ലണ്ടൻ: പണപ്പെരുപ്പമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ജനങ്ങൾ പരിധിയില്ലാതെ പണം ചെലവാക്കുമ്പോൾ അതിന്റെ മൂല്യം ഇടിയുന്നു. ഇത് തടയാൻ പണത്തിന്റെ ലഭ്യത കുറയ്ക്കുക. വായ്പകളും മറ്റും ഭാരമേറിയതാകുമ്പോൾ ജനം ആ വഴി ചിന്തക്കില്ല. അതിനാൽ അടിക്കടി പലിശ കൂട്ടിക്കൊണ്ടിരിക്കുക . ഈ തന്ത്രമാണ് പണപ്പെരുപ്പം കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ പലിശ എത്ര ഉയർത്തിയിട്ടും ജനം ചെലവ് ചെയ്യൽ നിയന്ത്രിച്ചിട്ടും പണപ്പെരുപ്പം വഴിയുള്ള വിലക്കയറ്റം മാത്രം മാറ്റമില്ലാതെ തുടരുന്നു. ഇക്കഴിഞ്ഞ നവംബറിലും ഡിസംബറിലും പണപ്പെരുപ്പം ചെറുതായി ഇടിഞ്ഞിട്ടും ജനുവരിയിൽ പോലും അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുമില്ല, മാത്രമല്ല സാമ്പത്തിക വിദഗ്ധരുടെ പതിവ് തിയറി തെറ്റിച്ചു പലതിനും വില കുതിച്ചുയരുകയാണ്. അതും നിത്യജീവിതത്തിൽ അത്യാവശ്യമായ ഇനങ്ങൾക്ക് പോലും.

സാമ്പത്തിക, മാനേജ്‌മെന്റ് വിദഗ്ധനായ ഓക്സ്‌ഫോർഡിലെയും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും മിടുക്കനായ പഴയ വിദ്യാർത്ഥിയിൽ അമിത പ്രതീക്ഷ നൽകിയ യുകെയിലെ ജനങ്ങൾ ഇപ്പോൾ റിഷിയുടെ തിയറിയൊന്നും രക്ഷപ്പെടുത്തില്ല എന്ന വിശ്വാസത്തിലേക്ക് തിരിയുകയാണ്. അഥവാ എന്തെങ്കിലും മാറ്റം അനുഭവപ്പെടണമെങ്കിൽ റിഷി തിയറി മാറ്റിപ്പിടിക്കണം. എന്നാൽ നികുതി കുറയ്ക്കണമെന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞ ധന സെക്രട്ടറി ജെറമി ഹാന്റിനുള്ള മറുപടി എന്നോണം നികുതി കുറയ്ക്കാൻ താനൊരു വിഡ്ഢിയാണോ എന്ന് ജനങ്ങളോട് ചോദിക്കും വിധം പരാതികരിച്ച റിഷിയിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ധന വില കുതിച്ചു കയറിയതാണ് സകല വിദഗ്ധരുടെയും കണക്കുകൾ തെറ്റിച്ചു ബ്രിട്ടനിൽ പണപ്പെരുപ്പം പരിധി വിട്ടു പാഞ്ഞത്. അതിനാൽ ജനം പ്രതീക്ഷിക്കും വിധം മാറ്റം സംഭവിക്കണമെങ്കിൽ റിഷി സുനക്ക് പുതിയ തിയറികൾ എവിടെ നിന്നെങ്കിലും കടമെടുത്തേ മതിയാകൂ.

കണക്കിൽ കുറയുന്നു, പക്ഷെ ട്രോളി ഉപേക്ഷിച്ചു ജനങ്ങൾ

പണപ്പെരുപ്പം ഉയരുന്ന സൂചകം വിലയിരുത്തിയാണ് ജീവിതം എത്രമാത്രം പ്രയാസം നിറഞ്ഞതാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നത്. ഏതാനും വർഷം മുൻപ് വരെ രണ്ടു ശതമാനം പണപ്പെരുപ്പം എന്ന് വിലയിരുത്തിയിരുന്ന ബ്രിട്ടനിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ 11.1 ശതമാനവും നവംബറിൽ 10.7 ശതമാനവും ഡിസംബറിൽ 10.4 ശതമാനവും ആയിരുന്നു പണപ്പെരുപ്പം. ഒക്ടോബറിൽ നിന്നും ഡിസംബറിൽ എത്തിയപ്പോഴേക്കും ഏകദേശം ഒരു ശതമാനത്തിന്റെ കുറവ് കണക്കുകളിൽ ലഭ്യമാണെങ്കിലും ഷോപ്പിങ് വേളയിൽ ജനത്തിന് ആ കുറവ് അനുഭവിക്കാനാകുന്നില്ല. കഴിഞ്ഞ വർഷത്തെ വേഗതയിൽ അല്ലെങ്കിൽ പോലും ഇപ്പോഴും സാധന വില ഉയരുകയാണ്. ഇത് സൂചിപ്പിക്കും വിധം ജനം ട്രോളി ഉപേക്ഷിച്ചു ബാസ്‌കറ്റുകൾ കയ്യിലെടുത്തുള്ള ഷോപ്പിങ് ആണ് ഇപ്പോൾ നടത്തുന്നത്. ഇതുവഴി കൂടുതൽ സാധനം വാങ്ങാനുള്ള പ്രചോദനം ഒഴിവാക്കാനാകും എന്നതും കാരണമാണ്. നിലവിൽ ഉള്ള സൂചനയിൽ സാധന വില വർധന ഏതാനും മാസം കൂടി തുടരും എന്നാണ് വ്യക്തമാകുന്നത് .

