ലണ്ടന്‍: താങ്ക്യൂ മിസ്റ്റര്‍ സ്പീക്കര്‍, എന്റെ കന്നി പ്രസംഗത്തിന് നല്‍കിയ അനുമതിക്ക് , ചൊവാഴ്ച ഈ വാക്കുകള്‍ ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫിന്റെ ചുണ്ടില്‍ നിന്നും ഉതിര്‍ന്നു വീഴുമ്പോള്‍ ഒരു ചരിത്ര നിമിഷം കൂടി പിറക്കുക ആയിരുന്നു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന ഗര്‍വോടെ രണ്ടു നൂറ്റാണ്ട് ഇന്ത്യയില്‍ അടക്കി വാണ ബ്രിട്ടന്റെ മണ്ണില്‍, ഭരണ സിരാ കേന്ദ്രത്തില്‍ ആദ്യമായി ഒരു മലയാളി, എംപിയെന്ന നിലയില്‍ പാര്‍ലിമെന്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുക എന്ന ചരിത്രമാണ് പിറന്നു വീണത്.

കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയില്‍ ആഷ്‌ഫോര്‍ഡിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ഒരു എംപിയെ പാര്‍ലമെന്റില്‍ എത്തിക്കാനായില്ല എന്ന സങ്കടവും തീര്‍ന്നത് ഇപ്പോള്‍ ജീവിതം തേടി ആഷ്‌ഫോര്‍ഡിന്റെ മണ്ണില്‍ വേരുറപ്പിച്ച സോജന്‍ ജോസഫ് എന്ന മലയാളിയിലൂടെയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ മലയാളികളേക്കാള്‍ സോജന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ കാത്തിരിക്കുന്നത് ആഷ്‌ഫോഡിലെ ബ്രിട്ടീഷുകാരാണ്.

സാധാരണക്കാരന്റെ നീറുന്ന പ്രശ്ങ്ങള്‍ ഒളിച്ചു വച്ച വാക്കുകള്‍

സാധാരണ പാര്‍ലിമെറ്റില്‍ എത്തുന്ന ജനപ്രതിനിധികള്‍ ജനകീയ പ്രശ്നങ്ങള്‍ ഒക്കെ ഏറ്റെടുത്തു സംസാരിക്കുമെങ്കിലും അതൊരു സാധാരണക്കാരന്റെ ശബ്ദമായി മാറുക എന്നത് അപൂര്‍വമാണ്. അക്കാര്യത്തിലും സോജന്‍ തീരുമാനമുണ്ടാക്കി തന്റെ കന്നി പ്രസംഗത്തില്‍ കത്തിക്കയറിയപ്പോള്‍ ഓരോ വോട്ടര്‍ക്കും ഇയാള്‍ തന്നെ ആയിരുന്നു ജയിച്ചു കയറേണ്ടതു, തങ്ങള്‍ക്ക് തെറ്റുപറ്റിയില്ല എന്ന വികാരമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അതിന്റെ പ്രതിഫലനം സോഷ്യല്‍ മീഡിയയിലും ദൃശ്യമാണ്. ആഷ്‌ഫോഡിലെ സാധാരണക്കാരായ ബ്രിട്ടീഷുകാര്‍ സോജന്റെ പാര്‍ലിമെന്റ് പ്രകടനത്തെ നെഞ്ചേറ്റുകയാണ്. ഇതുവരെ ഓഫിസ് കാര്യങ്ങളില്‍ തീരുമാനം ആയില്ലെങ്കിലും ഔദ്യോഗിക ഇമെയില്‍ പുറത്തു വന്നതോടെ എംപിയെ ബന്ധപ്പെട്ടവര്‍ക്ക് കയ്യോടെ മറുപടി ലഭിച്ചു എന്നതൊക്കെ വലിയ ആരാധനയോടെയാണ് ആഷ്‌ഫോഡിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. സോജനില്‍ അവര്‍ക്കുള്ള പ്രതീക്ഷകള്‍ അത്ര വലുതാണ് എന്ന് ചുരുക്കം.

