വാഷിങ്ടണ്‍: ബ്രെയിന്‍ ട്യൂമറും ഹൃദ്രോഗവും ബാധിച്ച ഒരു അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് ഉടമയായ ഇന്ത്യക്കാരന്‍ അമേരിക്കയിലെ ജയിലില്‍ ചികിത്സ കിട്ടാതെ വലയുന്നതായി റിപ്പോര്‍ട്ട്. പരംജിത് സിംഗ് എന്ന 48 കാരനാണ് രണ്ട് മാസത്തിലേറെയായി യു.എസ് ഇമിഗ്രേഷന്‍ അധികൃതരുടെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമയായ പരം സിംഗ് 1994 മുതല്‍ അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡിന് ഉടമയാണ്. ഗ്യാസ് സ്റ്റേഷനുകളുടെ ഒരു ശൃംഖലയുടെ ഉടമയായ സിംഗ് കുടുംബത്തോടൊപ്പം ഇന്ത്യാനയിലാണ് താമസിക്കുന്നത്.

അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും യു.എസ് പൗരന്മാരാണ്. എന്നാല്‍ സിംഗ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ജൂലൈ 30 ന്, ഇന്ത്യയില്‍ നിന്ന് മടങ്ങുന്നതിനിടെ ചിക്കാഗോ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇപ്പോഴും അദ്ദേഹം അവരുടെ കസ്റ്റഡിയിലാണ്.

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാന്‍ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, സിങ്ങിനെതിരെ സജീവമായ കേസുകളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകനും പറയുന്നു. ഇമിഗ്രേഷന്‍ അധികൃതര്‍ പഴയ കേസുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മോചനം വൈകിപ്പിക്കുകയാണെന്നും ബ്രെയിന്‍ ട്യൂമറും ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ശരിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

പരംജിത് സിംഗിന് വൈദ്യ പരിശോധന മാത്രമാണ് ലഭിക്കുന്നതെന്നും വൈദ്യ സഹായം ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ സിംഗ് പതിവായി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത്തവണ വരവിനായി കുടുംബം ഏഴ് മണിക്കൂറോളം ചിക്കാഗോ വിമാനത്താവളത്തില്‍ കാത്തിരുന്നു. 1999-ലെ ഒരു കേസില്‍ സിംഗ് തടങ്കലില്‍ ആണെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തങ്ങളോട് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അഞ്ച് ദിവസം അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു, തുടര്‍ന്ന് ഇന്ത്യാനയിലെ ക്ലേ കൗണ്ടി തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

പണം നല്‍കാതെ സിംഗ് പൊതു ഫോണ്‍ ഉപയോഗിച്ചതിനാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അദ്ദേഹം 10 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചതായും 4,137.50 ഡോളര്‍ പിഴ അടച്ചതായും കോടതി രേഖകളില്‍ കാണുന്നുണ്ട്. 2008-ല്‍ ഇല്ലിനോയിസില്‍ വ്യാജരേഖ ചമച്ചതിന് പരംജിത് സിംഗ് ശിക്ഷിക്കപ്പെട്ടുവെന്ന് ഇമിഗ്രേഷന്‍ അധികാരികള്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിനെതിരെ അത്തരം കുറ്റങ്ങളൊന്നുമില്ലെന്ന് വാദിക്കുന്നു.

അതേസമയം, തടങ്കല്‍ കാരണം രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വൈകിയതിനാല്‍ സിങ്ങിന്റെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലരാണ്. സിങ്ങിന്റെ കേസ് ഒക്ടോബര്‍ ഇന്ന് പരിഗണിക്കുകയാണ്. കുടിയേറ്റത്തിനെതിരെ, പ്രത്യേകിച്ച് യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടത്തുന്ന വ്യാപകമായ നടപടികള്‍ക്കിടയിലാണ് ഈ സംഭവം നടക്കുന്നത്. കഴിഞ്ഞ മാസം മൂന്ന് പതിറ്റാണ്ടിലേറെ യുഎസില്‍ താമസിച്ച 73 വയസ്സുള്ള മുത്തശ്ശി ഹര്‍ജിത് കൗറിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത് സിഖ് സമൂഹത്തില്‍ രോഷത്തിന് കാരണമായിരുന്നു.