ഇഷ്ടങ്ങൾ കൂടുതൽ ചിലവേറിയതാകും

സാധന വിലയെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഏറ്റവും ബേസിക് ആയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. എന്നാൽ ബ്രാൻഡഡ് ഇനങ്ങൾ ഉപയോഗിക്കുന്നവർക്കു അതനുസരിച്ചു ചിലവും കൂടും. അതായതു ഇഷ്ടങ്ങൾക്ക് കൂടുതൽ ചിലവേറുന്ന കാലമാണ് ഇപ്പോൾ ബ്രിട്ടനിൽ. നല്ല രുചിയും ഗുണവും ഉള്ള സാധനം ലഭിക്കാൻ കൂടുതൽ പണം ചെലവിടേണ്ടി വരും. ഇതുകൊണ്ടാണ് പലപ്പോഴും കണക്കുകളിൽ കുറഞ്ഞു വരുന്നു എന്ന് വാർത്തകളിൽ പറയുന്ന പണപ്പെരുപ്പം ജനങ്ങൾക്ക് അനുഭവ ഭേദ്യമായി മാറാത്തത്. സർക്കാർ കണക്കുകൾ എല്ലായ്‌പ്പോഴും ബേസിക് ഘടകങ്ങളെ ആശ്രയിച്ചു നിൽക്കുന്നതിനാൽ അതുമായി പൊരുത്തപ്പെടുവാനും ജനങ്ങൾക്ക് സാധിച്ചെന്നു വരില്ല. ഭക്ഷണ സാധനത്തിന്റെ കാര്യം മാത്രം എടുത്താൽ പണപ്പെരുപ്പം ഇപ്പോൾ 16. 8 ശതമാനമാണ്. ഇത്രയും തുകയുടെ വർധിച്ച ഭാരമാണ് ജനം തോളിൽ ഏറ്റേണ്ടത്.

അടിസ്ഥാന ഘടകങ്ങൾക്ക് സാധാരണക്കാർ 15 ശതമാനം പണം വിനിയോഗിക്കുമ്പോൾ ധനികർ അത് വെറും പത്തു ശതമാനത്തിൽ ഒതുക്കുമെന്നും ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിക്‌സ് പറയുന്നു. അതിനാൽ തന്നെ ധനികരേക്കാൾ ഭാരം തോന്നുക സ്വാഭാവികമായും ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും ആയിരിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജനങ്ങൾ പണം അനാവശ്യമായി ചെലവിടാതിരിക്കാൻ കൂടിയാണ് പലിശ നിരക്ക് ഉയർത്തി നിർത്തിയത് എന്നതിനാൽ ആ ട്രെന്റ് ഈ വർഷം കൂടി തുടരാൻ സാധ്യത ഏറെയാണ്. ഇതോടെ ഇഷ്ടങ്ങൾക്കായി ഈ വർഷവും യുകെ ജനങ്ങൾ കൂടുതൽ പണം കയ്യിൽ നിന്നും മുടക്കേണ്ടി വരും.

കൂടിയ വില കുറയുമോ എന്ന ചോദ്യത്തിലും അപകടമുണ്ട്

മാന്ദ്യകാലത്തു ഉണ്ടാകുന്ന വിലക്കൂടുതൽ എന്ന് കുറയും എന്ന് സ്വാഭാവികമായി ഏവരും ചോദിക്കുന്ന കാര്യമാണ്. വില കുറഞ്ഞേക്കും എന്ന ധാരണയിൽ പിന്നെ വാങ്ങാം എന്ന് കരുതുന്നവരാകും ഏറെയും. വീടിന്റെയും കാറിന്റെയും ഒക്കെ കാര്യത്തിൽ സംഭവിക്കുന്നതും ഇതാണ്. ഇതോടെ വിപണിയിലേക്ക് എത്തുന്ന പണത്തിന്റെ തോത് കുറയും. നാളെയാകാം വാങ്ങുന്നത് എന്ന പ്രതീക്ഷയിൽ എല്ലാവരും പണം പിടിച്ചു വയ്ക്കുമ്പോൾ വില്പനയും മന്ദതയിൽ ആകും. ഇതോടെ സാധനം വിറ്റുപോകാതെ കെട്ടിക്കിടക്കുമ്പോൾ ഉത്പാദനം വെട്ടികുറയ്കാൻ കമ്പനികൾ നിർബന്ധിതരാകും. ഉത്പാദനം കുറയുമ്പോൾ ഷിഫ്റ്റുകൾ വെട്ടിക്കുറയ്ക്കും, ജീവനക്കാരെ കുറച്ചു പേരെ പറഞ്ഞു വിടേണ്ടിയും വരും.

ചിലപ്പോൾ കടകളോ ഫാക്ടറികളോ അടച്ചു പൂട്ടേണ്ടി വരും. ഇതും ആത്യന്തികമായി ജനങ്ങളിൽ കുറേപ്പേരെ തന്നെയാണ് പ്രതികൂലമായി ബാധിക്കുക. ഇതെല്ലം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുക ചാക്രിക ഫോർമുല ആയതിനാൽ, ചുരുക്കത്തിൽ വില കുറയുന്നത് എന്നാകും എന്ന ചോദ്യത്തോടെ കാത്തിരിക്കുന്നവരുടെ എണ്ണം കൂടിയാൽ അതും അപകടം തന്നെ. ഇത് വലിയ തോതിൽ സംഭവിക്കുന്ന സാഹചര്യത്തെയാണ് ഡിഫ്‌ളേഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യം ഉണ്ടായാൽ പലരുടെ കയ്യിലും പണം ഉണ്ടായെന്നു വരില്ല. കാരണം ജോലികൾ നഷ്ടമാകുമ്പോൾ അവരുടെ വരുമാന ശ്രോതസും അടയും.