- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസയിൽ എത്തിയവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ഈ 14 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ യോഗം വിളിക്കുന്നു; യു കെയിലെ മലയാളികളെ എങ്ങനെ നോർക്കയ്ക്ക് സഹായിക്കാനാവുമെന്ന് വ്യക്തമാക്കി നോർക്കയും സി ഇ ഒ ലണ്ടനിൽ
ലണ്ടൻ: യു കെ യിൽ ഈ വർഷം എത്തിയ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും അധികം പേർ എത്തിയിരിക്കുന്നത് ഇന്ത്യയിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിലേതിനെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുമ്പോൾ അവരുടെ സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരും കൂടെയുണ്ട്. അതിന്റെ ഭാഗമായി പുതിയതായി ഈ വർഷം ബ്രിട്ടനിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വരുന്ന ഒക്ടോബർ 14 ന് ഒരു സമ്മേളനം വിളിച്ചു ചേർക്കുകയാണ്.
ലണ്ടൻ, ആൾഡിവിച്ചിലെ ഇന്ത്യാ ഹൗസിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഗാന്ധി ഹാളിൽ വെച്ച് 2022 ഒക്ടോബർ 14 ന് വൈകിട്ട് 6 മണി മുതൽ 8 മണി വരെയായിരിക്കും സമ്മേളനം. നിങ്ങളുടെ പരാതികളും മറ്റും അധികാരികളിലെത്തുവാൻ ഈ യോഗത്തിൽ പങ്കെടുക്കുക. അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 2022 ഒക്ടോബർ 12 ന് മുൻപായി പേർ റെജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSdFvmajPjZzZ8YGUMkaMtVhLiAAuSc-LmOotgFu3eXtq-Pjwg/closedform
റെജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമായിരിക്കും സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയുക. പങ്കെടുക്കാൻ എത്തുമ്പോൾ സാധുതയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ കൂടി കൈയിൽ കരുതണം.
മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി നോർക്ക
ഇന്ത്യൻ ഹൈക്കമ്മീഷന്റെ പരിശ്രമങ്ങൾക്ക് ഒപ്പം തന്നെ, നോർക്കയും കേരളത്തിൽ നിന്നും പുതിയതായി യു കെയിൽ എത്തിയവരുടെ സഹായത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ യു കെയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിവിധ സാമൂഹിക സാംസ്‌കാരിക പ്രശ്നങ്ങൾക്കും ഇത് വഴിതെളിക്കുന്നുമുണ്ട്.
കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ കേരളത്തിൽ നിന്നും യു കെയിൽ എത്തിയവരിൽ ഭൂരിഭാഗവും നഴ്സുമാരും, ആരോഗ്യ മേഖലയിലെ മറ്റു തൊഴിൽ ചെയ്യുന്നവരും ഒപ്പം വിദ്യാർത്ഥികളുമാണ്. കേരളത്തിൽ നിന്നും പുതിയതായി എത്തുന്നവർ ഇവിടത്തെ ജീവിത ശൈലിയുമായും മറ്റും പൊരുത്തപ്പെട്ടുപോകാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അതോടൊപ്പം സുരക്ഷിതവും, താങ്ങാനാവുന്ന വാടകയ്ക്കുള്ളതുമായ താമസ സൗകര്യം ലഭിക്കുക എന്നത് മറ്റൊരു പ്രശ്നമാണ്. അതുപോലെ വിദ്യാർത്ഥികളുടെ കൂടെയെത്തുന്ന ആശ്രിതർക്ക് അവരുടെ യു കെയിലെ താമസത്തിനുള്ള ചെലവ് കണ്ടെത്തുന്നതിനുള്ള തൊഴിൽ കണ്ടെത്തുക എന്നത് മറ്റൊരു തലവേദനയാണ് .
കാലാകാലങ്ങളായി, യു കെയിൽ താമസിക്കുന്ന മലയാളി സമൂഹം പുതിയതായി എത്തുന്നവരെ അവരുടെ ആവശ്യം അറിഞ്ഞ് സഹായിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ കേരളത്തിൽ നിന്നുള്ളവരുടെ എണ്ണം വർദ്ധിച്ചു വരുന്നതോടെ പ്ര്ശ്നങ്ങളും വർദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രിയുടെ സംഘത്തിൽ അംഗമായി നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി യു കെയിൽ എത്തിയിരിക്കുന്നത്.
കേരളത്തിനു വെളിയിൽ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മലയാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയാണ് നോർക്ക എന്ന ചുരുക്കപ്പെരുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് നോൺ റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് രൂപീകരിച്ചിരിക്കുന്ന്ത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള അദ്യത്തെ വകുപ്പാണ് നോർക്ക.
