- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം; പരിഹാരത്തിനായി മിനിമം വേതനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം
ലണ്ടന്‍: ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഈ മേഖലയില്‍ നിശ്ചിത മിനിമം വേതനം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നു. പ്രായമായവരുടെ സോഷ്യല്‍ കെയര്‍ മേഖലയിലെ തീരെ കുറവ് വേതനം മറികടന്നുകൊണ്ട് ഒരു നാഷണല്‍ പേയ് ബാന്‍ഡിംഗ് കൊണ്ടുവരണമെന്ന് നുഫീല്‍ഡ് ട്രസ്റ്റ് ആന്‍ഡ് ഹെല്‍ത്ത് ഫൗണ്ടേഷനും ആവശ്യപ്പെട്ടു. അങ്ങനെയായാല്‍ ഈ മേഖലയിലെ സുപ്രധാന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മേഖലയില്‍ തന്നെ തുടരാനുള്ള പ്രോത്സാഹനമാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമവിരുദ്ധമായ, കുറഞ്ഞ വേതനം നല്കുന്ന രീതിക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് ഒരു സംയുക്ത പ്രസ്താവനയില്‍ വിവിധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സോഷ്യല്‍ കെയര്‍ മേഖലയ്ക്കായി പ്രത്യേകമായ, നാഷണല്‍ പേയ് സ്കെയില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വെയ്ല്‍സിലും സ്കോട്ട്ലാന്‍ഡിലും സോഷ്യല്‍ കെയര്‍ മിനിമം വേതനം നിലവിലുണ്ട്. അതുപോലെ ന്യൂ സീലാന്‍ഡ്, ആസ്ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സോഷ്യല്‍ കെയറിനായി പ്രത്യേകം നാഷണല്‍ പേയ് സ്കെയിലും നിലവിലുണ്ട്.
സോഷ്യല്‍ കെയര്‍ മേഖലയിലെ തീരെ കുറഞ്ഞ വേതനമാണ് ആ മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പ്രധാന കാരണമെന്ന് നുഫീല്‍ഡ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് തിയ സ്റ്റീന് പറയുന്നു. ഈ മേഖലയിലെ വേതനം വര്‍ദ്ധിപ്പിക്കുവാനുള്ള വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തണമെന്നും കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്ഷിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളണ്ണമെന്നും തിയ സ്റ്റീന് ആവശ്യപ്പെട്ടു. മതിയായ വേതനം നല്‍കാത്ത നിയമവിരുദ്ധ നടപടികള്‍ ശക്തമായി തടയുകയാണ് ഇതിനായുള്ള ആദ്യ പടി. എന്നാല്‍, അതുമാത്രം പോരെന്നും, കുറവ് ജോലിയും കൂടുതല്‍ വേതനവും ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് ആളുകള്‍ പോകാതെ നോക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനായി പൊതുഖജനാവില്‍ നിന്നും പണം ചെലവഴിക്കേണ്ടതായി വരുമെന്നും എന്നാല്‍, അത് ഭാവിയില്‍ നല്ലൊരു നിക്ഷേപമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ നിരവധി ഉള്ള പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി, ഈ മേഖലയിലെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഹെല്‍ത്ത് ഫൗണ്ടേഷനിലെ പോളിസി ഡയറക്ടറായ റൂത്ത് തോള്ബിയും ആവശ്യപ്പെട്ടു. ബുധനാഴ്ചയിലെ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ സോഷ്യല്‍ കെയര്‍ മേഖലയില്‍ മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തും എന്ന പരാമര്‍ശം ഉണ്ടായതിനു പുറകെയാണ് ഈ ആവശ്യം ഉയരുന്നത്.