെജി ജോൺ. ഭാര്യ ബിൻസിമോൾ കുര്യാക്കോസ് നഴ്‌സായി ജോലി ചെയ്യുന്നു. മകൾ അന്യ മേരി റെജി യുകെയിൽ വിദ്യാർത്ഥിനിയാണ്. മകൻ ആബേൽ റെജി നാട്ടിലാണ് പഠിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.