ഇന്ത്യയിൽ നിന്നും വിദേശ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ പഠനം, യാത്ര, താമസം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ എങ്ങനെ മാനേജ് ചെയ്യണമെന്നും. സുരക്ഷക്കായി എന്തൊക്കെ ചെയ്യണമെന്നും ഒക്കെ വിശദമായി നിർദ്ദേശിക്കുന്ന ഒരു കൈപ്പുസ്തകം ഇന്ത്യാ സെന്റർ ഫോർ മൈഗ്രേഷൻ പുറത്തിറക്കിയിട്ടുണ്ട്. യാത്ര തിരിക്കുന്നതിനു മുൻപും, യാത്രയിലും പിന്നെ ലക്ഷ്യത്റ്റിലെത്തിയാലും ചെയ്യേണ്ട കാര്യങ്ങളും പൂർത്തിയാക്കേണ്ട നടപടികളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, അത്യാവശ്യ സന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളും ഈമെയിൽ വിലാസങ്ങളും ഒക്കെ ഇതിലുണ്ട്.
കേരളത്തിൽ നിന്നും വിദേശത്തേക്ക് പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ നോർക്കെ സൂക്ഷിക്കുന്നുണ്ട്. എന്നാൽ, എല്ലാ വിദ്യാർത്ഥികളും നോർക്കെയിൽ റെജ്സിറ്റർ ചെയ്യാറില്ല എന്നതിനാൽ ഈ പട്ടിക അപൂർണ്ണമാണ്. 315 രൂപയാണ് ഒരാളുടെ റെജിസ്ട്രേഷൻ ചാർജ്ജ്. റെജിസ്റ്റർ ചെയ്ത്, കേരള സർക്കാർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഐ ഡി കാർഡ് എടുത്താൽ മാത്രമെ ഇവരുടെ വിവരങ്ങൾ നോർക്കയുടെ ഡാറ്റാബേസിൽ ചേർക്കുകയുള്ളു.
കോളേജ് അഡ്‌മിഷനുകൾ നടപടികൾ പൂർത്തിയാക്കിയവർക്കും ഇപ്പോൾ വിദേശരാജ്യങ്ങളിൽ പഠിക്കുന്നവർക്കും ഐ ഡി കാർഡിനായി അപേക്ഷിക്കാം. എന്നാൽ, എല്ലാ വിദ്യാർത്ഥികളും ഇങ്ങനെ റെജിസ്റ്റർ ചെയ്യുന്നില്ല എന്നത് നോർക്കക്ക് വിദ്യാർത്ഥികൾക്കുള്ള സഹായം എത്തിക്കുന്നതിന് തടസ്സമാകാറുണ്ട്. ചിലപ്പോൾ വിസിറ്റിങ് വിസയിലോ മറ്റോ വന്ന് പിന്നീട് സ്റ്റുഡന്റ് വിസയിലേക്ക് മറ്റുന്നവർ ഉണ്ട്. അതുപോലെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ യു കെയിൽ പഠനത്തിന് എത്തുന്നവരുണ്ട്. അവർക്ക് ഒരുപക്ഷെ നോർക്ക റെജിസ്ട്രേഷനെ സംബന്ധിച്ച് അറിയില്ലായിരിക്കും.
നോർകെയിൽ റെജിസ്റ്റർ ചെയ്യാതിരുന്നാലുള്ള ബുദ്ധിമുട്ട് ഏറെ അറിഞ്ഞത് യുക്രെയിൻ അധിനിവേശ കാലത്താണ്. നോർക്കയുടെ രേഖകൾ പ്രകാരം 350 മലയാളി വിദ്യാർത്ഥികൾ മാത്രമായിരുന്നു യുക്രെയിനിൽ ഉണ്ടായിരുന്നത്. എന്നാൽ, ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചപ്പോൾ സഹായം തേടിയെത്തിയത് ഏതാണ് 3500 ഓളം മലയാളി വിദ്യാർത്ഥികളായിരുന്നു. അതുകൊണ്ടു തന്നെ ഓരോ മലയാളി വിദ്യാർത്ഥിയും നോർക്കയിൽ റെജിസ്റ്റർ ചെയ്ത് ഐ ഡി കാർഡ് വാങ്ങുന്നത് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ ഗുണകരമാകും.
ഈ കാർഡ് എടുത്താലുള്ള മറ്റൊരു പ്രയോജനം കാർഡ് ഉടമകൾക്ക് 4 ലക്ഷം വരെ പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് ലഭിക്കും എന്നതാണ്. സ്ഥിരമായോ ഭാഗികമായോ ഉണ്ടാകുന്ന അംഗവൈകല്യത്തിന് 2 ലക്ഷം രൂപ വരെയും കവറേജ് ലഭിക്കും. മാത്രമല്ല, നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട് അപകടത്തിൽ പെട്ടവർക്ക് സഹായം എത്തിക്കാനും, മരണമടഞ്ഞാൽ മൃതദേഹം നാട്ടിലെത്തിക്കാനും നോർക്കക്ക് കഴിയും.
യു കെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം, അവരുടെ പഠനചെലവിന് സഹായകരമായ വേതനം ലഭിക്കുന്ന ഒരു തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ്. ഇക്കാര്യത്തിൽ ഹംബർസൈഡ് എൻ എച്ച് എസുമായിഒരു ജോബ് ഫെയർ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എം ഒ യു നോർക്ക ഉടനെ ഒപ്പിടും. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയിക്കും എന്നാണ് നോർക്ക അധികൃതർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