ബ്രിട്ടനിലെ പാര്‍ലമെന്റിനു മുന്നിലൂടെ നടന്നു പോയപ്പോഴെക്കെ മറ്റു സാധാരണക്കാരെ പോലെ സോജനും അത്ഭുതത്തോടെ മാത്രം നോക്കി നിന്ന അവസരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കന്നി പ്രസംഗം. ആഷ്‌ഫോഡിലെ തന്റെ താമസ സ്ഥലത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്തു ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ എത്താന്‍ 93 പൗണ്ടാണ് ചിലവാക്കിയതെന്നു സോജന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍ സാധാരണക്കാരന്റെ ജീവിത പ്രയാസമാണ് നിറഞ്ഞത്. ആ പണം മതിയാകും ബാര്‍ഗൈന്‍ കടയില്‍ പോയാല്‍ തന്റെ ഒരാഴ്ചത്തെ വീട്ടു ചിലവിനു എന്ന് കൂടി അദ്ദേഹം പറഞ്ഞപോപോള്‍ ഒരു ഗൃഹനാഥന്റെ ആധിയും വ്യാധിയുമാണ് പാര്‍ലിമെന്റ് ഹാളില്‍ മുഴങ്ങിയത്.

അടുത്തിടെ ലണ്ടനില്‍ നിന്നും ന്യുകാസില്‍ വരെ ട്രെയിനില്‍ എത്താന്‍ ആയിരം പൗണ്ടിലേറെ ചിലവാക്കണം എന്ന വാര്‍ത്ത തലക്കെട്ടുകള്‍ കൂടി ഓര്‍ക്കുമ്പോള്‍ സോജന്‍ ചൂണ്ടിക്കാട്ടിയ യാത്ര ചിലവുകള്‍ ഓരോ ബ്രിട്ടീഷുകാരന്റെയും വേദന കൂടിയാണ്. ഒപ്പം നീതികരണമില്ലാത്ത വിധം റോഡ് - റെയില്‍ രംഗത്തെ സ്വകാര്യ ഗതാഗത സംവിധാനങ്ങളുടെ ചൂഷണവും സോജന്റെ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചിതമല്ലാത്ത കാര്യമാണല്ലോ ഈ പുതുമുഖ എംപി ചൂണ്ടിക്കാട്ടുന്നത് എന്ന അത്ഭുതത്തോടെയാണ് മുതിര്‍ന്ന എംപിമാര്‍ സോജന്റെ വാക്കുകള്‍ കേട്ടിരുന്നത്.

ആദ്യ പ്രസംഗം തന്നെ കുടിയേറ്റ വിഷയത്തില്‍

സോജന്റെ ആദ്യ പ്രസംഗം തന്നെ കുടിയേറ്റവും ആഭ്യന്തര കാര്യവും സംബന്ധിച്ചായിരുന്നു എന്നതും നിര്‍ണായകമായി. ഈ വിഷയത്തില്‍ കുടിയേറ്റ സമൂഹത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കാന്‍ സോജനെ പോലെയുള്ള എംപിമാര്‍ക്ക് ലഭിച്ച അവസരം കൂടിയായി പ്രസ്തുത ചര്‍ച്ച. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു നാലരക്ക് നടന്ന ചര്‍ച്ചയില്‍ അത്യന്തം ഗൗരവമായ കാര്യങ്ങളാണ് ഓരോ എംപിയും ചൂണ്ടിക്കാട്ടിയത്. ആഷ്‌ഫോഡിലെ ജനങ്ങള്‍ക്ക് വേണ്ടി, മാറ്റത്തിനു വേണ്ടി, അതും വാക്കുകളില്‍ ഒതുങ്ങുന്ന മാറ്റത്തിന് വേണ്ടിയല്ല എന്ന മുഖവുരയോടെയാണ് സോജന്‍ പ്രസംഗിച്ചു തുടങ്ങിയത്. ആഷ്‌ഫോഡിലെ ഓരോ ജനങ്ങളും കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകളും അത് തന്നെ ആയിരുന്നു. മാറ്റത്തിന് വേണ്ടി ഒരു വോട്ട് എന്ന് പറഞ്ഞ പാര്‍ട്ടിയെയും മാറ്റം വാക്കുകളില്‍ മാത്രമാക്കരുത് എന്നോര്‍മ്മപ്പെടുത്തുന്നത് ആയിരുന്നു സോജന് ആമുഖമായി പങ്കിട്ട വാക്കുകള്‍. ആഷ്‌ഫോഡിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കൂടുതല്‍ ബിസിനസ് സൃഷ്ടിക്കാന്‍ അവസരം സൃഷ്ടിക്കണമെന്നു ചൂണ്ടിക്കാട്ടിയ സോജന്‍ താന്‍ കേരളത്തില്‍ നിന്നും എത്തി ആഷ്‌ഫോഡില്‍ ജീവിതം കണ്ടെത്തിയ ആളാണ് എന്നും വ്യക്തമാക്കി.

ഒരു മാര്‍ക്കറ്റ് പട്ടണം ആയിരുന്ന ആഷ്‌ഫോഡ് ഇപ്പോള്‍ ഈസ്റ്റ് കെന്റിലെ പ്രധാന പട്ടണമായി മാറിയത് അനേകകാലത്തെ മാറ്റങ്ങള്‍ വഴിയാണ്. ഇവിടെയുള്ള പ്രധാന ആശുപത്രി പോലും ഇപ്പോള്‍ ജനത്തിരക്കില്‍ വീര്‍പ്പു മുട്ടുകയാണ് എന്ന് സോജന്‍ വിവരിക്കുമ്പോള്‍ കഴിഞ്ഞ 22 വര്‍ഷമായി താന്‍ ചെയുന്ന ജോലിയുടെ അധികഭാരവും ആയിരകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ വരച്ചിടുക ആയിരുന്നു. തന്റെ വ്യക്തിപരമായ അനുഭവത്തില്‍ ഹൃദയത്തില്‍ നിന്നും പറയുകയാണ്, നമ്മുടെ ആരോഗ്യ രംഗത്ത് കാതലായ മാറ്റം ഉണ്ടായേ പറ്റൂ. തന്റെ മുന്‍ഗാമിയായ ഡാമിയന്‍ ഗ്രീന്‍ കഴിഞ്ഞ 27 വര്‍ഷമായി ആഷ്‌ഫോഡിനെ പ്രതിനിധീകരിച്ചതില്‍ അദ്ദേഹത്തോടുള്ള സകല ബഹുമാനവും പങ്കുവയ്ക്കുന്നു.

താന്‍ പ്രതിപക്ഷ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചപ്പോഴും അദ്ദേഹവുമായി ബന്ധപ്പെടാന്‍ അനവധി അവസരം ലഭിച്ചിട്ടുണ്ട്. ആഷ്‌ഫോഡിലെ കോളേജില്‍ നടത്തിയ നവീകരണം വഴി അനേകം വിദ്യാര്‍ത്ഥികളെ ആകര്‍ഷികനായതും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റുഡിയോ യാഥാര്‍ഥ്യമായതും ഒക്കെ വിസ്മരിക്കാനാകില്ല. അദ്ദേഹം തുടങ്ങിവച്ച ആഷ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ ട്രെയിന്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരാനാകും താനും ശ്രമിക്കുക എന്നും സോജന്‍ ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കിയത് ആഷ്‌ഫോഡില്‍ തുടര്‍ പ്രവര്‍ത്തനങ്ങളാകും ഉണ്ടാകുക എന്ന സൂചന നല്കാന്‍ കൂടിയാണ്. ആഷ്‌ഫോഡിലേക്ക് നേരിട്ട് വിദേശ സഞ്ചാരികള്‍ക്ക് കൂടി എത്താനാകുകന്നതാണ് തന്റെ സ്വപ്നമെന്നും ഇക്കാര്യം ചാള്‍സ് രാജാവ് നടത്തിയ യൂറോപ്യന്‍ സഞ്ചാരികളുടെ വരവെന്ന ആശയവുമായി ചേര്‍ന്ന് കിടക്കുന്നതാണ് എന്നും സോജന്‍ വ്യക്തമാക്കി.

ആഷ്‌ഫോഡിലെ ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ പ്രസംഗം

ലണ്ടനുമായി ചേര്‍ന്ന് കിടക്കുന്ന, ഹൈ സ്പീഡ് റെയില്‍ ഒന്നിന്റെ സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്തു അനേകമാളുകളാണ് ആഷ്‌ഫോഡിനെ സ്വന്തം താമസ സ്ഥലമാക്കാന്‍ ആഗ്രഹിക്കുന്നത്. ആഷ്‌ഫോഡിന് പുതിയ ജിപി സര്‍ജറികള്‍, സ്‌കൂളുകള്‍, വീടുകള്‍, യാത്ര സൗകര്യങ്ങള്‍, ഡെന്റിസ്റ്, എന്നിവയൊക്കെ സാധ്യമാക്കാനുണ്ട്. അതിനായി സകല ശ്രമവും നടത്താനാകും തന്റെ കാലയളവില്‍ സമയം ചിലവിടുക എന്നും സോജന്‍ ഉറപ്പ് നല്‍കി. ആഷ്‌ഫോഡ് മണ്ഡലം പുതുതായി ഗ്രാമങ്ങളും ചേര്‍ത്ത് വികസിപ്പിച്ചതോടെ രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ട എയര്‍ ഫീല്‍ഡ് കൂടി പുതിയ മണ്ഡലത്തിന്റെ ഭാഗമായിരിക്കുകയാണ്. ഫ്രാന്‍സുമായി ഏറ്റവും ചേര്‍ന്ന് കിടക്കുന്ന എയര്‍ ഫീല്‍ഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇക്കാര്യങ്ങളെല്ലാം ആഷ്‌ഫോര്‍ഡിനു കൂടുതല്‍ പ്രസക്തി നല്കുന്നതാണ്.

അനവധി കര്‍ഷകര്‍ ആഷ്‌ഫോഡിന്റെ ജീവനാഡി ആയി എന്റെ മുന്നിലുണ്ട് എന്ന് സോജന്‍ പറഞ്ഞതും ആഷ്‌ഫോഡിന്റെ ഹൃദയം തൊട്ടറിഞ്ഞ് തന്നെയാണ്. കടുത്ത തൊഴിലാളി ക്ഷാമവും ഉയര്‍ന്ന ഇന്ധന വിലയും കര്‍ഷകരുടെ പ്രതിസന്ധി ഊഹിക്കാനാകുന്നതിലും അധികമാക്കിയിരിക്കുയാണ്. പൊതുജന പങ്കാളിത്തമുള്ള ബ്രിട്ടീഷ് ഗ്രേറ്റ് എനര്‍ജി സാധ്യമായാല്‍ മാത്രമേ ഇന്ധന വിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകൂ.

എന്‍എച്എസ് അടക്കമുള്ള പൊതുജന സേവന മേഖല പൂര്‍ണമായും പ്രയസത്തിലാണ്. മെന്റല്‍ ഹെല്‍ത് നേഴ്സ് എന്ന നിലയില്‍ ഒന്‍പതു വയസുള്ള കുട്ടികള്‍ പോലും ഗുരുതരമായ മാനസിക ശാരീരിക പ്രയാസങ്ങളില്‍ കുരുങ്ങുമ്പോള്‍ നമ്മുടെ സംവിധാനങ്ങള്‍ കാഴ്ചക്കാരാകുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍എച്എസ് നേരിട്ട അവഗണനയാണ് ഇന്ന് നാം അനുഭവിക്കുന്നത്. ജീവനക്കാരില്ലാത്ത ആശുപത്രികളും ഉയര്‍ന്ന നിലയില്‍ സേവനം ആവശ്യമായി വരുന്ന വൃദ്ധ ജന വര്‍ധനയും ഒക്കെ കാണാതെ മുന്നോട്ടു പോകാനാകില്ല.

തന്നെ വിജയിപ്പിക്കാന്‍ അഹോരാ്ത്രം പണിയെടുത്ത പാര്‍ട്ടി പ്രവര്‍ത്തകകര്‍ക്കും നേതാക്കള്‍ക്കും ഭാര്യ ബ്രിട, മൂന്നു മക്കള്‍ എന്നിവര്‍ക്കെല്ലാം നന്ദി പറഞ്ഞാണ് സോജന്‍ തന്റെ കന്നിപ്രസംഗം അവസാനിപ്പിച്ചത്. ഒപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ അഭ്യര്‍ത്ഥിക്കാനും അദ്ദേഹം മറന്നില്ല